close
Sayahna Sayahna
Search

ഗുഹയിലെ ബാലന്‍


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

ഗുഹയിലെ ബാലന്‍

പത്തു ദിവസമായി രാജനെ കാണാതായിട്ട്. രാജന്റെ മരണാനന്തരസാമൂഹ്യചടങ്ങുകള്‍ നടത്താന്‍ നാട്ടുകാര്‍ ഉത്സാഹിക്കുകയാണ്. ദൈവവിശ്വാസം നാട്ടില്‍ വീണ്ടെടുക്കാന്‍ രാജന്റെ തിരോധാനം ഉപകരണമാക്കികൊണ്ട് പൂജാരിമാരും മന്ത്രവാദികളും എല്ലാവീടുകളിലും കര്‍മ്മങ്ങള്‍ നടത്താന്‍ ശ്രമിച്ചു. പക്ഷെ കുട്ടപ്പനും നാണിക്കുട്ടിയും യാതൊന്നിലും ഇടപെടാതെ ദുഃഖാര്‍ത്തരായിത്തന്നെ കഴിയുകയാണ്. ആ വീട്ടില്‍ നിത്യവും പട്ടിണിയാണ്. യാതൊരു ജോലിയും ചെയ്യുന്നതിനവര്‍ക്കു കഴിവില്ല. അവര്‍ക്ക് ആദായമാര്‍ഗ്ഗം മറ്റൊന്നുമില്ലതാനും. സ്നേഹമുള്ള അയല്‍ക്കാര്‍ നിര്‍ബന്ധിച്ച് എന്തെങ്കിലും കൊടുത്താല്‍ അവര്‍ കഴിക്കും. ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി മാത്രം.

രാജന്റെ ആത്മശാന്തിക്കുവേണ്ടിയും സ്വന്തം സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടിയും ഈശ്വരസ്തുതി ചെയ്യുന്നതിനും പൂജാദിസല്‍ക്കര്‍മ്മങ്ങള്‍ക്കും കുട്ടപ്പനേയും നാണിക്കുട്ടിയേയും ബന്ധുക്കളും സ്നേഹിതന്മാരും തല്പരകക്ഷികളും വളരെയേറെ പ്രേരിപ്പിച്ചുനോക്കി. അവര്‍ക്കുവേണ്ടി തങ്ങള്‍ചെയ്യുന്ന പൂജാകര്‍മ്മങ്ങളുടെ ശക്തികൊണ്ടാണ് കാളി അവരെക്കൂടി നിഗ്രഹിക്കാത്തതെന്ന് പറഞ്ഞുനോക്കി. പക്ഷേ കുട്ടപ്പന്റെ മനസ്സിനു യാതൊരു മാറ്റവുമുണ്ടായില്ല; നാണിക്കുട്ടിയുടേയും.

ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ ഓമനക്കുഞ്ഞിന് ഒരുനേരം വിശപ്പടക്കാന്‍ വേണ്ടതു ചെയ്തുകൊടുത്തിട്ടില്ലാത്തവര്‍ മരണാനന്തരം ആത്മശാന്തിക്കായി ബന്ധപ്പെട്ടു നടക്കുന്നതിന്റെ ഉള്ളുകള്ളികളെന്തായിരിക്കാമെന്നവര്‍ ചിന്തിച്ചു. യാതൊരുത്തര്‍ക്കും ഒരുപദ്രവും ചെയ്യാതെ പാടുപെട്ടു പണിചെയ്തു ജീവിക്കാന്‍ ശ്രമിച്ച തങ്ങളോട് നിഷ്കരുണം പ്രവര്‍ത്തിക്കുന്ന ഒരു ദൈവത്തിനേയും ശ്ളാഘിക്കാനോ പൂജിക്കാനോ അവര്‍ക്കു മനസ്സുതോന്നിയില്ല. ചതിവും വഞ്ചനയും ചെയ്തു നടക്കുന്നവര്‍ക്കുമാത്രം ഉല്‍കര്‍ഷമുണ്ടാക്കുന്ന ശക്തിയാണ് ആരാധിക്കപ്പെടേണ്ട ദൈവമെങ്കില്‍ ആ ശക്തിക്കെതിരായി പടപൊരുതുവാനാണാ ദമ്പതികള്‍ക്കു തോന്നിയത്. ജീവിച്ചിരിക്കുമ്പോള്‍ കഷ്ടപ്പെട്ടിട്ട്, മരിച്ചുകഴിഞ്ഞുള്ള സ്വര്‍ഗ്ഗത്തിനുവേണ്ടി അന്യര്‍ക്കു ദാനംകൊടുക്കുന്നതിലെ അര്‍ത്ഥശൂന്യത അവര്‍ കണ്ടു. മരണം കഴിഞ്ഞുള്ള ആത്മശാന്തിയും സ്വര്‍ഗ്ഗജീവിതവും അനുഭവിച്ചവരെയൊന്നും കണ്ടെത്താനവര്‍ക്കു കഴിഞ്ഞില്ല. മുജ്ജന്മത്തിലും പുനര്‍ജന്മത്തിലും അവര്‍ വിശ്വസിച്ചില്ല.

