close
Sayahna Sayahna
Search

നാണിക്കുട്ടിക്ക് പനി


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

നാണിക്കുട്ടിക്ക് പനി

അന്നു സന്ധ്യയ്ക്കു മുമ്പായി നാണിക്കുട്ടിയും കുട്ടപ്പനും ഗുഹാമുഖത്തെത്തി. നാണിക്കുട്ടി വളരെ ക്ഷീണിതയായിരുന്നു. നടന്നതിലുള്ള ക്ലേശവും ഗുഹയില്‍ ആള്‍താമസമില്ലെന്നറിഞ്ഞതിലുള്ള നിരാശയും ഏറെ ദിവസമായി വീടുവിട്ടുള്ള ജീവിതവുംമൂലം അവള്‍ പരവശയായി. കാട്ടിലെ അലച്ചില്‍ ആരോഗ്യത്തെ ബാധിച്ചിരുന്നില്ലെങ്കിലും അന്നത്തെ ആവേശവും നടപ്പും അവസാനനിരാശയം കൊണ്ടു് അവളുടെ ശരീരമെല്ലാം പുകയുന്നപോലെ തോന്നി. സന്ധ്യയായപ്പോഴേക്കും മഞ്ഞും തണുപ്പും വീണെങ്കിലും നാണിക്കുട്ടിയുടെ ശരീരം തൊട്ടാല്‍ പൊള്ളുമെന്ന മട്ടായി.

പനി അവളെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. കൈകാലുകള്‍ തളര്‍ന്നു. മുഖമെല്ലാം ചുവന്നുതുടുത്തു. അവള്‍ക്ക് ഒരടി മുന്നോട്ടു നടക്കുവാന്‍ വയ്യ. നിവര്‍ന്നുനില്‍ക്കുന്നതിനുതന്നെ അവള്‍ക്കു ശക്തിയില്ലാതായി. അവള്‍ വീണുപോകുമെന്ന മട്ടു കണ്ടപ്പോള്‍ കുട്ടപ്പന്‍ അവളെ താങ്ങിപ്പിടിച്ചു് ഒരു പരന്ന പാറയില്‍ കിടത്തി.

നല്ല പൂനിലാവുള്ള രാത്രി. മഴയില്ല. തണുപ്പിനും കുറവുണ്ടു്. കുട്ടപ്പനു ധൈര്യം ഇരട്ടിക്കുകയാണുചെയ്തതു്. പട്ടാളക്യാമ്പിലെ ജീവിതം അവനോര്‍ത്തു. ശത്രുക്കളെ കടത്തിവിടാതിരിക്കാന്‍ എത്രയോ രാത്രികളില്‍ കുട്ടപ്പന്‍ ഇതുപോലുള്ള സ്ഥലത്തു് തോക്കുമേന്തി കാവല്‍ നിന്നിരിക്കുന്നു! അന്നൊക്കെ അവന്റെ സഞ്ചിയില്‍ ആഹാരത്തിനുള്ള വകകള്‍ പായ്ക്കററുകളില്‍ സൂക്ഷിച്ചിരുന്നു. ഇന്നാകട്ടെ അല്പം കടുംകാപ്പി തിളിപ്പിക്കാനുള്ള കരുപ്പട്ടിയും കാപ്പിപ്പൊടിയും മാത്രമാണു് അവശേഷിക്കുന്നതു്.

കുട്ടപ്പന്‍ ഒട്ടുംതന്നെ താമസിയാതെ അടുത്തുള്ള പാറക്കുഴിയിലെ വെള്ളമെടുത്തു് പാത്രം അടുപ്പില്‍വച്ചു. ചുളളികളും കരീലയും കത്തിച്ചു തീകൂട്ടി. മല്ലിപ്പൊടിയും കാപ്പിപ്പൊടിയും കരുപ്പെട്ടിയുമിട്ടു കാപ്പി തിളപ്പിച്ചു. കുരുമുളകുപൊടിയും കുറച്ചിട്ടു. ഒരു നല്ല കഷായമുണ്ടാക്കി ചൂടോടെ നാണിക്കുട്ടിക്കു കൊടുത്തു. പനിക്കും തലവേദനയ്ക്കും ഉള്ള മരുന്നുകള്‍ സഞ്ചിയിലുണ്ടു്. കുട്ടപ്പന്‍ അതും തപ്പിയെടുത്തു. രാത്രിയിലെ ആഹാരത്തിനു ശേഖരിച്ചിരുന്ന കിഴങ്ങുകള്‍ ചുട്ടെടുത്തു. കുറച്ചു പൊടിയരി സൂക്ഷിച്ചുവെച്ചിരുന്നതെടുത്തു കഞ്ഞിയുണ്ടാക്കി.

