close
Sayahna Sayahna
Search

രാജനും ഭൂതവും നാട്ടില്‍


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

രാജനും ഭൂതവും നാട്ടില്‍

കുഞ്ചുക്കുറുപ്പും കുട്ടപ്പനും അവരുടെ പൂര്‍വ്വകഥകള്‍ മനസ്സിലാക്കി പരസ്പരം അറിഞ്ഞ് സന്തോഷം കൊണ്ടും നേരത്തെ അറിയാഞ്ഞതില്‍ മനസ്ഥാപിച്ചും നില്‍ക്കുന്നത് അത്ഭുതത്തോടെയും ആനന്ദത്തൊടെയുമാണ് നാണിക്കുട്ടി കണ്ടത്. ഈ കഥകള്‍ രാജനില്‍ എന്തെന്നില്ലാത്ത വികാരങ്ങള്‍ ഇളക്കിവിട്ടു. അവന് ഭാവിയില്‍ ചെയ്തുതീര്‍ക്കാനുള്ള ഉത്തരവാദിത്വമേറിയ കാര്യങ്ങളിലേക്കു വെളിച്ചം കിട്ടി.

കഥപറഞ്ഞു തീര്‍ന്നപ്പോഴേക്കും മുകളിലെ പലകപൊങ്ങി പെട്ടികളും ഭാണ്ഡകെട്ടുകളും താഴേക്കുവരുന്നതവര്‍ കണ്ടു. പെട്ടെന്നാണതുണ്ടായത്. അധികം താമസിയാതെ തന്നെ മുന്നുനാലു ചെറുപ്പക്കാര്‍ ഗോവണി ഇറങ്ങി വരുന്നു. കുട്ടപ്പനും കുറുപ്പും ജാഗരൂകരായി, ധൈര്യത്തോടെ ഏറ്റുമുട്ടാന്‍ തയ്യാറായി.

പക്ഷെ ഒന്നും സംഭവിച്ചില്ല. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ആ ചെറുപ്പക്കാര്‍ ആദ്യം തന്നെ രാജനെ തിരിച്ചറിഞ്ഞു.

“അതാ നില്‍ക്കുന്നു നമ്മുടെ രാജന്‍.”

അവര്‍ വിളിച്ചു പറഞ്ഞു.

നാണിക്കുട്ടിയേയും കുട്ടപ്പനേയും, താഴെ ഇറങ്ങുന്നതിനു മുമ്പുതന്നെ അവര്‍ തിരിച്ചറിഞ്ഞു.

ഒരാള്‍ വീണ്ടും ഉച്ചത്തില്‍ പറഞ്ഞു.

“അതാ നമ്മള്‍ തേടിയ രാജനും കുട്ടപ്പനും നാണിക്കുട്ടിയും.”

“കുട്ടപ്പാ നിങ്ങളെങ്ങിനെ ഇവിടെയെത്തി.”

കുട്ടപ്പനു നല്ല പരിചയമുള്ള ശബ്ദമാണത്. എന്തായാലും ഭീതിക്കു കാരണമില്ല. ഒരു യുദ്ധത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ ആവശ്യവുമില്ല. കുട്ടപ്പന്‍ കുഞ്ചുക്കുറുപ്പിനോടു വിവരം പറഞ്ഞു.

“അതെല്ലാം നമ്മുടെ ആള്‍ക്കാര്‍തന്നെ.”

എന്നാല്‍ താഴെയിറങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ ആദ്യം ധരിച്ചത് കൂട്ടത്തില്‍ നില്‍ക്കുന്ന “ഭൂതം” കുട്ടപ്പനേയും മറ്റും തടവിലിട്ടു കാവല്‍ നില്‍ക്കുന്നതായിട്ടാണ്. അതല്ലെന്നു വളരെ പെട്ടന്നുതന്നെ കുട്ടപ്പന്‍ വ്യക്തമാക്കുകയും ചെയ്തു.

പരസ്പരം മനസ്സിലാക്കാന്‍ അവര്‍ക്കധികം സമയം വേണ്ടിവന്നില്ല. ആ ഇരുട്ടറയില്‍നിന്ന് ക്ലേശിക്കാതെ എല്ലാവരും കൂടി കോവണിവഴി മുകളിലേക്കു കയറി. സുപരിചിതമായ ആ കെട്ടിടത്തില്‍ വീണ്ടും പ്രവേശിച്ച കുഞ്ചുക്കുറുപ്പ് നിലവറയില്‍നിന്ന് മുകളില്‍ കയറിയപ്പോള്‍ വിജയാഹ്ലാദത്തോടെ ഒന്നു ദീര്‍ഘശ്വാസം വിട്ടു.

