close
Sayahna Sayahna
Search

ഗ്രാമത്തിലെ ബഹളം


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

ഗ്രാമത്തിലെ ബഹളം

സന്ധ്യാസമയംവരെ ക്ഷേത്രപരിസരങ്ങളിലേക്ക് ആരും പോകാതെ നാട്ടുകാര്‍ അങ്ങിങ്ങായി കൂട്ടംകൂടി നിന്നു് ആലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. പരസ്യമായും രഹസ്യമായും പല സ്ഥലത്തും ആളുകള്‍ ആലോചനയ്ക്കെത്തി. ആ ഗ്രാമത്തില്‍ ഭയം തളംകെട്ടി നിന്നു. ഇനി എന്താണു ചെയ്യുക. എന്താണു സംഭവിച്ചതു്. ഓരോരുത്തരും മനോധര്‍മ്മമനുസരിച്ചാണ് വിവരിച്ചുകൊണ്ടിരുന്നതു്. യഥാര്‍ത്ഥ സംഭവമെന്തായിരുന്നു എന്നു് ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല.

പ്രശ്നക്കാര്‍ കവടി വാരി വച്ചു. രാശി നോക്കി ഫലങ്ങള്‍ പറഞ്ഞു. ദേവിയുടെ കോപംതന്നെ. സംശയമില്ല. കാളിയുടെ ശക്തിക്കെതിരായി നാട്ടില്‍ പ്രവര്‍ത്തനം നടക്കുന്നു. ആ പ്രവര്‍ത്തകരെ ഒററപ്പെടുത്തി നാട്ടില്‍നിന്നു ബഹിഷ്കരിക്കാത്ത കാലത്തോളം തനിക്കീ ക്ഷേത്രത്തില്‍ പൊറുക്കാനാവില്ല. അതുകൊണ്ടു് ദേവിതന്നെയാണു് വിഗ്രഹം ഉടച്ചതും ക്ഷേത്രം തകര്‍ത്തതും. നാട്ടുകാര്‍ പ്രായശ്ചിത്തം ചെയ്യണം നാല്പത്തൊന്നു ദിവസത്തെ പാട്ടും ഭജനയും നടത്തണം. നാല്പത്തൊന്നാം ദിവസം അടുത്തുള്ള കാട്ടില്‍ ഒരു പുതിയ വിഗ്രഹം പ്രത്യക്ഷപ്പെടും. നാല്‍പത്തൊന്നു ദിവസവും ഏകാഗ്രചിന്തയോടെ വ്രതമനുഷ്ഠിക്കാത്ത വീട്ടുകാര്‍ക്കു് അന്നേദിവസം കാളീകോപം കൊണ്ടു മഹാരോഗം തുടങ്ങും. അവരെ ശുശ്രൂഷിക്കാനോ സഹായിക്കാനോ ചെല്ലുന്നവരും രോഗബാധമൂലം മരിക്കും. ക്ഷേത്രം പുതുക്കിപ്പണിയണം. ക്ഷേത്രത്തിനകത്തുള്ള കാടുപിടിച്ച വീട്ടില്‍ ആരുംതന്നെ കടന്നു് അശുദ്ധമാക്കാന്‍ പാടില്ല. ക്ഷേത്രം പുതുക്കാനുള്ള നടപടി കൈക്കൊള്ളുന്നതുവരെ നാട്ടുകാര്‍ ക്ഷേത്രസമീപത്തുപോലും പോകരുതു്.

ഇങ്ങനെയുള്ള നിരവധി നിരോധനങ്ങള്‍ പ്രശ്നം വച്ചു കണ്ടുപിടിച്ചു് നാട്ടില്‍ പ്രചരിപ്പിച്ചു. മന്ത്രവാദികള്‍ അതു് ഉറപ്പിച്ചു. നേതാക്കന്മാര്‍ പണപ്പിരിവിനിറങ്ങി. എല്ലാ വീടുകളിലും ഇതേപ്പററിയുള്ള സംഭാഷണംതന്നെയായിരുന്നു. എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണപ്പിരിവിനു പുറമേ സേവനസന്നദ്ധതയോടെ, പ്രതിഫലംപററാതെ ക്ഷേത്രപുനരുദ്ധാരണത്തിനു് പണിയെടുക്കാന്‍ ആളുകളെ അയയ്ക്കണമെന്നും നേതാക്കന്മാര്‍ പ്രസ്താവിച്ചു. സന്ധ്യയ്ക്കു മുന്‍പുതന്നെ ഒരു നല്ല തുകയും അരിസാധനങ്ങളും പിരിച്ചെടുക്കുന്നതിനും അവര്‍ക്കു കഴിഞ്ഞു. ഓരോ പ്രവര്‍ത്തനത്തിനും കമ്മററികളുണ്ടായി. എല്ലാ കമ്മിററിക്കും കൂടി ഒരു പൊതുഭരണക്കമ്മററി. പൊതുഭരണക്കമ്മററിയിലെ അംഗങ്ങളില്‍നിന്നു തന്നെ സബ്കമ്മററികള്‍. എല്ലാം ആ നാട്ടിലെ ആരാധ്യരായ നേതാക്കന്മാര്‍. നിത്യവും ക്ഷേത്രദര്‍ശനം നടത്തുന്നവർ തന്നെ. ക്ഷേത്രാവശ്യങ്ങളും ക്ഷേത്രത്തിലെ ചടങ്ങുകളും എല്ലാം അവര്‍ക്കാണല്ലോ കൂടുതല്‍ നിശ്ചയമുള്ളതു്.

