close
Sayahna Sayahna
Search

വാക്കുതര്‍ക്കവും സംഘട്ടനവും


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

വാക്കുതര്‍ക്കവും സംഘട്ടനവും

നേരം സന്ധ്യമയങ്ങിയപ്പോഴേക്കും ആ ഗ്രാമത്തിലെ പുരോഗമനവാദികളായ കുറെ ചെറുപ്പക്കാര്‍ ഒററതിരിഞ്ഞും കൂട്ടംകൂടിയും കാളീക്ഷേത്രപരിസരത്തെത്തി. ഓരോ വഴിയില്‍ക്കൂടി അവര്‍ ആ കാടുപിടിച്ച വീട്ടിനുള്ളിലേക്കു കടന്നു.

മരക്കൊമ്പുകള്‍ ചാഞ്ഞും കാട്ടുവളളികള്‍ പടര്‍ന്നും വീടിന്റെ നാലുവശവും മൂടിയിരുന്നു. എന്നാല്‍ വീട്ടിനുള്ളിലേക്കു കടക്കുന്നതിനു് പല വഴികളും കാണുവാന്‍ അവര്‍ക്കു സാധിച്ചു. ചിതല്‍ തിന്നും ദ്രവിച്ചും ആ വീടിന്റെ മേല്‍ക്കൂര മുഴുവന്‍ നശിച്ചിരിക്കുമെന്നാണവര്‍ വിചാരിച്ചിരുന്നതു്. കതകു തുറക്കുന്നതിനു ശ്രമിച്ചാല്‍ ഭിത്തിയോടെ ഇടിഞ്ഞുവീണുപോകുമോ എന്നും അവര്‍ സംശയിച്ചിരുന്നു.

എന്നാല്‍ അവരുടെ സംശയമെല്ലാം അസ്ഥാനത്തായിരുന്നു എന്നവര്‍ക്കു പെട്ടെന്നു മനസ്സിലായി. കതകുകള്‍ ബലമായി ബന്ധിച്ചിരുന്നില്ല. എല്ലാം പകുതിയോളമെങ്കിലും തുറന്നുകിടന്നിരുന്നു. മുപ്പതില്‍പ്പരം വര്‍ഷങ്ങളായി തുറക്കാതെ അടച്ചുപൂട്ടിയിരുന്നതായി വിശ്വസിച്ചിരുന്ന ഈ കെട്ടിടത്തില്‍ ഏതാനും നിമിഷം മുമ്പുവരെആളുകളുണ്ടായിരുന്ന ലക്ഷണങ്ങളാണു കാണാന്‍ സാധിച്ചതു്.

വീടിനുള്ളില്‍ കടന്ന ചെറുപ്പക്കാര്‍ക്കു് ഇതില്‍ അത്ഭുതം തോന്നി. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ഉത്സാഹമുണ്ടായി. അവര്‍ എട്ടുപത്തുപേര്‍ ഉണ്ടായിരുന്നു. രണ്ടും മൂന്നും പേര്‍ ഒന്നിച്ചു വീടിന്റെ ഓരോ ഭാഗങ്ങളും സൂക്ഷ്മപരിശോധന നടത്താന്‍ തിരിഞ്ഞു.

