close
Sayahna Sayahna
Search

കാടുപിടിച്ച വീട്


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

കാടുപിടിച്ച വീട്

കുഞ്ചുക്കുറുപ്പു മരിച്ചു എന്ന വാര്‍ത്ത ഗ്രാമീണര്‍ക്കെല്ലാം തന്നെ അത്യധികം വിഷമമുണ്ടാക്കി. ഒരു മഹാവൈദ്യന്‍ അവര്‍ക്കു നഷ്ടപ്പെട്ടു എന്നതുമാത്രമല്ല ഒരു അതുല്യനായ മനുഷ്യസ്നേഹി അവരില്‍നിന്നു പോയി എന്നതായിരുന്നു ദുഃഖത്തിന്റെ പ്രധാന കാരണം. ആ ഗ്രാമജീവിതത്തില്‍ സുഖവും സംതൃപ്തിയും സുരക്ഷിതത്വവും വളര്‍ത്താന്‍ കുഞ്ചുക്കുറുപ്പെന്ന ഒരു വ്യക്തിക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളു. അവകാശികളില്ലാത്ത അദ്ദേഹത്തിന്റെ വീടുമാത്രമേ അദ്ദേഹത്തിന്റെ സ്മാരകമായി അവശേഷിച്ചിട്ടുള്ളു ആ ഗ്രാമത്തില്‍.

കുറുപ്പിന്റെ തിരോധാനത്തോടുകൂടി ജനങ്ങളുടെയിടയില്‍ വീണ്ടും അന്ധവിശ്വാസങ്ങള്‍ തലപൊക്കിത്തുടങ്ങി. അന്ധവിശ്വാസം വളര്‍ത്തി മന്ത്രവാദവും ജോത്സ്യവും പൂജകളും വഴിപാടുകളും നടത്തി അതുകൊണ്ട് ഉപജീവനം കഴിക്കാനും സുഖിക്കാനും മാത്രം താല്‍പര്യമുള്ള കുറേ ആളുകള്‍ ആ നാട്ടില്‍ പിന്നെയും അവശേഷിച്ചിരുന്നു. കുറുപ്പിന്റെ സംരക്ഷണയില്‍ അവരും മറ്റു തൊഴില്‍ ചെയ്തുകഴിഞ്ഞിരുന്നു എങ്കിലും കാര്യമായ ജോലിയൊന്നും ചെയ്യാതെ ഭയപ്പെടുത്തി സമ്പാദ്യം വളര്‍ത്താനുള്ള സന്ദര്‍ഭം അവര്‍ക്കു വീണ്ടും ലഭിച്ചതോടെ കുറുപ്പിന്റെ മരണത്തെപ്പറ്റി കെട്ടുകഥകള്‍ ചമയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവര്‍ മുമ്പോട്ടുവന്നു. കുറുപ്പിന്റെ അഭാവം ഒരനുഗ്രഹമായി അവര്‍ ഉള്ളില്‍ കരുതി.