സ്വന്തം ഹൃദയാന്തര്‍ഭാഗത്ത് അവര്‍ ഈശ്വരശക്തിയെ സങ്കല്പിച്ചു. മനസ്സാക്ഷി. തെറ്റുചെയ്യരുതെന്ന് ഉള്ളില്‍നിന്നുള്ള നിര്‍ദ്ദേശം അവര്‍ സ്വീകരിച്ചു. പരസ്പരസ്നേഹവും പരോപകാരവുമാണ് മനുഷ്യനു വേണ്ടത്; സമൂഹത്തിനു വേണ്ടത്. ഈശ്വരന്റെപേരില്‍ കൊള്ളയടിക്കുന്നവരെ,അവരുടെ ദൈവത്തോടൊപ്പം സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്തേണ്ടതാണെന്നു കുട്ടപ്പൻ ഉറപ്പിച്ചു.

രാജന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും, അവന്‍ തിരിച്ചുവരുമെന്നും തന്റെ ഉള്ളിലുണ്ടായ തോന്നല്‍ ശരിയാണെന്നു കുട്ടപ്പന്‍ വിശ്വസിച്ചു. ആഗ്രഹംകൊണ്ടുണ്ടായ തോന്നല്‍ മാത്രമാണതെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിച്ച കുട്ടുകാരെപ്പോലും അവന്‍ അകറ്റിനിര്‍ത്തി. രാജന്റെ മരണാന്തരകര്‍മ്മങ്ങള്‍ നടത്തുന്നതിനെ കുട്ടപ്പന്‍ ശക്തിയായി എതിര്‍ത്തു. രാജനുവേണ്ടി പൂജാദികള്‍ക്കു മുതിര്‍ന്നാല്‍ കാളീവിഗ്രവും ക്ഷേത്രവും തകര്‍ക്കുമെന്ന് അയാള്‍ പ്രഖ്യാപിച്ചു. കാളീകോപം വര്‍ധിച്ച് കുട്ടപ്പനും ഭ്രാന്തു പിടിച്ചിരിക്കുകയാണെന്ന് പൂജാരികള്‍ ഈ എതിര്‍പ്പിനു വ്യാഖ്യാനം കൊടുത്തു. ഭൂതമലയിലെ ഭൂതത്തെ പേടിച്ച് രാജനെ തട്ടിയെടുത്തതിനു പ്രതികാരം ചെയ്യുമെന്നു കുട്ടപ്പൻ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ പൊട്ടിച്ചിരിച്ചു. അങ്ങനെ കുട്ടപ്പന് കടുത്ത ഭ്രാന്തു പിടിച്ചെന്ന് നാട്ടുകാരെല്ലാം പറഞ്ഞുപരത്തി. കുട്ടപ്പന്റെ കുടുംബത്തില്‍ ഭദ്രകാളിയുടെ ഉഗ്രകോപം പ്രതിഫലിക്കുന്നതിനെപ്പറ്റി ഒന്നൊന്നായി കഥകള്‍ പ്രചരിച്ചുതുടങ്ങി.

