രാജന്‍ ഗ്രാമത്തിലേയ്ക്കു്
രാജനും ഭൂതവും | |
---|---|
ഗ്രന്ഥകർത്താവ് | ജി.എൻ.എം.പിള്ള |
മൂലകൃതി | രാജനും ഭൂതവും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ (ബാലസാഹിത്യം) |
വര്‍ഷം |
ഗ്രന്ഥകര്‍ത്താവ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 124 |
രാജന്‍ ഗ്രാമത്തിലേയ്ക്കു്
രാജനെ കയ്യില്‍ക്കിട്ടിയതിന്റെ പതിനഞ്ചാം ദിവസമാണല്ലോ അവന്റെ രക്ഷിതാവായ “ഭൂതം” അവനെ തിരിച്ചു വീട്ടിലെത്തിക്കാമെന്നു സമ്മതിച്ചതു്. അന്നു് അദ്ദേഹം രാജനേയും കൂട്ടിക്കൊണ്ടു് ആ മലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോയി. വളരെ ആനന്ദകരമായ കാഴ്ചകള്‍ പലതും രാജനെ കാണിച്ചു. വളരെക്കാലം മുമ്പു് മുനിമാരും ബുദ്ധസന്യാസികളുമൊക്കെ താമസിച്ചിരുന്നതെന്നു വിശ്വസിച്ചുപോന്നിരുന്ന ചെറുതും വലതുമായ ആശ്രമങ്ങളും ഗുഹകളും അങ്ങിങ്ങായി കണ്ടിരുന്നു. ഭൂതത്തിന്റേയും ഭൂതമലയുടേയും കഥകള്‍ പരന്നതോടെ ആ സ്ഥലത്തെങ്ങും ആളുകള്‍ എത്തിനോക്കാതെയായി. ഈ കഥകളെല്ലാം രാജനെ അദ്ദേഹം പറഞ്ഞുകേള്‍പ്പിച്ചു.
മുപ്പതിലേറെ വര്‍ഷങ്ങളായി അദ്ദേഹം ഈ വനാന്തര്‍ഭാഗത്തു് ഒരു സന്യാസിയെപ്പോലെ കഴിഞ്ഞുകൂടുന്നു. കായ്കനികള്‍ ഭക്ഷിച്ചും മലയോരങ്ങളില്‍ ചാലുകളില്‍ ഒഴുകിവരുന്ന ശുദ്ധമായ ജലം കുടിച്ചും അദ്ദേഹം കഴിഞ്ഞുവരികയാണു്. ലൗകികജീവിതത്തില്‍ അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. അടുത്തു താഴെ മലയോരത്തിലുള്ള ഗ്രാമത്തില്‍ നടക്കുന്ന കൊള്ളകളും ക്ഷേത്രത്തിന്റെയും ദൈവത്തിന്റെയും പേരില്‍ നടത്തുന്ന കൊളളരുതായ്മകളും അദ്ദേഹം അറിയുകയും അതില്‍ വളരെ ദുഃഖിക്കുകയും ചെയ്തു. തന്റെ കഥ അദ്ദേഹം തുടര്‍ന്നു.
ജീവിതകാലത്ത് മനുഷ്യസ്നേഹത്തനുവേണ്ടി ദാഹിച്ച അദ്ദേഹം തന്റെ കഴിവുകളും അറിവും സേനവത്തിനായി വിനിയോഗിച്ചു. ആയുര്‍വ്വേദചികിത്സയില്‍ അസാമാന്യവും അത്ഭുതാവഹവുമായ അറിവും സാമര്‍ത്ഥ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ ഗ്രാമത്തില്‍ അദ്ദേഹം ഒരു വീടുവച്ചു. ഗര്‍ഭിണിയായിരുന്ന ഏക സഹോദരിയുടെ ഭര്‍ത്താവു് വസൂരിരോഗം പിടിപെട്ടു മരിച്ചു. അവള്‍ ഒരു ആണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനകം ആ പുത്രനെ കാണാതായി. സഹോദരിയും രോഗബാധിതയായി മരണമടഞ്ഞു. ഈ ചുററുപാടില്‍ ആ ഗ്രാമത്തില്‍ ഏകനായി കഴിയേണ്ടിവന്നതിനാല്‍ അദ്ദേഹം സ്നേഹാന്വേഷിയായി സേവനമനുഷ്ഠിച്ചു.