പൂജകളും വഴിപാടുകളും ഭദ്രകാളിസേവയും മന്ത്രവാദവും മൃഗബലിയും കൊണ്ടുമാത്രമേ രോഗങ്ങളേയും സമൂഹത്തിലുണ്ടാകുന്ന മറ്റുപദ്രവങ്ങളേയും മാറ്റാന്‍ സാധിക്കുകയുള്ളു എന്ന് ആ നാട്ടിലെ കുറെ ആളുകളെ വിശ്വസിപ്പിക്കുവാന്‍ ഇക്കൂട്ടര്‍ പരിശ്രമിച്ചു. ആ മാര്‍ഗ്ഗത്തില്‍ കുറെയൊക്കെ വിജയിക്കുവാനും അവര്‍ക്കു സാധിച്ചു. കുറുപ്പുവൈദ്യന്‍ അവിടെ ഇല്ലാതായപ്പോള്‍ രോഗം വീണ്ടും പടര്‍ന്നുപിടിച്ചുതുടങ്ങി. കാളീപൂജയും മന്ത്രവാദവും നിര്‍ത്തി വൈദ്യം പ്രയോഗിച്ച് ദേവിക്ക് അപ്രീതിയുണ്ടാക്കിയതിനാലാണ് ഇതുവരെ നാട്ടില്‍ കണ്ടിട്ടില്ലാത്തവണ്ണം ഭയങ്കരമായ വസൂരി പിടിപെട്ട് വൈദ്യന്‍ മരിച്ചതെന്നും വൈദ്യന്റെ ശവശരീരംപോലും ദേവിതന്നെയാണ് കൊണ്ടുപോയതെന്നും മന്ത്രവാദികള്‍ പ്രചരിപ്പിച്ചു. വൈരാഗ്യം തീര്‍ക്കാന്‍ ഭദ്രകാളി വൈദ്യന്റെ മൃതദേഹത്തില്‍നിന്ന് എല്ലും തലയോട്ടിയുമെടുത്ത് സ്വന്തം കഴുത്തില്‍ മാലയുണ്ടാക്കി ചാര്‍ത്തിയതായി അവര്‍ ചിത്രീകരിച്ചു. അങ്ങനെ ഇത്തരം ഭീകരമായ കഥകള്‍കൊണ്ട് ഗ്രാമീണരുടെയിടയില്‍ ഭയവും അന്ധവിശ്വാസവും വളര്‍ത്തി. പിന്നീടുണ്ടായ രോഗങ്ങള്‍ക്കു ചികിത്സിക്കാതെ ആടുമാടുകളേയും കോഴിയേയും ദേവിക്കു കുരുതികൊടുത്ത് മന്ത്രവാദങ്ങള്‍ നടത്തിത്തുടങ്ങി. അവയുടെ ഇറച്ചി മന്ത്രവാദികള്‍ക്കു രുചികരമായ ആഹാരം സമ്പാദിച്ചുകൊടുത്തു. പൂജയ്ക്കായും വഴിപാടായും ദക്ഷിണയായും പാവങ്ങളോടു പണം വാങ്ങി ഈ അന്ധവിശ്വാസപ്രചാരകര്‍ സമ്പാദിച്ചു സുഖിച്ചുതുടങ്ങി.

കാളിയെ പിണക്കിയതുകൊണ്ടാണ് നാടിന് ഐശ്വര്യമായി വളര്‍ന്നുവന്നിരുന്ന രാജനെയും കാളി അപഹരിച്ചതെന്നു പ്രചരിപ്പിക്കാനും അവര്‍ മടിച്ചില്ല. രാജന്റെ അവശിഷ്ടംപോലും കാണാന്‍ കഴിയാതെ വന്നത് ഭദ്രകാളിയുടെ കോപംകൊണ്ടാണെന്നും പറയുകയുണ്ടായി. അങ്ങനെ കുഞ്ചുക്കുറുപ്പിനെ കാട്ടിലെറിഞ്ഞവരും അവരുടെ കൂട്ടരുംകൂടി കുഞ്ചുക്കുറുപ്പിന്റെ തിരോധാനം മുതല്‍ രാജനെ കാണാതായതുവരെയുള്ള അനേകവര്‍ഷങ്ങളിലെ പ്രയത്നംകൊണ്ട് ആ നാട്ടുകാരെ വീണ്ടും അന്ധവിശ്വാസത്തിന്റെ അന്ധകാരത്തിലെത്തിച്ചു.

കുഞ്ചുക്കുറുപ്പിനെ മലമുകളില്‍ കാട്ടില്‍കൊണ്ടുപോയിട്ടശേഷം പൂട്ടിയിട്ട കുറുപ്പിന്റെ വീട്ടില്‍ കയറുന്നതിന് ആര്‍ക്കും ധൈര്യമുണ്ടായില്ല. അവിടെ ഭൂതപ്രേതപിശാചുക്കളുടെ നൃത്തം രാത്രിതോറും ഉണ്ടാകാറുണ്ടെന്ന് മന്ത്രവാദികള്‍ പറഞ്ഞുപരത്തി. മുറ്റത്തുപോലും ആളുകള്‍ പ്രവേശിച്ചാല്‍ അവര്‍ക്കു വസൂരി പിടിക്കുമെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചത്. അങ്ങനെ ആ ചെറിയ നല്ല ഓടിട്ട വീടിന്റെ മുറ്റത്ത് പുല്ലുപടര്‍ന്നുപിടിച്ചു വളര്‍ന്നുവന്നു. വീട്ടിനുള്ളില്‍ മാറാമ്പലും ചിലന്തിവലയും പിടിച്ചു. മുറികളില്‍ വാവലും നരിച്ചീറും പറന്നു വിഹരിച്ചു. രാത്രികാലങ്ങളില്‍ ഇവയുടെ ചിറകടിശബ്ദങ്ങളും കരച്ചിലും ഭൂതപ്രേതങ്ങളുടെ ശബ്ദങ്ങളാണെന്നു മന്ത്രവാദികള്‍ വ്യാഖ്യാനിച്ചു.

