ചാപ്ലിൻ: കുടുംബ ജീവിതം
ചാപ്ലിൻ: കുടുംബ ജീവിതം | |
---|---|
ഗ്രന്ഥകർത്താവ് | പി എൻ വേണുഗോപാൽ |
മൂലകൃതി | ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രണത ബുക്സ്, കൊച്ചി |
വര്‍ഷം |
2004 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 102 |
കുടുംബ ജീവിതം
വര്‍ഷങ്ങളോളം ചാപ്ലിന്‍ തന്റെ ആത്മകഥയായ ‘മൈ ആട്ടോബയോഗ്രാഫി’യുടെ പണിപ്പുരയിലായിരുന്നു. 1964-ല്‍ പുസ്തകം പ്രകാശനം ചെയ്തു. ‘എന്റെ ആത്മകഥ’ ചൂടപ്പംപോലെ വിറ്റുപോയെങ്കിലും ഉള്ളടക്കം നിരാശാജകമായിരുന്നു. വസ്തുതാപരമായും വികാരപരമായും സത്യസന്ധമായിരുന്നില്ല പ്രതിപാദ്യം. കാല്പനികതയ്ക്കാണ് യാഥാര്‍ത്ഥ്യത്തെക്കാള്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. അരനൂറ്റാണ്ടു കാലത്തിനിടെ പല അഭിമുഖസംഭാഷണങ്ങളിലും ചാപ്ലിന്‍ തന്നെ പറഞ്ഞിട്ടുള്ള നിരവധി കാര്യങ്ങള്‍ക്കു വിരുദ്ധമായി പലതും ‘എന്റെ ആത്മകഥ’ യില്‍ ഉണ്ട്. ഹന്നാ ഒരു ബ്രട്ടീഷ് പ്രഭുവിനൊപ്പം ആഫ്രിക്കയിലേയ്ക്ക് ഒളിച്ചൊടിപ്പോയെന്നും ആ ബന്ധത്തില്‍ ആഫ്രിക്കയില്‍ വച്ചാണ് സിഡ്നി ജനിച്ചതെന്നും ഈ പുസ്തകത്തില്‍ പറയുന്നു. ഇതു തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടതാണ്. വീലര്‍ ഡ്രൈഡന്‍ എന്ന് മറ്റൊരു അര്‍ദ്ധ സഹോദരന്‍ ഉണ്ടെന്നുള്ളത് തീര്‍ത്തും തമസ്കരിക്കപ്പെട്ടിരിക്കുന്നു. ഹാന്നാ മനോരോഗാശുപത്രിയില്‍ എത്താനുണ്ടായ കാരണങ്ങളും അക്കാലത്തുണ്ടായ പല സംഭവങ്ങളും നിഗൂഢതയില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാപ്ലിനുമൊത്ത് ദീര്‍ഘകാലം വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഒന്നര ഡസനിലേറെ വ്യക്തികളെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. അല്ലെങ്കില്‍ കേവലം ഒരു വരിയില്‍ ഒതുക്കി. അതേസമയം, തന്റെ ജീവിതപ്പാതയില്‍ കണ്ടുമുട്ടിയ അനേകം പ്രശസ്തരുടെ ഒരു ഘോഷയാത്ര തന്നെയാണ് ആ ആത്മകഥ. തന്റെ ജീവിതത്തിലൂടെ കടന്നുപോയ അനേകമനേകം സ്ത്രീകളെക്കുറിച്ചും തീര്‍ത്തും നിര്‍വികാരമായ പരാമര്‍ശങ്ങളേയുള്ളൂ. അതൊക്കെ അവഗണിച്ചാലും ‘ദ സര്‍ക്കസ്’ ’ദ ട്രാംപ്’ എന്ന ഏറ്റവും മികച്ച തന്റെ രണ്ടു ചിത്രങ്ങളുടെ പേരുകള്‍പോലും പ്രതിപാദിപ്പിക്കപ്പെടുന്നില്ല എന്നത് അത്ഭുതം തന്നെ.
ജീവിതം എന്ന പ്രഹേളികയില്‍ വൈരുദ്ധ്യങ്ങള്‍ക്കുള്ള പ്രസക്തി ചാപ്ലിന്‍ ചിത്രങ്ങളിലെല്ലാം തിരയടിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരം വൈരുദ്ധ്യങ്ങള്‍ ഇല്ലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചത് വിരോധാഭാസമായി നിലനിൽക്കുന്നു. വസ്തുതകളോടും അനുഭവങ്ങളോടും നീതിപുലര്‍ത്തുന്ന ആത്മകഥകള്‍ വിരളമാണ് എന്ന പൊതുതത്വത്തിനെ സാധൂകരിക്കുന്നതാണ് ‘എന്റെ ആത്മകഥ.’
