close
Sayahna Sayahna
Search

ഭൂതമലയില്‍ ഒരു രാത്രി


ജി.എൻ.എം.പിള്ള (ശാന്ത)

രാജനും ഭൂതവും
Rajanum-01.jpg
ഗ്രന്ഥകർത്താവ് ജി.എൻ.എം.പിള്ള
മൂലകൃതി രാജനും ഭൂതവും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍ (ബാലസാഹിത്യം)
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 124

ഭൂതമലയില്‍ ഒരു രാത്രി

രാജനെ കാണാതായിട്ട് പതിനഞ്ചു ദിവസമായി.അവനെ ഭൂതം കൊന്നുകളഞ്ഞതാണെന്ന് നാട്ടുകാരുടെ അഭിപ്രായം. അങ്ങനെ അപകടമരണം സംഭവിച്ച ബാലന്റെ മരണാനന്തര കര്‍മ്മങ്ങളും ഗ്രാമത്തിലെ സര്‍വ്വശക്തയായ കാളിക്കു വിശേഷാല്‍ പൂജയും വഴിപാടുകളും നടത്തിയില്ലെങ്കില്‍ ആ നാടിനാകെ ഉണ്ടാകാവുന്ന ഉപദ്രവങ്ങളെപ്പറ്റി നാട്ടുകാരെല്ലാം ചിന്തിച്ചു. പതിനാറാം ദിവസമെങ്കിലും പ്രായശ്ചിത്തത്തോടുകൂടി അതെല്ലാം നടത്തണമെന്നാണവര്‍ തീരുമാനിച്ചത്. അതിനുവേണ്ടി അവര്‍ പണം പിരിച്ചുണ്ടാക്കി. പൂക്കളും പൂമൊട്ടുകളും ശേഖരിച്ചു. ഒരുക്കളെല്ലാമായി, ചടങ്ങുകള്‍ക്കെല്ലാം അവസാനരൂപം കൊടുത്തു. ക്ഷേത്രത്തിനു ചുറ്റും അലങ്കരിക്കണം. പതിനാറാം ദിവസം വെളുപ്പിന് നാലുമണിക്ക് പൂജകള്‍ ആരംഭിക്കണം. നേരം വെളുക്കുമ്പോള്‍ കോഴികളേയും ആടിനേയും ദേവിക്ക് ബലിയര്‍പ്പിക്കണം.അവയുടെ ഇറച്ചി മന്ത്രവാദികള്‍ക്ക് അവകാശപ്പെട്ടതാണ്. കഴിവുള്ള എല്ലാ വീടുകളില്‍നിന്നും ബലിസാധനങ്ങള്‍ വഴിപാടായി കൊടുക്കണം. അന്ന് ക്ഷേത്രനടയില്‍തന്നെ വലിയ ഒരു യോഗം കൂടണം. ദേവിയുടെ മാഹാത്മ്യം നാട്ടുകാരെ പറഞ്ഞു കേള്‍പ്പിക്കണം. കലാപരിപാടികള്‍ നടത്തണം. മന്ത്രവാദം നടത്തി ഭൂതത്തിനെ ആവാഹിച്ചു് കാഞ്ഞിരത്തില്‍ തറയ്ക്കണം. ചുററുവിളക്കും പഞ്ചവാദ്യവും കുരവയും വേണം. നിണമണിഞ്ഞു വെളിച്ചപ്പാടു് തുളളണം. ഒരു പ്രത്യേക ഉത്സവമായി അന്ന് ആഘോഷിച്ചു് കാളീപ്രസാദം ഉണ്ടാക്കണം.

