close
Sayahna Sayahna
Search

ഭുതമല


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

ഭുതമല

സ്ക്കൂളിന്റെ പടിഞ്ഞാറേഗേറ്റിറങ്ങി നേരെ തെക്കോട്ടാണ് രാജന്‍ നടന്നത്. നേരെ പടിഞ്ഞാറോട്ടു നടന്നാല്‍ വയല്‍വരമ്പിലൂടെയും ആറ്റിറമ്പിലൂടെയും അവന്റെ വീട്ടിലെത്താം. പക്ഷെ അവിടമെല്ലാം വെള്ളത്തിനടിയിലാണല്ലോ.

തെക്കോട്ടുള്ള വഴി കുറച്ചുദൂരം നടന്നാല്‍ ആ വലിയ മലയുടെ അടിവാരത്തിലെത്തും. അവിടെനിന്നും പടിഞ്ഞാറോട്ടുള്ള വഴിയേ കുറെയേറെ നടക്കണം. ഇരുവശവും വലിയ മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒറ്റയടിപ്പാതയാണത്. സാധാരണ പകല്‍പോലും ആളുകള്‍ അധികം നടക്കാത്തവഴി. വളഞ്ഞുതിരിഞ്ഞുകിടക്കുന്ന ആ വഴി കുറേക്കഴിയുമ്പോള്‍ വടക്കോട്ടു തിരിയുന്നു. പിന്നെ കിഴക്കോട്ടും, കുറെക്കഴിഞ്ഞ് വീണ്ടും വടക്കോട്ടും തിരിഞ്ഞ് ആറ്റിറമ്പിലെത്തും. അവിടെയാണ് രാജന്റെ വീട്. രാജന്റെ വീട് എന്നുപറയുന്നതിനേക്കാള്‍ കുടില്‍ എന്നു പറയുന്നതായിരിക്കും ശരി.

ആ വലിയ മല പാറക്കെട്ടുകളും ഗുഹകളും നിറഞ്ഞതാണ്. പകല്‍പോലും അങ്ങോട്ടു നോക്കിയാല്‍ ഭയം തോന്നും. അവിടുത്തെ ഗ്രാമീണര്‍ വളരെ ഭയന്നാണ് അടിവാരത്തുള്ള ഗ്രാമത്തില്‍ കഴിഞ്ഞുകൂടുന്നത്. ഏതാനും വര്‍ഷങ്ങളായി ഒരു ഭൂതം ആ മലയില്‍ കഴിഞ്ഞുകൂടുന്നതായി വിശ്വസിക്കപ്പെട്ടുവരുന്നുണ്ട്.

ഗ്രാമീണാര്‍ ഓരോരുത്തരും ആ ഭൂതത്തെപ്പറ്റി ഓരോ കഥകള്‍ പറയും. ഭൂതത്തെ നേരിട്ടു കണ്ടിട്ടുള്ള രീതിയില്‍ സംസാരിക്കുന്നവരും കുറവല്ല. കൊച്ചുകുട്ടികള്‍ ഈവിധ കഥകള്‍ കേട്ട് ഭയന്നു വിറച്ചുപോകും. ഈ കഥകളില്‍ വിശ്വസിച്ച് സന്ധ്യയാകുമ്പോള്‍ മുതല്‍ നേരം വെളുത്ത് പ്രകാശം നല്ലവണ്ണം പരക്കുന്നതുവരെ ആരും അടിവാരത്തിലുള്ള വഴിയിലൂടെ നടക്കാറില്ല. വളരെ അത്യാവശ്യം ഉണ്ടായാല്‍ മാത്രമേ നല്ല വെളിച്ചമുള്ള പകല്‍ പോലും ആരെങ്കിലും ആ വഴി ഉപയോഗിക്കാറുള്ളു.