മുറ്റത്തു പുല്ലുകള്‍ക്കു പുറമെ കാട്ടുചെടികളും വള്ളികളും തഴച്ചുവളര്‍ന്നു. പൂക്കുന്നവയും പടരുന്നവയുമായ കാട്ടുവള്ളികള്‍ വളര്‍ന്നുമുറ്റുന്ന മരങ്ങളേയും വീടിന്റെ മേല്‍ക്കൂരയേയും പൊതിഞ്ഞുതുടങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍കാടുപോലെ ആ ചെറിയ വീടിന്റെ പരിസരങ്ങള്‍ രൂപാന്തരപ്പെട്ടു. നട്ടുച്ചയ്ക്കുപോലും അവിടം ഇരുട്ടു നിറഞ്ഞുനിന്നു. കൂമനും കുളക്കോഴിയും, കുരങ്ങും കുറുക്കനും ആ കാട് അവരുടെ വിഹാരരംഗമായി. ഇഴജന്തുക്കളും വിഷസര്‍പ്പങ്ങളും അതില്‍ താവളമുറപ്പിച്ചു. അങ്ങനെ ആ ഗ്രാമത്തിന്റെ മദ്ധ്യത്തില്‍, ഒരുകാലത്തു നാട്ടുകാര്‍ രാപകലില്ലാതെ അഭയം തേടി ചെന്നുകൊണ്ടിരുന്ന വീട്, ആളുകള്‍ക്കു പ്രവേശിക്കാന്‍ ഭീതി ജനിക്കുന്ന വനാന്തര്‍ഭാഗമായി മാറി.

നാട്ടുകാരുടെയിടയില്‍ കാളീപൂജയില്‍ വിശ്വാസം ഉറപ്പിച്ചശേഷം പൂജാരികളും മന്ത്രവാദികളും പരസ്പരം ആലോചന നടത്തി. കുറുപ്പിന്റെ വീടിരിക്കുന്ന കാട്ടില്‍ ഒരു മൂലയില്‍ അവര്‍ ഭദ്രകാളിയുടെ ഒരു വിഗ്രഹം രഹസ്യമായി സ്ഥാപിച്ചു. ഒരു വലിയ വിഗ്രഹം മരത്തില്‍ കൊത്തിയത്. കറുത്ത ‘ചാന്തു’കൊണ്ട് മുഴുവനും പൂശി. തുറിച്ചുനോക്കുന്ന കണ്ണുകള്‍ വെള്ളച്ചായമിട്ടു തെളിച്ചു. തലയില്‍ കിരീടം ചാര്‍ത്തി. പുറത്തേക്കു വളച്ചുനീട്ടിയ നാക്കില്‍ ചുവന്ന ചായവും സിന്ദൂരവുമിട്ട് രക്തമൊലിക്കുന്ന ഭാവം വരുത്തി. ഇരുവശവും മൂന്നു കൈകള്‍വീതം. ഇടത്ത് മുകളിലെ കൈയ്യില്‍ വെട്ടിയെടുത്ത മനുഷ്യശിരസ്സ് മുടികളില്‍ തൂക്കിപ്പിടിച്ചിരിക്കുന്നു. ആ ശിരസ്സില്‍നിന്ന് രക്തം ഇറ്റിറ്റു താഴെ രണ്ടാമത്തെ കയ്യിലുള്ള താലത്തില്‍ വീഴുന്നു. മൂന്നാമത്തെ കയ്യില്‍ താന്‍ ചവുട്ടിനില്‍ക്കുന്ന മറ്റൊരു മനുഷ്യന്റെ ശിരസ്സ് മുടിയ്ക്കു ചുറ്റി മേലോട്ടു വലിച്ചുപിടിച്ചിരിക്കുന്നു. വലത്തു കൈകളില്‍ മുകളിലത്തേതില്‍ വെട്ടാന്‍ ഓങ്ങി വീതികൂടിയ ഒരു വാള്‍ പിടിച്ചിട്ടുണ്ട്. രണ്ടാമത്തെ കയ്യില്‍, ചവുട്ടിനില്‍ക്കുന്ന മനുഷ്യനെ കുത്തി ചോര ഒലിപ്പിക്കുന്ന കുന്തമാണുള്ളത്. മനുഷ്യന്റെ കാലുകള്‍ വളച്ചു മുകളിലേക്ക് വലിച്ചുപിടിച്ചിരിക്കുന്നതാണ് മൂന്നാമത്തെ കയു് .

