രാജന്റെ രോഗം
രാജനും ഭൂതവും | |
---|---|
ഗ്രന്ഥകർത്താവ് | ജി.എൻ.എം.പിള്ള |
മൂലകൃതി | രാജനും ഭൂതവും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ (ബാലസാഹിത്യം) |
വര്‍ഷം |
ഗ്രന്ഥകര്‍ത്താവ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 124 |
രാജന്റെ രോഗം
വെള്ളിയാഴ്ച സന്ധ്യയ്ക്ക് ബോധമില്ലാതെ പാറപ്പുറത്തു വീണുപോയ രാജന്‍ എത്രദിവസം അങ്ങനെ കിടന്നു എന്നവനറിഞ്ഞില്ല. ചിമ്മിക്കോണ്ടു കണ്ണുതുറക്കാന്‍ അവന്‍ ശ്രമിച്ചത് അടുത്ത ഞായറാഴ്ച സന്ധ്യയ്ക്കാണ്.
രാജന് വലിയ ക്ഷീണമായിരുന്നു. ദേഹത്ത് അപ്പോഴും പൊള്ളുന്ന ചൂടാണ്. കണ്ണ് അല്പം തുറന്നാല്‍ ആകെ പുകനിറഞ്ഞ മുറിയില്‍ കിടക്കുന്നപോലെ അവനു തോന്നും. വീണ്ടും കണ്ണടയ്ക്കും. ആരോ ഒരു പ്ലാവിലയില്‍ കോരി നാക്കില്‍ ഇറ്റിച്ചുകൊടുക്കുന്ന ചെറുചൂടും മധുരവുമുള്ള വെള്ളം അവന്‍ നുണഞ്ഞിറക്കും. വീണ്ടും കണ്ണുതുറക്കാന്‍ ശ്രമിക്കും. അപ്പോഴൊക്കെ മൂടല്‍മഞ്ഞില്‍ക്കൂടി കാണുന്നപോലെ ആ സ്ഥലം വ്യക്തമല്ലാതെ അവനു തോന്നി.
തന്റെ നെറ്റിയും കൈയ്യും കാലുമെല്ലാം ആരോ ഇടയ്ക്കിടയ്ക്കു തലോടുന്നതായി അവനു അനുഭവപ്പെട്ടു. സ്നേഹസമ്പന്നമായ കൈകള്‍കൊണ്ട്. എന്തൊരു സുഖം. നല്ല മിനുസവും ചൂടുമുള്ള കൈകള്‍. രാജന് ഉഷ്ണിക്കുമ്പോള്‍ ആ കൈകള്‍കൊണ്ടു തൊട്ടാല്‍ ദേഹത്തിലെ ചുടു കുറയുന്നു. തണുക്കുമ്പോഴാണെങ്കില്‍ അവന്റെ ശരീരത്തിനു ചൂടുകൊടുക്കുന്നു. നെല്ലുകുത്തിയും ജോലികള്‍ ചെയ്തും തഴമ്പിച്ച അമ്മയുടെ കൈകൊണ്ട് തലോടുന്നത് രാജനോര്‍ത്തു. അവന് ആ തലോടല്‍ സുഖമായി തോന്നിയിട്ടുണ്ട്. ആഹാരമില്ലാതെ സ്ക്കൂളിലേക്കുപോകാന്‍ തുനിയുമ്പോള്‍ അവനെ അവന്റെ അച്ഛന്‍ സാന്ത്വനപ്പെടുത്തി പുറത്തു തലോടി വിടാറുണ്ട്. വിറകുവെട്ടി തഴമ്പിച്ച ആ കരങ്ങളും അവനു ആശ്വാസവും ആനന്ദവും നല്‍കിയിരുന്നു. പക്ഷെ നിറയെ രോമങ്ങള്‍ വളര്‍ന്ന ഈ കൈകള്‍ അവരുടേതല്ല. അവരുടെ വിരലുകള്‍ ഇത്ര നീളമുള്ളതല്ല.
