close
Sayahna Sayahna
Search

ക്ഷേത്രം തകരുന്നു


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

ക്ഷേത്രം തകരുന്നു

കുട്ടപ്പനും നാണിക്കുട്ടിയും അങ്ങനെ ഗുഹാമുഖം ലക്ഷ്യമാക്കി നടക്കുമ്പോള്‍ അവരുടെ അഭാവത്തില്‍ രാജന്റെ ശേഷക്രിയകള്‍ നടത്താനും കാളീക്ഷേത്രത്തില്‍ ആരാധനയും ആഘോഷങ്ങളും കൊണ്ട് ദേവീപ്രീതി സമ്പാദിക്കാനും നാട്ടുകാര്‍ ഒരുക്കുകയായിരുന്നു. നാടിനെ അനുഗ്രഹിക്കാന്‍ ദേവിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒരു വലിയ തുക സംഭരിച്ചുകഴിഞ്ഞു. മാവില, കുരുത്തോല, കുലവാഴ, ചെത്തി ചെമ്പരത്തിപ്പൂക്കള്‍ കൊണ്ടുള്ള മാല, ഇവകൊണ്ടെല്ലാം അന്നു രാത്രിതന്നെ ക്ഷേത്രവും പരിസരങ്ങളും അലങ്കരിച്ചു. വേണ്ടത്ര വിളക്കുകളും നിവേദ്യത്തിനുള്ള സാധനങ്ങളും, കര്‍പ്പൂരം, സാമ്പാണി, തെള്ളിപ്പൊടി, പന്തം, ശൂലം, വാളു്, ചിലങ്ക, പട്ടു് തുടങ്ങിയ എല്ലാ ഉപകരണാദികളും അമ്പലനടയില്‍ നിരത്തി. നാട്ടകാര്‍ അന്നു സന്ധ്യയക്കു് ഭജനയും പാട്ടും കളമെഴുത്തും കഴിഞ്ഞു് നേരത്തെ നടയടച്ചു വീടുകളിലേയ്ക്കു പോയി. വെളുപ്പിനു് അഞ്ചുമണിക്കു് ചടങ്ങുകള്‍ ആരംഭിക്കേണ്ടതാണല്ലോ.

രാജനെ കാണിതായശേഷം പതിനാറാം ദിവസത്തെ പ്രഭാതരശ്മികള്‍ വിരിയാന്‍ ഏതാനും മണിക്കൂറുകള്‍ അവശേഷിച്ചു. നേരത്തെ ക്ഷേത്രത്തിലെത്താന്‍ പ്രമാണിമാര്‍ ഉണര്‍ന്നു തയ്യാറെടുപ്പു തുടങ്ങി. മന്ത്രവാദിയും പൂജാരിയും ജ്യോത്സ്യനും നേതാക്കന്മാരും തലേദിവസത്തെ മദ്യത്തിന്റെ ലഹരിയില്‍നിന്നുണര്‍ന്നു ക്ഷേത്രത്തലേക്കു പുറപ്പെടാറായി. അവരില്‍ കുറേപ്പേര്‍ ഒന്നിച്ചു് ഒരു പൊതുസ്ഥലത്തുകൂടി അന്നു നടത്തേണ്ട പരിപാടികളേയും നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ കാണിക്കേണ്ട അത്ഭുതസംഭവങ്ങളേയും പററി ചര്‍ച്ച ചെയ്തു. ശൂലം ശരീരത്തില്‍ തറച്ചു തളളുന്നതും, തീപ്പന്തം വിഴുങ്ങുന്നതും, തുള്ളിക്കൊണ്ടു് കാളിയുടെ ആവശ്യങ്ങള്‍ അട്ടഹസിക്കുന്നതും എല്ലാം ആരൊക്കെ ചെയ്യണമെന്നും, എപ്പോഴൊക്കെ വേണമെന്നും ഒന്നുകൂടി പറഞ്ഞൊപ്പിച്ചു. അഞ്ചു മണി മുതല്‍ വിളക്കുകളും പന്തങ്ങളും കത്തിജ്വലിച്ചുനില്‍ക്കണം. കാണിക്കപ്പെട്ടികള്‍ നാലുവശവും നിരത്തിവയ്ക്കണം. ഭയവും ഭക്തിയും അത്ഭുതവും നാട്ടുകാരില്‍ ഉണ്ടാകത്തക്ക കാഴ്ച അവിടെയുണ്ടായിരിക്കണം. അതുകൊണ്ടു് അതിന്റെ പ്രവര്‍ത്തകര്‍ നാലുമണിക്കെങ്കിലും ക്ഷേത്രത്തില്‍ ചെല്ലേണ്ടതാണു്.

