close
Sayahna Sayahna
Search

വീട്ടിലെ വിഷാദം


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

വീട്ടിലെ വിഷാദം

കാലത്ത് നല്ല പ്രകാശം കണ്ടുകൊണ്ടാണ് കുട്ടപ്പന്‍ ജോലിയന്വേഷിച്ചു പുറത്തേക്കിറങ്ങിയത്. തുടര്‍ച്ചയായി മഴദിവസങ്ങളായിരുന്നതിനാല്‍ കുറച്ചു ദിവസമായി ജോലിയില്ലാതിരിക്കുകയായിരുന്നു. വെളിച്ചവും തെളിച്ചവും വന്നപ്പോള്‍ അങ്ങുമിങ്ങും പണികളുമുണ്ടായി. കുട്ടപ്പന് അന്നു കുറച്ചു വിറകു കീറുന്നതിനുള്ള ജോലിയാണു കിട്ടിയത്. ഒരു വണ്ടി വിറകുകീറിയാല്‍ രണ്ടു രൂപാ കിട്ടും. ക്ഷീണമുണ്ടെങ്കിലും കുട്ടപ്പന്‍ നല്ലപോലെ പണിചെയ്തു. വൈകുന്നേരത്തു വീട്ടില്‍ ചെല്ലുമ്പോള്‍ രാജനു പലഹാരങ്ങളും തുണിയും എല്ലാം വാങ്ങിക്കൊണ്ടുപോകാനുള്ള ആവേശത്തോടെ അവന്‍ ജോലിചെയ്തു.

കുറച്ചു നെല്ല് കുത്തിക്കൊടുക്കുന്നതിനുള്ള ജോലി നാണിക്കുട്ടിക്കും കിട്ടി. രണ്ടുപേര്‍ക്കും ഉത്സാഹമായി. കാലത്തു പട്ടിണിയായി പള്ളിക്കൂടത്തില്‍പോയ രാജന് തിരിച്ചുവരുമ്പോള്‍ കുശാലായ ഊണും പലഹാരങ്ങളും ഉണ്ടാക്കിക്കൊടുക്കണമെന്നു നാണിക്കുട്ടിയും നിശ്ചയിച്ചു.

ഉച്ചതിരിഞ്ഞപ്പോള്‍ പ്രകൃതിയുടെ ലക്ഷണമെല്ലാം മാറി. മഴ തുടങ്ങി. ശക്തിയായ മഴ. നാണിക്കുട്ടിക്കു വീട്ടിലേക്കുപോകാന്‍ തിടുക്കമായി. കിട്ടിയ അരിയും കൂലിയും കൊണ്ടവള്‍ക്കു വീട്ടിലെത്തണം. മഴയായതിനാല്‍ രാജന്‍ നനഞ്ഞൊലിച്ചായിരിക്കും മടങ്ങിവരുന്നത്. അവന്‍ വരുമ്പോഴേക്കും കുറച്ചു ചൂടുകഞ്ഞിയെങ്കിലും ഉണ്ടാക്കണം. കയ്യില്‍ കിട്ടിയ പണി പൂര്‍ത്തിയാക്കാതെ നാണിക്കുട്ടി വീട്ടിലേക്കോടി.

കുട്ടപ്പനും ജോലി മുഴുവനും തീര്‍ക്കാന്‍ കഴിഞ്ഞില്ല. അവനും വീട്ടിലേക്കുപോകണം. രാജന്‍ സ്ക്കൂളിലേക്കു പോയതു നല്ല സുഖമില്ലാതെയാണ്. തിരിച്ചുവരുമ്പോള്‍ പനിയോ ചുമയോ ഉണ്ടാകുമായിരിക്കും. മരുന്നുവാങ്ങാന്‍ പോകാന്‍ മറ്റാളുകളില്ലല്ലോ. പക്ഷെ അത്ര പെട്ടന്നു ജോലി നിര്‍ത്താനും കുട്ടപ്പനു സാധിക്കയില്ല. മഴയൊന്നു തോര്‍ന്നിട്ട്, കീറിക്കഴിഞ്ഞ വിറകുപെറുക്കി വിറകുപുരയില്‍ അടുക്കാതെ കൂലി കിട്ടുകയില്ല. കൂലി വാങ്ങാതെ വീട്ടിലെത്തിയിട്ട് എന്തു പ്രയോജനം. ആഹാരത്തിനും മരുന്നിനും തുണിക്കുമെല്ലാം പണംവേണമല്ലോ. മഴയായതുകൊണ്ട് നാണിക്കുട്ടി വേഗം വീട്ടില്‍ മടങ്ങിയെത്തുമെന്നു കുട്ടപ്പനറിയാം. അവള്‍ കഞ്ഞിയും മറ്റും തയ്യാറാക്കുമ്പോഴേക്ക് അങ്ങുചെന്നെത്തിയാല്‍ മതി. പ്രസിദ്ധനായിരുന്ന ഒരു നാട്ടുവൈദ്യന്റെ മകളായതിനാല്‍ നാണിക്കുട്ടിക്കും ചെറിയ തോതില്‍ ചികില്‍സയൊക്കെ അറിയാം. അതുകൊണ്ട് രാജനല്‍പ്പം പനിയുണ്ടെങ്കില്‍ത്തന്നെ അവള്‍ നോക്കിക്കൊള്ളുമെന്ന് കുട്ടപ്പന്‍ ആശ്വസിച്ചു.