ചാപ്ലിനും മക്കളും തമ്മിലൂള്ള ബന്ധം പൂര്‍ണ്ണപരാജയമായിരുന്നുവെന്നു പറയാം. തികഞ്ഞ ഒരു സ്വേഛാധിപതിയുടെ സമീപനമായിരുന്നു അദ്ദേഹത്തിനവരോട്. തന്റെ സിനിമകള്‍ മാത്രമേ കുട്ടികളെ കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. മൂത്തമകള്‍ ജെറാള്‍ഡൈന്‍ പറയുന്നു. “മറ്റുള്ളവര്‍ സിനിമകള്‍ നിര്‍മ്മിക്കാറുണ്ടെന്നു പോലും അക്കാലത്ത് എനിക്കറിയുമായിരുന്നില്ല. സിനിമ എന്നുവെച്ചാല്‍ ചാര്‍ളി ചാപ്ലിന്‍! അവയല്ലാതെ മൈക്കിളും ഞാനും കാണുന്ന അദ്യചലച്ചിത്രം ‘ക്വൊ വാദിസ്’ ആയിരുന്നു. അതു കളറിലായിരുന്നു. കൂടാതെ അതില്‍ ചാര്‍ളി ചാപ്ലിന്‍ ഉണ്ടായിരുന്നില്ല! ഞങ്ങള്‍ക്ക് ആവേശമടക്കാന്‍ കഴിഞ്ഞില്ല. സിംഹങ്ങള്‍ ഉള്ള ഒരുഗ്രന്‍ സിനിമ കണ്ടുവെന്ന് വീട്ടില്‍ തിരിച്ചെത്തി വിളിച്ചുകൂവിയത് അച്ഛന് അത്രയ്ക്കു രസിച്ചില്ല.”
സ്വാഭാവികമായും കുട്ടികള്‍ അച്ഛനെതിരെ തിരിഞ്ഞു. ചാപ്ലിന്റെ സമ്മതമില്ലാതെ ജെറാള്‍ഡൈന്‍ ലണ്ടനിലെ റോയല്‍ ബാലേ സ്ക്കൂളില്‍ ചേര്‍ന്നു. പല ആവര്‍ത്തി സ്ക്കൂളില്‍നിന്നും ഓടിപ്പോയ മൈക്കിള്‍, ലണ്ടനില്‍, ഗിറ്റാര്‍ വായിക്കുന്ന, മയക്കുമരുന്നുപയോഗിക്കുന്ന ഹിപ്പിയായി നടന്നു. റോയല്‍ അക്കാഡമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്ടില്‍ ചില കോഴ്സുകള്‍ ചെയ്തു. വിക്ടോറിയ ഒരു ഫ്രഞ്ചു നടനുമൊത്ത് ഒളിച്ചോടി, അയാളെ വിവാഹം കഴിച്ചു. അതോടെ ആ മകളുമായി എല്ലാ ബന്ധങ്ങളും ചാപ്ലിന്‍ അവസാനിപ്പിച്ചു. ഊനായ്ക്കും ചാപ്ലിനും ആദ്യസന്തതി പിറക്കുമ്പോള്‍ ചാപ്ലിന് അന്‍പത്തിയഞ്ചു വയസ്സാണ്. ഒന്നോ രണ്ടോ തലമുറകളുടേതല്ല, അനേകം തലമുറകളുടെ വിടവാണ് അച്ഛനും മക്കളും തമ്മില്‍ ഉണ്ടായിരുന്നത്. കാഴ്ചപ്പാടിലുള്ള വന്‍വ്യത്യാസം ഈ പ്രായവ്യത്യാസത്തില്‍ നിന്നുറവയെടുത്തതാവാം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വളരെ ഇഴുകിച്ചേര്‍ന്ന ഒരു ബന്ധമാണുള്ളതെങ്കില്‍ അവരുടെ മക്കള്‍ക്ക് ആ ബന്ധത്തിനിടെ സ്ഥാനമില്ലാതാവുമോ? മറ്റൊരു മകള്‍ ആനി ഒരിക്കല്‍ പറഞ്ഞു “അച്ഛന്റെയും അമ്മയുടെയും ബന്ധം പരിപൂര്‍ണ്ണമായിരുന്നു. ആ ഗാഢബന്ധത്തിനിടയില്‍ മറ്റാര്‍ക്കും കയറിക്കൂടാനുള്ള വൈകാരിക ഇടമുണ്ടായിരുന്നില്ല.”
ക്രിസ്തുമസ്സിനെപ്പറ്റി മൈക്കിളും ജെറാള്‍ഡൈനും ഒരിക്കല്‍ പറഞ്ഞത് തങ്ങളുടെ അച്ഛനെക്കുറിച്ചുള്ള അവരുടെ അന്തിമമായ ഒരു വിശകലനം കൂടിയാണ്. അല്പം ക്രൂരവും. “അച്ഛന്‍ ക്രിസ്മസ് ദിനത്തെ വെറുത്തിരുന്നു.” മൈക്കിള്‍ പറയുന്നു. ജെറാള്‍ഡൈന്‍ അതിനോടു യോജിച്ചു. “ക്രിസ്മസ് അദ്ദേഹത്തെ വിഷാദഭരിതനാക്കി. തനിക്കപ്രിയമായിരുന്ന പല ഗതകാലസ്മരണകളും തിരയടിച്ചെത്തുന്ന ദിനമായിരുന്നു അതച്ഛന്. മറ്റുള്ളവരുടെ ക്രിസ്മസ്സും എത്രമോശമാക്കാമോ അതൊക്കെ ചെയ്തിരുന്നു. അവസാനവും അങ്ങനെ തന്നെ ചെയ്തു. അദ്ദേഹം മരിച്ചത് ഒരു ക്രിസ്മസ് പ്രഭാതത്തിലാണ്.”
