close
Sayahna Sayahna
Search

രാജന്‍ സ്ക്കൂളിലേക്ക്


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

രാജന്‍ സ്ക്കൂളിലേക്ക്

രാജന് വയസ്സ് എട്ടായി. നാലാം ക്ലാസിലാണവന്‍ പഠിക്കുന്നത്. അവന്റെ അച്ഛനാണ് കുട്ടപ്പന്‍; അമ്മ നാണിക്കുട്ടിയും. ഒരു ഗ്രാമത്തിലാണവരുടെ താമസം. ഓലമേഞ്ഞ ഒരു ചെറിയ കുടിലില്‍. മിടുക്കനായ രാജനെ വളര്‍ത്തിക്കൊണ്ടുവരാന്‍ കുട്ടപ്പനും നാണിക്കുട്ടിയും വളരെ പാടുപെടുകയാണ്.

പട്ടാളത്തില്‍നിന്നു പിരിഞ്ഞശേഷം കുട്ടപ്പനു ജോലിയൊന്നും കിട്ടിയില്ല. അതുകൊണ്ട് അവര്‍ വളരെ വിഷമിച്ചു. ആറ്റിറമ്പിലുള്ള ഒരു ചെറിയ പുരയിടം; അതിലുള്ളചെറ്റക്കുടില്‍; മിടുക്കനായ രാജന്‍- ഇത്രയുമാണ് അവരുടെ മൊത്തസമ്പാദ്യം. രാജനെ പഠിപ്പിച്ച് മിടുക്കനായിവിടണം. അതാണാദമ്പതികളുടെ ഏക ആഗ്രഹം. അവരുടെ ആശമുഴുവനും രാജനിലാണ്. അതിനുവേണ്ടി പാടുപെടുകയാണ് ആ പാവങ്ങള്‍.

പഠിക്കാന്‍ വളരെ മിടുക്കനാണ് രാജന്‍. കളികളിലും അവനു ജന്മനാതന്നെ വാസനയുണ്ട്. സ്കൂളില്‍പോകുന്നതിനും പഠിക്കുന്നതിനും അവനു വലിയ കൃത്യനിഷ്ഠയാണ്. എല്ലാക്കാര്യത്തിലും അവന്‍ ഒരു ചിട്ടപാലിച്ചിരുന്നു. കുട്ടിക്കാലംമുതല്‍ വലിയ ഉത്സാഹവും ചുറുചുറുക്കും രാജനുണ്ടായിരുന്നു.

സാഹസികകഥകള്‍ കേള്‍ക്കുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും രാജന് വലിയ സന്തോഷമാണ്. പട്ടാളത്തിലെ ജീവിതരീതിയും യുദ്ധരംഗങ്ങളും കുട്ടപ്പന്‍ ഭംഗിയായി വിവരിച്ചുപറയുമായിരുന്നു. ആഹാരം കഴിച്ചില്ലെങ്കിലും അത്തരം കഥകള്‍ കേള്‍ക്കാന്‍ രാജന്‍ വലിയ താല്‍പ്പര്യം കാണിച്ചു. കഥ കേള്‍ക്കുമ്പോള്‍ അവന്‍ വിശപ്പുപോലും മറന്നുപോകും.

പട്ടിണികൊണ്ട് രാജന്‍ ക്ഷീണിച്ചിരുന്നു. എന്നാലും അവന്റെ ഉത്സാഹത്തിനോ ബുദ്ധിക്കോ ഒരു ക്ഷീണവും തട്ടിയിരുന്നില്ല.

പൊട്ടിയ സ്ലേറ്റാണ് രാജനുണ്ടായിരുന്നത്. പഴയതും കീറിപ്പറിഞ്ഞതുമായ പുസ്തകങ്ങളും. എന്നാലും കൃത്യസമയത്തുതന്നെ അവന്‍ സ്കൂളില്‍ പോകും. അവന്റെ ആ ഉത്സാഹം കണ്ട് അച്ഛനുമമ്മയും ആനന്ദിച്ചിരുന്നു. ഒരു വലിയ ഭാവിയാണ് അവർ അവനില്‍ കണ്ടത്.

കുട്ടപ്പനും നാണിക്കുട്ടിയും മിക്കവാറും പട്ടിണിയാണ്. കിട്ടുന്ന ആഹാരത്തില്‍ കൂടുതല്‍ പങ്കും അവര്‍ രാജനു കൊടുക്കും. അവന് ആവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങിക്കൊടുക്കുവാന്‍ അവര്‍ക്കു കഴിവില്ല. വളരെ അത്യാവശ്യമുള്ള പുസ്തകങ്ങള്‍ മാത്രം അവര്‍ അവനു വാങ്ങിക്കൊടുത്തിരുന്നു.

