close
Sayahna Sayahna
Search

ചാപ്ലിൻ: ജന്മനാ നടൻ


ചാപ്ലിൻ: ജന്മനാ നടൻ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

ജന്മനാ നടന്‍

ചാള്‍സ് ഡിക്കന്‍സിന്റെ, ഒലിവര്‍ ട്വിസ്റ്റിന്റെ ലണ്ടന്‍. തെരുവുഗായകരുടേയും ‘പഞ്ച് ആൻഡ് ജുഡി ഷോ’യുടേയും ചീട്ടുവിദ്യക്കാരുടേയും മുഖം പെയിന്‍റു ചെയ്ത കോമാളികളുടേയും ലണ്ടന്‍. വ്യാവസായിക വിപ്ലവത്തോടെ ജീവിതത്തിന്റെ അടിത്തറ നഷ്ടപ്പെട്ട അനേകായിരങ്ങള്‍ ആഹാരസമ്പാദനത്തിന് മോഷണവും പോക്കറ്റടിയും പിടിച്ചുപറിയും നിത്യവൃത്തിയാക്കിയിരുന്നു. ലണ്ടന്‍ തെരുവുകള്‍ അവരെക്കൊണ്ടു തിങ്ങിനിറഞ്ഞു.

അങ്ങിനെയൊരു തെരുവില്‍ ചാര്‍ളി പാടുകയും ഒരറബിക്കുതിരയെപ്പോലെ ചാടിക്കളിക്കുകയുമാണ്. കുറേ നേരമായി ഒരാള്‍ തന്നേത്തന്നെ സുക്ഷിച്ചു നോക്കുന്നതായി അവന് തോന്നി.

“ഈ പയ്യന്‍ ജന്മനാതന്നെ ഒരു നടനാണ്” എന്നു പറയുന്നതും കേട്ടു. അതു വില്യം ജാക്സണ്‍ ആയിരുന്നു ‘ലങ്കാഷയര്‍ ലാഡ്സ്’ എന്ന തിയേറര്‍ ഗ്രുപ്പിന്റെ ഉടമ.

അങ്ങിനെ ചാര്‍ളി ഒരഭിനേതാവായി — ലങ്കാഷയര്‍ ലാഡ്സില്‍. താമസവും ആഹാരവും, ആഴ്ചതോറും ഹാന്നായ്ക്ക് അര പൌണ്ടും… അതായിരുന്നു വേതനം. ചാര്‍ളി ചാപ്ലിന്‍ ഇരുപത്തെട്ടുമാസം ലങ്കാഷയര്‍ ലാഡ്സ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചു. സിന്‍ഡ്രല എന്ന മ്യൂസിക്കലില്‍ ഒരു പ്രധാനവേഷം ചെയ്തു.

ഔപചാരികമായ പഠനം നിലച്ചിരുന്നുവെങ്കിലും അറിവു നേടണമെന്നുള്ള അദമ്യമായ ആഗ്രഹം ചാപ്ലിനുണ്ടായിരുന്നു. പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും ചാര്‍ളി വാങ്ങിയ നിരവധി പുസ്തകങ്ങളിലൊന്ന് ‘ഒലിവര്‍ ട്വിസ്റ്റ്’ ആയിരുന്നു.

ചാര്‍ളിക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, കരളിനു ബാധിച്ച അസുഖം മൂലം അച്ഛന്‍ സീനിയര്‍ ചാപ്ലിൻ അന്തരിച്ചു.

