close
Sayahna Sayahna
Search

പരാജയപ്പെട്ട തെരച്ചില്‍


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

പരാജയപ്പെട്ട തെരച്ചില്‍

രാജന്‍ സ്ക്കൂളില്‍നിന്നും തിരിച്ചെത്തിയില്ല. രാജനെ കാണാനില്ല. ആ ഗ്രാമത്തിലെ ഓരോവീട്ടിലും ഈ വാര്‍ത്ത ചെന്നെത്തി. മഴ വകവയ്ക്കാതെ, രാത്രിയായിട്ടുപോലും സ്നേഹസമ്പന്നരായ ഗ്രാമീണര്‍ രാജനെ തെരക്കുന്നതിനായി ഇറങ്ങിക്കഴിഞ്ഞു.

വെള്ളംപൊങ്ങി കരകവിഞ്ഞ് ആറൊഴുകി. തോട്ടിലും പാടത്തും വരമ്പുകവിഞ്ഞ് താഴ്ന്ന പ്രദേശമെല്ലാം നിലയെത്താത്ത ആഴത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്.

സ്ക്കൂളില്‍നിന്നു വരുന്നവഴി കാല്‍വഴുതി വെള്ളത്തില്‍ വീണുകാണും രാജന്‍. കാലത്തുതന്നെ പനിയായിരുന്ന രാജന്‍ മഴനനഞ്ഞു നടന്നപ്പോള്‍ തലകറങ്ങി വഴിയിലെങ്ങാനും വീണുപോയിരിക്കാം. കുത്തിയൊഴുകുന്ന ഒഴുക്കില്‍പ്പെട്ട് രാജന്‍ ഒഴുകി ആറ്റില്‍ വീണിട്ടുണ്ടാകും. ഇത്രയുംനേരം കഴിഞ്ഞതിനാല്‍ രാജനെ ജീവനോടെ കിട്ടുന്നകാര്യം സംശയമാണ്. രാജനെ അന്വേഷിച്ച് പലവഴിയിലും തിരിഞ്ഞ് സംഘംചേര്‍ന്ന് നടക്കുന്ന ഗ്രാമീണരുടെ സംശയങ്ങളായിരുന്നു ഇതൊക്കെ. എന്നിട്ടും വഴിയിലും ആറ്റിലും തോട്ടിലും തീരത്തും സ്ക്കൂളിലും പരിസരങ്ങളിലും അവര്‍രാജനെ തപ്പിനടത്തു. സ്ക്കൂള്‍കെട്ടിടത്തിന്റെ എല്ലാ ക്ലാസ്സുമുറികളും സ്റ്റോറും കക്കൂസ്മുറിയും വരാന്തയും പരിസരങ്ങളുമെല്ലാം ഒരു സംഘം ആളുകള്‍ പരിശോധിച്ചു. രാജന്‍ അവിടെയെങ്ങും ഉള്ളതായി ഒരു സൂചനപോലും അവര്‍ക്കു കിട്ടിയില്ല.

വള്ളംവഴി ഒരു കൂട്ടം ഗ്രാമീണര്‍ ആഠും തോടും പാടവും തെരഞ്ഞു നടന്നു നിരാശരായി മടങ്ങി.

വഴിക്കുള്ള വീടുകളും പറമ്പുകളും വാഴത്തോപ്പുകളും കന്നുകാലിക്കൂടുകള്‍പോലും മറ്റൊരു സംഘം പരിശോധിച്ചു. മാടക്കടകളും കച്ചവടസ്ഥാപനങ്ങളും തുറപ്പിച്ച് രാജനെ കണ്ടുപിടിക്കാന്‍ ശ്രമിച്ചു. അവരും വിജയിച്ചില്ല.