ആറ്റിറമ്പിലൂടെയും, വയല്‍വരമ്പിലൂടെയും,ഇടവഴികളിലൂടെയും നടന്നുവേണം സ്ക്കൂളില്‍ പോകേണ്ടത്. അങ്ങനെ രണ്ടുമൈല്‍ നടന്നാലേ സ്ക്കൂളിലെത്തു. ഉച്ചയ്ക്കു കഴിക്കാനുള്ള ആഹാരം വല്ലതും മിക്ക ദിവസങ്ങളിലും ഒരു പൊതിയായി കെട്ടി രാജനു കൊടുത്തുവിടാറുണ്ട്. പുസ്തകക്കെട്ടും പൊതിച്ചോറും ചുമന്ന് രാജന്‍ സ്ക്കൂളിലേക്കു പോകുന്നത് കുട്ടപ്പനും നാണിക്കുട്ടിയും നോക്കിനിന്ന് ആനന്ദിക്കും. അവന് നല്ല നിക്കറും ഷര്‍ട്ടും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയാത്തതില്‍ അവന്‍ ദുഃഖിച്ചിരുന്നു.

പഠിക്കാന്‍ ക്ലാസ്സില്‍ ഒന്നാമനായിരുന്നെങ്കിലും മുഷിഞ്ഞ വേഷത്തില്‍ വരുന്നതിനും, കീറിയ പുസ്തകങ്ങള്‍ കൊണ്ടുവരുന്നതിനും രാജനെ അദ്ധ്യാപകര്‍ ശകാരിച്ചു. നല്ല വേഷത്തില്‍ പുതിയ പുസ്തകങ്ങളുമായി വരുന്ന കുട്ടികള്‍ പരീക്ഷയില്‍ മാര്‍ക്കു വാങ്ങിയില്ലെങ്കിലും അത്ര കര്‍ശനമായ ശകാരം ഉണ്ടായിരുന്നില്ല. ഇതിന്റെ കാരണമെന്തെന്ന് രാജനു മനസ്സിലായില്ല. ഒന്നിലും മനസ്സുമടിക്കാതെ രാജന്‍ അവന്റെ പഠിത്തത്തില്‍തന്നെ ശ്രദ്ധിച്ചിരുന്നു.

അദ്ധ്യാപകരോടും മറ്റുള്ള വിദ്യാര്‍ത്ഥികളോടും രാജന്‍ വളരെ സ്നേഹമായി പെരുമാറിവന്നു. അവനാല്‍ കഴിവുള്ള സഹായം ആര്‍ക്കും ചെയ്തുകൊടുക്കുന്നതിന് രാജന്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. അദ്ധ്യാപകര്‍ ശകാരിക്കുമെങ്കിലും രാജന്റെ സാമര്‍ത്ഥ്യത്തില്‍ അവര്‍ക്ക് വളരെ സന്തോഷമുണ്ടായിരുന്നു. സഹപാഠികള്‍ക്കും രാജനോടു സ്നേഹമാണുണ്ടായിരുന്നത്. രാജന്റെ നന്മയ്ക്കുവേണ്ടിയാണ് അദ്ധ്യാപകർ ശകാരിക്കുന്നതെന്നവന്‍ വിശ്വസിച്ചുപോന്നു.

സ്ക്കൂളിലെ എല്ലാ കളികളിലും നാടകങ്ങളിലും രാജന്‍ ഉത്സാഹമായി പങ്കെടുത്തിരുന്നു. അവിടെയും രാജന്റെ കഴിവ് അവന്‍ പ്രദര്‍ശിപ്പിച്ചു. ചിത്രരചനയില്‍ പോലും മറ്റു കുട്ടികളുടെ മുന്‍പന്തിയിലെത്താന്‍ രാജനു കഴിഞ്ഞു.

ഏത് അപകടംപിടിച്ച സ്ഥാനത്തും എത്തുന്നതിനും അപകടങ്ങളില്‍നിന്നു ബുദ്ധിപൂര്‍വ്വം രക്ഷപ്പെടുന്നതിനും രാജനു കഴിയുമായിരുന്നു. ഭയം എന്തെന്ന് അവനറിഞ്ഞുകൂടാ. ചെറിയ കുട്ടിയായിട്ടുപോലും ഏതു സമയത്തും എവിടെയും ഒറ്റയ്ക്ക് പോകുന്നതിന് രാജന് വിഷമം തോന്നിയിരുന്നില്ല. രാജന്റെ ധൈര്യത്തിലും സാമര്‍ത്ഥ്യത്തിലും കുട്ടപ്പനും നാണിക്കുട്ടിയും അഭിമാനംകൊണ്ടു.