തുടര്‍ന്നു് ആ നാട്ടില്‍ മഹാരോഗം ബാധിച്ചതും അശാസ്ത്രീയമായി ജനങ്ങള്‍ ശുശ്രൂഷകള്‍ നടത്തിയതും, രോഗശാന്തിക്കായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ ചില സാമൂഹ്യദ്രോഹികള്‍ മന്ത്രവാദത്തേയും മററും ആശ്രയിച്ചതുമായ കാര്യങ്ങള്‍ അദ്ദേഹം ആ ബാലനെ പറഞ്ഞു മനസ്സിലാക്കി. ശാസ്ത്രീയമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിനേയും രോഗം ബാധിച്ചതും നാട്ടുകാര്‍ അദ്ദേഹത്തെ കൈവെടിഞ്ഞതും അദ്ദേഹം മരിച്ചതായി കണക്കാക്കി അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ കാട്ടിലെറിഞ്ഞതും വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ഈ കയ്പേറിയ ജീവിതാനുഭവമായിരുന്നു, കാട്ടിലെ മരച്ചുവട്ടില്‍ പൊഴിഞ്ഞുവീണ പഴുത്ത ഇലകളും മഞ്ഞുതള്ളികളുംകൂടി ഭേദമാക്കിക്കൊടുത്ത രോഗത്തില്‍നിന്നു രക്ഷപ്പെട്ടശേഷം സന്യാസജീവിതത്തിനു അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. കാട്ടിലെ ജീവിതം അത്യന്തം ആരോഗ്യകരവും ആനന്ദപ്രദവുമായി തോന്നി. കാട്ടിലെ ക്രൂരമൃഗങ്ങളില്‍ നാട്ടിലെ ദുഷ്ടജനങ്ങളേക്കാള്‍ കൂടുതല്‍ സ്നേഹവും സഹായവും സഹകരണവും അദ്ദേഹം കണ്ടെത്തി. അങ്ങനെ മുപ്പതിലേറെ വര്‍ഷങ്ങളായി അദ്ദേഹം കാട്ടില്‍ വസിക്കുകയാണ്.
ഇതിനിടയ്ക്ക് നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും അദ്ദേഹം മനസ്സിലാക്കിക്കൊണ്ടിരുന്നു. അദ്ദേഹം വസിച്ചിരുന്ന വീടു് കാടുകയറി. അതിന്റെ പരിസരത്തു ഒരു ക്ഷേത്രമുയര്‍ന്നു - നാട്ടുകാരെ ഭീഷണിപ്പെടുത്താനും അവരുടെ പണം പിടുങ്ങാനുംവേണ്ടി, ദേവിയുടെ പേരില്‍ കൊലയും കൊളളയും നടന്നു. ആ സാധുമനുഷ്യന്‍ ഈ വിവരമെല്ലാമറിഞ്ഞിരുന്നു. ഇതിനൊക്കെ എതിരായി എന്തു ചെയ്യാന്‍ കഴിയുമെന്നു് ആലോചിച്ചിരുന്നു.
സന്യാസിയുടെ ഈ കഥാകഥനത്തില്‍നിന്നു് ആ നാട്ടില്‍ ഉണ്ടായിരുന്ന കുഞ്ചുക്കുറുപ്പെന്ന മഹാവൈദ്യന്‍ തന്നെയാണിദ്ദേഹമെന്നു മനസ്സിലാക്കാമല്ലോ. രാജന്‍ കുഞ്ചുക്കുറുപ്പിനെപ്പററിയുള്ള കഥകള്‍ നേരത്തേതന്നെ കേട്ടിട്ടുണ്ടു്. കഥയെല്ലാം ഒന്നുതന്നെ. പക്ഷേ അതു വെറും കെട്ടുകഥയായിരുന്നില്ലെന്നു് അവനിപ്പോള്‍ മനസ്സിലായി.