വളരെ പഴക്കം ചെന്ന വീടാണു്. അറയും നിലവറയുമുള്ള പഴയ തറവാടു്. ഇടുങ്ങിയതും ഇരുളടഞ്ഞതുമായ ചെറിയ മുറികളും നാലുകെട്ടുപോലെ നടുക്കു്. ഒരു ചെറിയമുററവും. മുററത്തുനില്‍ക്കുന്ന ഒരു വലിയമരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. അതിന്റെ ശിഖരങ്ങള്‍ വളഞ്ഞു് മേല്‍ക്കൂരയില്‍ തട്ടുന്നുണ്ടു്. മരത്തില്‍ പടര്‍ന്ന കാട്ടുവളളികള്‍ ശിഖരങ്ങളിലൂടെ താഴോട്ടുതൂങ്ങിയും വളഞ്ഞു പിരിഞ്ഞും കിടക്കുന്നു. ആ മരത്തിന്റെ ഇടതൂര്‍ന്ന ഇലകള്‍മൂലം അവിടമെല്ലാം സൂര്യപ്രകാശമേല്‍ക്കാതെ ഇരുണ്ടുമൂടിക്കിടക്കുകയാണു്. പൊഴിഞ്ഞ ഇലകള്‍കൊണ്ടു് മുററംനിറഞ്ഞിരിക്കുന്നു. മുറികളില്‍ പലതിലും ആളുകള്‍ പൊരുമാറിയിട്ടുള്ള ലക്ഷണമുണ്ടു്. അകത്തുകടന്നവര്‍ ഇതെല്ലാം പരിശോധിക്കയാണു്.

ഇതിനിടെ ആറുപേര്‍ സംഘംചേര്‍ന്നു് മറ്റൊരുവഴിയിലൂടെ സാവകാശത്തില്‍ ആ കെട്ടിടത്തില്‍ പ്രവേശിച്ചു. ഭാണ്ഡക്കെട്ടും പെട്ടിയും രണ്ടുപേര്‍ എടുത്തിരിക്കുന്നു. മററു നാലുപേര്‍ക്കും ആ കെട്ടിടത്തിനകം നല്ല പരിചയമുള്ളതുപോലെ അവര്‍ നടന്നു് അകത്തുകയറിയിരിക്കയാണു്. ഈ സംഘം നേരെ അറപ്പുരയ്ക്കുതാഴെയുള്ള നിലവറയിലേക്കിറങ്ങാനാണു നീങ്ങിയതു്.

ആ ഭാഗത്തു് മറ്റാരോ നില്‍ക്കുന്നതായിക്കണ്ടു് ഈ സംഘത്തില്‍പ്പെട്ടവര്‍ പെട്ടെന്നു നിന്നുപോയി. ഈ അസമയത്തു് തങ്ങളറിയാതെ ആരാണീ വീട്ടില്‍ പ്രവേശിച്ചിരിക്കുന്നതു്. അവര്‍ക്കു് അത്ഭുതവും ഭയവും തോന്നി. ആരുതന്നെയായാലും അവരെ എതിര്‍ക്കുകയോ തങ്ങളുടെ കൂട്ടത്തില്‍ചേര്‍ക്കുകയോ ചെയ്യണം. നേരത്തെ പ്ലാന്‍ ചെയ്തിരുന്നരീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നവര്‍ക്കു ബോദ്ധ്യമായി.

നേരത്തെ ആ വീട്ടില്‍ കടന്ന ചെറുപ്പക്കാരില്‍ നാലുപേരായിരുന്നു നിലവറയുടെ വാതുക്കല്‍ നിന്നിരുന്നുതു്. പെട്ടിയും ഭാണ്ഡക്കെട്ടുമായി വന്നവര്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരല്ല എന്നവര്‍ക്കു മനസ്സിലായി. തങ്ങള്‍ തേടിവന്നവരെ പിടികിട്ടിയതായി അവര്‍ക്കു തോന്നി.

രണ്ടുകൂട്ടരും അടുത്തു. പരസ്പരം അറിയുന്നതിനായി സംഭാഷണം ആരംഭിച്ചു. നിങ്ങള്‍ എന്തിനിവിടെ വന്നു? എങ്ങനെ വന്നുചേര്‍ന്നു? എന്തുചെയ്യാന്‍ പോകുന്നു? രണ്ടു പാര്‍ട്ടിക്കാര്‍ക്കും പരസ്പരം അറിയേണ്ടകാര്യമാണിതു്. ആരാണു വിവരം ആദ്യം പറയേണ്ടതു്. തര്‍ക്കം അവിടെയാണാരംഭിച്ചതു്. ശബ്ദം ഇരുഭാഗത്തുനിന്നും ഉയര്‍ന്നു അപ്പോഴേക്കും വീടിന്റെ മററു ഭാഗങ്ങള്‍ പരിശോധിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരും ഓടിയെത്തി.

