Thurump-19
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
ഇങ്ങനെയിരിക്കുമ്പോള്‍…
ഇങ്ങനെയിരിക്കുമ്പോള്‍
ലോകമങ്ങ് ഒടുങ്ങിയെങ്കില്‍ എന്ന്
എത്രയോ വട്ടം കൊതിച്ചു
അപ്പോഴൊക്കെ
അത്
ഒരിഞ്ചു മുന്നോട്ടൊഴുകി
ഇങ്ങനെയിരിക്കുമ്പോള്‍
എന്നു ഞാന്‍ കൊതിച്ച
ആ ഇങ്ങനെകള്‍ക്ക്
എന്തു പററി?
എങ്ങനെയായിരുന്നു
അവയുടെ സ്വരൂപം?
ഓര്‍മ്മ
മനസ്സിന്റെ
നീണ്ട
കോട്ടുവാ തന്നെ.
ഒടുങ്ങിയെങ്കില്‍
എന്നു ഞാന്‍ കൊതിച്ച ലോകത്തിന്റെ
ചുണ്ടനക്കമല്ലാതെ
മറ്റൊന്നും കേള്‍ക്കാനുമില്ല:
‘ഇങ്ങനെ… ഇങ്ങനെ… ഇങ്ങനെ…’
|