ഇതേസമയം ചെറുപ്പക്കാരായ മററു ചിലരും കൂട്ടംകൂടി രഹസ്യമായ ആലോചനകള്‍ നടത്തി. പ്രശ്നക്കാരും മന്ത്രവാദികളും പറഞ്ഞ കാര്യങ്ങളെല്ലാം ശുദ്ധമേ കളവാണെന്നവര്‍ക്കു നിശ്ചയമുണ്ടു്. ക്ഷേത്ര തകര്‍ത്തും കാളീവിഗ്രഹം ഉടച്ചതും ദൈവത്തെ സൃഷ്ടിച്ച മനുഷ്യശക്തിതന്നെയാണെന്നവര്‍ക്കറിയാം. ജീവനില്ലാത്ത കല്ലുദൈവങ്ങള്‍ക്ക് മനുഷ്യനെ സൃഷ്ടിക്കുന്നതിനോ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനോ ശക്തിയുണ്ടാകുന്നതെങ്ങനെ. തന്‍കാര്യം കാണുന്നതിനായി ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ അതിനായിത്തന്നെ വിഗ്രഹവും ക്ഷേത്രവും തകര്‍ത്തിരിക്കും. ക്ഷേത്രപുനരുദ്ധാരണത്തിനു് ആവേശത്തോടെ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കുതന്നെ ഈ ക്ഷേത്രം നശിപ്പിച്ചതിലും കാര്യമായ പങ്കുണ്ടെന്നാണു് ഈ ചെറുപ്പക്കാരുടെ നിഗമനം. അതിന്റെ യാഥാര്‍ത്ഥ്യം കണ്ടുപിടിച്ചു് തെളിവുസഹിതം നാട്ടുകാരുടെ മുമ്പില്‍ അവതരിപ്പിക്കുകയെന്നതാണവരുടെ നിശ്ചയം. കാളീദേവിയുടെ കോപത്തിലോ ശാപത്തിലോ അവര്‍ക്കു ഭയമില്ല. അതിലൊന്നും വിശ്വാസവുമില്ല. സാധാരണജനങ്ങള്‍ പാരമ്പര്യമായി വച്ചുപുലര്‍ത്തിവരുന്ന ഈ അന്ധവിശ്വാസങ്ങള്‍ ക്രമേണ മാററിയെടുക്കുന്നതിനാണവര്‍ക്കു താല്പര്യം. പെട്ടെന്നൊരു മാററംവരുത്തുന്നതിനു ശ്രമിച്ചാല്‍ പല കുഴപ്പങ്ങളുമുണ്ടാകുമെന്നവര്‍ വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന സന്ദര്‍ഭം വാസ്തവസ്ഥിതിയിലേക്കു പലരുടേയും ശ്രദ്ധ കൊണ്ടുവരുന്നതിനു സഹായകമായിരിക്കുമെന്നവര്‍ തീര്‍ച്ചപ്പെടുത്തി.

നാട്ടില്‍ തഴച്ചുവളര്‍ന്നുവന്ന ഒരു സ്ഥാപനത്തെ നശിപ്പിച്ചവര്‍ ആരുതന്നെയായാലും അവരെ പിടികൂടണമെന്നു് ഈ ചെറുപ്പക്കാര്‍ നാട്ടുകാരെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ദേവിതന്നെയാണു് നശിപ്പിച്ചിരിക്കുന്നതെന്നുള്ള പ്രശ്നവിധിയിലാണു് നാട്ടിലെ ഭൂരിപക്ഷം പേരും വിശ്വസിച്ചതു്. മനുഷ്യർ വിചാരിച്ചാല്‍ ദേവിയെ എങ്ങനെ പിടികൂടാനാണു്. പൂജയും വഴിപാടും വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും കൊണ്ടു് ദേവിയെ പ്രീതിപ്പെടുത്തി നാടിനു് ഐശ്വര്യമുണ്ടാക്കാനേ വഴിയുള്ളു. അതുകൊണ്ടു് അധികംപേരും ആ മാര്‍ഗ്ഗം സ്വീകരിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും സംഭാവന നല്‍കാനും തയ്യാറായി.

ചെറുപ്പക്കാരായ പുരോഗമനവാദികളോടുകൂടി കൂടുന്നതിനും കുറേപ്പേരെങ്കിലും തയ്യാറായി. അവരെല്ലാംകൂടി പ്രത്യേകമൊരു സ്ഥലത്തു് ഒന്നിച്ചുചേര്‍ന്നു. നേരിട്ടുള്ള മല്‍പ്പിടുത്തമോ ലഹളയോ ഉണ്ടായാലും അതിനെ നേരിടുന്നതിനെപ്പററി അവര്‍ ആലോചിച്ചു. വേണ്ട ആയുധങ്ങളും തയ്യാറാക്കി. എല്ലാ രീതികളും പരിപാടികളും നിശ്ചയിച്ചു.