കാപ്പിയും മരുന്നും നാണിക്കുട്ടി കഴിച്ചു. കുറച്ചു കിഴങ്ങു ചുട്ടതും കാപ്പിയും കുട്ടപ്പനും അകത്താക്കി. നാണിക്കുട്ടിയുടെ നെററിയില്‍ മരുന്നു പുരട്ടി കുട്ടപ്പന്‍ തടവിക്കൊടുത്തു. അവള്‍ക്കു ആശ്വാസവും ധൈര്യവും തോന്നി. കുറെനേരം അവര്‍ രണ്ടുപേരും വിശ്രമിച്ചു.

നാട്ടിലെ സ്ഥിതി അറിയുന്നതിനായി പ്രഭാതത്തില്‍ തിരിച്ചുപോകുണമെന്നും, രാജനെപ്പററിയുള്ള തെരച്ചില്‍ ഒന്നുരണ്ടു ദിവസത്തിനകം വീണ്ടും ആരംഭിക്കണമെന്നും അവര്‍ തീരുമാനിച്ചു. ഒരു പക്ഷേ ഇതിനോടകം രാജന്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുമെന്നും അവരെ കാണാതെ അവന്‍ വിഷമിച്ചിരിക്കുമെന്നും നാണിക്കുട്ടി കുട്ടപ്പനോടു പറഞ്ഞു. അവളുടെ അതിരററ ആഗ്രഹംകൊണ്ടു പറഞ്ഞപോയതാണെന്നു് കുട്ടപ്പനു തോന്നിയെങ്കിലും ആശ്വസിപ്പിക്കാന്‍വേണ്ടി അതു ശരിയായിരിക്കാമെന്നു അവനും സമ്മതിച്ചു.

കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ നാണിക്കുട്ടിക്കു നല്ല വിശപ്പു തോന്നി. നേരത്തെ തയ്യാറാക്കിയ കഞ്ഞി കുട്ടപ്പന്‍ അവള്‍ക്കു കൊടുത്തു. അതു കഴിച്ചപ്പോഴേക്കും നാണിക്കുട്ടിക്കു ക്ഷീണം മാറി; നല്ല ഉറക്കം വന്നു. അവളുടെ സമീപം കുട്ടപ്പന്‍ ഉറങ്ങാതെ കാവലിരുന്നു.

കട്ടപ്പന്റെ മനസ്സില്‍ അനേകം സംശയങ്ങളും അലോചനകളും കടന്നുവന്നു. വര്‍ഷങ്ങളോളമായി കാടു പിടിച്ചു്, ആള്‍ പ്രവേശിക്കാതെ നാട്ടില്‍ അവശേഷിക്കുന്ന ഒഴു പഴയ വീടു്. അതിനു മുമ്പില്‍ ഒരു കാളീക്ഷേത്രം. അവിടെ വീടു്. അവിടെ ഭജനയും, പൂജയും, വഴിപാടും, ഉത്സവവും, കുരുതിയും ഒക്കെ നടക്കുന്നു. നാട്ടുകാര്‍ ഭയവിഹ്വലരായി ദേവിയെ ഭജിക്കുന്നു. നാട്ടുകാരെ ദേവിയുടെ പേരില്‍ ഭീഷണിപ്പെടുത്തി ഒരു കൂട്ടം ആളുകള്‍ പണം പിരിച്ചു് സമ്പന്നരായി, സുഖിച്ചുജീവിക്കുന്നു. അവര്‍ ശരീരമനങ്ങി പണി ചെയ്യുന്നില്ല. അവര്‍ക്കു ദേവിയെ ഭയമില്ല. നാട്ടുകാര്‍ക്ക് ഉപദേശിക്കുന്ന നല്ല കാര്യങ്ങളൊന്നുംതന്നെ ജീവിതത്തില്‍ ഈ നേതാക്കന്മാര്‍ സ്വയം ചെയ്യുന്നില്ല.