രാജന്റെ ശരീരാവശിഷ്ടങ്ങള്‍പോലും കണ്ടുകിട്ടിയിട്ടില്ല. എങ്കിലും അവന്റെ ശവസംസ്കാരച്ചടങ്ങു മതല്‍ പതിനാറടിയന്തിരം വരെയുളള കര്‍മ്മങ്ങള്‍ ചെയ്യണം. അവനെ സങ്കല്പിച്ചു് ഒരു ചെറിയ ആള്‍രൂപമുണ്ടാക്കി ആചാരവിധിപ്രകാരം അതു സംസ്ക്കരിച്ചാല്‍ മതി. ബാലനാകയാല്‍ അതു കുഴിച്ചിട്ടാല്‍ മതിയാകും; തീയില്‍ വയ്ക്കണമെന്നില്ല. അങ്ങനെ സങ്കല്പിച്ചുകൊണ്ടുതന്നെ മറ്റെല്ലാ കര്‍മ്മങ്ങളും ഒന്നിച്ചു് അല്പസമയം കൊണ്ടവസാനിപ്പിക്കാം. ബാക്കിസമയമെല്ലാം ക്ഷേത്രചടങ്ങുകള്‍ക്കുവേണ്ടി എടുക്കാം. ഇതാണു് മാന്ത്രികരുടേയും പൂജാരിയുടേയും ജോത്സ്യന്റേയും ഒന്നിച്ചുള്ള വിധികല്‍പ്പന.

പക്ഷെ ഒരു പ്രശ്നമുദിച്ചു. രാജന്റെ അടുത്ത ബന്ധുക്കാരോ ചാര്‍ച്ചക്കാരോ ആരുമില്ല. അച്ഛനുമമ്മയും ഭ്രാന്തു പിടിച്ചു് കാട്ടില്‍ നടക്കുകയാണ്. എന്നും രാത്രിയില്‍ തിരിച്ചുവരാറുണ്ടു്. എന്നാല്‍ പതിനഞ്ചാം ദിവസം രാത്രിയില്‍ അവരെത്തിയിട്ടില്ല. ഭുതമലയില്‍ കയറിയ അവരെയും ഭൂതം പിടിച്ചിരിക്കും.

രാജന്റെ ബന്ധുവാണെന്നു സങ്കല്പിച്ചു് ഒരു ബാലനെക്കൊണ്ടു് ചടങ്ങു നിര്‍വഹിപ്പിക്കാമെന്നു് പരികര്‍മ്മികള്‍ തീരുമാനിച്ചു.

ഈ സമയമത്രയും കുട്ടപ്പനും നാണിക്കുട്ടിയും ഭുതമലയില്‍ കറങ്ങിത്തിരിഞ്ഞുനടക്കുകയായിരുന്നു, രാജനെത്തേടി. അന്നു സന്ധ്യയ്ക്ക് അങ്ങകലെ ഒരു ഗുഹയ്ക്കുമുമ്പില്‍ അവര്‍ കണ്ട രൂപങ്ങള്‍ രാജനം ഭൂതവുമായിരുന്നു എന്നുതന്നെ അവര്‍ വിശ്വസിച്ചു. രാത്രി എത്ര കഷ്ടത വന്നാലും അവിടെത്തന്നെ തങ്ങിയിട്ട് അടുത്ത ദിവസം വെളിച്ചം വീണാലുടന്‍ ആ സ്ഥലത്തേക്കു പോകാന്‍ അവര്‍ ഉറച്ചു.

അടുത്തുനിന്നിരുന്ന മലവാഴകളുടേയും മറ്റും ഇലകളും, മരക്കമ്പുകളും ശേഖരിച്ച് അവിടെത്തന്നെ ഒരു കുടില്‍ നിര്‍മ്മിക്കാന്‍ കുട്ടപ്പന് അധികം സമയം വേണ്ടിവന്നില്ല. ചുളളികളും കരീലയും കൂട്ടിയിട്ടു തീയുണ്ടാക്കി. കിഴങ്ങുകള്‍ ചുട്ട് രാത്രിയിലേക്ക് ആഹാരവും തയ്യാറാക്കി. ഉറങ്ങാതെ കാത്തിരിക്കാനും നിശ്ചയിച്ചു.