പല സംഘങ്ങളായി, പലപ്പോഴായി, സന്ധ്യയാകുമ്പോള്‍ ആ പഴയ, കാടുപിടിച്ച വീട്ടില്‍ പ്രവേശിക്കുക. ധൈര്യവും ബലവും ഉള്ളവര്‍ ഒന്നിച്ചു് അകത്തു കടന്നു് വീടു പരിശോധിക്കുക. അതുമൂലം രഹസ്യങ്ങളുടെ ചുരുള്‍ അഴിച്ചെടുക്കാന്‍ കഴിയും. ഇതാണവരുടെ തീരുമാനം.

അതേസമയം പ്രമാണിമാരും ക്ഷേത്ര ഭരണസമിതിയും മന്ത്രവാദിയും പൂജാരിയും മററും ചേര്‍ന്നു് അതിരഹസ്യമായി ആലോചന നടത്തി. ക്ഷേത്രം തകര്‍ത്തതു് ആരുതന്നെയായാലും അവരെ പിടിക്കണം. ദേവിയല്ല തകര്‍ത്തതെന്നു് അവര്‍ക്കും ഉത്തമമിശ്വാസമുണ്ടു്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ശക്തി ഉയര്‍ന്നു വരുന്നുണ്ടെന്നും അതു കീഴടക്കിയില്ലെങ്കില്‍ തങ്ങള്‍ക്കു നാശമാണെന്നും അവര്‍ മനസ്സിലാക്കി. നാട്ടുകാരുടെ പിന്‍തുണ അവര്‍ക്കുണ്ടെന്നറിയാം. അതു നിലനിര്‍ത്താന്‍ ദേവീവിശ്വാസവും ദേവീകോപത്തിലുള്ള ഭയവും നാട്ടുകാരില്‍ നല്ലവണ്ണം വളര്‍ത്തണം. അതേ ആവശ്യത്തിനായി സ്വരൂപിച്ച സംഭാവനത്തുകയും സാധനങ്ങളും പ്രത്യേകം സൂക്ഷിക്കണം. രാത്രിയില്‍ വീണ്ടും എന്തെങ്കിലും സംഭവവികാസമുണ്ടായാല്‍ ഈ സമ്പത്തൊക്കെ നാട്ടില്‍ സൂക്ഷിക്കുന്നതു് അപകടമായിത്തീരും. സന്ധ്യ കഴിഞ്ഞാല്‍ ഇതെല്ലാം ഗൂഢസങ്കേതത്തില്‍ എത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.

അങ്ങനെ ആ ഗ്രാമത്തില്‍ ഭിന്നഭിപ്രായത്തില്‍ ഓരോ ഗ്രൂപ്പായി നാട്ടുകാര്‍ തിരിഞ്ഞു പ്രവര്‍ത്തനമാരംഭിച്ചു. ഇതിലൊന്നും പ്രത്യേകം താല്പര്യം കാണിക്കാതെ ഒരു ചെറിയ വിഭാഗം ആളുകള്‍ കാണികളായി മാറി. ഒരു യുദ്ധംതന്നെ ആ ക്ഷേത്രപരിസരത്തുണ്ടായേക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.

ക്ഷേത്രത്തെ ചൊല്ലി ദേവിയുടെ പേരില്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നാട്ടില്‍ നടക്കുമ്പോള്‍, ആ ക്ഷേത്രപരിസരത്തുള്ള കാടുപിടിച്ച വീട്ടില്‍ നടക്കുന്ന സംഭവം ആരും അറിഞ്ഞിരുന്നില്ല. അവിടെ കടന്നുചെല്ലുന്നതിനു് ആര്‍ക്കും അനുവാദമില്ലായിരുന്നു. അനുവാദം കൂടാതെ അകത്തു കടക്കാന്‍ അവകാശപ്പെട്ടവര്‍ക്കു ഭയവുമായിരുന്നു.

പക്ഷെ അന്നത്തെ പിരിവില്‍നിന്നു കിട്ടിയ സമ്പാദ്യമെല്ലാം ഒളിക്കുന്നതിനുള്ള ഏക സ്ഥാനമായി നേതാക്കന്മാര്‍ കണ്ടുവച്ചിരുന്നതു് ആ പഴയ വീടും അതിലുള്ള ഗൂഢമാര്‍ഗ്ഗങ്ങളുമാണു്. സന്ധ്യകഴിയാതെ അതിനുള്ളിൽ അവർ പ്രവേശിക്കയില്ല. നാട്ടുകാരറിയാതെ വേണമല്ലോ അവിടെ കടക്കാന്‍. ഭൂതത്തേയും ദൈവത്തേയും സൃഷ്ടിച്ച അവര്‍ക്കു് സന്ധ്യകഴിഞ്ഞു് ആ വീട്ടില്‍ കടക്കുന്നതിനു ഭയവുമില്ല.