close
Sayahna Sayahna
Search

രാജനെ കണ്ടുകിട്ടുന്നു


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

രാജനെ കണ്ടുകിട്ടുന്നു

കുട്ടപ്പനും നാണിക്കുട്ടിയും എത്തിച്ചേര്‍ന്ന സ്ഥലത്തുനിന്നു മുകളിലേക്കു കണ്ട ഗോവണി ചെന്നുചേരുന്ന സ്ഥലത്തെ വാതില്‍ ബന്ധിച്ചിരിക്കയായിരുന്നു. അതു് മുകളിലേക്കു തുറക്കാവുന്നതാണു്. കുട്ടപ്പന്‍ പരിശ്രമിച്ചുനോക്കിയെങ്കിലും വളരെ ഭാരമേറിയ പലക കൊണ്ടുണ്ടാക്കിയിരുന്ന ആ വാതില്‍ തുറക്കാന്‍ പററിയില്ല. മുകളില്‍ നല്ലവണ്ണം ബന്ധിച്ചു പൂട്ടിയിരുന്നതായി കുട്ടപ്പനു തേന്നി.

അവന്‍ താഴോട്ടിറങ്ങി. ആ മുറിക്കകത്തു ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരുന്നു. തിരിച്ചുവന്നവഴിയേ പോവുകയല്ലാതെ അവിടെനിന്നു മുന്നോട്ടുപോകാന്‍ മറ്റൊരു മാര്‍ഗ്ഗവും അവര്‍ കണ്ടില്ല. ഏതായാലും അവിടെയിരുന്നു് അല്പം വിശ്രമിക്കാനും അടുത്ത പരിപാടി ആലോചിക്കാനും അവര്‍ തീരുമാനിച്ചു. മണ്ണെണ്ണവിളക്കു കത്തിച്ചു് വെളിച്ചം തെളിച്ചു്, കുട്ടപ്പനും നാണിക്കുട്ടിയും ഭാണ്ഡങ്ങള്‍ താഴത്തുവച്ചു. ഗോവണിയുടെ ചുവട്ടില്‍നിന്നു അല്പം മാറി അവര്‍ ഇരുന്നു.

കുറച്ചു സമയത്തിനുള്ളല്‍ ഗോവണിപ്പടിയുടെ മുകളിലുള്ള വാതില്‍ ആരോ തുറന്നു. വെളിച്ചം പോരാതിരുന്നതിനാല്‍ താഴോട്ടിറങ്ങിവരുന്നതു് ആരാണെന്നറിയുന്നതിനു സാധിച്ചില്ല. രണ്ടാമതൊരാള്‍ ഇറങ്ങി ആ വാതില്‍ അടച്ചു. രണ്ടുപേരും നിമിഷങ്ങള്‍ക്കകം താഴെയെത്തി.

കുട്ടപ്പന്‍ പെട്ടെന്നു് ആയുധമെടുത്തു ചാടിയെഴുനേററു. നാണിക്കുട്ടിയെ രക്ഷിക്കാനായി അവളുടെ മുന്‍പില്‍ അവന്‍ നിന്നു. ആ ഗൂഢവഴിയില്‍ ഇറങ്ങിവരുന്നവര്‍ ശത്രുക്കളും കൊളളക്കാരും ആയിരിക്കാനേ ന്യായമുള്ള. തങ്ങളെ ഈ സങ്കേതത്തില്‍ കണ്ടതുകാരണം അവര്‍ അപകടപ്പെടുത്തും. അതുകൊണ്ടു് സൂക്ഷിച്ചു നില്‍ക്കണമെന്നു് അവന്‍ നാണിക്കുട്ടിയെ ഉപദേശിച്ചു. ഒരു ആക്രമണത്തെ നേരിടാനെന്നവണ്ണം അവന്‍ തയ്യാറെടുത്തു നിന്നു.