തന്റെ കൈ പൊക്കി ആ കരങ്ങള്‍ തടവി ഒന്നു പരിശോധിക്കാന്‍ രാജനു തോന്നി. പക്ഷെ ക്ഷീണംകൊണ്ട് അവന്റെ കൈകള്‍ അനങ്ങുന്നില്ല. കണ്ണുതുറന്ന് ആ കരങ്ങളുടെ ഉടമസ്ഥനെ ഒന്നു നല്ലവണ്ണം കാണാന്‍ അവന്‍ കൊതിച്ചു. എന്നാല്‍ കണ്ണു തുറക്കുമ്പോഴൊക്കെ ചുറ്റും ഇരുണ്ട മൂടല്‍മഞ്ഞുപോലെ മാത്രമേ കാണാന്‍ കഴിയുന്നുള്ളു.
പല പ്രാവശ്യം രാജന്‍ ശ്രമിച്ചു. അവസാനം വളരെ അവ്യക്തമായി ഒരു വലിയ ആള്‍രൂപം അവന്റെ മുന്‍പില്‍ നില്‍ക്കുന്നതായി അവനു കാണാന്‍ കഴിഞ്ഞു.
രാജന്‍ ഓര്‍മ്മശക്തി ക്രമേണ വീണ്ടെടുത്തുതുടങ്ങി. കാലത്തു പട്ടിണിയായി സ്ക്കൂളില്‍പോയി. ഉച്ചയ്ക്ക് ആഹാരമില്ലാതിരുന്നു വിഷമിച്ചു. ഒരദ്ധ്യാപകന്‍ കുറച്ചു ചോറു കൊടുത്തു. തന്റെ ശരീരമത്രയും ചൂടുപിടിച്ചതായി തോന്നി. വലിയ മഴപെയ്തു. സ്ക്കൂള്‍വിട്ടു വീട്ടിലേക്കു പുറപ്പെട്ടു. നടക്കാന്‍വയ്യ. വെള്ളപ്പൊക്കം. വഴിമാറി മലയിടുക്കിലൂടെ നടന്നു. പരന്ന പാറ കണ്ടു. തല ചുറ്റുന്നതായി തോന്നി. പിന്നൊന്നും അവനോര്‍മ്മയില്ല. ഭൂതമലയിലേയ്ക്കുള്ള വഴിയിലെ പരന്ന പാറയാണ് അവസാനമായി അവന് ഓര്‍മ്മവന്ന സ്ഥലം.
അപ്പോഴേക്കും അവന്‍ കേട്ടിട്ടുള്ള ഭൂതമലയുടെ കഥ അവനോര്‍ത്തു. വളര്‍ത്തുമൃഗങ്ങളെ ഗ്രാമത്തില്‍നിന്നും പിടിച്ചുകൊണ്ടുപോകുന്ന ഭൂതം. മനുഷ്യരെ കൊന്ന് ചോരകുടിക്കുന്ന ഭൂതം താമസിക്കുന്ന ഭൂതമല. തുടര്‍ന്ന് ഭൂതത്തിന്റെ കഥയും ഭദ്രകാളീക്ഷേത്രവും പൂജകളും മന്ത്രവാദങ്ങളും ഒക്കെ അവന്റെ ഓര്‍മ്മയില്‍ വന്നു. അവന്‍ കേട്ടിട്ടുള്ള കഥയിലെ ഭൂതത്തിന്റെ വലിപ്പവും രൂപവുമെല്ലാം തന്റെ മുന്‍പില്‍ നില്‍ക്കുന്ന ആ വലിയ മനുഷ്യരൂപത്തില്‍ അവന്‍ കണ്ടെത്തി. ആ ഭൂതം ഇതുതന്നെയായിരിക്കാം.