കഴുത്തില്‍ മനുഷ്യരുടെ തലയോട്ടിയും എല്ലുകളും കോര്‍ത്തുള്ള മാലകള്‍. അരയില്‍ മനുഷ്യരുടെ കൈകളും കാലുകളും കോര്‍ത്തു ചേര്‍ത്ത പാവാട. എല്ലാത്തിനും യോജിച്ച നിറങ്ങള്‍. എവിടേയും ചോരനിറം. ആകപ്പാടെ എവിടെനിന്നു നോക്കിയാലും ഭയംജനിപ്പിക്കുന്ന രൂപം.

ആ വീടിരിക്കുന്ന പറമ്പില്‍, വഴിയരികില്‍, ഏറ്റവും കൂടുതല്‍ കാടുപിടിച്ച സ്ഥലത്ത് അല്‍പ്പം ഉള്ളിലേക്കു മാറി, ഒരു ദിവസം രാത്രിയിലാണ് ഈ വിഗ്രഹം സ്ഥാപിച്ചത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

അന്ന് അര്‍ദ്ധരാത്രിക്കുശേഷം ആ പറമ്പില്‍നിന്നും അട്ടഹാസങ്ങള്‍ നാട്ടുകാര്‍ കേട്ടു. അടുത്ത വീടുകളിലുള്ളവര്‍ വെളിയിലേക്ക് നോക്കിയപ്പോള്‍ അവിടെ തീപ്പന്തങ്ങള്‍ എരിയുന്നതും അഗ്നികുണ്ഡങ്ങള്‍ ആകാശത്തേക്കു പറക്കുന്നതും കണ്ടു. എല്ലാവരും ഭയംകൊണ്ടു വിറച്ചു. അടുത്തെങ്ങും അപ്പോള്‍ പോയിനോക്കുന്നതിനോ വഴിയിലേക്കിറങ്ങുന്നതിനോ ആരും ധൈര്യപ്പെട്ടില്ല.

