കുട്ടപ്പന്റെ കഥ
രാജനും ഭൂതവും | |
---|---|
ഗ്രന്ഥകർത്താവ് | ജി.എൻ.എം.പിള്ള |
മൂലകൃതി | രാജനും ഭൂതവും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ (ബാലസാഹിത്യം) |
വര്‍ഷം |
ഗ്രന്ഥകര്‍ത്താവ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 124 |
കുട്ടപ്പന്റെ കഥ
രാജനെ കാണാതായതുമുതല്‍ ഉണ്ടായ സംഭവങ്ങളെപററി കേള്‍ക്കുന്നതിനു് കുട്ടപ്പനും നാണിക്കുട്ടിയും താല്പര്യം കാണിച്ചു. അക്രമികളാരെങ്കിലും കടന്നുവന്നാല്‍ അവരെ നേരിടുന്നതിനു തയ്യാറായി നില്‍ക്കുകയും അതേസമയം സംഭവങ്ങല്‍ ഓരോന്നായി പറയുകയും ചെയ്യുന്നതിനു് രാജന്റെ രക്ഷിതാവായ കുഞ്ചുക്കുറുപ്പു സമ്മതിച്ചു.
അന്നു് സ്ക്കൂള്‍ വിടുന്ന അവസരത്തില്‍ പെയ്തുകൊണ്ടിരുന്ന മഴയത്തു്, പനികൊണ്ടു് വിറച്ചുവിറച്ചു് വീട്ടിലേക്കിറങ്ങിയ രാജനു് ആ പാറയുടെ സമീപം എത്തിയതുവരെയേ ഓര്‍മ്മയുണ്ടായിരുന്നുള്ളു. പതിവില്ലാതെ ആ പാറപ്പുറത്തു് ഒരു ബാലന്‍ കിടക്കുന്നതായി മലമുകളില്‍ നിന്നുകൊണ്ടു കാണാന്‍കഴിഞ്ഞ കുഞ്ചുക്കുറുപ്പു് താഴെ വന്നു നോക്കിയപ്പോള്‍ കടുത്ത ജ്വരവുമായി ബോധംകെട്ടുകിടക്കുന്ന രാജനെയാണു് കണ്ടതു്. അദ്ദേഹം അവനെ തോളിലേററി മലമുകളില്‍ സ്വന്തം വാസസ്ഥലത്തു കൊണ്ടുപോയി ചികിത്സകളാരംഭിച്ചു. ബാലന്റെ മുഖത്തു കളിയാടിക്കണ്ട ലക്ഷണങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. അവനു് അറിവും വിദ്യാഭ്യാസവും പരിശീലനങ്ങളും നല്‍കി ഒരുത്തമ പൗരനാക്കിത്തീര്‍ത്തു് തന്റെ അന്തരാവകാശിയാക്കണമെന്നു് കുഞ്ചുക്കുറുപ്പു് നിശ്ചയിച്ചു. ഇത്രയും വിവരങ്ങള്‍ പറഞ്ഞശേഷം അദ്ദേഹം സ്വന്തം ജീവിതകഥ വിവരിച്ചു.
കുറുപ്പിന്റെ ഏകസഹോദരിയുടെ മരണവും, അവളുടെ ഏകപുത്രനെ കാണാതെപോയ കഥയും, കുറുപ്പിന്റെ ജീവിതവും ജനസേവനവും അവസാനം അദ്ദേഹത്തെ നാട്ടുകാര്‍ കാട്ടിലെറിഞ്ഞ സംഭവവും എല്ലാം അത്ഭുതത്തോടേയും ആകാംഷയോടേയും ആവേശത്തോടേയുമാണു് കുട്ടപ്പന്‍ കേട്ടുകൊണ്ടുനിന്നതു്. കുഞ്ചുക്കുറുപ്പുമായി തന്റെ ജീവിതം ബന്ധപ്പെട്ടതില്‍ സന്തുഷ്ടനായ കുട്ടപ്പന്‍ സ്വന്തം കഥ ഓര്‍ത്തു.