കുറച്ചു പാല്‍ ചെറുചൂടോടെ രാജന്റെ വാ തുറന്ന് ഒഴിച്ചുകൊടുത്തപ്പോള്‍ രാജനു കുറച്ചുകൂടി തെളിഞ്ഞ കണ്ണുകളോടെ കാണാന്‍ കഴിഞ്ഞു. നീട്ടിവളര്‍ത്തിയ തലമുടി. മുഖമെല്ലാം കറുത്ത പാടുകള്‍. വളര്‍ന്നുനീളുന്ന താടിരോമങ്ങള്‍. നീളമുള്ള കൈവിരലുകള്‍. ഉറച്ചുകൊഴുത്ത മാംസപേശിയോടുകൂടിയ ശരീരം. ഉയരംകൂടിയ മെയ്. മരവുരികൊണ്ടുണ്ടാക്കിയ ഉടുപ്പ്. കറുത്തിരുണ്ട രോമങ്ങള്‍ നിറഞ്ഞ കൈകാലുകള്‍. വാര്‍ദ്ധക്യത്തിലും ഞൊറിവു വീഴാത്ത തൊലി. തിളങ്ങുന്ന കണ്ണുകള്‍, നീണ്ടുവളഞ്ഞ മൂക്ക്. വിസ്താരമുള്ള നെറ്റിത്തടവും ചെവികളും. ഭൂതമലയില്‍ ഭൂതമുണ്ട്. ആ ഭൂതം തന്നെയാണിത്. രാജന്‍ ഭൂതത്തിന്റെ പിടിയില്‍ പെട്ടിരിക്കുകയാണ്. നാട്ടുകാര്‍ ഭയപ്പെടുന്ന ഭൂതം.
പക്ഷെ രാജന് ഭയമല്ല തോന്നിയത്. അത്ഭുതമാണ്. ആശുപത്രികളിലെ നഴ്സുമാരെപ്പോലെയോ തന്റെ അച്ഛനമ്മമാരെപ്പോലെയോ തന്നെ ശ്രുശ്രൂഷിക്കുന്ന ഭൂതത്തിനെ എന്തിനു ഭയപ്പെടണം. അവനെ തലോടുന്നുണ്ട്. വിരലില്‍ വളര്‍ന്നുനില്‍ക്കുന്ന നഖം കൊണ്ടു പോറലുപോലുമുണ്ടാക്കാതെ ശ്രദ്ധാപൂര്‍വ്വം സ്നേഹത്തോടെ അവനെ തടവുന്നു. നറുംപാല്‍ നല്ല മധുരംചേര്‍ത്ത് അവനു കൊടുക്കുന്നു. സ്നേഹത്തോടെ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. അതിനുവേണ്ടി ആ വൃദ്ധന്‍ എത്രയോ കഷ്ടപ്പെടുന്നു; ഉറക്കമിളയ്ക്കുന്നു. സാധാരണ നാട്ടില്‍നടക്കുന്ന മന്ത്രവാദികളേയും പൂജാരികളേയും നേതാക്കന്മാരേയുംകാള്‍ എത്രയോ നല്ലതാണ് ഈ ഭൂതം. ഈ നല്ലവനെയാണല്ലോ നാട്ടുകാര്‍ ഭയപ്പെടുന്നതെന്നു രാജന്‍ അത്ഭുതപ്പെട്ടു.
മനുഷ്യരേയും മൃഗങ്ങളേയും കൊന്ന് ചോര കുടിക്കുമെന്നു പറയുന്ന ഭൂതം രാജനെ ഈ രോഗാവസ്ഥയില്‍ എന്തിനാണിങ്ങനെ ശ്രുശ്രൂഷിക്കുന്നത്. എന്തിനാണിങ്ങനെ സ്നേഹിക്കുന്നത്. സ്വന്തം അച്ഛനേയും അമ്മയേയുംകാള്‍ താല്പര്യത്തോടുകൂടി രാജന്റെ കാര്യങ്ങള്‍ ഈ ഭൂതം നോക്കുന്നതെന്തിനാണ്. രാജന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്.
എഴുന്നേറ്റുനടന്ന് അവിടെമെല്ലാം ഒന്നു കാണാന്‍ രാജന്‍ ആഗ്രഹിച്ചു. ഭൂതത്തിനോടു വര്‍ത്തമാനം പറയാന്‍ അവന്‍ കൊതിച്ചു. എഴുന്നേല്‍ക്കാല്‍ ശ്രമിച്ചു. പക്ഷെ ശക്തികിട്ടിയില്ല. നാക്കില്‍നിന്നു വാക്കുകള്‍ വീണില്ല. ശബ്ദം പുറത്തേക്കു വരുന്നില്ല. ക്ഷീണം കൂടുകയാണ്. കണ്ണടഞ്ഞു തുടങ്ങുന്നു. ആകെ വീണ്ടും ഇരുട്ടിലാകുന്നതുപോലെ തോന്നി.