ഇതിനു നിയുക്തരായവര്‍ നാലുമണിയായപ്പോഴേക്കും ക്ഷേത്രപരിസരത്തെത്തിക്കഴിഞ്ഞു. തലേദിവസം കത്തിച്ചുവച്ചിരുന്ന കെടാവിളക്കു് അണഞ്ഞിരിക്കുന്നതായി ദൂരെവച്ചുതന്നെ അവര്‍ കണ്ടു. ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ അവര്‍ അന്ധാളിച്ചു നിന്നുപോയി. അവിടെ കണ്ട കാഴ്ച അവരെ കുറേ നേരം ഇതികര്‍ത്തവൃതാമൂഢരാക്കിത്തീര്‍ത്തു.

ക്ഷേത്രപരിസരം അലങ്കരിച്ചിരുന്ന മാലതോരണാദികള്‍ ഒന്നുംതന്നെ കാണാനില്ല. നടയ്ക്കു നിരത്തിയിരുന്ന വിളക്കുകളും, പാത്രങ്ങളും, ഉപകരണങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. എല്ലാം ആരോ നശിപ്പിച്ചമാതിരി കാണപ്പെട്ടു. ക്ഷേത്രവാതിൽ തുറന്നുകിടക്കുന്നു. വളരെ കലാപരമായി, ഭീകരമായി അലങ്കരിച്ചുവച്ചിരുന്ന കാളീവിഗ്രഹം ഉടച്ചു് ആയിരം കഷണങ്ങളാക്കി അവിടെയെല്ലാം ചിതറി ഇട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂര തകർത്തിട്ടുണ്ടു്. തൂണുകൾ മറിഞ്ഞും ഭിത്തികൾ പൊളിഞ്ഞും കിടക്കുന്നു. ചുറ്റും പടർന്നുനിന്നിരുന്ന കാടുകളും വള്ളികളും പറിച്ചു് ക്ഷേത്രത്തിനകത്തും പുറത്തും വാരി വിതറിയിട്ടിരിക്കുന്നു.

കയ്യിലിരുന്ന വിളക്കുകൾ തെളിച്ച് അവർ ചുറ്റുപാടും ഒന്നു നോക്കുവാൻ ശ്രമിച്ചു. പക്ഷെ ഭയംകൊണ്ടവർ വിറച്ചു. ദൈവകോപം തങ്ങൾക്കെതിരായി വന്നിരിക്കുന്നു എന്നവർ വിചാരിച്ചു. കാട്ടിനകത്ത് വർഷങ്ങളായി തുറക്കാതെയിട്ടിരുന്ന വീട്ടിൽനിന്നു് അലർച്ചയും അട്ടഹാസങ്ങളും അവർ കേട്ടു. അല്പനേരംപോലും അവിടെ നിൽക്കുന്നതിനവർ ധൈര്യപ്പെട്ടില്ല. ശബ്ദം കേട്ടമാത്രയിൽ അവർ ഒന്നിച്ചു് അവിടെനിന്നോടി. വഴിക്കു കിടന്ന വിളക്കുകല്ലിൽ തട്ടിമറിഞ്ഞുവീണവർ പിടഞ്ഞെഴുന്നേറ്റ് മറ്റുള്ളവരുടെ പിന്നാലെ ഓടി. പ്രമാണിമാർ കൂടിനിന്നിരുന്ന സ്ഥലത്തെത്തിയപ്പോഴേക്കും അവർ വിയർത്തുകുളിച്ചിരുന്നു. ഒരുത്തർക്കും ഒരക്ഷരംപോലും ഉരിയാടാൻ വയ്യാത്തവിധം എല്ലാവരുടേയും നാവു തളർന്നിരുന്നു. അവരുടെയെല്ലാം ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ചിലർ ബോധരഹിതരായി വീണു. മറ്റു ചിലർ വെള്ളം കുടിക്കുവാൻ ആവശ്യപ്പെടുന്ന രീതിയിൽ ആംഗ്യം കാണിച്ചു.