ചെറുപ്പക്കാരുടെ മറ്റു സംഘങ്ങള്‍ ഇതിനോടകം അവിടെ എത്തിയിരുന്നു. ആവശ്യത്തിനുള്ള വിളക്കുകളും വേണ്ടിവന്നാല്‍ പ്രയോഗിക്കാനുള്ള ആയുധങ്ങളും കരുതിയാണ് വന്നിരിക്കുന്നത്. എല്ലാവരും കുഞ്ചുക്കുറുപ്പിന്റെ നേതൃത്വത്തില്‍ മുന്നോട്ടു നീങ്ങി. ക്ഷേത്രമിരുന്ന സ്ഥലത്ത് ഒരുയര്‍ന്ന പ്ളാറ്റ്ഫാറത്തില്‍ കുറുപ്പും കുട്ടപ്പനും രാജനും നാണിക്കുട്ടിയും ഇരുന്നു.

അപ്പോഴേക്കും “ഭൂത”ത്തേയും രാജനേയും പിടികിട്ടിയ വിവരം നാട്ടില്‍ പ്രചരിപ്പിക്കുന്നതിന് ചെറുപ്പക്കാര്‍ മറന്നില്ല. രാത്രി ഏറെയായിട്ടും ക്ഷേത്രപരിസരങ്ങളിലേക്കു വിളക്കുകളുമായി ധാരാളം ചെറുപ്പക്കാര്‍ വന്നുകൊണ്ടിരുന്നു. അവരുടെ ഭയമെല്ലാം മാറി. രാജനെ കാണാനും അവന്റെ കഥ കേള്‍ക്കാനുമാണ് കുറെപ്പേര്‍ക്കു കൗതുകം. മറ്റു കുറെപ്പേര്‍ “ഭൂത”ത്തെക്കാണാനാണ് തിടുക്കം കൂട്ടിയത്.

രഹസ്യങ്ങള്‍ അറിയാവുന്നവരും കൃത്രിമങ്ങള്‍ക്കു കൂട്ടുനിന്നവരും അങ്ങോട്ടുപോയില്ല. അവരെ കൂട്ടിക്കൊണ്ടുപോകാന്‍ ചെന്ന അയല്‍പക്കക്കാരെ വിലക്കാന്‍പോലും അവര്‍ ശ്രമിച്ചു. ഇതല്ലാം ഭദ്രകാളിയുടെ മായയാണെന്നും രാത്രിതന്നെ നാട്ടിന് വന്‍പിച്ച അപകടമുണ്ടാകുമന്നുമാണവര്‍ പ്രവചിച്ചത്.

ഉത്സവകാലങ്ങളില്‍ കൂടാറുള്ളതിനേക്കാളേറെ ആളുകള്‍ ആ ക്ഷേത്രത്തില്‍ കൂട്ടംകൂടി. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ക്ഷേത്രവും തകര്‍ന്നുതരിപ്പണമായ കാളീവിഗ്രഹവും എല്ലാം കണ്ടിട്ടും അവര്‍ അവിടെ യാതൊരു ഭയവും കൂടാതെ തടിച്ചുകൂടി.

ചെറുപ്പക്കാര്‍ക്കു നേതൃത്വം കൊടുത്ത യുവാവ്, കഴിഞ്ഞ സംഭവങ്ങളെപ്പറ്റി കുട്ടപ്പന്‍ പൊതുജനങ്ങളോടു പറയണമെന്നാവശ്യപ്പെട്ടു. കുട്ടപ്പന്‍ പ്രാസംഗികനല്ലെങ്കിലും തന്റെ ചെറുപ്പകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അടുത്ത ഏതാനും നിമിഷങ്ങള്‍ക്കു മുമ്പു സംഭവിച്ച കാര്യങ്ങള്‍ വരെ വിസ്തരിച്ചു പറഞ്ഞു. ഭൂതമെന്നു നാട്ടുകാര്‍ വിശ്വസിച്ചു ഭയന്നിരുന്ന അമ്മാവനെ കണ്ടുകിട്ടിയ കഥകൂടി കുട്ടപ്പന്‍ പറഞ്ഞപ്പോള്‍ അവന്‍ വികാരഭരിതനായിരുന്നു.

മറ്റു പല കാര്യങ്ങളിലുമെന്നപോലെ സ്ക്കൂളിലെ ഒന്നാമനായ ഒരു വാഗ്മി കൂടിയായ രാജന്‍ തന്റെ രക്ഷിതാവായ കുഞ്ചുക്കുറുപ്പിന്റെ കൂടെ ചെലവഴിച്ച പതിനാറു ദിവസത്തെ കഥയും പറഞ്ഞു മനസ്സിലാക്കി. കുഞ്ചുക്കുറുപ്പ് ഇതല്ലാം മൗനമായിരുന്നു ശ്രദ്ധിച്ചു.

അപ്പോഴേക്കും, ബന്ധത്തിലിട്ടിരുന്ന നേതാക്കന്മാരെ ആ സഭയില്‍ എത്തിച്ചു. ലജ്ജകൊണ്ടു തലകുനിച്ച്, കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ രംഗത്തുവന്നവര്‍ക്ക് നാട്ടുകാരോടു ചെയ്ത ദ്രോഹത്തിനു ക്ഷമ യാചിക്കാനും ഭാവിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി ജീവിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും സമയം ലഭിച്ചു.