രാജന്‍ വഴിതെറ്റി ഭൂതമലയുടെ അടിവാരത്തുള്ള ഊട്ടുവഴിയിലൂടെ പോയിരിക്കാം. പക്ഷേ ഈ രാത്രിയില്‍ അതുവഴിപോയി തെരയാന്‍ നാട്ടുകാര്‍ക്കൊരു ഭയം. ചൂട്ടും പന്തങ്ങളും തയ്യാറാക്കി. മന്ത്രവാദികളും ജോത്സ്യന്മാരും ധൈര്യം പ്രകടിപ്പിച്ചു. ആയുധങ്ങളും പൂജാസാധനങ്ങളും എന്നുവേണ്ടാ എല്ലാവിധത്തിലും ഭൂതത്തെനേരിടാനുള്ള സജ്ജീകരണങ്ങളോടെ കുറെപേര്‍ ആ വഴി പുറപ്പെടാന്‍ തയ്യാറായി. വഴിക്കുവെച്ചു വരാവുന്ന അപകടത്തെപ്പറ്റിയും അതിനെ അഭിമുഖീകരിക്കേണ്ട രീതിയെക്കുറിച്ചും അവര്‍ ചര്‍ച്ച നടത്തി. അങ്ങനെ ഒരു സംഘംആള്‍ക്കാര്‍ ഭൂതമലയുടെ അടിവാരത്തുള്ള ഊടുവഴിയിലൂടെമുന്നോട്ടുനീങ്ങി.

ചുറ്റുപാടും നാലുവശവും തറയിലും ആകാശത്തിലും ചൂട്ടുതെളിച്ചും പന്തംകാണിച്ചും തെള്ളിപ്പൊടി എറിഞ്ഞും അവര്‍ സാവകാശം നടന്നു. എല്ലാ സ്ഥലവും വളരെ ശ്രദ്ധയോടെ പരിശോധിച്ചു മാത്രമേ അവര്‍ ഓരോ അടിയും മുന്നോട്ടു വച്ചുള്ളു. അങ്ങനെ കുറച്ചുദൂരം അവര്‍കടന്നു.

മഴയുടെ ഉപദ്രവം അല്പം ശമിച്ചിരിക്കുകയാണ്. അങ്ങ് സ്ക്കൂളിനു സമീപം കൂടിനിന്നവരുടെ ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചു. രാജനെപ്പറ്റിയുള്ള ചിന്തയ്ക്കു പുറമേ അവനെ തേടി ആ വനപ്രദേശത്തെയ്ക്കു പോയവരെപ്പറ്റിയും അവര്‍ക്ക് ഉല്‍കണ്ഠയായി.

കുറേപ്പേരുള്ളതിനാല്‍ എന്തെങ്കിലും അപകടമുണ്ടായാലും ഒന്നുരണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവരാതിരിക്കുകയില്ല. ഒരു ഭൂതത്തിന് ഇത്രവലിയ ഒരു സംഘത്തെ ഒറ്റയ്ക്കു നേരിട്ടു ജയിക്കാന്‍ സാധിക്കയില്ലെന്നവര്‍ ആശ്വസിച്ചു. ഭൂതത്തിനു കൂട്ടുകാരും ബന്ധുക്കളും കൂട്ടത്തിലുണ്ടായിരിക്കുമോ എന്നാണ് ചിലരുടെ സംശയം. അങ്ങനെ ഒരു സംഘം ഭൂതങ്ങളുണ്ടെങ്കിലോ? അപ്പോള്‍ അവിടെ ഒരു വലിയ സംഘട്ടനംതന്നെ നടക്കുമല്ലോ.