വരുന്ന ഏതപകടത്തേയും നേരിടാനുറച്ചുകൊണ്ട് കാടും മേടും കയറി രാജനെ തേടുന്നതിനായി തനിയെ പുറപ്പെടാനാണ് കുട്ടപ്പന്‍ നിശ്ചയിച്ചത്. അയാള്‍ക്കു ഭ്രാന്താണെന്നു മുദ്രകുത്തി നാട്ടുകാര്‍ അയാളെ ഗൗനിക്കാതേയുമായി. തന്റെ പുത്രനെ കണ്ടെത്താതെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നാണ് കുട്ടപ്പന്റെ നിശ്ചയം. എവിടെനിന്നെങ്കിലും രാജനെ കണ്ടുപിടിക്കുമെന്നും, ഇല്ലെങ്കില്‍ നാട്ടുകാര്‍ പറയുന്ന ഭൂതത്തെ പിടിച്ചുകെട്ടുമെന്നും പറഞ്ഞാണു കുട്ടപ്പന്റെ പുറപ്പാട്.

ജീവിതത്തിലെ എല്ലാം നഷ്ടപ്പെട്ട നാണിക്കുട്ടി ഇനി എന്തുവന്നാലും കുട്ടപ്പന്റെ യത്നത്തില്‍ സഹകരിക്കാനും അയാളുടെ തീരുമാനം വിജയിപ്പിക്കാന്‍വേണ്ടി എന്തും സഹിക്കാനും നിശ്ചയിച്ചു. നാട്ടുകാര്‍ ഒന്നടങ്കം ഈ ദരിദ്രകുടുംബത്തോടു നിസ്സഹകരിക്കണമെന്നും കൂടുതല്‍ ദേവീകോപം നാടുനശിപ്പിക്കാതിരിക്കാനായി പ്രത്യേക പൂജാവിധികള്‍ കാളീക്ഷേത്രത്തില്‍ നടപ്പാക്കണമെന്നും തല്പ്പരകക്ഷികളും പ്രഖ്യാപിച്ചു.

നേരം വെളുത്താലുടന്‍ നാണിക്കുട്ടി കുട്ടപ്പനോടൊത്ത് വനാന്തര്‍ഭാഗത്തേയ്ക്കു കടക്കും. ഭൂതമലയുടെ ഓരോ ഭാഗവും തിരിച്ച്, പട്ടാളക്കാരെപ്പോലെ ഒളിച്ചും പതുങ്ങിയും ഓടിയും നിരങ്ങിയും നടന്നും കിടന്നും ആ വനം മുഴുവന്‍ തെരയാന്‍ കുട്ടപ്പന്‍ പരിപാടിയിട്ടു. ലോകമഹായുദ്ധകാലത്ത് അനുഷ്ഠിച്ച സേവനത്തില്‍നിന്ന് ഇതിനാവശ്യമായ പരിശീലനം കുട്ടപ്പനു ലഭിച്ചിരുന്നു. സന്ധ്യയാകുമ്പോള്‍ സ്വയം കുടിലിലേക്കു മടങ്ങുക എന്നതായിരുന്നു അവരുടെ പ്ലാന്‍.

ഓരോ ദിവസവും പ്രഭാതത്തില്‍ കുട്ടപ്പനും നാണിക്കുട്ടിയും വീടുവിട്ടിറങ്ങുമ്പോള്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഉണര്‍ന്നുകാണുകയില്ല. സന്ധ്യകഴിഞ്ഞു മടങ്ങിവരുമ്പോള്‍ ആരും അവരെ ശ്രദ്ധിക്കയുമില്ല. ഒരു ഭ്രാന്തനും ഒരു ഭ്രാന്തിയും - ഈശ്വരകോപത്തിനിരയായവര്‍. അവരെ സമുഹത്തിനാവശ്യമില്ല. അവരുടെ ക്ലേശങ്ങളില്‍ പങ്കുചേരാനാരുമില്ല.