ചാര്‍ളി ചാപ്ലിന്റെ ജീവിതത്തില്‍ ഊനയുമായുള്ള ബന്ധം വേറിട്ടു നില്‍ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ലാതെ പൂര്‍ണ്ണമായും തന്റെ ഇഷ്ടപ്രകാരം ചാപ്ലിന്‍ ഏര്‍പ്പെട്ട ആദ്യവിവാഹബന്ധമായിരുന്നു അത്. ഒരേസമയം ഭാര്യയും മകളും അമ്മയുമായിരുന്നു ചാപ്ലിന് ഊനാ. ഊനായുമായുള്ള വിവാഹത്തിനുശേഷം മറ്റേതെങ്കിലും സ്ത്രീയുമായി ചാപ്ലിന്‍ വൈകാരികമായോ ശാരീരികമായോ ബന്ധപ്പെട്ടതായി അപവാദങ്ങള്‍ പോലുമില്ല. പല ചിത്രങ്ങളിലും ട്രാംപ് സ്വപ്നം കാണാറുണ്ടായിരുന്ന സന്തുഷ്ടകുടുംബം പക്ഷേ ഒരു മരീചികയായി അവശേഷിച്ചു.
ശിശുവായിരിക്കുമ്പോള്‍ തന്നെ നഷ്ടപ്പെട്ട അച്ഛനെയണ് ചാപ്ലിനുമായുള്ള വിവാഹത്തോടെ ഊനായ്ക്കു തിരിച്ചുകിട്ടിയത്. തന്റെയച്ഛന്‍ യൂജിന്‍ ഓനീലിനേക്കാള്‍ കേവലം ഒരു വയസ്സു മാത്രമേ ചാപ്ലിനു പ്രായം കുറവുണ്ടായിരുന്നുള്ളൂ. ഊനാ ചാപ്ലിനുവേണ്ടി ജീവിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കും അവളെ സംബന്ധിച്ചിടത്തോളം മുത്തുമണിയായിരുന്നു. ഒരേയൊരു പുരുഷനുമൊത്ത് പതിനെട്ടാമത്തെ വയസ്സു മുതല്‍ ജീവിക്കുക, അന്നത്തെ പാശ്ചാത്യ ലോകത്തില്‍ ഒരപൂര്‍വ്വതയായിരുന്നു, ചാപ്ലിന്റെ സന്തോഷമായിരുന്നു ഊനയുടെ സന്തോഷം. ‘പതിവൃതയായ ഭാരതീയനാരിയുടെ പതിഭക്തി’ എന്നൊക്കെ നമ്മള്‍ കേള്‍ക്കാറുള്ളതാണല്ലോ. അതുപോലൊരു ജീവിതം. ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്കൊത്തു ജീവിക്കുക. അയാളുടെ സുഖസൗകര്യങ്ങള്‍ തന്റെ സുഖസൗകര്യങ്ങളാവുക. അയാളുടെ അസുഖ-ദുഃഖങ്ങള്‍ സ്വന്തം അസുഖങ്ങളും ദുഃഖങ്ങളുമാവുക…അയാളുടെ കുട്ടികളെ പ്രസവിക്കുക, പറക്കമുറ്റുംവരെ വളര്‍ത്തുക. ഇതെല്ലാം ഊനാ അക്ഷരംപ്രതി ആചരിച്ചു.
ഒരര്‍ത്ഥത്തില്‍ ആചാരം തന്നെയായിരുന്നു. കാരണം അത്രതന്നെ അറിയപ്പെടാതിരുന്ന ഒരു മറുവശവുമുണ്ടായിരുന്നു ഊനായുടെ ജീവിതത്തിന്. ഇടദിവസങ്ങളില്‍ ഊനാ മുറിയടച്ചിരിക്കുമായിരുന്നു. മദ്യപാനമാണ് അങ്ങിനെയുള്ള അവസരങ്ങളില്‍. എന്നാല്‍ മദ്യപിച്ച് മറ്റുള്ളവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഊനാ പ്രത്യേകം ശ്രദ്ധിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ ചാപ്ലിന്റെ മരണം വരെയും ഊനാ ഒരു മുഖംമൂടി അണിഞ്ഞിരുന്നെങ്കില്‍ അതാരും പറിച്ചുമാറ്റാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
|