Thurump-12
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
ഭൂമി സ്വന്തം പ്രായം…
ഭൂമി
സ്വന്തം പ്രായം കണക്കാക്കി
എഴുതിസ്സൂക്ഷിച്ചിരിക്കുന്നത്
ഇവിടെയാണ്.
കുറുമരക്കാട്ടില്‍ പൊങ്ങിക്കാണുന്ന കളളിത്തലപ്പുകള്‍
കൂട്ടിവായിച്ചുനോക്കൂ.
ഭൂമിയുടെ പ്രായമറിഞ്ഞു
ഈ ഗ്രാമത്തിന്റെ വയസ്സോ?
മനുഷ്യന്റെ പ്രായം കുറിച്ചിട്ട
പുരാതന ഗുഹയുണ്ട്
കുറച്ചു മാറി.
മനുഷ്യന്റെ പ്രായമറിഞ്ഞു
എന്റെ വയസ്സോ?
അളക്കാറായിട്ടില്ല.
കുറച്ചുകൂടിച്ചെന്നാല്‍
സര്‍ക്കാരാപ്പീസുകളായി
കൃഷിയിടങ്ങളുടേയും കെട്ടിടങ്ങളുടേയും
ഫയലുകള്‍ കക്ഷത്തുവെച്ച്.
ചോലക്കാട്ടില്‍ കൃഷിക്കളത്തില്‍
റോഡില്‍ പാലത്തില്‍ കെട്ടിടത്തിനുള്ളില്‍
വെച്ച്
നീണ്ട യാത്രകളുടെ നാള്‍വഴിക്കണക്കുകളെ
ആന ചവിട്ടിക്കൊന്നതില്‍പ്പിന്നെ
ഈ ഗ്രാമത്തിലെ ആരുടേയും വയസ്സ്
ആര്‍ക്കുമറിയില്ല.
|