സന്ധ്യകഴിഞ്ഞപ്പോഴേക്കും അവിടമെല്ലാം മൂടല്‍മഞ്ഞു പരന്നു. സഹിക്കാന്‍ വയ്യാത്ത തണുപ്പ്. ഭാണ്ഡക്കെട്ടില്‍നിന്നു വിരിപ്പും പുതപ്പുമെല്ലാമെടുത്ത് പുതച്ചുമൂടിയിരുന്നു.

ജീവിതത്തില്‍ ആദ്യമായാണ് വീടിനു വെളിയില്‍ നാണിക്കുട്ടി ഒരു രാത്രി കഴിഞ്ഞുകൂടുന്നതു്. അതും ഭീതി നിറഞ്ഞ ഭൂതമലയില്‍. രാജനെ കാലത്തു കാണാമെന്ന പ്രതീക്ഷയാണ് അവള്‍ക്കു ധൈര്യംകൊടുക്കുന്നതു്.

പട്ടാളസേവനത്തില്‍ എല്ലാ കഷ്ടപ്പാടും അനുഭവിച്ച കുട്ടപ്പനു് കാട്ടിലെ ഒരു രാത്രി അത്ര വിഷമകരമായി തോന്നിയില്ല. സന്ധ്യയ്ക്കു കണ്ട രൂപങ്ങള്‍ രാജന്റേതും ഭൂതത്തിന്റേതുമാണെങ്കില്‍ രാജനെ രക്ഷിക്കാനുള്ള യുദ്ധമുറകള്‍ കുട്ടപ്പന്‍ ആലോചിച്ചുകൊണ്ടിരുന്നു. ഇപ്പോഴും ജീനനോടെ രാജനെ രക്ഷിച്ചുവരുന്ന ഭുതത്തില്‍നിന്നു രാജനെ തിരിച്ചുകിട്ടുന്നതിനു് ഒരു യുദ്ധത്തിന്റെ ആവശ്യമുണ്ടാവുകയില്ലെന്നും അവനു തോന്നാതിരുന്നില്ല. അങ്ങനെ ആശയും പ്രതീക്ഷയും ആലോചനയും കാരണം തണുപ്പിന്റെ കടുപ്പം അവര്‍ക്കു രണ്ടുപേര്‍ക്കും അധികം അനുഭവപ്പെട്ടില്ല.

രാത്രികാലങ്ങളില്‍ കാട്ടിലെ മൃഗങ്ങളുടെ ശബ്ദങ്ങളും മൂങ്ങയുടെ മൂളലും ഭയം ജനിപ്പിക്കുന്ന കോലാഹലങ്ങളും കുട്ടപ്പന്‍ ധാരാളം കേട്ടിട്ടുണ്ട്. നാണിക്കുട്ടിക്കു ഭയമുണ്ടാകാതിരിക്കാന്‍ പട്ടാളത്തില്‍ തനിക്ക‍ുണ്ടായ അന‍ുഭവങ്ങള്‍ കഥാര‍ൂപത്തില്‍ ക‍ുട്ടപ്പന്‍ അവളോട‍ു പറഞ്ഞ‍ുകൊണ്ടിര‍ുന്ന‍ു.

ആ മലമ‍ുകളില്‍ അങ്ങനെ പ്രഭാതം വരെ അവര്‍ കണ്ണ‍ുംനട്ട് ഇര‍ുന്ന‍ു കഴിച്ച‍ു. ച‍ുള്ളിയ‍ും കരീലയ‍ും ത‍ുടര്‍ച്ചയായി കത്തിച്ചു വെളിച്ചം കണ്ട‍ു. സ‍ൂര്യപ്രകാശം വീണാല്‍ യാത്ര ത‍ുടരാനാണ‍ു നിശ്ചയിച്ചിര‍ുന്നത്.