വിവരമറിയാതെ അവിടെ കൂടിനിന്നവർ അമ്പരന്നു. അതിൽ ചിലർ വളരെയധികം ഭീതി പ്രകടിപ്പിച്ചു. മറ്റു ചിലർ ഓടിവന്നവരെ പരിചരിക്കാൻ യത്നിച്ചു. വിവരം അടുത്തടുത്തുള്ള വീടുകളിൽ അറിഞ്ഞു് അവിടെ നിന്നും ആളുകൾ ഓടിവന്നുതുടങ്ങി. എല്ലാവർക്കും കുടിക്കാന്‍ കാപ്പിയും കിടക്കാന്‍ പായും വീശാന്‍ വിശറിയം എല്ലാം ഓരോ സ്ഥലത്തുനിന്നും കൊണ്ടുവന്നു.

ക്ഷേത്രത്തില്‍ എന്തോ ഭയങ്കര സംഭവമുണ്ടായിരിക്കുന്നു എന്നും അങ്ങോട്ടു പോകുന്നതു് അപകടമാണെന്നും ഉളള സൂചന നാട്ടുകാര്‍ക്ക് ലഭിച്ചു. എന്താണു സംഭവിച്ചതെന്നാര്‍ക്കും അറിഞ്ഞുകൂടാ. ഏതായാലും ക്ഷേത്രത്തിലെ പരിപാടികളൊന്നും നടക്കുകയില്ലെന്നുള്ള വാര്‍ത്ത പരന്നു.

അഞ്ചുമണി കഴിഞ്ഞിട്ടും ക്ഷേത്രപരിസരത്തൊന്നും ആരും ചെന്നില്ല. പ്രകാശം വീണുതുടങ്ങിയപ്പോള്‍ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ ധൈര്യമവലംബിച്ചു് ക്ഷേത്രത്തിലേക്കു പോയ കുറച്ചു പേര്‍ അകലെനിന്നു് നോക്കിയശേഷം മടങ്ങിവന്നു. നല്ലതുപോലെ സൂര്യന്‍ തെളിഞ്ഞശേഷം ആവശ്യമായ തയ്യാറെടുപ്പോടെ കുറെ അധികം ആളുകള്‍ ഒന്നിച്ചുമാത്രമെ ക്ഷേത്രപരിസരത്തേയ്ക്കു നീങ്ങാവൂ എന്നു് മന്ത്രവാദിയും പൂജാരിയും കൂടി മുന്നറിയിപ്പു നല്‍കി. ഭക്തിയേക്കാളേറെ ദേവിയെപ്പററി ഭയമാണ് നാട്ടുകാരില്‍ ഉണ്ടായതു്.

കാലത്തെ ആഹാരം ആ പൊതുസ്ഥലത്തുതന്നെ തയ്യാറാക്കി. ക്ഷേത്ര പരിസരത്തു പോകുന്നതിനു് ആവശ്യമെങ്കില്‍ ജീവന്‍പോലും വെടിഞ്ഞു് ദേവിയെ പുനഃസ്ഥാപിക്കുന്നതിനും ഏററവും ധൈര്യമുള്ള കുറേപ്പേരെയും മന്ത്രവാദിയേയും പൂജാരിയേയും തെരഞ്ഞെടുത്തു. അവര്‍ക്ക് സമൃദ്ധിയായ ആഹാരവും വേണ്ടത്ര മദ്യവും നല്‍കി തൃപ്തരാക്കി. അങ്ങനെ ആടിയും അട്ടഹസിച്ചും അവര്‍ ക്ഷേത്രസങ്കേതത്തിലേക്കു നീങ്ങിപ്പോയപ്പേള്‍ മണി എട്ടടിച്ചുകഴിഞ്ഞു.