പന്ത്രണ്ട് — പതിന്നാലു വയസ്സിനിടെ നിരവധി വ്യത്യസ്ത സ്ഥാപനങ്ങളില്‍ ചാര്‍ളി ജോലിയെടുത്തു, ബാര്‍ബര്‍ഷോപ്പ്, സ്റ്റേഷനറിക്കട, ഒരു ഡോക്ടറുടെ ക്ലിനിക്ക്.. ഗ്ളാസ്സ് ഫാക്ടറി, മെഴുകുതിരി നിര്‍മ്മാണശാല, അച്ചടിശാല ഇതൊക്കെക്കൂടാതെ മറ്റുകുട്ടികള്‍ക്ക് നൃത്തപരിശീലന ക്ളാസ്സുകളും എടുക്കാറുണ്ടായിരുന്നു. ചിലയവസരങ്ങളില്‍ തെരുവില്‍ ഒരു പഴയ പെട്ടിക്കു മുകളില്‍ കയറിനിന്ന് പഴയ വസ്ത്രങ്ങള്‍ വിറ്റു. പഴയ വസ്ത്രങ്ങളുടെ വില്പന വിക്ടോറിയന്‍ ഇംഗ്ളണ്ടിന്റെ ഒരു പ്രത്യേകതയായിരുന്നു. പാവങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്നതുമുലം പഴയ കാല്‍സ്രായികള്‍ക്കും കോട്ടുകള്‍ക്കും ഷൂസുകള്‍ക്കും നല്ലൊരു വിപണിയുണ്ടായിരുന്നു. ചാര്‍ളിചാപ്ലിന്‍റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വേഷം ഒന്നോര്‍ത്തുനോക്കൂ. ബാഗി പാന്‍സ്, ഇറുകിയ കോട്ട്, പാദങ്ങളേക്കാള്‍ വളരെ വലിയ ഷുസ്.. ഒരുകാലത്ത് ചാപ്ലിന്‍ ധരിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന വേഷങ്ങള്‍.

അമ്മയുടേയോ അച്ഛന്റേയോ സംരക്ഷണമില്ലാതെ കടന്നുപോയ ബാല്യം ചാപ്ലിന്റെ ജീവിതത്തിലുടനീളം നിഴല്‍ വീഴ്ത്തി. അമ്മയുടെ മനോനില മെച്ചപ്പെടും, അതു സാധാരണമാവും എന്ന ആശ ചാര്‍ളിക്ക് എക്കാലവുമുണ്ടായിരുന്നു. എന്തെങ്കിലു അത്ഭുതം സംഭവിക്കാതിരിക്കില്ല… എന്നാല്‍ അമ്മയുടെ ഭ്രാന്തമായ അവസ്ഥയില്‍ വ്യത്യാസമുണ്ടായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ചാപ്ളിന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന, വ്രണിതബാല്യത്തോടും അശരണരോടും സഹാനഭൂതി പ്രദര്‍ശിപ്പിക്കണമെന്ന അഭ്യര്‍ത്ഥനകള്‍ ഉറക്കമില്ലാത്ത തന്റെ രാത്രികളുടെ പ്രതിഫലനങ്ങളായിരുന്നിരിക്കാം.

അഞ്ചടി നാലിഞ്ചു പൊക്കമുണ്ടെങ്കിലും ചാപ്ലിന് കാഴ്പയില്‍ അത്ര തോന്നിക്കില്ല. കുറിയ കാലുകളും കൈകളും ചലനത്തിലെ ചടുലതയും അംഗവിക്ഷേപങ്ങളിലെ നിയന്ത്രിതമായ ആകര്‍ഷകത്വവും അസാധാരണമായ ഒരു ‘കുള്ളത്തം’ അയാള്‍ക്കു പ്രദാനം ചെയ്തു.

വ്യത്യസ്തമായ പല പണികളെടുത്തു നടന്നിരുന്ന ചാപ്ലിന്‍, സി. ഇ. ഹാമില്‍ട്ടണ്‍ന്റെ കമ്പനിയില്‍ അഭിനേതാവായി ചേര്‍ന്നു. ജിം, ഷെര്‍ ലക് ഹോംസ് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് ഹാരി യോര്‍ക്കിന്റെ കമ്പനിയിലേക്കു മാറി. അവിടെവച്ച് കൊമേഡിയന്‍ വില്‍ മറേയുടെയൊപ്പം അഭിനയിക്കാനിടവന്നു. ചാപ്ലിന്റെ ആദ്യഗുരു ആയിരുന്നു മറേ എന്നു പറയാം.