പ്രഭാതത്തിന‍ു മ‍ുമ്പാണ് മഴ ആരംഭിച്ചത്. മഴവെള്ളം വീണ് അവര്‍ ക‍ൂട്ടിയിര‍ുന്ന തീയണഞ്ഞ‍ു. അവര‍ുടെ ക‍ുടില്‍ നിലംപതിക്കാറായി. എവിടെയ‍ും ഇര‍ുട്ട്. പാറക്കെട്ട‍ുകളില‍ൂടെ വെള്ളം ക‍ുത്തിയൊലിക്കയാണ്. അവര‍ുടെ ച‍ുറ്റ‍ും വെള്ളച്ചാല‍ുകള്‍. ചെറിയ പാറക്കഷണങ്ങള്‍ ഉര‍ുട്ടിക്കെണ്ട് അതിവേഗം ഒഴ‍ുക‍ുന്ന അര‍ുവികള്‍. പ്രകാശം വീണതോടെ ആ സ്ഥലം ആകെ മാറിയ രീതിയില്‍ അവര്‍ക്കു തോന്നി. എങ്ങോട്ടാണ‍ു പോകേണ്ടത്? നടക്കാന്‍ പറ്റിയ വഴിയൊന്ന‍ും കാണ‍ുന്നില്ല. തലേദിവസം നടന്ന‍ുകയറിയ വഴിയില‍ൂടെയാണ് വെള്ളപ്പാച്ചില്‍. തൊട്ടട‍ുത്ത സ്ഥലംപോല‍ും കാണാന്‍വയ്യാത്തവിധം മഴ പെയ്യ‍ുകയാണ്. മഴ തീര്‍ന്ന ശേഷമല്ലാതെ എങ്ങോട്ട‍ും പോക‍ുന്നതിനവര്‍ക്ക‍ു നിവൃത്തിയില്ല.

”കനത്ത മഴയായതിനാല്‍ രാജന‍ും ഭ‍ൂതവ‍ും അവിടം വിട്ട് എങ്ങ‍ും പോവ‍ുകയില്ല. മഴ തിര്‍ന്നാല‍ുടന്‍ നമ‍ുക്കങ്ങ‍ു ചെല്ലു‍‍‍‍‍‍‍കയ‍ും ചെയ്യാം.” ക‍ുട്ടപ്പന്‍ നാണിക്ക‍ുട്ടിയെ സമാധാനിപ്പിച്ച‍ു.തലേദിവസം അങ്ങ‍ു ദ‍ൂരെ ആള്‍ര‍ൂപം കണ്ട ദിക്കിലേക്ക‍ു തന്നെ അവര്‍ നോക്കിക്കൊണ്ടിര‍ുന്ന‍ു.

ച‍ുട്ട‍ുവച്ചിര‍ുന്ന കിഴങ്ങ‍ുകള്‍ അവര്‍ പ്രഭാതഭക്ഷണമാക്കി. മഴ തോര‍ുന്ന തക്കംനോക്കി യാത്രയാരംഭിക്കാന്‍ തയ്യാറെട‍ുത്ത‍ു.

പാറക്കെട്ട‍ുകള്‍ അടര്‍ന്ന് താഴേക്ക് ഉര‍ുണ്ട‍ുവര‍ുന്ന ശബ്ദം കേട്ട് അവര്‍ ഞെട്ടി. ചെണ്ടകള്‍ കൊട്ട‍ുന്നപോല‍െ നാദങ്ങള്‍ പ‍ുറപ്പെട‍ുവിച്ച് ഉര‍ുളന്‍പാറകള്‍ ഉര‍ുണ്ട് അവര‍ുടെ സമീപത്ത‍ുക‍ൂടി ഒഴ‍ുകിപ്പോയി. മരക്കൊമ്പ‍ുകള്‍ അടര്‍ന്നുവീഴുന്നതവര്‍ കണ്ടു. മഴ പെയ്യുമ്പോള്‍ പാറുമുകളില്‍ നിന്നുകൊണ്ടു്, അങ്ങുദൂരെ മലയിലും കാട്ടിലും ഓടിക്കളിക്കുന്ന മൃഗങ്ങളെയും പറന്നുനടക്കുന്ന പറവകളേയും അവര്‍ കണ്ടു. ചില സ്ഥലങ്ങളില്‍ വെളളച്ചാട്ടത്തില്‍ നിന്നുതിര്‍ന്നു പൊങ്ങിയ ജലകണങ്ങള്‍ അവിടുത്തെ അന്തരീക്ഷത്തെ മൂടല്‍മഞ്ഞുകൊണ്ടു് മൂടിയതുപൊലെ ആക്കിത്തീര്‍ത്തു.