ഏതാണ്ടു് രണ്ടുരണ്ടരവയസ്സുള്ളപ്പോളായിരിക്കണം കുട്ടപ്പന്‍ അവന്റെ വീട്ടുമുററത്തുനിന്നു അപഹരിക്കപ്പെട്ടതു്. വളരെ കഷ്ടപ്പെട്ട ജീവിതം തസ്ക്കരന്മാരുടെ കൂടെ കുറേനാള്‍ കഴിയേണ്ടിവന്ന കഥ മുഴുവനും അവന്റെ ഓര്‍മ്മിയില്‍ തങ്ങിനിന്നില്ല. എങ്ങനെയോ അവരില്‍നിന്നും രക്ഷപ്പെടാന്‍ സാധിച്ച ആ ബാലന്‍ ആ മലകളുടെ മറുഭാഗത്തുള്ള ഒരു ചെറിയ പട്ടാളക്യാമ്പില്‍ എത്തിച്ചേര്‍ന്നു. അവനില്‍ കരുണതോന്നിയ ഒരുദ്വോഗസ്ഥന്‍ അവനു് ആഹാരവും വസ്ത്രവും കൊടുത്തു് ക്യാമ്പില്‍തന്നെ കഴിയാന്‍ അനുവദിക്കുകയും, അവിടുത്തെ ഉദ്യേഗസ്ഥന്മാര്‍ക്കു കടയില്‍നിന്നും വല്ലതുമൊക്കെ വാങ്ങിപ്പിക്കുന്നതിനും അവരുടെ ഷൂസും ബെല്‍ട്ടും തുടപ്പിയ്ക്കുന്നതിനും മററും അവനെ നിയോഗിക്കുകയും ചെയ്തു.
കുട്ടപ്പന്റെ സാമര്‍ത്ഥ്യവും സത്യസന്ധതയും ആ ക്യാമ്പിലെ പട്ടാളക്കാരെയെല്ലാം ആകര്‍ഷിച്ചു. അവരെല്ലാം അവനു സംഭാവനകളും സമ്മാനങ്ങളും കൊടുത്തുവന്നു. ദുര്‍വ്യയം ചെയ്യാതെ കിട്ടുന്ന പണം സൂക്ഷിച്ചു വയ്ക്കുന്നതിനും വൃത്തിയായി നടക്കുന്നതിനും അവനാവശ്യമായ എഴുത്തും വായനയും, പട്ടാളക്കാരുടെ ഉറുദുഭാഷയും പഠിപ്പിക്കുന്നതിനും വേണ്ട പ്രേരണ ഒരുദ്വോഗസ്ഥന്‍ നല്‍കി.
അങ്ങനെ ഏറിയകാലം കഴിച്ചു. കുട്ടപ്പന്‍ നല്ല യുവാവായി വളര്‍ന്നു. ജോലിയില്ലാതെ അലഞ്ഞുനടന്ന അനാഥനായ നാണിക്കൂട്ടിയുമായി അവന്‍ സ്നേഹത്തിലായി. അവളെ വിവാഹം കഴിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു. പട്ടാളക്യാമ്പിലെ ജീവിതം കുട്ടപ്പനെ ഒരു പട്ടാളക്കാരനാക്കാന്‍ പ്രാപ്തനാക്കിയിരുന്നു. അങ്ങനെ അവന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അതുവരെയുണ്ടായിരുന്ന ചെറിയ സമ്പാദ്യംകൊണ്ട് ഒരു ചെറിയ പുരയിടവും വീടും സ്വായത്തമാക്കി ആ ചെറിയ ഗ്രാമത്തില്‍ നാണിക്കുട്ടിയെ താമസമാക്കിയിട്ടാണ് കുട്ടപ്പന്‍ പട്ടാളപരിശീലനത്തിനു പോയത്.
ആ ഗ്രാമത്തില്‍ ഭൂതത്തെപ്പറ്റിയും ഭൂതമലയെപ്പറ്റിയും ഉള്ള കഥകളില്‍ അന്നുതന്നെ വളരെയധികം പ്രചരിച്ചിരുന്നു. ചെറുപ്പംമുതലേ കഷ്ടപ്പാടനുഭവിച്ചു് ജീവിച്ചിരുന്ന കുട്ടപ്പന് ഇത്തരം കഥകളിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല. അപകടകരമായ പലവിധചുറ്റുപാടുകളിലും അവന്‍ ജീവിച്ചിട്ടുണ്ട്. അവിടെയെല്ലാം ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. മനുഷ്യജീവിതത്തില്‍ സ്വന്തം പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ മനുഷ്യശക്തിക്ക് അതീതമായ അത്ഭുതശക്തികളൊന്നുമില്ലെന്ന് അവന്‍ വിശ്വസിച്ചിരുന്നു. വിശ്വാസവും ധൈര്യവും അവനെ ഒരു നല്ല പട്ടാളക്കാരനാകാന്‍ പ്രാപ്തനാക്കി. സ്വന്തം നാട്, തന്റെ നാട്ടുകാര്‍-അവരുടെ ജീവിതസൗകര്യങ്ങളും സന്തുഷ്ടിയും വളര്‍ത്തുന്നതിന് കഴിവുള്ള എല്ലാക്കാര്യങ്ങളും ചെയ്യുകയെന്നത് കുട്ടപ്പന്‍ ഒരു വ്രതമായിക്കരുതിയിരുന്നു. ഈവക സല്‍ഗുണങ്ങളാണ് അവന്റെ ഏകപുത്രനായ രാജനിലും വളര്‍ന്നുവന്നുകൊണ്ടിരുന്നത്.