ഹാരി യോര്‍ക്കുമായി തെറ്റി പതിനേഴു വയസുള്ള ചാപ്ലിന്‍ സ്വന്തം നിലയില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. എന്നാല്‍ ആദ്യ ശ്രമം തന്നെ തികഞ്ഞ പരാജയമായിരുന്നു. കാണികളുടെ പീഡനമേല്‍ക്കാതെ തിയേറ്ററിന്‍ നിന്നു ചാപ്ലിന് ഓടി രക്ഷപ്പെടേണ്ടിവന്നു.

നിവര്‍ത്തിയില്ലാതെ ചാര്‍ളി ചാപ്ലിന്‍ ഫ്രെഡ് കാര്‍ണോയുടെ കമ്പനി ‘കാര്‍ണോസ് സ്പീച്ച്‌ലസ് കൊമേഡിയന്‍സ്’ എന്ന ട്രൂപ്പില്‍ അംഗമായി. ‘ഫണ്‍ ഫാക്ടറി’ എന്നാണു കാര്‍ണോ തന്റെ കമ്പനിയെ വിശേഷിപ്പിച്ചിരുന്നത്.

1900-ത്തിനുശേഷം ബ്രിട്ടീഷ് സമുഹത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വന്നു. ആഴ്പയില്‍ അറുപതു മണിക്കൂര്‍ ജോലിയെന്നതു 1910 ആയപ്പോഴേയ്ക്കും ശരാശരി അമ്പത്തിമൂന്നു മണിക്കൂറായി ചുരുങ്ങി. വിശ്രമസമയം കൂടിയതോടെ മദ്ധ്യവര്‍ഗത്തിന് അതെങ്ങനെ ചിലവഴിക്കണമെന്ന പ്രശ്നമുദിച്ചു. വിനോദയാത്രകളും കായികവിനോദങ്ങളും കൂടാതെ ഗായക-നാടക-ശാലകളിലേയ്ക്കും അവര്‍ തള്ളിക്കയറി.

Chaplin ch02.jpg

എന്നാല്‍ കായികമായി അദ്ധ്വാനിക്കുന്നവരുടെ ജിവിത സാഹചര്യങ്ങളില്‍ സാരമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. സത്യത്തില്‍ അവരുടെ യഥാര്‍ത്ഥ വേതനം കുറഞ്ഞുവന്നു. സമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കുമിടയില്‍, വിപ്ലവാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍, നിശിതമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങളെന്ന നിലയില്‍ അവരും നാടകശാലകളിലേയ്ക്കു തിക്കിക്കയറി. കാര്‍ണോയുടെ നാടകങ്ങള്‍ അവരുടെ ജീവിതങ്ങളെയാണ് ചിത്രീകരിച്ചത്. കാര്‍ണോയാണ് ചാര്‍ളിയെ കോമഡി എന്തെന്നു പഠിപ്പിച്ചത്. മുമ്പ് സര്‍ക്കസ് കലാകാരനായിരുന്ന കാര്‍ണോ ശരീരചലനങ്ങളിലും ആ ചലനങ്ങള്‍ വഴി സംവേദനം ചെയ്യപ്പെടുന്ന ശരീരഭാഷയിലും പ്രത്യേകം നിഷ്ക്കര്‍ഷ ചെലുത്തി. അവസാനമില്ലെന്നു തോന്നിക്കുന്ന റിഹേഷ്സലുകളായിരുന്നു കാര്‍ണോയുടെ ഒരു പ്രത്യേകത. പുര്‍ണ്ണതയിലെത്താനുളള അക്ഷീണമായ പരിശ്രമം ചാപ്ലിന്റെ ഭാവി ജീവിതത്തില്‍ ഒരു മാര്‍ഗരേഖയായി. ഫണ്‍ ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ചാര്‍ളിയോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ല.

കാര്‍ണോ പറഞ്ഞു: “അയാളെ ആരും അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. സഹപ്രവര്‍ത്തകരോട് ആഴ്ചകളോളം ചാര്‍ളി ഒരക്ഷരം പോലും ഉരിയാടാത്ത കാലമുണ്ടായിരുന്നു. ചിലപ്പോളൊക്കെ അയാള്‍ എന്തെങ്കിലും സംസാരിച്ചെന്നിരിക്കും. എന്നാല്‍ പൊതുവേ നിശ്ശബ്ദനായിരുന്നു. അയാള്‍ ഒരു സന്യാസിയെപ്പോലെയാണു ജീവിച്ചത്. മദ്യത്തിനെ ഭയമായിരുന്നു. ശമ്പളം കിട്ടിയാല്‍ അപ്പോള്‍ത്തന്നെ അതുമായി ബാങ്കിലേയ്ക്ക് ഓടും.”