മദ്യത്തിന്റെ ലഹരിയില്‍ ബേധം ക്ഷേത്രസങ്കേതത്തിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച അവര്‍ക്കു തന്നെ ഭീതി ജനിപ്പിച്ചു. പരസ്പരമുള്ള കൂട്ടു വിട്ടു് അവര്‍ നാലുവശവും നടന്നു. ചിലര്‍ അകത്തു കടന്നു. പൊളിഞ്ഞ ഭിത്തിയിലൂടെ അകത്തുനിന്നു പറുത്തേയ്ക്കു ചാടിയവരെക്കണ്ടു് പുറത്തുനിന്നവര്‍ ഭയന്നു. പുറത്തുനില്‍ക്കുന്നവര്‍ ഭൂതഗണങ്ങളാണെന്നു കരുതി അകത്തുനിന്നു ചാടിയവർ വാളും വടിയും വീശി. പുറത്തുനിന്നവര്‍ തിരിച്ചടിച്ചു. ചിലരുടെ തലപൊട്ടി ചോര് ചാടി. ചിലര്‍ നിലം പതിച്ചു. കുറേപ്പേര്‍ അടി കൊണ്ടു് രക്തവുമൊലിപ്പിച്ചു തിരിച്ചോടി. അപ്പോഴും അവിടെ നടന്നതെന്താണെന്നു് ആര്‍ക്കും അറിയാന്‍ കഴിഞ്ഞില്ല.

ധൈര്യമവലംബിച്ചു ക്ഷേത്രത്തിലേക്കു പോയവര്‍ ചോരയുമൊലിപ്പിച്ചു് ഓടിവരുന്നതുകണ്ടു് കൂട്ടംകൂടി നിന്ന നാട്ടുകാരും പ്രമാണിമാരും നടുങ്ങി. അവിടമെല്ലാം ഭയം തളംകെട്ടിനിന്നതുപോലെ അവര്‍ക്കു തോന്നി. നേരില്‍ച്ചെന്നു വിവരമന്വേഷിക്കുവാന്‍ എല്ലാവരും മടിച്ചു.

ഏതാനും മണിക്കൂറിനുള്ളില്‍ വാര്‍ത്ത നാടാകെ പരന്നു. ക്ഷേത്രകാര്യങ്ങളില്‍ താല്പര്യമില്ലാതെ, ദേവീപ്രസാദത്തില്‍ വിശ്വാസമില്ലാതെ, പ്രമാണിമാരുടെ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പു കാണിച്ചുകൊണ്ടു് ജീവിക്കുന്ന കുറെ ആളുകള്‍ അപ്പോഴും ആ നാട്ടില്‍ അവശേഷിച്ചിരുന്നു. ക്ഷേത്രാവശ്യത്തിനു പിരിവെടുക്കുമ്പോള്‍ സഹകരിക്കാതിരുന്ന അവരെ സമൂഹത്തില്‍നിന്നു തളളി ഒററപ്പെടുത്തിയിരുന്നു. യുക്തികൊണ്ടും ബുദ്ധികൊണ്ടും സത്യാന്വേഷണം നടത്തിവരുന്ന അവര്‍ ന്യൂനപക്ഷമായിരുന്നതിനാല്‍ പ്രമാണിത്വം പിടിച്ചുപററാന്‍ ശ്രമിച്ചിരുന്നില്ല. ഭീതികൊണ്ടു മനുഷ്യസമൂഹത്തെ അടിമപ്പെടുത്താനും ദാസ്യവൃത്തി ചെയ്യിച്ചു കഷ്ടപ്പെടുത്താനും വേണ്ടി ഒരു ദൈവത്തേയും ക്ഷേത്രത്തേയും സൃഷ്ടിച്ച നേതാക്കന്മാരെ അവര്‍ അപലപിച്ചിരുന്നെങ്കിലും നാട്ടുകാര്‍ ക്ഷേത്രത്തെ ആശ്രയിച്ചു കഷ്ടപ്പെട്ടുജീവിക്കാനും അതുവഴി മോക്ഷം നേടാനുമാണിഷ്ടപ്പെടുന്നതു്.

ആരും ഇന്നോളം പോയിട്ടും കണ്ടിട്ടുമില്ലാത്ത സങ്കല്പ സ്വര്‍ഗ്ഗത്തില്‍ മരണാനന്തരം ചെന്നുചേരാന്‍ വേണ്ടി ഈ ഭൂമിയിലെ ജീവിതകാലമത്രയും കഷ്ടപ്പെടുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതിനും അവന്റെ പ്രയത്നത്തില്‍ നിന്നു മുതലെടുത്തു തന്റെ ജിവിതം സ്വര്‍ഗ്ഗമാക്കാനും ബുദ്ധിമാന്മാര്‍ സൃഷ്ടിച്ചതാണ് ദൈവമെന്ന മിഥ്യയെന്നാണ് ചെറുപ്പക്കാരുടെ വാദം. സാഹോദര്യവും സ്നേഹവും വളര്‍ത്തി ജിവിതസുഖം ആനന്ദിക്കാന്‍ പരസ്പരം സഹായിച്ചാല്‍ ഈ ജീവിതംതന്നെയാണ് സ്വര്‍ഗ്ഗമെന്നാണവര്‍ പറയുന്നതു്. ആ വഴിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വരുന്ന തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഈ അന്ധവിശ്വാസങ്ങള്‍ പാടേ നശിപ്പിച്ചേപററൂ എന്നവര്‍ പ്രചരിപ്പിച്ചുതുടങ്ങി.