ജീവിതത്തിലൊരുകാലത്തും കണ്ടിട്ടില്ലാത്ത കാഴ്ചകളാണു് നാണിക്കുട്ടി കണ്ടതു്. രാജന്റെ വിരഹത്തിലുളള വേദന തിന്നുമ്പോഴും ആ വനത്തിലെ പ്രകൃതിയുടെ കാഴ്ച അവള്‍ക്കല്പമെങ്കിലുമൊരു സുഖം നല്‍കി. അസൂയയും കൃത്രിമത്വവും നിറഞ്ഞ മനുഷ്യരുടെ കൂടെയുള്ള ഗ്രാമജീവിതവും, സ്വച്ഛതയും സുഖവും ആനന്ദവും നല്‍കുന്ന വനവാസവും തമ്മില്‍ അവള്‍ താരതമ്യപ്പെടുത്തി. ശ്രീരാമന്റെ കൂടെ സീത വനവാസത്തിനു് പോയ രാമായണ കഥ അവളോര്‍ത്തു. സീതയെ കാണാതായപ്പോള്‍ ശ്രീരാമനുണ്ടായ ദുഖവും സീതയെ തേടിയുള്ള ശ്രമവും അവളുടെ മനസ്സിലുദിച്ചു. ഇവിടെ സീതയെയല്ല, രാജനെയാണവള്‍ തേടുന്നതു്. ഹനുമാനേയോ സുഗ്രീവനേയോ പോലുള്ള സുഹൃത്തുക്കള്‍ തങ്ങള്‍ക്കും കിട്ടിയേക്കാമെന്നവര്‍ ആശിച്ചു.

പെട്ടെന്നാണു മഴ തോര്‍ന്നതു്. ഇരുട്ടു പൂര്‍ണ്ണമായി മാറിയിട്ടില്ലെങ്കിലും വെളിച്ചം ക്രമേണ തെളിഞ്ഞുതുടങ്ങി. വെളളച്ചാലുകളിലൂടെ കുത്തിപ്പാഞ്ഞുള്ള ഒഴുക്കു കുറഞ്ഞുവരികയാണ്. കുത്തനെയുള്ള വെളളച്ചാട്ടത്തിന്റെ ശക്തിയും ശമിച്ചുവരുന്നു. കുറച്ചുകൂടി കാത്തുനിന്നാല്‍ ചുററുപാടുമുള്ള വഴികള്‍ തെളിയും. അടുത്തുള്ളതിനേക്കാള്‍ തെളിവായി അകലെയുള്ള മലകള്‍ അവര്‍ക്കു കാണാം. ഉയര്‍ന്ന സ്ഥലങ്ങളാണവ. അവിടെയാണല്ലോ ഉദയസൂര്യന്റെ അദ്യകിരണങ്ങള്‍ പതിയുന്നതു്.