പന്തവും സജ്ജീകരണവുമായി ഭൂതമലയിലേക്കു കടന്നവരുടെ അനുഭവം ഭീതിജനകമായിരുന്നു. കാടുകളില്‍ ഓടിനടന്നിരുന്ന കുറുക്കനും രാത്രിയില്‍ മാത്രം സഞ്ചരിക്കുന്ന മൃഗങ്ങളും പെരുച്ചാഴിപോലും ഈ ആള്‍കൂട്ടവും തീപ്പന്തവും മറ്റും കണ്ട് പേടിച്ചോടിത്തുടങ്ങി. അവ ഓടുമ്പോള്‍ കാടു ചലിക്കും. ശബ്ദമുണ്ടാകും. ധൈര്യമവലംബിച്ചു മുന്നോട്ടുവന്ന അന്ധവിശ്വാസികളായ ഗാമീണര്‍ ഭയത്തിന്റെ കയത്തിലേക്കു വീണുതുടങ്ങി. ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അവര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ദേവിയേയും പള്ളിയിലെ പുണ്യവാളന്മാരേയും ഉച്ചത്തില്‍ വിളിക്കും. കത്തുന്ന തീപ്പന്തത്തില്‍ തെള്ളിപ്പൊടിയെറിഞ്ഞ് ജ്വലിപ്പിക്കും. കര്‍പ്പൂരം കത്തിച്ച് ഉഴിയും. ഭസ്മം വാരിയെറിയും. മന്ത്രവാദികള്‍ മന്ത്രമുരുവിടും. കൂട്ടത്തോടെ ശരണം വിളിക്കും. ഈ ഒച്ചപ്പാടും ബഹളവും കാട്ടിനുള്ളിലെ മൃഗങ്ങളെ കൂടുതല്‍ വിരട്ടും. അവ കുതിച്ചോടും. കാട്ടിലെ ശബ്ദം ഇരട്ടിക്കും, ആളുകളുടെ ഭയം വര്‍ദ്ധിക്കും. അങ്ങനെ കുറച്ചു ദൂരം കൂടി ആ സംഘം മുന്നോട്ടുപോയി.

ഇടയ്ക്ക് ചിലര്‍ തെരച്ചില്‍ നിര്‍ത്തി തിരിച്ചുപോകാമെന്നഭിപ്രായപ്പെട്ടു. നേരം വെളുത്തിട്ടാകാം ഇനിയത്തെ ശ്രമം. ഈ രാത്രിയില്‍ ഇനി എവിടെ തെരയാനാണ്. എന്തെല്ലാം സംഭവിക്കാം. ഇതായിരുന്നു അവരുടെ ചിന്തകള്‍.

എന്നാല്‍ തങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണ് രാജന്‍. അവന്‍ ഗ്രാമത്തിന്റെ സ്വന്തമാണ്. രാജന്‍ വളര്‍ന്നുവന്നാല്‍ ആ ഗ്രാമം അവന്റെ നേതൃത്വത്തില്‍ ഐശ്വര്യസമ്പൂര്‍ണ്ണാമാകും. അവനുവേണ്ടി സ്വന്തം ജീവന്‍ വെടിയാന്‍ കുറച്ചുപേര്‍ തയ്യാറായി. അവരെ അങ്ങനെ വിട്ടിട്ടുപോരാന്‍ മനസ്സുറയ്ക്കാത്ത മറ്റുള്ളവരും അവരെ അനുഗമിച്ചു വീണ്ടും മുന്നോട്ടുപോകാന്‍ തയ്യാറായി.

അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറച്ചു കടലാസുകഷണങ്ങള്‍ പെട്ടെന്നാണ് ഒരാളുടെ ശ്രദ്ധയില്‍പെട്ടത്. രാജന്റെ നോട്ടുബുക്കിലെ കടലാസുകള്‍!

എല്ലാവരും ഒന്നിച്ചുകൂടി. ചൂട്ടുകളും കൈപ്പന്തങ്ങളും ഒന്നുകൂടി തെളിച്ചു. രാജന്‍ അതുവഴി പോയി എന്നതിന് ഇനി മറ്റൊരു തെളിവ് ആവശ്യമില്ല. ചുറ്റുപാടും നല്ലവണ്ണം പരിശോധിച്ചു. റോഡരുകില്‍ അതാ ഒരു പാറ. അവര്‍ അതിനു മുകളില്‍ കയറി. വെളിച്ചം വീണ്ടും തെളിച്ചു. തെള്ളിപ്പൊടി എറിഞ്ഞ്, മന്ത്രം ജപിച്ച്, ഭസ്മം വിതറി, കര്‍പ്പൂരം കത്തിച്ച്- അങ്ങനെ ഓരോരുത്തരും അവരവരുടെ വിശ്വാസപ്രകാരം രാജനെ അവിടെ വരുത്താന്‍ ശ്രമിച്ചു.