അടുത്തദിവസം പ്രഭാതത്തില്‍ത്തന്നെ ഈ വിവരം നാട്ടിലൊക്കെ പരന്നു. നാട്ടുപ്രമാണിമാരും ജോത്സ്യന്മാരും മന്ത്രവാദികളും പൊതുസ്ഥലത്ത് ഒന്നിച്ചുകൂടി. കറുപ്പിന്റെ കാടുപിടിച്ച വീട്ടില്‍ ദേവി കുടിയുറപ്പിച്ചുവെന്നും ദേവീപ്രസാദം നേടിയില്ലെങ്കില്‍ നാടിന് ഭയങ്കരമായ ആപത്തുണ്ടാകുമെന്നും ജോത്സ്യന്മാര്‍ പ്രവചിച്ചു. ദേവീ പ്രീതിക്കുവേണ്ടി ചെയ്യേണ്ട കര്‍മ്മങ്ങള്‍ക്ക് മന്ത്രവാദികള്‍ ചാര്‍ത്തെഴുതി. കര്‍മ്മങ്ങള്‍ ചെയ്യേണ്ട മന്ത്രവാദികളുടേയും പൂജാരികളേയും അപ്പോൾത്തന്നെ തെരെഞ്ഞെടുത്ത് ഒരുക്കുകള്‍ക്ക് ആവശ്യമായിവരുന്ന സാധങ്ങള്‍ സംഭരിക്കുന്നതിന് നാട്ടുകാരില്‍നിന്ന് പിരിവുനടത്തുന്നതിന് നിശ്ചയിച്ചു. അതിനായി ഒരു കമ്മറ്റിയേയും തെരെഞ്ഞെടുത്തു. അരിയായും നാളികേരമായും മറ്റു സാധങ്ങളായും പണമായും ഓരോ വീട്ടുകാര്‍ നല്‍കേണ്ടതിനുള്ള ലിസ്റ്റുകള്‍ തയ്യാറാക്കി. കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓരോ ചുമതല നിശ്ചയിച്ചു. അവരുടെ സേവനത്തെ പരിഗണിച്ച് അവരേയും അവരുടെ വീട്ടുകാരെയും പിരിവുലിസ്റ്റില്‍ നിന്നും ഒഴിവാക്കി.

ഒരു വലിയ തയ്യാറെടുപ്പോടുകൂടി അപ്പോള്‍തന്നെ കുറുപ്പിന്റെ പറമ്പിലെ കാടു പരിശോധിക്കാന്‍ പുറപ്പെട്ടു. വഴിയില്‍ എത്തിയപ്പോള്‍തന്നെ ആ പറമ്പിലെ മൂലയില്‍ ഉള്ളിലേക്കു നീങ്ങിനില്‍ക്കുന്ന കാളീവിഗ്രഹം കാട്ടിനിടയിലൂടെ കാണാന്‍ കഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് ഉച്ചത്തില്‍ കാളീസ്തോത്രങ്ങള്‍ ചൊല്ലി. പൂജാരികള്‍ മന്ത്രവാദികളോടൊത്ത് കാട്ടിനുള്ളില്‍ കടന്നു. ചുവന്ന പൂക്കള്‍ കൊണ്ടുള്ള മാലകള്‍ സ്ഥാപിച്ചു. സാമ്പ്രാണി പുകച്ചു. മന്ത്രോച്ചാരണങ്ങള്‍ നടത്തി. ദീപങ്ങള്‍ തെളിയിച്ചു. ഉഴിഞ്ഞെടുത്ത കര്‍പ്പൂരം ജനങ്ങളുടെയിടയില്‍ വന്ദിക്കാനായി വച്ചു. വഴിപാടുകളും ദക്ഷിണകളും സ്വീകരിച്ചു.

അന്നുമുതല്‍ അവിടെ ദിവസവും കാലത്തും വൈകുന്നേരവും പൂജ നടത്തി. വിഗ്രഹത്തിനുചുറ്റും ക്രമേണ മതിലുകള്‍ ഉയര്‍ന്നു. ഗേറ്റു പണിതു. കുറച്ചു സ്ഥലം കാടുകള്‍ തെളിച്ചു. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പ്രത്യേക പൂജകളും വഴിപാടുകളും ഏര്‍പ്പാടായി. ധനുമാസത്തില്‍ കളമെഴുത്തും പാട്ടും ഉത്സവവും നിശ്ചയിച്ചു നടപ്പാക്കി. ഒരു കാളീക്ഷേത്രമായി അതു രൂപാന്തരപ്പെട്ടു. ക്ഷേത്രത്തില്‍ വഴിപാടുകള്‍ വര്‍ദ്ധിച്ചുവന്നതോടെ വരവും കൂടിക്കൂടി വന്നു. ക്ഷേത്രഭരണത്തിനൊരു സമിതിയെ നിശ്ചയിച്ചു. ഓരോ വീട്ടിലേയും വരുമാനത്തിന്റെ ഒരു നല്ല ഭാഗം ക്ഷേത്രത്തിലെ ദേവിയുടെ ഉത്സവത്തിനും അലങ്കാരത്തിനും ആര്‍ഭാടത്തിനുംവേണ്ടി കൊടുക്കേണ്ടതായിവന്നു. ക്ഷേത്രഭരണകാര്യങ്ങളില്‍ മന്ത്രവാദികള്‍ക്കും പൂജാരികള്‍ക്കും ജോത്സ്യന്മാര്‍ക്കും മുന്‍കൈകൊടുത്തു. മറ്റു തൊഴിലുകള്‍ ഒന്നും ചെയ്യാതെ അവരുടെ കുടുംബങ്ങള്‍ ഐശ്വര്യത്തിലേക്കുയര്‍ന്നു.