ആ മലയുടെ അടിവാരത്തില്‍, നിരപ്പൊത്ത ഒരു പാറയില്‍, വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക്, മഴ നനഞ്ഞ് ബോധരഹിതനായിട്ടാണ് പാവം രാജന്‍ കിടക്കുന്നത്. ഈ ഭീകരമായ മലയ്ക്കാണ് നാട്ടുകാര്‍ ഭൂതമല എന്നു പേരിട്ടിരിക്കുന്നത്.

ഭൂതമലയിലെ ഭൂതത്തിനെപ്പറ്റി പലരും വര്‍ണ്ണിച്ചുകേള്‍ക്കാറുണ്ട്. സാധാരണ ഉയരംകൂടിയ മനുഷ്യനേക്കാള്‍ രണ്ടുമൂന്നടിയെങ്കിലും പൊക്കം ഈ ഭൂതത്തിന് കൂടുതലുണ്ട്. കറുത്തിരുണ്ട് മുഴകളും പാണ്ടുകളും ഉള്ള മുഖം. സാമാന്യത്തിലധികം നീളമുള്ള മൂക്ക്. തീപ്പൊരി ചിതറുന്നതുപോലെ ചുവന്ന കണ്ണുകള്‍. ആനയുടെ ചെവിപോലെ വിരിഞ്ഞ കാതുകള്‍. താഴോട്ടു തൂങ്ങിയ താടിയില്‍ വളര്‍ന്നിറങ്ങിയ താടിരോമങ്ങള്‍ മാറുമറച്ച് പൊക്കിള്‍ വരെ എത്തുന്നു. ചുരുണ്ടുപിരിഞ്ഞ് ജഡപിടിച്ച താടിമീശകള്‍ നരച്ച് വെളുത്തും ചെമ്പിച്ചും തമ്മില്‍ പിരിച്ചുമിട്ടിരിക്കും. വീതിവിസ്താരം കൂടിയ നെറ്റിക്കുമുകളില്‍ കാടുപോലെ ഇടതൂര്‍ന്നുള്ള മുടികള്‍ പിറകോട്ടിറങ്ങി ജടപിടിച്ച് അരവരെ തൂങ്ങിക്കിടന്നാടും. വീതിയേറിയ നെഞ്ച് മരവുരികൊണ്ട് മറച്ചുള്ള മേല്‍പ്പട്ട. അതേരീതിയില്‍ അരമുതല്‍ പാദംവരെ മരവുരികൊണ്ടു കാല്‍ച്ചട്ട. കൈമുട്ടുകള്‍ വരെ മേല്‍ച്ചട്ട മറയ്ക്കുന്നു. നീളമേറിയ കൈവിരലുകളില്‍ കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍ വളര്‍ന്നുനില്ക്കും. ഒരു കൈകൊണ്ട് ഒരാടിനെ പിടിച്ചാല്‍ ആ കൈനഖങ്ങള്‍ കുത്തിയിറക്കി ആടിന്റെ രക്തം ഊറ്റിയെടുക്കാന്‍ കഴിവുള്ള കരുത്തുണ്ട് ഭൂതത്തിന്.

രാജന്‍ ഈ രൂപം മനസ്സില്‍ ഓര്‍ത്തുകാണണം. അതായിരിക്കാമോ അവന് ബോധക്ഷയമുണ്ടാകാന്‍ കാരണം? അയിരിക്കില്ല. രാജന്‍ ധൈര്യശാലിയാണ്. അവനു ശരീരസുഖവും ബലവുമുണ്ടായിരുന്നെങ്കില്‍, ആ ഭൂതത്തെ നേരിട്ടുകണ്ടാല്‍ അയാളോടു കുശലം ചോദിച്ച് അടുക്കുവാന്‍ തക്ക സാമര്‍ത്ഥ്യവും ധൈര്യവും രാജനുണ്ട്.