ഭാണ്ഡക്കെട്ടുകള്‍ ഒന്നുകൂടി കുട്ടപ്പന്‍ പരിശോധിച്ചു. നനഞ്ഞ തുണികള്‍ പിഴിഞ്ഞു പ്രത്യേകം കെട്ടി. മിച്ചമുള്ള അഹാരസാധനങ്ങൾ, കൊണ്ടുവന്നിരുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ– എല്ലാം നോക്കിയെടുത്ത് കെട്ടിവെച്ച് യാത്രയ്ക്കു തയ്യാറായി. ഹിമാലയത്തിലെ കൊടുമുടി കയറാനുള്ളവരുടെ ഒരുക്കങ്ങൾ പോലെ. പട്ടാളത്തിലെ പരിശീലനവും സേവനവും തന്റെ ജീവിതത്തിൾ വളരെയെറെ പ്രയോജനപ്പെട്ടതായി കുട്ടപ്പനു ബോധ്യമായി. യാതൊരു ജോലിയുമില്ലാതെ വിഷമിച്ച്പ്പോൾ ഒരു ജീവിതമാർഗത്തിനു വേണ്ടി മാത്രം അവൻ പട്ടാളത്തിൽ ചേർന്നതാൺ. ഇന്ന് അതെത്രമാത്രം ഗുണകരമായി അനുഭവപ്പെടുന്നു അവന്. അനുഭവങ്ങളിലുടെ വളരുന്നതാൺ ജീവിതം. കഷ്ടപ്പാടുകൽ തരണംചെയ്യന്നതിന് കഴിവുള്ളവർ ജീവിതത്തെ ഭയപ്പെടുകയില്ല. കൂട്ടപ്പനു നല്ല ധൈര്യവും ആത്മവിശ്വാസവും ഉത്സാഹവുമുണ്ട്.

  വിചാരംകൊണ്ടു തളർന്നുപോവുകയാണു നാണിക്കുട്ടി. രാജനെപറ്റിയുള്ള വിചാരം. അവനും തങ്ങ്ളെപ്പോലെ കഷ്ടടുകയായിരിക്കുമല്ലോ എന്നാണവളുടെ ചിന്ത. വളരെ സ്നേഹത്തോടെ കൂട്ടപ്പൻ അവളെ സാന്ത്വനപ്പെടുത്തും. രാജന്റെ കഷ്ടതകളും അനുഭവങ്ങളും അവന്റെ ശ്ക്തിയും ധൈര്യവും വളർത്തും. അവൻ വളർന്ന് വരുമ്പോൾ നാടിന് ഒരു വലിയ സമ്പാദ്യമായി അവനുയരും. ധൈര്യവും തന്റേടവും സമസൃഷ്ടിസ്നേഹവുമുള്ള ഒരു വലിയ നേതാവായി രാജനുയരും. അതാണു നമുക്കാവശ്യം. ഇതാണു കുട്ടപ്പന്റെ ഉപദേശ്ം.
     കൂട്ടപ്പന്റെ ഉപദേശവും ധൈര്യവും ശക്തിയും അങ്ങനെ നാണിക്കുട്ടിക്കും ശേഷി പകർന്നുകൊടുത്തു. ഇന്നു പതിനാറാം ദിവസമാണ്. ഇന്നു വൈകുന്നതിനകം രാജനെ ജീവനൊടെ നാട്ടിൽകൊണ്ടുചെല്ലണം. നാട്ടുകാർ കണ്ട് അമ്പരന്നു നിൽക്കും. രാജനെ സ്നേഹിച്ചിരുന്ന നാട്ടുകാർ തങ്ങളെ അഭിനന്ദിക്കും. തങ്ങളുടെ മന:ശക്തിയിലും ദൃഡനിശ്ചയത്തിലം നാടാകെ അത്ഭുതപ്പെടും. നാണിക്കുട്ടിയുടെ ചിന്തകൽ അങ്ങനെ ചിറകുകൾ വിരിച്ചു. 