അങ്ങനെ, കുറുപ്പുവൈദന്‍ നാടിനു നഷ്ടപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കാടുപിടിച്ച വീട്ടിലെ പറമ്പില്‍ നാടു സംരക്ഷിക്കാനായി ഒരു കാളീക്ഷേത്രം മുപ്പതുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ക്ഷേത്രത്തില്‍ വഴിപാടുകളും ഉത്സവങ്ങളും ആഘോഷങ്ങളും ഓരോ വര്‍ഷം ചെല്ലുംതോറും ഒന്നിനൊന്നു മെച്ചമാകുകയാണു ചെയ്തത്. കാളീപ്രീതി നേടിയപ്പോഴേക്കും മാരകമായി വ്യാപിച്ചുവന്ന വസൂരിരോഗവും മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് ക്ഷേത്രവും മന്ത്രവാദവും വഴിപാടുകളും ഇല്ലാതിരുന്നതിനാലാണ് വസൂരി നാട്ടില്‍ വ്യാപിച്ചതെന്ന് നാട്ടുകാര്‍ വിശ്വസിച്ചു.

ഈ സന്ദര്‍ഭത്തിലാണ് നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന രാജന്‍ പെട്ടന്ന് നഷ്ടപ്പെട്ടത്. രാജനെ കാണാതായത് ദേവിക്കു കോപംവന്നതിനാലാണെന്ന മന്ത്രവാദികളുടെ വ്യാഖ്യാനത്തില്‍ കുറേപ്പേര്‍ വിശ്വാസം പ്രകടിപ്പിച്ചു. രാത്രികാലങ്ങളില്‍ ദേവി കുറുപ്പിന്റെ വീട്ടില്‍ കുടികൊള്ളുന്നുണ്ടെന്നും രാജനെ ആ കാടുപിടിച്ച വീട്ടില്‍ ദേവി കൊണ്ടുവന്നുകാണുമെന്നും അവിടെവച്ച് അവന്റെ രക്തം ഊറ്റിക്കുടിച്ചശേഷം അവന്റെ തലയോട്ടിയും എല്ലും തലമുടിയുമെല്ലാം ആ വീട്ടില്‍തന്നെ ഇട്ടുകാണുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

രാജന്റെ അവശിഷ്ടങ്ങള്‍ തേടി ആ കാടുപിടിച്ച വീട് പരിശോധിക്കേണ്ടതാണെന്ന അഭിപ്രായം നാട്ടുകാരില്‍ പലര്‍ക്കുമുണ്ടായി. എന്നാല്‍ കോപിഷ്ടയായ ദേവി കുടികൊള്ളുന്ന ആ വീട്ടില്‍ ആരു പ്രവേശിക്കും? ആര് ആ വീടു തുറക്കും? അതിനുള്ളില്‍ എന്തെല്ലാം അപകടങ്ങളുണ്ടാകും? ആ വീടു പരിശോധിച്ചാല്‍ ദേവിയുടെ അപ്രീതികൂടുകയും നാടിന് മൊത്തത്തില്‍ അപകടമെന്തെങ്കിലും ഉണ്ടാവുകയും ചെയ്യുകയില്ലെ? ഇത്തരം പ്രശ്നങ്ങളാണ് അവരെ അഭിമുഖീകരിച്ചത്.

ഏതായാലും ആ കാടുപിടിച്ച വീടും സമീപത്തുള്ള ഭദ്രകാളിക്ഷേത്രവും ഭയത്തിന്റേയും ഭക്തിയുടേയും സങ്കേതങ്ങളായി നിലകൊണ്ടു.