അവസാനമായി കുഞ്ചുക്കുറുപ്പ് തനിക്കു പരയാനുള്ള അവസരം വിനിയോഗിച്ചു. നാട്ടുകാരെ കബളിപ്പിച്ച് നേതാക്കന്മാര്‍ ഒളിച്ചുവച്ചിട്ടുള്ള സ്വത്തുക്കളുടെ സ്ഥാനങ്ങൾ അദ്ദേഹത്തിനറിയാവുന്നതെല്ലാം വെളിപ്പെടുത്തി. അന്യായമായും അക്രമമായും അവർ കയ്യടക്കിയ സ്വത്തുക്കൾ പൊതുവായി നാടിന്റെ നന്മയ്ക്കുപയോഗിക്കാന്‍ ഒരു സ്ഥാപനമുണ്ടാക്കണമെന്നദ്ദേഹം നിര്‍ദ്ദേശിച്ചു.

“ഭൂതം, പിശാച്, പ്രേതം, കാളി, യക്ഷി എന്നെല്ലാമുള്ള പേരുകള്‍ പറഞ്ഞ് നാട്ടുകാരെ ഭീതിപ്പെടുത്തുന്ന സ്ഥാപനങ്ങളും കെട്ടുകഥകളുമല്ല ജനസേവനത്തിനുള്ള സ്ഥാപനങ്ങളാണുണ്ടാകേണ്ടത്. ക്ഷേത്രാരാധനയും ദൈവപൂജയും നിര്‍ത്തി മനുഷ്യര്‍ക്ക് സുഖവും സന്തോഷവും ഐശ്വര്യവുമുണ്ടാക്കുന്ന പ്രവര്‍ത്തനവും സ്ഥാപനവുമാണാവശ്യം. അവയ്ക്കെതിരു നില്‍ക്കുന്നവരെ ശിക്ഷിക്കയല്ല, മാനസാന്തരപ്പെടുത്തുകയാണു വേണ്ടത്. വളര്‍ന്നുവരുന്ന ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ കാണാനും യുക്തിയുക്തം ചിന്തിക്കാനും നാട്ടുകാര്‍ക്കുകഴിവുണ്ടാക്കിക്കൊടുത്താല്‍ അജ്ഞതയും അന്ധവിശ്വാസവും മാറി ജനനന്മയ്ക്കും സ്നേഹത്തിനും വേണ്ടിസഹകരിക്കാന്‍ എല്ലാ മനുഷ്യരും മുന്നോട്ടുവരും. പ്രകൃതിശക്തിയെ ഭയപ്പെടുകയല്ല, പഠിക്കുകയാണുവേണ്ടത്. ഈ ക്ഷേത്രം രാജന്റെ പേരില്‍ ഞാനാണുനശിപ്പിച്ചത്. നാട്ടുകാരെ ഭീതിപ്പെടുത്തി ചൂഷണം നടത്താന്‍ നിര്‍മ്മിച്ച കാളിവിഗ്രഹം ഞാനാണുടച്ചത്. ഇവിടെ രാജന്റെ പേരില്‍തന്നെ പൊതുജനനന്മയ്ക്കായി ആദ്യമായി ഒരു സ്ഥാപനമുണ്ടാക്കണം. അജ്ഞതയെയും അന്ധവിശ്വാസത്തേയും മാറ്റി, സ്നേഹത്തിനും പരസ്പരസഹായത്തിനും, സഹകരണത്തിനും, നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആദ്യത്തെ സ്ഥാപനമായിരിക്കണമത്. തുടര്‍ന്ന് അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കാനുള്ള കരുത്ത് രാജനുണ്ട്.”

കുഞ്ചുക്കൂറുപ്പ് തന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതവും, പിന്നീടുണ്ടായ സംഭവങ്ങളും വിവരിച്ചു. ഭൂതമലയിലുള്ള രഹസ്യസങ്കേതങ്ങളും അവിടെ നടന്നു വന്നിരുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. അദ്ദേഹം കൊടുത്ത അറിവ് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ അവിടെക്കൂടിയിരുന്ന നാട്ടുകാര്‍ തീരുമാനിച്ചു.

അടുത്ത പ്രഭാതം മുതല്‍ ഈ ഉറച്ച തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി ഒരു സംഘം സത്യസന്ധരായ യുവാക്കളെ ചുമതലപ്പെടുത്തി. എല്ലാവരും ചേര്‍ന്നു രാജനേയും, “ഭൂത”ത്തെയും പുഷ്പമാല്യങ്ങള്‍ ചാര്‍ത്തി കുട്ടപ്പന്റെ വീട്ടിലേക്കു നയിച്ചു.

*