ഒരു മഹാവൈദ്യന്‍
രാജനും ഭൂതവും | |
---|---|
ഗ്രന്ഥകർത്താവ് | ജി.എൻ.എം.പിള്ള |
മൂലകൃതി | രാജനും ഭൂതവും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ (ബാലസാഹിത്യം) |
വര്‍ഷം |
ഗ്രന്ഥകര്‍ത്താവ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 124 |
ഒരു മഹാവൈദ്യന്‍
മുപ്പത്തിനാലു വര്‍ഷംമുമ്പ് രാജന്റെ ഗ്രാമത്തില്‍ ഒരു മഹാവൈദ്യന്‍ ജീവിച്ചിരുന്നു. കുഞ്ചുക്കുറുപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‍. ആ ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തായി ഓടിട്ട് വെള്ളപൂശിയ സാമാന്യം നല്ല സൗകര്യമൊത്ത ഒരു ചെറിയ വീട്ടിലാണദ്ദേഹം താമസിച്ചിരുന്നത്. ആ വീട് അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം ഏകനായി കഴിഞ്ഞിരുന്നു. കുഞ്ചുക്കുറുപ്പിന് സഹായത്തിനായി ഏതു തൊഴിലും ചെയ്യുന്നതിന് ആ ഗ്രാമവാസികളെല്ലാം തയ്യറായിരുന്നു. ആ ഗ്രാമത്തിലെവിടെയെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖമുണ്ടായാല്‍ ഏതര്‍ദ്ധരാത്രിക്കും അവിടെയെത്തി രോഗിയെ പരിചരിക്കുന്നതിന് കുഞ്ചുക്കുറുപ്പ് സന്നദ്ധനായിരുന്നു. അദ്ദേഹത്തിന്റെ സേവനം ഒരു ഈശ്വരാനുഗ്രഹംപോലെ ആ നാട്ടുകാര്‍ കരുതിപ്പോന്നു.
വളരെ ലളിതമായ ജീവിതമാണ് മഹാനായ ആ വൈദ്യന്‍ നയിച്ചുപോന്നിരുന്നത്. അത്യാവശ്യമുള്ള ഉപകരണങ്ങളും അനാഡംബരമായ വസ്ത്രധാരണംകൊണ്ട് അതീവസന്തുഷ്ടനായിക്കഴിഞ്ഞ കുഞ്ചുക്കുറുപ്പ് ആ നാട്ടുകാര്‍ക്ക് ഒരു ആദര്‍ശവാനായിരുന്നു. നല്ല ആരോഗ്യവാനും ഉറച്ച മാംസപേശികളുമുള്ള പൊക്കംകൂടിയ ശരീരത്തോടുകൂടിയവനും സദാ പുഞ്ചിരിക്കുന്നവനുമായ കുഞ്ചുക്കുറുപ്പിനെ കാണുന്ന മാത്രയില്‍ തന്നെ രോഗിക്ക് പകുതി രോഗം മാറുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആര്‍ക്കും ഏതവസരത്തിലും പണംകൊണ്ടും ശരീരംകൊണ്ടും മരുന്നുകള്‍ കൊടുത്തും സഹായിക്കുന്നതിന് കുഞ്ചുക്കുറുപ്പിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
ആ നാട്ടിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും കേസുകളും വഴക്കുകളും ഇരുക്കൂട്ടര്‍ക്കും തൃപ്തികരമായ രീതിയില്‍ പറഞ്ഞുതീര്‍ക്കുവാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഒന്നു പ്രത്യേകമാണ്. കേസുകളില്‍ ഇടപെടുമ്പോള്‍ കുറ്റക്കാരെന്നു കാണുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും കുറുപ്പ് മടിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിക്ഷ ഏല്‍ക്കേണ്ടിവരുന്നവര്‍ പശ്ചാത്താപത്തോടുകൂടി അതു സ്വീകരിക്കുകയും പില്‍ക്കാലത്ത് കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഈ പരിതസ്ഥിതിയില്‍ ആ ഗ്രാമപ്രദേശത്ത് സര്‍ക്കാര്‍ കോടതികളുടെയോ പോലീസിന്റെയോ സഹായം അവശ്യമായി വന്നിരുന്നില്ല.