രാജന്‍ വളരെ ശ്രദ്ധയോടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ശ്രമിച്ചു.
“സമാധാനിച്ചു കിടക്കൂ. പേടിക്കണ്ട. രണ്ടുദിവസംകൂടെ കഴിഞ്ഞാല്‍ നിനക്ക് എണീറ്റു നടക്കാറാകും. അതുവരെ സ്വസ്ഥമായി കിടക്കണം.”
ഈ വാക്യങ്ങള്‍ നേരിയ ശബ്ദത്തില്‍ അവനു കേള്‍ക്കാന്‍ കഴിഞ്ഞു. ഭൂതത്തിന്റെ വിരലുകള്‍ അവന്റെ നെറ്റിയില്‍ എന്തോ മരുന്ന് അപ്പോള്‍ പുരട്ടുകയായിരുന്നു. ഒന്നുകൂടി കണ്ണുതുറന്നപ്പോള്‍ രാജന് ഭൂതത്തെ കുറെക്കൂടി വ്യക്തമായി കാണാന്‍ സാധിച്ചു; വളരെ അടുത്തായി.
അങ്ങനെ ദിവസങ്ങള്‍ നാലഞ്ചുകൂടി കഴിഞ്ഞു. രാജന് പഴച്ചാറും പാലും കുടിക്കാന്‍ കിട്ടും. ദിവസം രണ്ടുമൂന്നുനേരം അവനിഷ്ടമില്ലാത്ത മരുന്നുകള്‍ കുടിച്ചേ പറ്റൂ. അമ്മ കൊച്ചുകുഞ്ഞുങ്ങളോട് കളിവാക്കുകള്‍ പറഞ്ഞ് രസിപ്പിച്ച് മരുന്നു കൊടുക്കുന്നതുപോലെ സ്നേഹത്തോടെയാണ് രാജന് അവന്റെ “ഭൂതം” മരുന്നുകൊടുക്കുന്നത്. അവന് ഉഷ്ണവും വിയര്‍പ്പുമുണ്ടാകുമ്പോള്‍ ഭൂതം അടുത്തിരുന്നു വലിയ ഇലകൊണ്ടോ പാളകൊണ്ടോ ഉണ്ടാക്കിയ വീശറികൊണ്ട് വീശും. രാത്രിയില്‍ മഞ്ഞും തണുപ്പുമുള്ളപ്പോള്‍ അവനെ പുതപ്പുകൊണ്ട് പൊതിഞ്ഞുകിടത്തും. വിശപ്പും ദാഹവും തോന്നുമ്പോള്‍ രുചിയുള്ള സാധനങ്ങള്‍ കൊടുക്കും. രാജന്‍ സുഖമായി ഉറങ്ങും.
രാജന്റെ രോഗം ക്രമേണ ഭേദമാകുകയാണ്. അവന് എണീറ്റിരിക്കാം. ചുറ്റുപാടുമെല്ലാം നല്ലവണ്ണം കാണാം. നടക്കാന്‍ ശേഷിയില്ല. നടക്കാന്‍ ഭൂതം അനുവദിക്കുകയുമില്ല. അധികം സംസാരിക്കാനും അനുവാദമില്ല. ഭൂതം വളരെയൊന്നും അവനോടു പറയുകയില്ല. അവനെ ആശ്വസിപ്പിക്കാനും ഉത്സാഹിപ്പിക്കാനും അവന്റെ ഭയം നീക്കാനുംമാത്രം അയാള്‍ വളരെ ശാന്തമായി പറയും. ഭൂതത്തിന്റെ കഥയോ രാജന്‍ അവിടെ എങ്ങനെ വന്നുവെന്നോ അയാള്‍ പറയുകയില്ല. അയാളെന്താണ് അവിടെ ഒറ്റയ്ക്കു താമസിക്കുന്നതെന്നവന്‍ പല പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അതൊക്കെ പിന്നെപ്പറയാമെന്നു മാത്രം ആയിരുന്നു ഉത്തരം. രാജന്റെ അച്ഛനമ്മമാരെപ്പറ്റിയോ സ്ക്കൂള്‍ കാര്യങ്ങളെപ്പറ്റിയോ അയാള്‍ ചോദിച്ചില്ല. ആ “ഭൂത”ത്തിന്റെ ആജ്ഞാശക്തിയില്‍ രാജന്‍ അനുസരണയുള്ള ഒരു കുഞ്ഞായിത്തീര്‍ന്നിരിക്കുകയാണ്.