“അച്ഛാ!” എന്നു വിളിച്ചുകൊണ്ടു് ആദ്യം ഇറങ്ങിവന്ന ബാലന്‍ കുട്ടപ്പന്റെ അടുത്തേയ്ക്കോടി. കുട്ടപ്പന്‍ അമ്പരന്നു സ്തംഭിച്ചു നിന്നുപോയി. രാജന്‍! രാജന്റെ ശബ്ദം! നാണിക്കുട്ടിയും അത്ഭുതപ്പെട്ടു ചാടി എഴുന്നേറ്റു. രാജന്‍! ശബ്ദം അവന്റെ തന്നെ! അരണ്ട വെളിച്ചത്തില്‍ അവര്‍ അവനെക്കണ്ടു. ഇത്രയും ദിവസം ദുഃഖം കടിച്ചിറക്കിക്കൊണ്ടു് ആരെത്തേടി അവര്‍ അലഞ്ഞു നടന്നുവോ, അ പൊന്നോമനപുത്രനിതാ അവരുടെ മുമ്പില്‍ നില്‍ക്കുന്നു. ആനന്ദം കൊണ്ടു് മതിമറന്നു് ഒന്നുംചെയ്യുവാന്‍ കഴിയാതെ അവര്‍ നിന്നനിലയില്‍ത്തന്നെ നിന്നുപോയി. അച്ഛനെയും അമ്മയേയും മാറിമാറി വിളിച്ചുകൊണ്ടു് രാജന്‍ രണ്ടുപേരേയും കെട്ടിപ്പിടിച്ചു.

നില്‍ക്കുന്ന സ്ഥലംപോലും മറന്നു് അവര്‍ രണ്ടു പേരും ആ ബാലനെ മാറിമാറി എടുത്തു മാറോടണച്ചു ചുംബിച്ചു. സന്തോഷംകൊണ്ടു് കണ്ണുനീര്‍ പൊഴിച്ചു. വെളിച്ചം തെളിച്ചു് ബാലനെ വീണ്ടുംവീണ്ടും നോക്കുകയും തലോടുകയും അവന്റെ നിറുകയില്‍ ചുംബനങ്ങൾ വര്‍ഷിക്കയും ചെയ്തു.

എന്താണു പറയേണ്ടതെന്നറിയാതെ കുറേനേരം അവര്‍ നിശ്ശബ്ദരായിനിന്നു. കുട്ടപ്പനാണു് ആദ്യം ചോദിച്ചതു്. “നീയെങ്ങനെ ഇവിടെ വന്നു മോനേ?” നാണിക്കുട്ടി ചോദിച്ചു “നീയിതുവരെ എവിടായിരുന്നു മോനേ?” ഇത്രയുംനാള്‍ രാജനെവിടെയായിരുന്നു? അവനെന്തു പററി. ഇവിടെ അവന്‍ വരാന്‍ കാരണമെന്തു്? എങ്ങനെ ഇവിടെ വന്നു ചേര്‍ന്നു. ഇതെല്ലാം അറിയാന്‍ അവര്‍ ആകാംക്ഷരായി.

“അതൊക്കെയൊരു നീണ്ട കഥയാണു്. അതു ഞാന്‍ പറയാം” അല്പം മാറിനിന്നിരുന്ന കുഞ്ചുക്കുറുപ്പാണു് അതു പറഞ്ഞതു്. രാജനെ കണ്ടപ്പോഴേക്കും അങ്ങനെ ഒരാള്‍കൂടി അവിടെയുള്ള കാര്യം അവര്‍ മറന്നുപോയിരുന്നു. അദ്ദേഹം അല്പം മുമ്പോട്ടുനീങ്ങി. ആ അരണ്ട വെളിച്ചത്തില്‍ ദീര്‍ഘകായനായ അദ്ദേഹത്തേയും അവര്‍ കണ്ടു. വിരിഞ്ഞ മാറും, നീളമുള്ള കൈകളും, മാറോളമെത്തുന്ന നരച്ച താടിരോമങ്ങളും വസൂരിക്കല കൊണ്ടു വികൃതമായ മുഖവും - എല്ലാം നാട്ടുകാര്‍ വര്‍ണ്ണിച്ചുപ്രചരിപ്പിച്ച ഭൂതത്തിന്റെ രൂപം തന്നെ. നാട്ടുകാരുടെ വര്‍ണ്ണനയിലുള്ള അതേ മരവുരിഉടുപ്പും വടിയും - അതേ, ഇതു് നാട്ടുകാര്‍ പറയുന്ന ഭൂതം തന്നെ.