ഒരു സേവനത്തിനും പ്രതിഫലം പറ്റുകയെന്ന സ്വഭാവം കുറുപ്പുവൈദ്യനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങളും സുഖസൗകര്യങ്ങളും നോക്കിക്കണ്ട് ചെയ്തുകൊടുക്കുന്നതിന് നാട്ടുകാരും സദാ ഉല്‍സുകരായിരുന്നു. ഒരു കാലത്തും പണത്തിന്റെ ആവശ്യം കുറുപ്പിനുണ്ടായിരുന്നില്ല. വിശേഷ സന്ദര്‍ഭങ്ങളിലും വിശേഷ ദിവസങ്ങളിലും നാട്ടുകാര്‍ കയ്യയച്ച് അദ്ദേഹത്തിനു പണവും സാധനങ്ങളും എത്തിച്ചുകൊടുക്കുമായിരുന്നു. കയ്യില്‍കിട്ടുന്ന നാണയങ്ങൾ അത്രയും ഒരു മുറിയില്‍ കഴിച്ചുവച്ചിരുന്ന വലിയ ഒരു വഞ്ചിയില്‍ ഇടുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഒരു കാലത്തും അതെത്രയുണ്ടെന്നു എണ്ണി തിട്ടപ്പെടുത്തുവാന്‍ അദ്ദേഹമോ നാട്ടുകാരോ നിര്‍ബദ്ധപ്പെടുകയുണ്ടായില്ല. സകല രോഗങ്ങള്‍ക്കും പറ്റിയ ഔഷധങ്ങള്‍കൊണ്ട് ചികിത്സിക്കുവാന്‍ അറിവും കഴിവും സന്നദ്ധതയുമുള്ള ദൈവാനുഗ്രഹമുള്ള ഒരു മഹാവൈദ്യനായി കുഞ്ചുക്കുറുപ്പിനെ ആ നാട്ടുകാര്‍ ആരാധിച്ചുപോന്നു.
കുഞ്ചുക്കുറുപ്പിന് അടുത്ത ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി ആ നാട്ടുകാര്‍ക്കറിവില്ലായിരുന്നു. എന്നാല്‍ രാജന്റെ അച്ഛനായകുട്ടപ്പന്റെ ഒരു വലിയമ്മാവനായിരുന്നു കുറുപ്പ് എന്ന് പില്‍ക്കാലത്ത് നാട്ടുകാര്‍ പറഞ്ഞുപോന്നു. കുറുപ്പുവൈദ്യന്റെ പെരുമാറ്റത്തില്‍നിന്നും ആ നാട്ടുകാരെല്ലാവരുംതന്നെ അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കളാണെന്നേ തോന്നുമായിരുന്നുള്ളു. ഉയരംകൂടിയ ആ ശരീരം, സുന്ദരമായ മുഖം. നീളമേറിയ മുടി, ദൃഢതയുള്ള മാംസപേശികള്‍ എല്ലാം ചേര്‍ന്ന് ഒത്ത മനുഷ്യനായ ആ മദ്ധ്യവയസ്കനെ ആ നാടിന്റെ രക്ഷാദൈവമായിട്ട് അവിടുത്തുകാര്‍ ബഹുമാനിച്ചിരുന്നു.