ഒരു വലിയ ഗുഹയ്ക്കകത്താണ് രാജന്‍ കഴിയുന്നത്. ഭൂതമെന്നവന്‍ കരുതിയ ആളല്ലാതെ മറ്റാരും അതിനുള്ളിലില്ല. പക്ഷെ രാജന് ആ ചുറ്റുപാടിലും ഭയം തോന്നിയില്ല. പകല്‍സമയമെല്ലാം അതിനുള്ളില്‍ നല്ല വെളിച്ചമുണ്ട്. സൂര്യപ്രകാശം നല്ലവണ്ണം കിട്ടും. സുഖമായ കാറ്റുകിട്ടും. ഗുഹയുടെ ഒരു ഭാഗത്തായി കുറെ അധികം ആടിനേയും ആട്ടിന്‍കുട്ടികളേയും അവന്‍ കണ്ടു. ഓമനത്തമുള്ള ആട്ടിന്‍കുട്ടികള്‍ ചിലപ്പോള്‍ അവന്റെ ചുറ്റും ഓടിക്കളിക്കും. അവയെ പിടിച്ച് തലോടാനും കൂട്ടത്തില്‍ ഓടിക്കളിക്കാനും രാജനു കൊതിതോന്നും. പക്ഷെ കിടക്കുന്ന കട്ടിലില്‍ നിന്നിറങ്ങി നടക്കാന്‍ അനുവാദമില്ല. നടക്കാന്‍ ശേഷിയും വന്നിട്ടില്ല.
ആട്ടിന്‍പറ്റത്തില്‍നിന്നു കിട്ടുന്ന പാലു കാച്ചിയാണ് രാജനു കുടിക്കാന്‍ കിട്ടുന്നത്. അതിനു നല്ല രുചിയുണ്ടെന്നവനറിഞ്ഞു. ഓരോ ദിവസവും ചെല്ലുംതോറും കൂടുതല്‍ കൂടുതല്‍ പാല്‍ അവന്‍ കുടിച്ചുകൊണ്ടിരുന്നു.
നല്ല വൃത്തിയും ഭംഗിയുമുള്ള സ്ഥലം. ഗുഹയുടെ ദൂരേക്കുനോക്കിയാല്‍ വലിയ കുന്നുകളും മലകളും വനങ്ങളും കാണാം. ഭംഗിയുള്ള പൂക്കള്‍ വിരിയുന്ന വള്ളികള്‍ മരങ്ങളില്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നു. വലുതും ചെറുതുമായ പലതരം പഴങ്ങള്‍ ചെടികളില്‍ കാണാം. അതില്‍ പലതും അവന്‍ കഴിച്ചുകഴിഞ്ഞു. നല്ല രുചിയുള്ള പഴങ്ങള്‍. പലതിന്റേയും ചാറ് അവന്‍ കുടിച്ചു. പാല്‍പായസത്തേക്കാള്‍ സ്വാദ് അവയ്ക്കുണ്ടെന്ന് അവനു തോന്നി. ഗുഹയ്ക്കുമുന്നില്‍ വൃന്ദാവനംപോലെ ഒരു പൂന്തോട്ടം. അങ്ങകലെ മലമുകളില്‍നിന്നു പാറയില്‍ത്തട്ടിത്തെറിച്ചൊഴുകിവരുന്ന വെള്ളച്ചാട്ടം. എന്തു മനോഹാരിതയാണാ സ്ഥലത്തിനുള്ളത്.