തിടുക്കം പിടിച്ച്, മഴ വകവയ്ക്കാതെ, കുട്ടപ്പന്‍ പണിതീര്‍ക്കാന്‍ ശ്രമിച്ചു. കീറിയിട്ട വിറകെല്ലാം അവന്‍ മഴ നനഞ്ഞുകൊണ്ടുതന്നെ പെറുക്കിയടുക്കി. കുറച്ചു മഴകൊണ്ടാലും തീര്‍ക്കാവുന്നിടത്തോളം ജോലി തീര്‍ത്ത് കിട്ടാവുന്നിടത്തോളം പണം വാങ്ങണം. അടുത്തദിവസം കാലത്ത് നല്ല നിക്കറും ഷര്‍ട്ടും ഇട്ട് ഒരു കുടയും പിടിച്ച് രാജന്‍ സ്ക്കൂളിലേക്കു പോകണം. അവന് വയറുനിറച്ച് ആഹാരം കൊടുക്കണം. ഉച്ചയ്ക്ക് ഊണിന് പൊതിച്ചോറും കൊടുത്തുവിടണം. ഇതൊക്കെയാണ് ജോലി ചെയ്യുന്നന്നേരം കുട്ടപ്പന്റെ മനസ്സിലെ വിചാരം. കാലത്തെ കുളിച്ചു കുറിയുമിട്ട് പുതിയ കുപ്പായവും ധരിച്ച് പുസ്തകവും കുടയുമെടുത്ത് സന്തോഷത്തോടെ രാജന്‍ സ്ക്കൂളിലേക്കു പോകുന്ന കാഴ്ച കുട്ടപ്പന്‍ മനസ്സില്‍ കണ്ടു.

മഴവെള്ളം വീണു തണുപ്പടിച്ചപ്പോള്‍ കുട്ടപ്പന്റെ മനസ്സില്‍ വേദന തോന്നി. പനിപിടിച്ച് കാലത്തെ പട്ടിണിയായി പള്ളിക്കൂടത്തിലേക്കു പോയ രാജന്‍ കുടയില്ലാതെ നനഞ്ഞൊലിച്ച് തിരിച്ചുവരുന്ന രംഗം കുട്ടപ്പന്റെ മനസ്സില്‍ പെട്ടെന്നുദിച്ചു. രാജനാകെ മാറിയിരിക്കുനു. അവനു നടക്കാന്‍ വയ്യ. തലയില്‍ വീഴുന്ന ഓരോ തുള്ളിവെള്ളവും ഐസുകട്ടപോലെ തണുത്ത പാറക്കഷണങ്ങളായി അവന് അനുഭവപ്പെട്ടുകാണും. കുട്ടപ്പനു പെട്ടന്നു വേദനതോന്നി. പാവം രാജന്‍, നടക്കാന്‍ വയ്യാതെ വഴിയില്‍ വീണുപോയാല്‍ അവനെ ആരു സഹായിക്കും? വരമ്പത്തുകൂടെ നടക്കുമ്പോഴാണ് കാലിടറി വീഴുന്നതെങ്കില്‍ വെള്ളത്തില്‍ വീണുപോകുകയില്ലെ? ഓര്‍മ്മക്കുറവുകൊണ്ട് വഴിതെറ്റി നടന്നുപോയാല്‍ ഭൂതമലയില്‍ ചെന്നെത്തുകയില്ലെ? ഈ മഴയത്ത്, വെള്ളിയാഴ്ചദിവസം, സന്ധ്യയാകാറാകുമ്പോള്‍ ആ വഴിയില്‍ ആരുമുണ്ടായിരിക്കുകയില്ലല്ലോ അവനെ രക്ഷിക്കാന്‍. കുട്ടപ്പനു ഭയവും വിഷമവും തോന്നി.