അക്കാലത്ത് ആ നാടൊട്ടാകെ ഒരു മഹാരോഗത്തിന്റെ ഭീഷണിയുണ്ടായി. ദൈവകോപമെന്ന് വിശ്വസിച്ച് വേണ്ടവണ്ണമുള്ള ചികിത്സ നടത്താതെ കാളീക്ഷേത്രങ്ങളില്‍ വഴിപാടും കുരുതിയുമായി രോഗത്തെ നിയന്ത്രിക്കുകയായിരുന്നു ആ നാട്ടിലെ പാരമ്പര്യം. ‘വസൂരി’ എന്നു കേട്ടാല്‍ ഉടനെതന്നെ കാളീകോപമാണെന്നും കാളീക്ഷേത്രത്തില്‍ വഴിപാടും ആഘോഷങ്ങളും നടത്തി ഭദ്രകാളീപ്രീതി നടത്തിയാല്‍ മാത്രമെ രോഗം വിട്ടുമാറൂ എന്നും മന്ത്രവാദികളും, പൂജാരികളും, ജോത്സ്യന്മാരും അവിടുത്തെ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് പകര്‍ച്ചവ്യാധിയായ വസൂരി ആ ഗ്രാമത്തിന്റെ ഒരറ്റത്ത് ആരംഭിച്ചത്. ഏതെങ്കിലും വീട്ടില്‍ ഈ രോഗം ഉണ്ടായാല്‍ അധികമാരെയും അറിയിക്കാതെ കാളീസേവ നടത്തുകയും രോഗിയെ നോക്കുന്നതിനായി അതിനു പരിചയസമ്പന്നരെന്നു വിശ്വസിക്കപ്പെടുന്ന ഒന്നോ രണ്ടോ പേരെ ഏര്‍പ്പെടുത്തുകയും ഒരു വൃത്തികെട്ട ചെറുകുടിലിലേക്ക് രോഗിയേയും ശ്രുശ്രൂഷകരേയും മാറ്റി ഒറ്റപ്പെടുത്തുകയും ആയിരുന്നു അവിടുത്തെ പതിവ്. രോഗി അല്‍പ്പം പണമുള്ളവനാണെങ്കില്‍ അയാളെ അവിടെത്തന്നെ വിട്ടിട്ട് വീട്ടിലെ മറ്റംഗങ്ങള്‍ മറ്റൊരിടത്തേയ്ക്കു മാറുകയും പതിവായിരുന്നു. വഴിപാടുകൊണ്ടോ മന്ത്രവാദംകൊണ്ടോ രോഗം മാറുകയില്ലല്ലോ. രോഗം കടുത്തതാണെങ്കിൽ രോഗി മരിച്ചതുതന്നെ. രോഗിയെ നോക്കാന്‍ വരുന്നവര്‍ ഭയത്തില്‍നിന്നും രക്ഷനേടുന്നതിനായി ധാരാളം മദ്യപാനം ചെയ്യുകയും പതിവായിരുന്നു. അവരെന്താണു ചെയ്യുന്നതെന്ന് രോഗിയുടെ ബന്ധുക്കള്‍ അന്വേഷിക്കുകയുമില്ല. അപ്പോള്‍ രോഗം അല്‍പ്പം കൂടിവരുന്ന രോഗികള്‍ മരിക്കുകതന്നെ ചെയ്തുകൊണ്ടിരുന്നു. വളരെ കടുത്ത രോഗം പിടിപെട്ടവര്‍ മരിച്ചുകഴിഞ്ഞാല്‍ ആ വീട്ടില്‍ ഭൂതപ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ടാകുമെന്നുള്ള വിശ്വാസത്താല്‍ അവിടം ഉപേക്ഷിക്കുകയാണു ചെയ്തുവന്നിരുന്നത്. പിന്നീട് ആ വീട്ടില്‍ ആരും താമസിക്കുകയില്ല.
രോഗം ക്രമേണ പടര്‍ന്നുവരുന്നതോടുകൂടി വിവരം കുഞ്ചുക്കുറുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. നാട്ടുകാരുടെ അന്ധവിശ്വാസത്തിനെതിരായി ഒരു മഹായുദ്ധംതന്നെ അദ്ദേഹത്തിനു ചെയ്യേണ്ടതായിവന്നു. ശരിയായ ചികിത്സയും ശുശ്രൂഷയുംകൊണ്ട് ഈ രോഗത്തെ ഭേദമാക്കാമെന്ന് -പടര്‍ന്നുപിടിക്കാതെ തടയാന്‍കഴിയുമെന്ന്- ആ മദ്ധ്യവയസ്ക്കന്‍ നാട്ടുകാരെ പറഞ്ഞു മനസ്സലാക്കാന്‍ ശ്രമിച്ചു. വിവരമില്ലാത്തവരും ചികിത്സ അറിയാത്തവരും മദ്യപാനികളുമായ ശുശ്രൂഷകരാണ് ഈ രോഗത്തിന്റെ പകര്‍ച്ചയെ സഹായിക്കുന്നതെന്നും അവരെ രോഗിയുടെ ശുശ്രൂഷയില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും കുഞ്ചുക്കുറുപ്പ് നിര്‍ബന്ധംപിടിച്ചു. അതിവേഗം പടര്‍ന്നുവരുന്ന രോഗത്തെ നിയന്ത്രിക്കുന്നതിനും രോഗികളെ ഏകനായിനിന്ന് ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും ഉള്ള ഉത്തരവാദിത്വം അദ്ദേഹമേറ്റെടുത്തു. അദ്ദേഹത്തിന്റെ ഈ നിലപാട് ഏതാനും ശുശ്രൂഷകരെ അസൂയാലുക്കളും വിരോധികളുമാക്കി തീര്‍ത്തു. ഇടതടവില്ലാതെ, വിശ്രമമില്ലാതെ, കുഞ്ചുക്കുറുപ്പ് ഈ പകര്‍ച്ചവ്യാധിക്കെതിരായി പ്രവര്‍ത്തിച്ചു. എന്നിട്ടുപോലും ആ ഗ്രാമത്തില്‍ വളരെയധികം ജനങ്ങളെ കഷ്ടപ്പെടുത്തുകയും കുറേപ്പേരെയെങ്കിലും കൊല്ലുകയും ചെയ്യുന്നതിന് ഈ മഹാരോഗത്തിനു സാധിച്ചു.
