Thurump-06
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
ഒരു മനുഷ്യന്‍, ഒരു പൂവ്
ചാലുകീറി
മണല്‍ ലോറിവന്ന്
ഹോട്ടലുകാര്‍ ചീഞ്ഞ സാധനങ്ങള്‍ പാതവക്കില്‍ കൊണ്ടിട്ട്
കുന്നിടിച്ച്
ഓട തുറന്ന്
ഇരുമ്പുകമ്പികള്‍ ഉയര്‍ന്നുനിന്ന്
ടാര്‍വീപ്പ ഉരുണ്ടുവന്ന്
ലോകം സ്വയം പണിഞ്ഞുകൊണ്ടിരിക്കുന്നതിന്നുള്ളില്‍
വലിയ മേല്‍പ്പാലത്തിന്റെ നിഴലില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു മനുഷ്യനെ
സൂര്യനെ ചുററും കറങ്ങുന്നതിന്നിടെ
ദിവസത്തില്‍ പലതവണ
ഞാന്‍ കണ്ടു
പൂവ്, പാര്‍ക്കിലായിരുന്നു
മററു പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന കൊടുംപകലില്‍
ഒരുപാടുവട്ടം കൂമ്പാന്‍ തുനിഞ്ഞുകൊണ്ടിരുന്ന
ആ പൂവിനെ
പാര്‍ക്കിനു പുറത്തെ മിന്നല്‍പ്പിണരുപോലുള്ള
തെരുവില്‍നിന്ന്
ദിവസത്തില്‍ അത്രതന്നെ തവണ
ഞാന്‍ നോക്കിക്കണ്ടു.
|