ഈ ഭാണ്ഡക്കെട്ടും പെട്ടിയുമൊക്കെ എവിടെനിന്നു കൊണ്ടുവരുന്നു. എങ്ങോട്ടു കൊണ്ടുപോകുന്നു. ആരുടെയാണിതെല്ലാം. ആരും പ്രവേശിച്ചു കൂടെന്നു വിലക്കി മുപ്പതില്‍പ്പരം വര്‍ഷമായി അടച്ചിട്ടിരുന്നെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഈ വീട്ടില്‍ ഭാണ്ഡവുമായി അസമയത്തു വരാനെന്തു കാരണം. എന്താണുദ്ദേശം. എന്താണീ പെട്ടിയിലും കെട്ടിലുമുള്ളതു്. ചെറുപ്പക്കാര്‍ക്കറിയേണ്ട കാര്യങ്ങളാണിവ. നാട്ടില്‍ പ്രമാണിത്വംനടിച്ചു നടന്നവരില്‍ നാലുപേരാണു് തങ്ങളുടെ മുമ്പില്‍ നൽക്കുന്നതെന്നവര്‍ക്കു മനസ്സിലായി.

ഈശ്വരവിശ്വാസവും നാട്ടുനിയമങ്ങളോടു ബഹുമാനവും കാണിക്കാത്ത ഈ ചെറുപ്പക്കാര്‍ എന്തിനീ വീട്ടില്‍ വന്നു. ഇവരല്ലേ ക്ഷേത്രം തകര്‍ത്തതു്. ഈ അസമയത്തു അവരിവിടെ എന്തു ചെയ്യാന്‍ പോകുന്നു? ഇവരെ പിടിച്ചുകെട്ടി നാട്ടുകാരുടെ മുമ്പിലെത്തിക്കണം ശിക്ഷിക്കണം. ഭാണ്ഡവും പെട്ടിയുമായിവന്ന നേതാക്കന്മാരുടെ ആവശ്യമാണ്.

എന്നാല്‍ എണ്ണത്തിലും ആരോഗ്യത്തിലും തന്റേടത്തിലും ജയിക്കുന്നതു ചെറുപ്പക്കാരാണെന്നു് എതിര്‍പാര്‍ട്ടിക്കറിയാം. വളരെ ശ്രദ്ധയോടെ ബുദ്ധിപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍ തങ്ങള്‍ അപകടത്തിലാകുമെന്നും അവര്‍ക്കറിയാം. നയതന്ത്രത്തിലേ രക്ഷപെടാന്‍ പറ്റു. ചെറുപ്പക്കാരോടു സൗമ്യമായി പെരുമാറി അവരെ വശത്താക്കണം. നേതാക്കന്മാര്‍ ഈ വഴിയില്‍ ചിന്തിച്ചു തുടങ്ങി.

എതിര്‍ത്തും അധികാരത്തോടുകൂടിയും ശാന്തമായും ഒക്കെ പല രീതിയില്‍ സംസാരിച്ചുനോക്കി. പക്ഷെ ഈ നാട്ടില്‍ നടക്കുന്ന കൊള്ളകളുടേയും കള്ളത്തരങ്ങളുടേയും ചങ്ങലയുടെ ഒരററം പിടികിട്ടിയമാതിരിയില്‍ ചെറുപ്പക്കാര്‍ ചെറുത്തുനിന്നു. ഒരു രീതിയിലും അവര്‍ വഴങ്ങുന്ന മട്ടുകണ്ടില്ല. ഒരു സംഘട്ടനത്തിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്ന മട്ടായി.