രോഗം ആ ഗ്രാമത്തില്‍ ഏതാണ്ട് നിയന്ത്രണാധീനമായപ്പോള്‍ കുറുപ്പുവൈദ്യനു സന്തോഷമായി. അദ്ദേഹത്തിന്റെ സേവനം മനസ്സിലാക്കിയ നാട്ടുകാര്‍ അദ്ദേഹത്തെ കൂടുതല്‍ സ്നേഹിച്ചു.
ഏറെ താമസിയാതെ കുഞ്ചുക്കുറുപ്പ് വസൂരി രോഗബാധിതനായി. ഭദ്രകാളിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ജനങ്ങളെ ഉപദേശിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് തല്‍പ്പരകക്ഷികള്‍ പ്രചാരണമടിച്ചു. സ്വന്തം വീടുവിട്ടിറങ്ങുന്നതിന് കുറുപ്പുവൈദ്യന്‍ തടസം പറഞ്ഞു. അദ്ദേഹത്തെ ശുശ്രൂഷിക്കാനെത്തിയവര്‍ അദ്ദേഹത്തെപ്പോലെ സമര്‍ത്ഥരായിരുന്നില്ല. അദ്ദേഹത്തെ ബാധിച്ച രോഗം അല്‍പ്പം കൂടിയതരത്തിലുള്ളതായിരുന്നു. പതിനാറു ദിവസത്തോളം അത്യധികമായ വേദനകള്‍ സഹിച്ച് ആ മഹാവൈദ്യന്‍ ഒരര്‍ദ്ധരാത്രി ദിവസം ബോധരഹിതനായി കിടന്നു. മദ്യപാനംകഴിഞ്ഞ ശുശ്രൂഷകര്‍ അദ്ദേഹത്തെ അന്നുരാത്രിയില്‍ തന്നെ ഒരു പഴമ്പയയില്‍ ചുരുട്ടിയെടുത്ത് സമീപത്തുള്ള ആ വലിയ മലമുകളുടെയിടയില്‍ കാട്ടില്‍ ഒരു വൃക്ഷചുവട്ടില്‍ കൊണ്ടുപോയി കിടത്തി. വീട് വലിച്ചടച്ച് പൂട്ടി. വൈദ്യന്‍ മരിച്ചു എന്നവിവരം അടുത്തദിവസം പ്രഖ്യാപിക്കുകയും ശവസംസ്കാരകര്‍മ്മങ്ങള്‍ ചെയ്യത്തക്ക നിലയില്‍ അല്ലാതിരുന്നതിനാല്‍ വനമദ്ധ്യത്തില്‍ മൃതദേഹം കളയുകയാണുണ്ടായതെന്നു പറയുകയും ചെയ്തു.
അടുത്തദിവസം മഹായോഗങ്ങള്‍ കൂടി അനുശോചനപ്രമേയങ്ങള്‍ പാസ്സാക്കുകയും കുറുപ്പുവൈദ്യന്റെ സേവനങ്ങളെ പരിഗണിച്ച് അദ്ദേഹത്തിന്റെ വീടുതുറക്കാതെ അദ്ദേഹത്തിന്റെ സ്മാരകമായി നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ആ ഗ്രാമത്തിന്റെ സംരക്ഷകന്‍, ‘ഗ്രാമീണരുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ചുക്കുറുപ്പ് എന്ന മഹാവൈദ്യന്‍ ആ ഗ്രാമീണരുടെ ഇടയില്‍ നിന്ന് എന്നന്നേക്കുമായി നീക്കംചെയ്യപ്പെട്ടു.
|