എന്നാല്‍ ചാപ്ലിന്‍ പണം ചിലവാക്കാതെയൊന്നുമിരുന്നില്ല. കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ത്തന്നെ രണ്ടു സഹോദരന്മാരും ചേര്‍ന്ന് ഒരു ഭേദപ്പെട്ട വീട് വാടകയ്ക്കെടുത്ത് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങി. കൂട്ടത്തില്‍ ഒരു വലിയ പിയാനോയും ഒരു നഗ്നസുന്ദരിയുടെ പുര്‍ണ്ണകായചിത്രവും.

മറ്റു കൊമേഡിയന്മാരെപ്പോലെയായിരുന്നില്ല ചാപ്ലിന്‍. കൂടുതല്‍ അറിയാനുള്ള മോഹം അദമ്യമായിരുന്നു. ഇംഗ്ളീഷ് വ്യാകരണം, ലാറ്റിന്‍-ഇംഗ്ളീഷ് ഡിക്ഷ്ണറി തുടങ്ങിയ പുസ്തകങ്ങളിലേയ്ക്കു വായന വികസിച്ചു. ‘ഷേര്‍ലക് ഹോംസി’ല്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ഡിറ്റക്ടീവിനെ അനുകരിച്ച് ചാപ്ളിന്‍ ഒരു വയലിന്‍ വാങ്ങി. അതിന്റെ കമ്പികള്‍ ഇടതുകൈകൊണ്ടു മീട്ടാന്‍ പാകത്തിനു തിരിച്ചിട്ടു. എവിടെപ്പോയാലും ആ വയലിന്‍ ഒപ്പം കൊണ്ടുപോകുമായിരുന്നു. സെല്ലോയും പിയാനോയും പഠിച്ചു. മണിക്കൂറുകളോളം പ്രാക്ടീസു ചെയ്തു. വിഷാദം ബാധിക്കുന്പോള്‍ ചാര്‍ളി തിരിഞ്ഞത് സംഗീതത്തിലേയ്ക്കാണ്.

1908-ലെ വേനല്‍ക്കാലം. എമ്പയര്‍ തീയേറ്ററില്‍ ‘മമ്മിംഗ് ബേഡ്‌സ്’ എന്ന നാടകം. നാടകത്തിനു മുന്‍പ് ഒരു നൃത്ത പരിപാടി. കര്‍ട്ടന്റെ സൈഡില്‍ നൃത്തവും കണ്ടുകൊണ്ട് നാടകത്തിനു വേഷമിട്ട ചാര്‍ളി. നൃത്തത്തിനിടയില്‍ ഒരു പെണ്‍കുട്ടി കാല്‍തെന്നി വീണു. മറു പെണ്‍കുട്ടികള്‍ ചിരിച്ചു. അവളുടെ വലിയ, ചെമ്പന്‍ കണ്ണുകള്‍ പതിഞ്ഞത് സൈഡ് കര്‍ട്ടനുകളുടെ ഇടയില്‍ നില്‍ക്കുന്ന ചാര്‍ളിയിലാണ്. അവളുടെ മെലിഞ്ഞ ശരീരവും തുടുത്ത മുഖവും ചാര്‍ളിയെ ആകര്‍ഷിച്ചു. ഹെറ്റി കെല്ലി. വയസ്സു പതിനഞ്ച്. ചാര്‍ളിക്ക് അന്ന് പത്തൊന്‍പതു വയസ്സ്‌.

നാടകം കഴിഞ്ഞ് അവളെക്കണ്ടപ്പോള്‍ അടുത്ത ഞായറാഴ്ച താനുമൊത്തു കുറച്ചു സമയം ചിലവഴിക്കാമോ എന്ന് ചാപ്ളിന്‍ ചോദിച്ചു.