കുട്ടപ്പനും നാണിക്കുട്ടിയും ഭയപ്പെട്ടില്ല. അവരുടെ ഓമനപ്പുത്രന്റെ കൂടെ ഏതു പിശാചിനെക്കണ്ടാലും അവര്‍ക്കു ഭയമില്ല. പോരെങ്കില്‍ മരിച്ചു എന്നു വിശ്വസിച്ചിരുന്ന രാജനെ ജീവനോടെ കൊണ്ടുനടക്കുന്ന ഭുതത്തിനെ എന്തിനവര്‍ ഭയപ്പെടണം. തങ്ങളുടെ പുത്രനെപ്പററി അന്വേഷിക്കാന്‍പോലും കൂട്ടാക്കാതെ അവന്റെ മരണാനന്തരക്രിയകള്‍ക്കു് ഒരുക്കുകൂട്ടന്ന നാട്ടുകാരേക്കാള്‍ എത്രയോ സ്നേഹഹൃദയനാണു് ഈ ഭൂതം.

അത്ഭുതത്തോടെ കുട്ടപ്പന്‍ ആ മഹാമനുഷ്യന്റെ മുഖത്തു സൂക്ഷിച്ചുനോക്കി. ഇരുട്ടിലും തിളങ്ങി പ്രകാശിക്കന്ന കണ്ണുകള്‍, ഭുതദയയും മനുഷ്യസ്നേഹവും വഴിഞ്ഞൊഴുകുന്ന അഴകൊത്ത മുഖം. പ്രായാധിക്യം രോഗവും മൂലം നിറം മങ്ങിയതെങ്കിലും പുഞ്ചിരിക്കുമ്പോള്‍ വിരിയുന്ന താമരപോലെ സൗന്ദര്യംചൊരിയുന്ന ആനനഭംഗി.

“ആ കഥ ഞാന്‍ പറയാം. അതിനുമുമ്പായി നാം ഒന്നു തയ്യാറായി നില്‍ക്കണം. അങ്ങുമുകളില്‍ ക്ഷേത്രപരിസരത്തു് ഒരു സംഘട്ടനം നടന്നേക്കും. കൊള്ളക്കാര്‍ ചിലര്‍ ഭാണ്ഡക്കെട്ടുമായി ഇതുവഴി വരും. ആ ഗോവണിപ്പടിയില്‍നിന്നു് അവരെ തട്ടി താഴെയിടണം. അവരെ ബന്ധിച്ചാല്‍ കുറെ അധികം രഹസ്യങ്ങല്‍ പുറത്തു വരും. സങ്കേതങ്ങളെല്ലാം എനിക്കറിയാം.” ഇത്രയും പറഞ്ഞിട്ടു് വൃദ്ധനെങ്കിലും കായശേഷി നശിച്ചിട്ടില്ലാത്ത കുഞ്ചുക്കുറുപ്പു് ഗോവണിയുടെ സമീപത്തേക്കു് ഒരു വശത്തായി മാറിനിന്നു. ആയുധങ്ങോടുകൂടി പട്ടാളച്ചിട്ടയില്‍ മറുവശത്തു് കുട്ടപ്പനും നിന്നു.

എന്തു സംഭവിച്ചാലും തനിക്കൊന്നും വരാന്‍പോകുന്നില്ല എന്ന ധൈര്യം നാണിക്കുട്ടിക്കുണ്ടു്. അവളെ ഏതു സാഹചര്യത്തിലും രക്ഷിക്കാന്‍ കുട്ടപ്പനു കഴിവുണ്ടെന്നവള്‍ക്കറിയാം. ഏറെ നാളായി മരിച്ചെന്നുവിശ്വസിച്ചു കാണാന്‍കിട്ടാതിരുന്ന എക സന്താനത്തിനെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷം അവളെ ഏററവും കുടുതല്‍ ധൈര്യവതിയാക്കിത്തീര്‍ത്തു. രാജനെ സുരക്ഷിതമായി അടുക്കിപ്പിടിച്ചുകൊണ്ടു്, മററുള്ളവരുടെ മല്‍പ്പിടുത്തത്തിനിടയില്‍പ്പെട്ടുപോകാത്തവണ്ണം അവള്‍ ഒരു മൂലയിലേക്കൊതുങ്ങിനിന്നു.