കാടുപിടിച്ച പഴയ വീടു്. അതില്‍ പ്രവേശിക്കുന്നതിനു് നാട്ടുകാരെ അനുവദിക്കുന്നില്ല. അതിനകത്തു് എന്താണുളളതു്. അനേകവര്‍ഷം മുമ്പു് ആ വീട്ടില്‍ ഏകനായി ഒരു നല്ല മനുഷ്യന്‍ ജീവിച്ചിരുന്നു. ഒരു മഹാരോഗം പിടിപെട്ടു് അദ്ദേഹം മരിച്ചു. ഇത്രയും കാലമായിട്ടും ആ വീട്ടില്‍നിന്നു് ആ നല്ല മനുഷ്യന്റെ പ്രേതം മാറിയിട്ടില്ലെന്നോ? നല്ല മനുഷ്യന്‍ മരിച്ചാല്‍ അവരുടെ പ്രേതം മനുഷ്യര്‍ക്കെതിരായി പ്രവര്‍ത്തിക്കുമെന്നോ? കുട്ടപ്പന്‍ യുക്തിപൂര്‍വ്വം ചിന്തിച്ചുതുടങ്ങി.

ആ മഹാസിദ്ധന്‍ നാട്ടുകാരെയെല്ലാം സ്നേഹിവച്ചിരുന്നു. ഏതപകടസമയത്തും അവിടെച്ചെന്നു് അദ്ദേഹത്തെആശ്രയിക്കാമായിരുന്നു. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു മലയില്‍ ഒരു ഭൂതം ജനിക്കുന്നു. മനുഷ്യരെ പിടിക്കുന്ന ഭൂതം! അദ്ദേഹത്തിന്റെ കാടുപിടിച്ച വീട്ടുമുററത്തു് ഒരു ദൈവം വളരുന്നു. നാട്ടുകാരെ ഭീതിപ്പെടുത്തി പണം പിടുങ്ങി ആഘോഷിച്ചു സുഖിക്കുന്ന ഭദ്രകാളി! ഇതിലെല്ലാം ഏതോ പൊരുത്തക്കേടുണ്ടെന്നു കുട്ടപ്പനു തോന്നി. വളരെ വലിയ രഹസ്യങ്ങല്‍ ഈ വീട്ടിന്റേയും ക്ഷേത്രത്തിന്റേയും പരിസരങ്ങളില്‍ പതുങ്ങിയിരിപ്പുണ്ടെന്നവൻ വിചാരിച്ചു.

നാണിക്കുട്ടി നല്ല ഉറക്കമാണ്. എങ്കിലും ഏതു സമയത്തും ഉണര്‍ന്നേക്കാം. നല്ല ചന്ദ്രിക പ്രകാശിക്കുന്നുണ്ടു്. അല്പം അകലെ നിന്നാലും അവളെ കാണത്തക്ക വെളിച്ചമുണ്ടു്. ആ ഗുഹയുടെ പരിസരം ഒന്നു നടന്നുകാണാന്‍ കുട്ടപ്പനു് ആഗ്രഹം ജനിച്ചു. അടുത്ത ദിവസം കാലത്തെ നാട്ടിലേക്കു മടങ്ങണമല്ലോ. വീണ്ടും ഇവിടെ വരണമെങ്കില്‍ എത്രമാത്രം ക്ലേശിക്കണം. തലേദിവസം ഇവിടെ രണ്ടുപേരുടെ നിഴല്‍ കണ്ടതുപോലെ അവര്‍ക്കു തോന്നിയെന്തുകൊണ്ടിരിക്കാം. ഇവിടെ ആള്‍താമസമുണ്ടായിരുന്നോ? അതോ തന്നെപ്പോലെ മറ്റാരെങ്കിലുമൊക്കെ രാജനെ തേടി ഇവിടെയെത്തിയിരുന്നോ?