പെട്ടിയും ഭാണ്ഡവുമായി വന്ന രണ്ടുപേരും മറ്റൊരാളുംകൂടി സൂത്രത്തില്‍ പിന്നോക്കംമാറി ചെറുപ്പക്കാരുടെ ശ്രദ്ധയില്‍നിന്നും മറഞ്ഞു് ആ നിലവറയിലേക്കിറങ്ങി. അതിന്റെ അടിത്തട്ടിലുള്ള ഒരു വലിയ പലകപൊക്കി കെട്ടുകളോടുകൂടി താഴോട്ടിറങ്ങാന്‍ ശ്രമിച്ചു.

എന്നാല്‍ എല്ലാം വളരെ ശ്രദ്ധയോടെ നേക്കിനിന്നിരുന്ന ചെറുപ്പക്കാരില്‍ മൂന്നുപേരും നിലവറയിലേക്കു ചാടി. ബാക്കിയുള്ളവര്‍ മററു മൂന്നുപേരേയും ഓടിപ്പോകാന്‍ അനുവദിക്കാതെ വളഞ്ഞു. അടിയും ബഹളവുമുണ്ടാകുമെന്ന ലക്ഷണം കണ്ടപ്പോള്‍ ഉടുതുണിയും കവണിയും കീറി നേതാക്കന്മാരെ ബന്ധിച്ചു. അവര്‍ക്കു കാവല്‍ നിര്‍ത്തിയിട്ടു് മററു ചെറുപ്പക്കാരും നിലവറയിലേക്കു ചാടി.

ഇതിനോടകം പെട്ടിയും ഭാണ്ഡക്കെട്ടുമെല്ലാം നിലവറയില്‍നിന്നും താഴോട്ടുള്ള ഗോവണിവഴി താഴേക്കു ഇട്ടുകഴിഞ്ഞിരുന്നു. നിലവറയില്‍നിന്നും താഴേക്കിറങ്ങുന്നതിനുമുമ്പായി മൂന്നുപേരേയും പൊക്കി മുകളിലേക്കെടുക്കുന്നതിനു ചെറുപ്പക്കാര്‍ക്കും കഴിഞ്ഞു. ഉന്തും ബഹളവും ഒച്ചപ്പാടും സംഘട്ടനവുമെല്ലാം ആ നിലവറയില്‍വച്ചു തന്നെ നടന്നു.

മല്‍പ്പിടുത്തത്തില്‍ പരിക്ഷീണിതരായി പരാജയപ്പെട്ട നാട്ടുപ്രമാണിമാരെ ആറുപേരേയും ആ ചെറുപ്പക്കാര്‍ ബന്ധിച്ചു് ഒരു മുറിയിലിട്ടു. അവരെചോദ്യം ചെയ്തു് ഗൂഢ മാര്‍ഗ്ഗങ്ങളും അവരുടെ ലക്ഷ്യങ്ങളും സങ്കേതങ്ങളും ഏതൊക്കെയാണെന്നു മനസ്സിലാക്കി. നേരം പ്രഭാതമാകുമ്പോഴേക്കും എല്ലാം കണ്ടുപിടിച്ചു് നാട്ടുകാരെ കാര്യങ്ങല്‍ പറഞ്ഞു മനസ്സിലാക്കി നാട്ടില്‍ സ്വൈര്യവും സന്തോഷവും ഉണ്ടാക്കണമെന്നവര്‍ ഉറച്ചു. തടവുമുറി അടച്ചു കാവലിന് ആളെയും ഏര്‍പ്പെടുത്തി. ബാക്കിയുള്ള ചെറുപ്പക്കാര്‍ നിലവറയില്‍ ഇറങ്ങി ഭാരമേറിയ ആ പലക പൊക്കിയപ്പോള്‍ താഴോട്ടുള്ള ഗോവണിയും അതിനടിയില്‍ എരിയുന്ന മണ്ണെണ്ണവിളക്കും മൂന്നുനാലു് ആളുകളെയും കണ്ടു.