ബാക്കി ജോലി അടുത്തദിവസം തീര്‍ക്കാമെന്നു പറഞ്ഞ് കുറച്ചുപണം അഡ്വാന്‍സായിക്കൂടി വാങ്ങാം. എങ്ങനെയും തീര്‍ത്ത പണി പൂര്‍ത്തിയാക്കി വീട്ടിലെത്തണം. കുട്ടപ്പന്‍ വീണ്ടും ആലോചിച്ചു. പക്ഷെ ജോലിക്ക് മുന്‍കൂര്‍ പണം നല്‍കുന്ന പതിവ് ആ ഗ്രാമത്തിലില്ല. തീര്‍ന്ന ജോലിയുടെ കൂലി കണക്കു പറഞ്ഞു വാങ്ങാം. അതേ നടക്കൂ.

മഴ തുടങ്ങിയപ്പോള്‍ മുതല്‍ നാണിക്കുട്ടിയുടെ മനസ്സിലും രാജനെപ്പറ്റിയുള്ള വിചാരം കൂടിക്കൂടിവന്നു. പാവം രാജന്‍. അവന്‍ കാലത്തൊന്നും കഴിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനൊന്നും കൊടുത്തയച്ചിട്ടുമില്ല. അവനു കുടയില്ല, കടയുള്ള കൂട്ടുകാരുമില്ല. ഈ മഴയത്ത് അവന്‍ എങ്ങനെ വീട്ടിലേക്കു വരും.

ആറ്റില്‍ വെള്ളം പെരുകിവന്നപ്പോള്‍ നാണിക്കുട്ടിയുടെ മനസ്സില്‍ ഭീതിയും പെരുകിത്തുടങ്ങി. വയല്‍വരമ്പിലൂടെ ഇനിയും രാജനു വരാന്‍ നിവൃത്തിയില്ല. ആറ്റരുകിലും വെള്ളംകയറി നിറഞ്ഞല്ലോ. അടിവാരത്തിലുള്ള വഴിയിലൂടെവേണം അവനിനിയും വരാന്‍. എത്രകൂടുതല്‍ ദൂരം അവന്‍ നടക്കണം. ചെളിനിറഞ്ഞ വഴി. അവന്‍ കാല്‍ വഴുതി വീഴുമോ. വിശന്നുവലഞ്ഞ അവന്‍ കുത്തിയൊഴുകുന്ന വെള്ളത്തില്‍ അടിപതറി വീഴുമോ? അവളുടെ മനസ്സ് വെന്തുരുകിത്തുടങ്ങി.

അവള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മഴയുടെ കൂടുതല്‍ കാരണം പള്ളിക്കൂടം നേരത്തെ വിടുമായിരിക്കും. കാറ്റും മഴയും കടുത്തുതുടങ്ങിയപ്പോള്‍ കുട്ടപ്പന്‍ ജോലിസ്ഥലത്തുനിന്നും നേരെ സ്ക്കൂളിലേക്കു പോയിക്കാണും. മഴ തോരുന്നതുവരെ രാജനെ സ്ക്കൂളില്‍തന്നെ നിര്‍ത്തിയിട്ടുണ്ടാവും. താമസിച്ചാലും കുട്ടപ്പന്‍ കൂട്ടത്തിലുള്ളതിനാല്‍ പേടിക്കാനില്ല. രാജന് ഒരപകടവും ഉണ്ടാവുകയില്ല. അവര്‍ വരുമ്പോഴേക്കും ആഹാരമെല്ലാം തയ്യാറാക്കുകതന്നെ.

ഇത്തരം വിചാരങ്ങളില്‍ ആശ്വസിച്ചുകൊണ്ട് നാണിക്കുട്ടി അടുക്കളയില്‍ പാചകമാരംഭിച്ചു. നനഞ്ഞ ചൂട്ടും ഉണങ്ങാത്ത മടലും ചപ്പും ചവറുമാണ്. തീ കത്തിക്കാനുള്ളത്. ഉണങ്ങിയ വിറകു കീറി അട്ടിയിട്ടുകൊടുത്തു കിട്ടുന്ന കൂലികൊണ്ട് അരിവാങ്ങാനല്ലാതെ വിറകുവാങ്ങാനൊക്കുമോ. അടുപ്പു പുകയുകയല്ലാതെ തീ കത്തുന്നില്ല. നാണിക്കുട്ടിയുടെ മനസ്സും പുകയുകയാണ് രാജനെപ്പറ്റിയുള്ള വിചാരംകൊണ്ട്. രാജനുണ്ടാകാവുന്ന അപകടത്തെപ്പറ്റി വിചാരിക്കുമ്പോള്‍ മനസ്സു നീറിപ്പുകയും. രാജന് കുഴപ്പമുണ്ടാകുകയില്ലെന്ന വിചാരം വീണ്ടെടുക്കുമ്പോള്‍ പുകനില്‍ക്കും. പക്ഷെ അവര്‍ വരാന്‍ താമസിക്കുന്നതു കാരണം എരിഞ്ഞുകത്തും. അടുപ്പിലെ സ്ഥിതിയും ഇതുതന്നെ.