ഭൂതത്തെപ്പറ്റിയുള്ള നിരവധി കഥകള്‍ രാജന്‍ കേട്ടിട്ടുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍ സന്ധ്യയ്ക്ക് ഭൂതം മലയിറങ്ങി അടിവാരത്തില്‍ വരും. സമീപപ്രദേശങ്ങളില്‍ കാണുന്ന ആടുമാടുകളേയും മനുഷ്യരേയും ആ ഭൂതം പിടിച്ചുകൊണ്ടുപോകും. അടിവാരത്തിലുള്ള നിരപ്പൊത്തപാറകളില്‍ ഇരുന്ന് വിശ്രമിക്കും. പിടിച്ചുകൊണ്ടുവരുന്ന ആടുമാടുകളുടെ രക്തം ആ പാറയിലിരുന്നു ചീന്തിക്കുടിക്കും. എന്നിട്ട് അവയുടെ ജഡം വലിച്ചെറിയും. അങ്ങനെ അനേകം ആടുമാടുകളുടേയും ചില മനുഷ്യരുടേയും ജഡം പലപ്പോഴും ആ നാട്ടുകാരില്‍ പലരും കണ്ടിട്ടുണ്ടത്രേ. വിശാലവും ഉന്നതവുമായ ആ മല മുഴുവനും ഭൂതത്തിന്റെ അധീനതയിലാണത്രേ. ആ പാറക്കെട്ടുകളിലോ അടിവാരത്തിലോ മനുഷ്യര്‍ കടക്കുന്നത് ഭൂതത്തിനിഷ്ടമല്ലത്രേ!

അപ്പോള്‍ ആ ഭൂതം വെള്ളിയാഴ്ചദിവസങ്ങളില്‍ വിശ്രമിക്കാനും മൃഗങ്ങളെ കൊന്നു ചോരകുടിക്കാനും ഉപയോഗിക്കുന്ന നിരപ്പൊത്ത പാറയിലായിരിക്കാമല്ലോ പാവം രാജന്‍ വീണിരിക്കുന്നത്. ദിവസം വെള്ളിയാഴ്ചയാണുതാനും. ആരെങ്കിലും വന്ന് പെട്ടന്ന് രാജനെ രക്ഷിച്ചിരുന്നെങ്കില്‍!

പക്ഷെ ഭയപ്പെടാനില്ലായിരിക്കാം. ആ ഗ്രാമത്തിന്റെ രക്ഷിതാവാണു ഭൂതമെന്ന് വിശ്വസിക്കുന്നവരും ആ നാട്ടിലുണ്ട്. ഭൂതം പിടിച്ചു എന്നു വിശ്വസിക്കപ്പെട്ടിരുന്ന കന്നുകാലികളെ കുറേക്കാലം കഴിഞ്ഞ് കുട്ടികള്‍ സഹിതം തിരിച്ചുകിട്ടിയതായും കഥകള്‍ കേട്ടിട്ടുണ്ട്. ഭൂതത്തിന്റെ ശരിയായ കാവല്‍ കാരണമാണ് ആ നാട്ടില്‍ രോഗബാധപോലും ഉണ്ടാകാത്തതെന്ന് പറയുന്ന കുറച്ചാളുകളും ആ ഗ്രാമവാസികളുടെ കൂട്ടത്തിലുണ്ട്. വിശ്വാസം എന്തുതന്നെയായാലും സന്ധ്യാസമയത്തോ രാത്രിയിലോ പ്രത്യേകിച്ചും വെള്ളിയാഴ്ച ദിവസം ആരുംതന്നെ അടിവാരത്തിലെ വഴിത്താരയിലൂടെ പോവുകയില്ല. പോകാന്‍ ആരേയും നാട്ടുകാര്‍ അനുവദിക്കുകയുമില്ല. അതിനാല്‍ നേരംവെളുക്കുന്നതുവരെ രാജനെ രക്ഷിക്കാന്‍ ആ വഴി ആരെങ്കിലും വരുമെന്നു വിചാരിച്ചിട്ടു കാര്യമില്ല.