ഇടയ്ക്കിടയ്ക്ക് അച്ഛനെയും അമ്മയേയും സ്ക്കൂളും എല്ലാം രാജനോര്‍ക്കും. വീട്ടില്‍ തിരിച്ചെത്താന്‍ അവന്‍ ആഗ്രഹിക്കും. എങ്ങനെ പോകും. വഴിയറിഞ്ഞുകൂടാ. തനിയെ ബഹുദൂരം നടക്കാന്‍ ശേഷിയില്ല. അവന്റെ ഭൂതത്തിനോട് പറയാന്‍ അവനു വിഷമമാണ്. അദ്ദേഹത്തെ പിരിഞ്ഞു പോകാനും അവനു മനസ്സുവരുന്നില്ല. അക്കാര്യത്തെപ്പറ്റി അദ്ദേഹമൊന്നും അവനോടു പറയുന്നുമില്ല. ആ സ്ഥലവും അവിടുത്തെ ആഹാരവും അദ്ദേഹത്തിന്റെ വാത്സല്യവും എല്ലാം അവനു വളരെ ഇഷ്ടമായി.
കരിക്കട്ടയും ചുവന്നതും മഞ്ഞയും നിറമുള്ള മയമുള്ള കല്ലുകളും പച്ചനിറം പകരുന്ന ഇലകളും അവിടെ ചുറ്റുപാടും ധാരാളമുണ്ട്. ഗുഹയ്ക്കുവെളിയിലേക്ക് ഒരു ദിവസം അവനും ഭൂതവുംകൂടി നടന്നപ്പോള്‍ രാജന്‍ അവ കുറെ ശേഖരിച്ചു. ഗുഹയ്ക്കുള്ളില്‍ മിനുസമുള്ള പാറകളില്‍ അവന്‍ ഇവയുപയോഗിച്ചു പടങ്ങള്‍ വരച്ചു. പ്രസിദ്ധമായ എല്ലോറാ, അജന്താ ഗുഹകളിലെ ചിത്രങ്ങള്‍പോലെ മനോഹരമായ ചിത്രങ്ങള്‍ അ കൊച്ചുകലാകാരന്‍ വരച്ചുണ്ടാക്കി.
ആനന്ദം തോന്നുമ്പോള്‍ രാജന്‍ പാട്ടുപാടും. ഒരു വളര്‍ന്ന ഗായകനെപ്പോലെ. മറ്റാരുമില്ലാതെ മലയില്‍ കൊല്ലങ്ങളായി തനിച്ചുവസിച്ചിരുന്ന ആ വൃദ്ധനു ഈ ബാലന്റെ കളികളിലും കഥകളിലും സന്തോഷമുണ്ടായി. സ്വന്തം ചെറുമകനെപ്പോലെ അവനെ അയാള്‍ സ്നേഹിച്ചു. രാജന് ആരോഗ്യം വീണ്ടുകിട്ടുന്നതനുസരിച്ച് അവനേയുംകൊണ്ട് ആ മലകളിലും ഗുഹകളിലും കാട്ടിലുമെല്ലാം അയാള്‍ നടക്കാന്‍ പോകും. കായ്കനികളും കിഴങ്ങുകളും അവനു പറിച്ചുകൊടുക്കും. തന്റെ ഉറ്റതോഴനും പിന്‍ഗാമിയുമായി രാജനെ വളര്‍ത്തിയെടുക്കാനുള്ള ആഗ്രഹം അയാളിലുണ്ടായി. അതോടെ വീണ്ടും മനുഷ്യവാസമുള്ള സ്ഥലത്തുപോയി ശേഷിക്കുന്ന ജീവിതകാലം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചുതുടങ്ങി.
രാജനെ ബാധിച്ച കഠിനമായ ജ്വരം നിരന്തരമായ ചികിത്സകൊണ്ട് ആ വൃദ്ധന്‍ ഭേദപ്പെടുത്തി. സായംകാലത്തെ സവാരിസമയം ആ ബാലന്‍ മാതാപിതാക്കളെ കാണുന്നതിനായി ആഗ്രഹം തന്റെ രക്ഷിതാവിനോടു സൂചിപ്പിച്ചുതുടങ്ങി. “ആകട്ടെ, പോകാം” എന്നുള്ള മറുപടിയാണ് അദ്ദേഹത്തില്‍നിന്നു കിട്ടിക്കൊണ്ടിരുന്നത്. അങ്ങനെ പതിനഞ്ചാംദിവസം അവര്‍ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു.
|