വിചാരംകൊണ്ടും അടുപ്പ് ഊതിയൂതിവീര്‍പ്പുമുട്ടിയും മുഖം വാടി കണ്ണീര്‍ പൊഴിയും നാണിക്കുട്ടിക്ക്. അവള്‍ അടുക്കളയില്‍നിന്നോടി തിണ്ണയില്‍ വന്നുനില്‍ക്കും. അങ്ങു ദൂരെ പടിക്കപ്പുറത്ത് വളഞ്ഞുപുളഞ്ഞു പോകുന്ന വരമ്പിലും പറമ്പിലും ഇടവഴികളിലും അവളുടെ കണ്ണുകള്‍ പരതിനടക്കും രാജനെ തേടി. വീണ്ടും അടുക്കളയിലേക്കവള്‍ പോകും. സ്വഛതയില്ലാതെ, ഒരിടത്തുറച്ചുനില്‍ക്കാതെ അവളങ്ങനെ വിഷാദിച്ചു മനസമാധാനമില്ലാതെ കഴിച്ചുകൂടി.

പണിയെല്ലാമൊതുക്കി കൂലിയും വാങ്ങി കുട്ടപ്പന്‍ നേരെ പോയത് അടുത്തുള്ള മാര്‍ക്കററിലേക്കാണ്. രാജന്റെ അളവൊപ്പിച്ചുള്ള നിക്കറും ഷര്‍ട്ടും ഒരു ചെറിയ കുടയും അയാള്‍ കടയില്‍നിന്നു വാങ്ങി, രാജനേറ്റവും ഇഷ്ടപ്പെട്ട കേക്കും വാങ്ങാന്‍ അയാള്‍ മറന്നില്ല. ബാക്കിയുള്ള പണത്തില്‍ അത്യാവശ്യം വേണ്ടി വന്നേക്കാവുന്ന മരുന്നിനുള്ള തുക മാറ്റിവച്ചു. കുറച്ചു മീനും പച്ചക്കറിയും വാങ്ങി. അരി നാണിക്കൂട്ടി കൊണ്ടുവന്നു കാണുമല്ലോ എന്നു വിചാരിച്ച് അതു വാങ്ങിയുമില്ല. ചെറിയ പൊതികളുമായി കുട്ടപ്പന്‍ വീട്ടിലെത്തിയപ്പോള്‍ നേരം സന്ധ്യയാകാറായി.

കുട്ടപ്പന്‍ വരുന്നത്, വരാന്തയില്‍ നില്‍ക്കുന്ന നാണിക്കുട്ടി കണ്ടു. അയാളുടെ കൂട്ടത്തില്‍ രാജനില്ല. അവളുടെ മനസ്സിടിഞ്ഞു. ശരീരം തളരുന്നതുപോലെ തോന്നി.

മഴ പെയ്യുന്നുണ്ട്. വിളിച്ചുചോദിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തല്ല കുട്ടപ്പന്‍. രാജനെവിടെ എന്നു ചോദിക്കാന്‍ നാണിക്കുട്ടിയുടെ ശബ്ദം പുറത്തേക്കു വരുന്നില്ല. ചോദിക്കാനവള്‍ക്കു ധിറുതിയായി. തിണ്ണയില്‍ നിന്നിറങ്ങി, മഴയത്ത് അവള്‍ കുട്ടപ്പന്റെ അടുത്തേക്കോടി.

നാണിക്കുട്ടി വരാന്തയില്‍ നില്‍ക്കുന്നതു കുട്ടപ്പനും ദൂരെവച്ചുതന്നെ കണ്ടു. രാജനെ സമീപത്തു കാണുന്നുമില്ല. കുട്ടപ്പനും ആകെ പരിഭ്രമമായി. വേഗതകൂടി അയാള്‍ നടന്നു. അതാ! നാണിക്കുട്ടി മഴയത്ത് ഓടിവരുന്നു.

കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. ‘എന്റെ പൊന്നുമോനേ!രാജാ നീ എവിടെ?