ക്ഷേത്രം തകര്‍ത്തും വിഗ്രഹം ഉടച്ചതും ഇക്കൂട്ടരാണെന്നു നേതാക്കന്മാര്‍ വിധിച്ചു. ഈ വിവരം ഭക്തജനങ്ങളോടു പറഞ്ഞു. അവിടെ ക്ഷേത്രവും ദേവിയും ഉറയ്ക്കണമെങ്കില്‍ ദേവവിരോധികളായ ഈ ചെറുപ്പക്കാരോടു പ്രതികാരം ചെയ്യണമെന്നു കാവിലെ വെളിച്ചപ്പാടു തുളളി ദേവിയുടെ പേരില്‍ അരുളപ്പാടുണ്ടായി. നാട്ടുകാര്‍ ഇതുകേട്ടു് ഇളകി, അവിശ്വാസികളേയും ക്ഷേത്രവിരുദ്ധന്മാരെയും നശിപ്പിക്കാനോ നാട്ടില്‍നിന്നോടിക്കാനോ അവര്‍ തീരുമാനിത്തു, ഒരു യുദ്ധത്തിനെന്നവണ്ണം തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി.

നേരം സന്ധ്യയാകുന്നതുവരെ, തകര്‍ന്ന വിഗ്രഹത്തെയോ പൊളിഞ്ഞ ക്ഷേത്രത്തേയോപററി കൂടുതലായി ഒന്നും അന്വേഷിക്കാതെ നാട്ടില്‍ കലാപമിളക്കിവിടുന്നതിനും, അങ്ങനെ, തങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ദൈവത്തെ പുനരുദ്ധിരിക്കാനുമാണു് നേതാക്കന്മാര്‍ ഉത്സാഹിച്ചതു്. അതേസമയം തങ്ങളുടെ നാട്ടില്‍ ഒരു സ്ഥാപനമുണ്ടായതു നശിപ്പിച്ച ശക്തിയേതെന്നു തേടിപ്പിടിക്കുന്നതിനായിരുന്നു പ്രബുദ്ധരായ ചെറുപ്പക്കാരുടെ ശ്രമം. ക്ഷേത്രപരിസരങ്ങളില്‍ അവരെത്തിച്ചേര്‍ന്നാല്‍ അവരുടെ പേരിലുള്ള അരോപണം കുറേക്കൂടി ശക്തിമാകുകയില്ലേ എന്നും അവര്‍ ശങ്കിക്കാതിരുന്നില്ല.

രാജന്‍ നഷ്ടപ്പെട്ടതില്‍ അവര്‍ക്കു വളരെ നിരാശയുണ്ടായി. അവന്റെ ധൈര്യവും സാമര്‍ത്ഥ്യവും ബുദ്ധിയും വളര്‍ച്ചയിലെത്തുമ്പോള്‍ ആ നാട്ടുകാര്‍ക്കു് ഒരു വലിയ നേതാവിനെ പ്രദാനം ചെയ്യുമായിരുന്നു. ഇനി എന്തുതന്നെ വന്നാലും രാജന്റെ മാതാപിതാക്കളെ തേടിക്കൊണ്ടുവന്നു് നാട്ടില്‍ സുഖമായി താമസിപ്പിക്കണമെന്നും, നാട്ടുകാര്‍ക്കു ഭീഷണിയുണ്ടാക്കി, മുതലെടുപ്പു നടത്തുന്ന പ്രസ്ഥാനങ്ങളെ തകര്‍ത്തു് നാട്ടുകാര്‍ക്കു് സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാക്കണമെന്നും അവർ തീരുമാനിച്ചു.