രാജന്‍ അപ്രത്യക്ഷനായതിന്റെ പത്താംദിവസമാണ് അവന്റെ മാതാപിതാക്കള്‍ ഈ കഠിനയജ്ഞത്തിനു തയ്യാറെടുത്തത്. അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ സമുദായനേതാക്കള്‍ രാജനേയും രാജന്റെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള പരിപാടിയും ഉപേക്ഷിച്ചു. പൂജാരികളും മന്ത്രവാദികളും അതിന്റെ പേരില്‍ മുതലെടുപ്പു നടത്താനായി ക്ഷേത്രത്തില്‍ പുതിയ പുതിയ സംരംഭങ്ങളും ആരംഭിച്ചു.

ഓരോ ദിവസവും വനത്തിന്റേയും മലയുടേയും ഓരോ ഭാഗങ്ങള്‍ വളരെ സൂക്ഷ്മതയോടെ പരിശോധിച്ച ശേഷം അടുത്തദിവസം പോകേണ്ട സ്ഥലവും നിശ്ചയിച്ച് വൈകുന്നേരം ഗ്രാമത്തിലേക്കു തിരിക്കുക എന്നതായിരുന്നു കുട്ടപ്പന്റെ പ്ളാന്‍. അല്ലലോ നിരാശയോ അവരെ തീണ്ടുകപോലുമുണ്ടായില്ല. കായ്കനികളും കിഴങ്ങുകളും ഇഷ്ടംപോലെ കഴിക്കുന്നതിന് അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു. വെള്ളച്ചാലുകളും ഇടതൂര്‍ന്ന വന്മരങ്ങളും പാറക്കെട്ടുകളും വേണ്ടത്ര വിശ്രമത്തിനവര്‍ക്കിടം നല്‍കി. വള്ളിക്കുടിലുകളും ചെറിയ ഗുഹകളും കടന്നുപോകുമ്പോള്‍ ഒരു വിനോദയാത്രയുടേയും പിക്നിക്കിന്റേയും അനുഭൂതി അവര്‍ക്കുണ്ടായി. അവരെ ഭയപ്പെടുത്തുന്ന വന്യമൃഗങ്ങളേയോ ഇഴജന്തുക്കളേയോ കണ്ടെത്താനവര്‍ക്കു കഴിഞ്ഞില്ല. ഒരു ചെറിയ തീര്‍ത്ഥാടകസംഘത്തെപ്പൊലെ അവര്‍ക്കു സംതൃപ്തിയും സന്തോഷവുമുണ്ടായി. കാട്ടില്‍ എവിടെയെങ്കിലും രാജൻ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അവനെ കണ്ടെത്താന്‍ കഴിയുമെന്നും, വഴിതെറ്റി ഉഴന്നുനടക്കുകയാണെങ്കിലും അവന് ആഹാരത്തിന്റെ പ്രശ്നമുണ്ടാകയില്ലെന്നും അപകടം ഉണ്ടാവാന്‍ മാര്‍ഗ്ഗമില്ലെന്നും അവര്‍ക്കു കൂടുതല്‍ വിശ്വാസമുണ്ടാക്കാന്‍ സാധിച്ചു.