അവരിരുന്ന പാറപ്പുറത്താണ് രാജന്‍ ബോധരഹിതനായി കിടന്നിരുന്നതെന്നവര്‍ അറിഞ്ഞില്ല. കാരണം ഇപ്പോള്‍ രാജനവിടെയില്ല!

കുറച്ചുനേരം അവിടെയിരുന്നതിനുശേഷം കുറേക്കൂടി മുന്നോട്ടുപോകാന്‍ ആ സംഘം ആലോചിച്ചു. ഭൂതത്തെപ്പറ്റി ഗ്രാമത്തില്‍ പറഞ്ഞുകേട്ടിട്ടുള്ള കഥകള്‍ അവർ ഓര്‍ത്തു. പരന്ന പാറ. ഇവിടെയാണ് ഭൂതത്തിന്റെ രാത്രിയിലെ വിശ്രമസ്ഥലം. ഈ പാറയില്‍ അടിച്ചാണ് ഭൂതം ആടുമാടുകളെ കൊല്ലുന്നത്. വെള്ളിയാഴ്ച ദിവസമാണ് ഭൂതം കൂടുതലായും ആ ഭാഗങ്ങളില്‍ വരുന്നത്. നേരം ഏറെയിരുട്ടി. വെള്ളിയാഴ്ചദിവസവുമാണ്.

രാജനെ ഭൂതം പിടിച്ചിരിക്കും. എന്നാല്‍ രാജന്റെ ശരീരാവശിഷ്ടങ്ങളോ ചോരയുടെ ലക്ഷണമോ ആ പാറയിലോ പരിസരങ്ങളിലോ ഇല്ല. അവന്റെ പുസ്തകത്തിന്റെയും നോട്ടുബുക്കിന്റെയും കുറച്ചു താളുകള്‍ മാത്രം കിട്ടി.

രാജനെ ഭൂതം കൊണ്ടുപോയിരിക്കാനേ മാര്‍ഗ്ഗമുള്ളു. അവന്‍ ഇപ്പോഴും ജീവനോടെ ഉണ്ടായിരിക്കാനും ഇടയുണ്ട്. പക്ഷെ, ഈ രാത്രിയില്‍ ഇനിയും ഭൂതത്തെ അന്വേഷിച്ചെവിടെ പോകും. ഇതായിരുന്നു ചിലരുടെ വാദം.

എങ്കിലും കുറച്ചുദൂരംകൂടി അവര്‍ നടന്നു. കൂടുതലായി അവര്‍ക്കു വിവരമൊന്നും ശേഖരിക്കാന്‍ കഴിഞ്ഞില്ല. മഴ തീരെ വിട്ടുനില്‍ക്കുകയാണ്. സ്ക്കൂള്‍ പരിസരങ്ങളില്‍ കൂടിനില്‍ക്കുന്ന മറ്റു ഗ്രാമീണരുടെ ഉത്കണ്ഠ നീക്കുന്നതിനായി ഈ സംഘം ഭൂതമലയില്‍നിന്നു മടങ്ങി. രാജനെപ്പറ്റിയുള്ള അന്വേഷണം തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കണമെന്നായിരുന്നു അവരുടെ തീരുമാനം.

അന്വേഷണത്തില്‍ വന്ന പരാജയവും രാജന്റെ വിവരങ്ങളും കുട്ടപ്പനേയും നാണിക്കുട്ടിയേയും വളരെയേറെ ദുഃഖിപ്പിച്ചു. അവരെ രണ്ടുപേരെയും നാട്ടുകാര്‍ ഒരുവിധത്തില്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി. കുറേപ്പേര്‍ അവിടിരുന്ന് അവരെ സമാശ്വാസിപ്പിക്കാന്‍ ശ്രമിച്ചു. മറ്റുള്ളവര്‍ അവരവരുടെ വസതികളിലേക്കും മടങ്ങി; താങ്ങാനാവാത്ത ദുഃഖഭാരത്തോടുകൂടി.