“ചുവന്ന മൂക്കില്ലാതെ നിങ്ങള്‍ കാണാന്‍ എങ്ങിനെയുണ്ടാവും എന്നുപോലും എനിക്കറിയില്ലല്ലോ” എന്നായിരുന്നു അവളുടെ പ്രതികരണം.

‘മമ്മിംഗ് ബേര്‍ഡ്’സില്‍ ഒരു മുഴുക്കുടിയന്റെ റോളായാരുന്നു ചാപ്ളിന്. അയാളുടെ മദോന്മത്തത വ്യക്തമാക്കാന്‍ മൂക്കിന്റെ തുമ്പത്ത് ചുവന്ന ചായം തേച്ചിരുന്നു. എന്തായാലും അടുത്ത ഞായറാഴ്ച അവര്‍ ഒരു ട്രാം സ്റ്റേഷനില്‍ വച്ച് സന്ധിച്ചു. മേയ്ക്കപ്പ് ഇല്ലാത്ത ഹെറ്റി ചാര്‍ളിയുടെ ദൃഷ്ടിയില്‍ അതീവസുന്ദരിയായി. നിഷ്‌‌കളങ്കമായ കണ്ണുകള്‍. കണ്ടമാത്രയില്‍ത്തന്നെ ചാര്‍ളി, തനിക്കവളോടു തോന്നുന്ന അദമ്യമായ സ്നേഹത്തേപ്പറ്റി പറഞ്ഞു. അവര്‍ ഒരു വലിയ റസ്റ്റോറന്റില്‍ പോയി. ചാര്‍ളി വയറുനിറയെ ഭക്ഷിച്ചു. അവള്‍ ഒരു സാന്‍വിച് മാത്രം! നാലാം ദിവസം ചാര്‍ളി ചോദിച്ചു, “നീയെന്നെ വിവാഹം കഴിക്കുമോ?”

അവള്‍ക്കു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. “അല്ലെങ്കില്‍ വേണ്ട, ഇപ്പോള്‍ത്തന്നെ നിനക്ക് എന്റെമേല്‍ ആവശ്യത്തിലേറെ അധികാരമുണ്ടായിരിക്കുന്നു. ഗുഡ്‌ബൈ!”

അടുത്തദിവസം അവളുടെ വീട്ടില്‍ച്ചെന്ന് ചാര്‍ളി വീണ്ടും ഗുഡ്‌ബൈ പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം അവര്‍ അവിചാരിതമായി കണ്ടുമുട്ടി. അവള്‍ വളര്‍ന്നിരുന്നു. എന്നാല്‍ അവളുടെ മാറിടം ചെറുതും അത്ര ആകര്‍ഷകമല്ലാത്തതുമായിരുന്നു. “എന്നേക്കൊണ്ടു പറ്റുമായിരുന്നെങ്കിലും ഞാനവളെ വിവാഹം കഴിക്കുമായിരുന്നോ? ഇല്ല, എനിക്കാരേയും വിവാഹം കഴിക്കണ്ട,” ചാപ്ളിന്‍ തന്റെ ആത്മകഥയില്‍ എഴുതി.

1909 അവസാനത്തില്‍ കാര്‍ണോയുടെ ട്രൂപ്പ് പാരീസിലെത്തി. കുറച്ചു ദിവസങ്ങള്‍ മുന്‍പുവരേയും ഹെറ്റി കെല്ലി പാരീസില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവളുടെ ട്രൂപ്പ് മോസ്ക്കോയിലാണെന്നും അറിയാന്‍ കഴിഞ്ഞു. തനിക്ക് ആദ്യമായി പ്രണയം തോന്നിയ ഹെറ്റി കെല്ലിയെ ഒരിക്കലും ചാപ്ലിന്‍ മറന്നില്ല. തന്നേക്കാള്‍ പ്രായം വളരെക്കുറഞ്ഞ പെണ്‍കുട്ടികളോട് ചാപ്ലിന് ജീവിതകാലം മുഴുവന്‍ തോന്നിയിരുന്ന അഭിനിവേശത്തിന്റെ ആദ്യദൃഷ്ടാന്തമായിരുന്നു ഇത്.