അങ്ങനെ വ്യക്തമായ ലക്ഷ്യത്തോടെ ആ തെരച്ചീല്‍ തുടര്‍ന്നു. അവര്‍ തളര്‍ന്നില്ല. ഓരോ ദിവസം ചെല്ലുന്തോറും ആശ വര്‍ദ്ധിക്കയാണ് ചെയ്തത്. അസുഖകരമായ ഒരനുഭവവും അവര്‍ക്കുണ്ടായില്ല. ഭയമുണ്ടായില്ല. വലിയ കാടും മലകളും ആണെങ്കിലും ഗ്രാമത്തില്‍ കഴിയുന്നതിനേക്കാള്‍ മനഃസമാധാനം വനത്തിലാണവര്‍ കണ്ടെത്തിയത്. നാട്ടില്‍ ജീവിക്കുന്ന മനുഷ്യരോളം ഭയപ്പെടേണ്ട ജീവികളല്ല വന്യമൃഗങ്ങളെന്നവര്‍ക്കുതോന്നി. അവരെ ഭീഷണിപ്പെടുത്തുന്ന ദൈവങ്ങളോ ക്ഷേത്രങ്ങളോ പൂജാരി മന്ത്രവാദിവൃന്ദങ്ങളോ കാട്ടില്‍ ഇല്ലാത്തതില്‍ അവര്‍ ആശ്വസിച്ചു. ജീവിതത്തിന് ഒരു പുതുമ തോന്നി. രാജനെക്കൂടി കണ്ടുകിട്ടിയാല്‍ വനത്തില്‍ത്തന്നെയങ്ങു വസിക്കുന്നതാണു നല്ലതെന്നവര്‍ വിചാരിച്ചു. നാട്ടിലെ മനുഷ്യരുടെ പെരുമാറ്റത്തില്‍ക്കണ്ട മാറ്റം അത്രയ്ക്ക് അരോചകമായിരുന്നു അവര്‍ക്ക്.

അഞ്ചുദിവസത്തെ ത്രീവ്രമായ തെരച്ചില്‍ അവസാനിക്കാന്‍ പോകുകയാണ്. അങ്ങു പടിഞ്ഞാറുമാറി, വനത്തിന്റെ പിറകില്‍ കൂമ്പാരം നില്‍ക്കുന്ന മലയുടെ മറവിലെത്തിയ സൂര്യകിരണങ്ങള്‍ ചുവന്ന ചായം ആകാശത്തു തേച്ചുതുടങ്ങുന്നു. അരണ്ട വെളിച്ചമുണ്ട്. കുട്ടപ്പനും നാണിക്കുട്ടിയും വീട്ടിലേക്കു മടങ്ങുന്നതിനുമുമ്പ് അടുത്തദിവസം പരിശോധിക്കേണ്ട സ്ഥലം നിശ്ചയിക്കുകയാണ്.

അതാ! അങ്ങകലെ ഉയര്‍ന്ന പാറക്കെട്ടുകളുടെ നടുക്ക് ഒരു ഗുഹാമുഖം കാണുന്നു. അതിനു മുന്നില്‍ ഒരു പരന്ന പാറ. അധികം തെളിച്ചമില്ലാത്ത പ്രകാശം. ഗുഹയ്ക്കുള്ളില്‍ എരിയുന്ന തീജ്വാല. ഒരു ബാലന്റെ നിഴല്‍ പോലൊരു രൂപം - കൂട്ടത്തില്‍ ദീര്‍ഘായകനായ ഒരു മനുഷ്യന്റേയും. ഒന്നും വളരെ വ്യക്തമായി കാണാന്‍ വയ്യ.

ആ ബാലന്‍ രാജനാണോ? ആ ദീര്‍ഘകായകനാണോ ഭൂതം? രാത്രിയില്‍ അങ്ങോട്ടു നീങ്ങുന്നതപകടമല്ലേ? വിവരം അറിയാതെ വീട്ടിലേക്കെങ്ങനെ പോകും? ഈ കാഴ്ചയെപ്പറ്റി പറഞ്ഞാല്‍ നാട്ടുകാര്‍ വിശ്വസിക്കുമോ? ആരെങ്കിലും സഹായത്തിനായി രാത്രിയില്‍ കൂട്ടത്തില്‍ വരുമോ? കാലത്താകാമെന്നു വച്ചാല്‍ ആ ബാലനും ദീര്‍ഘകായനും അവിടവും വിട്ടുപോയെന്നുവരാമല്ലോ. കുട്ടപ്പന് അകെ ചിന്താക്കുഴപ്പമായി. അവര്‍ നില്‍ക്കുന്ന സ്ഥലത്തു തന്നെ അന്നത്തെ രാത്രി കഴിച്ചുകൂട്ടിയാലോ? എന്തെങ്കിലും അപകടം അവര്‍ക്കുണ്ടാകുമോ?