കഴിഞ്ഞ കാലങ്ങള്‍ അങ്ങനെ ഓരോന്നായി കുട്ടപ്പന്‍ ഓര്‍ത്തു. കുഞ്ചുക്കുറുപ്പിന്റെ കഥാകഥനം കഴിഞ്ഞപ്പോള്‍ കുട്ടപ്പന്‍ ഈ കഥകള്‍ കുഞ്ചുക്കുറുപ്പിനോടു പറയുകയും ചെയ്തു. അപ്പോള്‍ തന്റെ ഏകസഹോദരിയുടെ ഏകപുത്രനായ ബാലന്‍ കുട്ടപ്പന്‍ തന്നെയെന്നു കുറുപ്പിനു തോന്നി. സഹോദരിയുടെ കുഞ്ഞിന് ഒന്നരവയസ്സുള്ളപ്പോഴാണ് അതിന് ഒരു മഹാരോഗം ബാധിച്ചത്. അന്ന് അതിനെ വിദഗ്ധമായി ചികിത്സിച്ചു ഭേദമാക്കിയത് കുറുപ്പായിരുന്നു.
ആ കുട്ടിയുടെ മാറില്‍ ഇടതുവശത്തായി മരുന്നുപുരട്ടി ചൂടുപിടിച്ച അവസരത്തില്‍ മണല്‍ക്കിഴി പൊട്ടി വീണ് ആ ഭാഗമെല്ലാം പൊള്ളിപ്പഴുത്തതും ആ പഴുപ്പുഭേദമാക്കാന്‍ കുറെയേറെ ചികിത്സിച്ചതും അദ്ദേഹം ഓര്‍ത്തു. അന്ന് ആ ഭാഗത്ത് വീണ്ടും കീറി കറുപ്പും ചുവപ്പും കലര്‍ന്ന് അവശേഷിച്ചപാട് ഒരുകാലവും മായുകയില്ലായെന്നദ്ദേഹം അറിഞ്ഞിരുന്നു. അതുമാത്രം പരിശോധിച്ചാല്‍ കുട്ടപ്പനെ തിരിച്ചറിയാമല്ലോ.
കുഞ്ചുക്കുറുപ്പ് പെട്ടെന്നാണ് കുട്ടപ്പന്റെ സമീപത്തേക്കു നീങ്ങിയത്. ആരോ മുകളില്‍ നിന്നുവരുന്നുണ്ടായിരിക്കുമെന്നാണ് കുട്ടപ്പന്‍ ആദ്യമെ വിചാരിച്ചത്. ശത്രുവിനെ നേരിടാനെന്നവണ്ണം അവന്‍ ശ്രദ്ധാപൂര്‍വ്വം നില്‍ക്കുകയായിരുന്നു. കുറുപ്പു കുട്ടപ്പനോട് അവന്റെ മാറില്‍ എന്തെങ്കിലും പാടുണ്ടോ എന്നു ചോദിച്ചപ്പോള്‍ കുട്ടപ്പന് അത്ഭുതം തോന്നി. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ച് അവന്‍ ആ പാട് കുറുപ്പിനു കാണിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ആനന്ദം കൊണ്ടു മതിമറന്ന് അവനെ കെട്ടിപ്പിടിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ സഹോദരിക്കുനഷ്ടപ്പെട്ട ഏകസന്താനമാണ് കുട്ടപ്പനെന്ന് കുറുപ്പ് ആ ദമ്പതികളോടു പറഞ്ഞു. കുട്ടപ്പന്റെ മാറിലെ പാടുണ്ടായ സംഭവവും അദ്ദേഹം വിവരിച്ചു. അങ്ങനെ തന്റെ കുടുംബസ്ഥിതിയും വിവരങ്ങളും കുട്ടപ്പനും മനസ്സിലായി. രാജന്‍ നഷ്ടപ്പെട്ടതിന്റെ പതിനാറാം ദിവസം അവന്റെ മാതാപിതാക്കള്‍ക്ക് അവനെ തിരിച്ചുകിട്ടി. എന്നാല്‍ രണ്ടു വയസ്സില്‍ വേര്‍പെട്ട കുട്ടപ്പന് അവന്റെ മാതാപിതാക്കളെ പിന്നീടുകാണാന്‍ കഴിയാത്തതില്‍ അവന്‍ വളരെ ദുഃഖിച്ചു. എങ്കിലും തന്റെ അമ്മാവനെ ഒരു രക്ഷിതാവായി കണ്ടുകിട്ടിയതില്‍ കുട്ടപ്പന്‍ അതിയായി സന്തോഷിക്കുകയും ചെയ്തു.