രാജനെ കാണാതായതിന്റെ പതിനഞ്ചാം ദിവസമാണു് അവന്‍ ഈ വിവരങ്ങള്‍ സന്യാസിയില്‍നിന്നും അറിയുന്നതു്. അന്നു വൈകുന്നേരം സന്യാസി അവനേയുംകൂടി ആ ഭൂതമലപ്രദേശമെല്ലാം കാണിച്ചുകൊടുത്തു. അവന്റെ സ്നേഹത്തിലും പ്രവൃത്തിയിലും അദ്ദേഹം അതീവ സന്തുഷ്ടനായി. എല്ലാ വിവരങ്ങളും അവനെ മനസ്സിലാക്കി നാട്ടിലേക്കു വിട്ടാല്‍ അവന്‍ ഭാവിയില്‍ നാടിനു നന്മചെയ്തുകൊടുക്കാന്‍ പ്രാപ്തനാകുമെന്നദ്ദേഹം വിശ്വസിച്ചു.
നാട്ടിലെ സമ്പത്തു കൊളളയടിച്ചു സൂക്ഷിച്ചുവച്ചിരുന്ന ഗുഹകളും, അക്രമികളുടെ ഗൂഢമാര്‍ഗ്ഗങ്ങളും കുഞ്ചുക്കുറുപ്പു കണ്ടുവച്ചിരുന്നു. അതെല്ലാം രാജനു പരിചയപ്പെടുത്തിക്കൊണ്ടു് നടന്നും, പടികളിറങ്ങിയും കയറിയും ഒക്കെ അവനെയും കൂട്ടിക്കൊണ്ടു് അദ്ദേഹം തന്റെ പഴയ വീട്ടില്‍ ചെന്നുകയറി.
അടുത്ത ദിവസം നടത്തേണ്ടുന്ന ചടങ്ങുകള്‍ക്കെല്ലാം ഒരുക്കുകൂട്ടിയശേഷം ക്ഷേത്രഭരണക്കാര്‍ അപ്പോഴേക്കും പിരിഞ്ഞുകഴിഞ്ഞിരുന്നു. രാത്രി ഏറെ ഇരുട്ടിയിരുന്നതിനാല്‍ അവിടെ ഇനിയും ആരും വരുകയില്ല. ക്ഷേത്രവും വിഗ്രഹവും ഒരുക്കുകളും അദ്ദേഹം രാജനു കാണിച്ചുകൊടുത്തു. അടുത്ത ദിവസമാണു് രാജന്റെ മരണാനന്തര അടിയന്തിരം നടത്താന്‍ പോകുന്നതു്! അതു നടത്തരുതു്. ഈ കാളിയേയും ക്ഷേത്രവും ഇങ്ങനെ വളര്‍ത്തരുതു്. അക്രമികളെയും കൊളളക്കാരേയും അമര്‍ച്ച ചെയ്യണം. സല്‍ക്കര്‍മ്മങ്ങളിലും സേവനത്തിലും ശാസ്ത്രത്തിലും നാട്ടുകാര്‍ക്കു വിശ്വാസമുണ്ടാക്കണം. അതിനായി ഈ സന്ദര്‍ഭം വിനിയോഗിക്കണം. ഈ വിഗ്രഹവും ഈ ക്ഷേത്രവും ഉടനടി നശിക്കേണ്ടതാണ്. ഇതിന്റെ പേരില്‍ സമ്പാദിച്ചു സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വത്തു മുഴുവനും സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ ചെലവാക്കണം. ഈ വിവരങ്ങള്‍ രാജനോടു് അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. ബുദ്ധിയും കാര്യശേഷിയുംകൊണ്ടു നോക്കിയാല്‍ പാകത വന്നു വളര്‍ന്നുമുററിയ ഒരു മനുഷ്യനു തുല്യനായിരുന്നു രാജന്‍. കേവലം ബാലനായ രാജന്റെ അറിവിലും കഴിവിലും അതിരററ മതിപ്പുണ്ടായിരുന്ന കുറുപ്പു് അവനു വേണ്ടത്ര അറിവും പ്രവര്‍ത്തനശൈലിയും പറഞ്ഞുകൊടുത്തു.
|