close
Sayahna Sayahna
Search

Thurump-25


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


തുരുമ്പ്

ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്‍
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്
അന്നു ജീവിച്ചിരുന്ന
എന്റെ പേരുള്ള മുതുമുത്തശ്ശനെ
സങ്കല്പിക്കാന്‍ പററുന്നില്ല.
എന്നാല്‍
ആ കരിവണ്ടിവാഗണുകള്‍
സുഖമായി സങ്കല്പിക്കാം.
സങ്കല്പത്തിന്
മാംസത്തേക്കാള്‍ അടുപ്പം
തുരുമ്പിനോടാണ്.
തുരുമ്പിച്ച വാഗണുകളിലൊന്നില്‍
കുത്തിനിറച്ചു കൊണ്ടുപോയ
ജീവനുള്ള മനുഷ്യമാംസം
സങ്കല്പിക്കാനാവുന്നില്ല.
അവരില്‍ മിക്കവരും
ശ്വാസം മുട്ടി മരിച്ചത്
ഞങ്ങടെ നാട്ടിലെ
പരന്ന പാടത്തിനു നടുക്ക്.
(തീവണ്ടിക്കു തലവയ്ക്കാന്‍
ആളുകള്‍ പതിവായി
ഇവിടത്തന്നെ വരാന്‍
വേറെന്താ കാരണം?)
ഞങ്ങടെ നാടിനു നടുക്ക്
ഒന്നിനു മേലൊന്നായി
ശവങ്ങൾ കിടന്നിരിക്കും
നിലംതൊടാതെ.

ആ വാഗണ്‍
കടന്നു പോയത്
മുതുമുത്തശ്ശന്‍
അറിഞ്ഞിട്ടുണ്ടാവില്ല.
അദ്ദേഹത്തെപ്പോലെ
സാത്വികരായി
വാഗണുകള്‍
ശാന്തമായി
കാലത്തെ
പിന്തള്ളുന്നു.
എത്രപേരെ
അടച്ചിട്ടാലും
പ്രാണന്‍ പോകുംമുമ്പ്
പാടം താണ്ടിക്കഴിഞ്ഞിരിക്കും
ഇന്നവ.
അതാണ്
ശാന്തത.

പിന്നിട്ട
പതിനായിരക്കണക്കിനു
വാഗണുകളില്‍
ഒന്നു മാത്രമായിരുന്നു
അത്.
എന്നിട്ടും
എല്ലാവരും എല്ലാക്കാലത്തും
ആ ഒററ വാഗണിനെപ്പററി
പറഞ്ഞുകൊണ്ടിരുന്നു.
അതെക്കുറിച്ചു സങ്കല്പിക്കാന്‍
ആര്‍ക്കും കഴിയും.
കാരണം
സങ്കല്പം
തുരുമ്പാണ്.
ആ വാഗണ്‍
ആവര്‍ത്തിച്ച്
ഞങ്ങടെ പാടത്തിന് നടുവിലൂടെ
ഉരുണ്ടകലുമ്പോള്‍
ആരു തിരിച്ചറിയും?
പിന്നെയും
വര്‍ഷങ്ങളെടുക്കില്ലേ
ആ ഇരുമ്പ് തുരുമ്പായി
തുരുമ്പ്
വെറും സങ്കല്പമായി
മാറാന്‍?