പിന്നീട് കുഞ്ചുക്കുറുപ്പ് അറിയാവുന്ന എല്ലാവിവരങ്ങളും അവരോടുപറഞ്ഞു. കുറുപ്പിനെ മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് കാട്ടിലെറിഞ്ഞ നേതാക്കന്മാര്‍ ആ കാടും മലയും അക്രമികളുടെ ഗൂഢകേന്ദ്രമാക്കി സംരക്ഷിച്ചു വരുന്നതും, അവിടെ മറ്റാളുകള്‍ പ്രവേശിക്കാതിരിക്കാനായി ഭുതത്തിന്റെ കത കെട്ടിച്ചമച്ചു പ്രചരിപ്പിച്ചതും, അദ്ദേഹം വിവരിച്ചു. കാട്ടില്‍ താന്‍ തനിയെ കഴിഞ്ഞുകൂടുന്ന വിവരം അവര്‍ക്കറിയാമായിരുന്നെങ്കിലും തന്നെ ഭൂതമായി ചിത്രീകരിച്ച കഥ പ്രചരിപ്പിച്ചിരുന്ന അവരുമായി സഹകരിക്കുന്നതിനോ ഏറ്റുമുട്ടുന്നതിനോ കുറുപ്പു തയ്യാറായില്ല. ജീവിതത്തില്‍ പല സംഭവങ്ങളും ഉണ്ടായി. അതെല്ലാം സ്വസ്ഥവും സ്വൈര്യവുമായ ഒരു ഏകാന്തജീവിതത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. രാജനും കുട്ടപ്പനും നാണിക്കുട്ടിയും കൂടിയാണ് വീണ്ടും അദ്ദേഹത്തെ ഗ്രാമത്തിലെ സമൂഹജീവിതത്തിലേക്കിപ്പോള്‍ ആകര്‍ഷിക്കുന്നത്.
അതിനാല്‍ ഗ്രാമവാസികളെ കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തുകയും സ്വയം സുഖിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെയും അതിന്റെ നേതാക്കന്മാരെയും തോല്‍പ്പിച്ച് ആ ഗ്രാമത്തില്‍ സന്തോഷവും സുഖവും ഐശ്വര്യവും വരുത്താന്‍ അവര്‍ തീരുമാനിച്ചു.
ഈ തീരുമാനം നടപ്പിലാക്കാന്‍ ആദ്യമായി ചെയ്യേണ്ടത് ക്ഷേത്രമെന്ന് പുറംമോടി ചാര്‍ത്തിയ പൊള്ളയായ പ്രസ്ഥാനത്തിലെ സത്യാവസ്ഥ പൊളിച്ചു കാണിക്കുകയെന്നതാണ്. അതിനുള്ള സന്ദര്‍ഭമാണ് അവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങള്‍ക്കു വേണ്ടത്ര പിന്‍ബലം നല്‍കാന്‍ നാട്ടില്‍ കുറെപ്പേരെങ്കിലും ഉണ്ടെന്ന് കുറുപ്പിനറിയാം. കുഞ്ചുക്കുറുപ്പും അക്കാര്യത്തില്‍ നാട്ടിലെ ഒരുവിഭാഗം ചെറുപ്പക്കാരെ വിശ്വസിച്ചിരുന്നു.
|