close
Sayahna Sayahna
Search

അവസാനത്തെ പൂതം


‌←  പി.രാമൻ
തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52

നട്ടുച്ചയ്ക്കുള്ള വണ്ടിക്ക്
പന്തിരണ്ടുണ്ട് പെട്ടികൾ
വാങ്കു കേൾക്കുന്ന നേരത്തു
വരും വണ്ടിയിലൊമ്പത്.

ആളുകൾ പണിമാറ്റിപ്പോം
നേരത്തെത്തുന്ന വണ്ടിയിൽ
ഏഴുപെട്ടികളേയുള്ളു
ഇഴഞ്ഞേയതു നീങ്ങിടു.

ഇതൊക്കെയറിയാനായി-
ട്ടിവിടെത്തങ്ങിനില്പു ഞാൻ
മറ്റുപൂതങ്ങളൊക്കേയും
ആവിയായ്പോയപോതിലും.

റയിൽവക്കത്തെരുക്കിൻകാ-
ടിവിടെത്താമസിപ്പൂ ഞാൻ
എരുക്കിൻപാൽ കുടിപ്പൂ ഞാൻ
എരുക്കിൻപൂ മണപ്പൂ ഞാൻ.

എനിക്കെണ്ണാനറിഞ്ഞൂടാ
എങ്കിലെന്തെന്റെ കൈകളിൽ
ഭദ്രമായുണ്ടൊരെണ്ണക്ക-
ത്തിന്റെ മാന്ത്രിക നൂൽവല.

ദൂരെനിന്നോടിയെത്തുന്ന
കുട്ടിയേ ലക്ഷ്യമാക്കി ഞാൻ
ഇലകൾക്കിടയിൽ പമ്മി
നിന്നീ വലയെറിഞ്ഞിടും.

എരുക്കിന്‍പാലു പററും പോല്‍
അദൃശ്യവലയൊട്ടിടും
അവന്റെ മേല്‍, വിരല്‍ നീട്ടി–
യവന്‍ മൊട്ടുകള്‍ തേടിടും.

എരുക്കിന്‍മൊട്ടുകള്‍ ഞെക്കി–
പ്പൊട്ടിക്കും സ്ഫോടനങ്ങളില്‍
ഓടിയെത്തുന്ന തീവണ്ടി–
യൊച്ച ചേര്‍ന്നു ലയിച്ചിടും.

റയില്‍വക്കത്തു നിന്നൊന്നേ
രണ്ടെന്നെണ്ണുന്ന കുട്ടിയില്‍
അവസാനത്തെ പൂതത്തിൻ
ആനന്ദം പുഞ്ചിരിച്ചിടും.