കുട്ടപ്പന്റെ മനസ്സില്‍ അങ്ങനെ പലേ സംശയങ്ങളും ഉദിച്ചു. നാണിക്കുട്ടിയെ അവിടെ തനിച്ചു കിടത്തിയിട്ടു് അടുത്ത ചുററുപാടുകള്‍ നടന്നുനോക്കാന്‍തന്നെ കുട്ടപ്പന്‍ തീരുമാനിച്ചു.

കട്ടിയുള്ള പുതപ്പുകൊണ്ടവളെ ഭദ്രമായി പുതപ്പിച്ചു. ഭാണ്ഡമഴിപ്പു് അതില്‍ വച്ചിരുന്ന കത്തി, കഠാരി തുടങ്ങിയ ചില ആയുധങ്ങള്‍ കയ്യിലെടുത്തു. തീപ്പെട്ടിയും മെഴുകുതിരിയും ഒരു ചെറിയ കൈവിളക്കും എടുക്കാന്‍ മറന്നില്ല. സാവകാശത്തില്‍ കുട്ടപ്പന്‍ ആ പാറക്കെട്ടുകളുടെ ഇടയിലേക്കു നടന്നു. ഇടയ്ക്കിടെ നാണിക്കുട്ടിയെ തിരിഞ്ഞുനോക്കുകയുംചെയ്തു. അവള്‍ നല്ല ഉറക്കമാണെന്നവനു ബോദ്ധ്യമുണ്ടു്.

അല്പം നടന്നപ്പോള്‍ ആള്‍സഞ്ചാരമുണ്ടായിരുന്ന പാതകള്‍ കാണാന്‍കഴിഞ്ഞു. ആ സ്ഥലം കേവലം വിജനമല്ലെന്നവനു മനസ്സിലായി. എന്നാല്‍ നിത്യവും അവിടെ ആള്‍ നടപ്പില്ലെന്നും ബോദ്ധ്യമായി. അങ്ങു് ഗുഹയ്ക്കുള്ളില്‍ എവിടെയോ ആട്ടിന്‍പററങ്ങളുടെ ശബ്ദവും അവന്‍ കേട്ടു. പക്ഷെ അങ്ങകത്തേക്കു പോകാന്‍ അവനു കഴിഞ്ഞില്ല. നാണക്കുട്ടി തനിയെ കിടക്കയാണല്ലോ.

പാറയുടെ നിഴലില്‍ മങ്ങിയ പ്രകാശത്തില്‍ക്കണ്ട വഴികള്‍ അവന്‍ നല്ലവണ്ണം മനസ്സിലാക്കി. നേരം വെളുത്തു് കുറച്ചു പ്രകാശം പരന്നതിനുശേഷം അവിടം പരിശോധിക്കാമെന്നു് അവന്‍ ഉറച്ചു. എല്ലാം ഒന്നുകൂടി നോക്കിയിട്ടു് കുട്ടപ്പന്‍ നാണിക്കുട്ടി കിടക്കുന്നിടത്തേക്കു നീങ്ങി.

ഈ പാറക്കെട്ടിനുള്ളിലും, നാട്ടിലെ കാടുപിടിച്ച വീട്ടിലും, ഇവിടെയുണ്ടാക്കിയ ക്ഷേത്രത്തിലുമെല്ലാം കൃത്രിമത്വവും രഹസ്യങ്ങളും ഒളിച്ചിരുപ്പുണ്ടെന്നു് കുട്ടപ്പന്‍ ദൃഢമായി വിശ്വസിച്ചു. സാധുക്കളായ നാട്ടുകാരെ വഞ്ചിക്കാനായി സൃഷ്ടിച്ചിട്ടുള്ള ഈ പ്രസ്ഥാനങ്ങളുടെ സത്യവസ്ഥ കണ്ടുപിടിക്കാനും വെളിച്ചത്തു കൊണ്ടുവരാനും ശ്രമിക്കണമെന്നു് അവന്‍ മനസ്സില്‍ നിശ്ചയിച്ചു.