രണ്ടുപേരും ഭാണ്ഡങ്ങള്‍ ചുമലിലേററി. ഭാരം കൂടിയതും അത്യാവശ്യം വേണ്ടതുമായതെല്ലാം കുട്ടപ്പനെടുത്തു. വെളളച്ചാലുകള്‍ വഴികളായി തെളിഞ്ഞുതുടങ്ങി. രണ്ടുപേരും പതുക്കെപ്പതുക്കെ പദംവച്ചു നീങ്ങി. കുട്ടപ്പന്‍ മുമ്പേ നടക്കും. മറിയാത്ത പാറകളിലൂടെ കാലുറപ്പിച്ചു് നാണിക്കുട്ടിക്കു വഴി കാണിച്ചുകൊടുക്കും. ഒടിഞ്ഞുവീണുകിടക്കുന്ന മരക്കൊമ്പുകള്‍ മാററി അവന്‍ വഴിതെളിക്കും. ലക്ഷ്യം തെററാതെ, പെട്ടെന്നു ചെന്നെത്താനുള്ള കുറിയ മാര്‍ഗ്ഗങ്ങള്‍ അവന്‍ കണ്ടുപിടിക്കും. നാണക്കുട്ടി ഭാണ്ഡവുമേന്തി കുട്ടപ്പന്റെ തൊട്ടുപിറകേ നടക്കും. ദൃഢമായ ഉദ്ദേശ്യവും ലക്ഷ്യവും ഉണ്ടെങ്കില്‍ വഴിയില്‍ വരുന്ന ക്ളേശങ്ങള്‍ നിസ്സാരമായി തോന്നും. വളരെ കഷ്ടത നിറഞ്ഞ നടപ്പാണവര്‍ നടക്കുന്നതു്. വഴിയില്‍ പാറകള്‍ തളളിനീക്കേണ്ടതായിവന്നു. മരശിഖരങ്ങല്‍ വെട്ടിനീക്കേണ്ടിയിരുന്നു. മുളളും കല്ലും നിറഞ്ഞ വഴികളിലൂടെ നടക്കണം. കുററിക്കാടുകളില്‍ പതിയിരിക്കുന്ന ക്രൂരമൃഗങ്ങളുണ്ടായിരിക്കും. അവയെ ഇളക്കിവിടാതെ ഒഴിഞ്ഞുപോകണം. മുകളില്‍നിന്നു പാറ അടര്‍ന്നുവീഴാം. ഏതു സമയവും മഴ പെയ്തു എന്നുവരാം.. കാണുന്ന സ്ഥലത്തുനിന്നും കായ്കനികള്‍ ശേഖരിച്ചില്ലെങ്കില്‍ വിശക്കുമ്പോള്‍ ആഹാരത്തിനൊന്നും കണ്ടില്ലെന്നു വരാം. അങ്ങനെ എന്തെല്ലാം കാര്യങ്ങളിലാണു് ശ്രദ്ധിക്കേണ്ടതു്.

ഇത്രവരെ ബുദ്ധിമുട്ടുണ്ടായിട്ടും അവര്‍ക്കു ക്ളേശം തോന്നിയില്ല. ഉറച്ച ഒരു വിശ്വാസം അവര്‍ക്കുണ്ടു്. ഒരു നിശ്ചിത ലക്ഷ്യമുണ്ടു്. അവിടെയെത്തുക എന്നതാണവരുടെ ആവശ്യം. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കുന്നതിനു് അവര്‍ക്കു ക്ളേശം തോന്നുകയില്ല.

“ജീവിതത്തില്‍ ഉറച്ച ലക്ഷ്യവും നല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ ജീവിതമാര്‍ഗ്ഗത്തിലെ വിഘ്നങ്ങള്‍ നിസ്സാരങ്ങളായി തോന്നും. ആത്മവിശ്വാസവും ധൈര്യവുമാണാവശ്യം, കുട്ടപ്പന്‍ നാണിക്കുട്ടിയെ പറഞ്ഞു മനസ്സിലാക്കി. അവള്‍ ഭീതികൂടാതെ അവനെ പിന്‍തുടര്‍ന്നു.

മുന്നോട്ടു പോകുന്തോറും രാജനെ കണ്ടെത്താനുള്ള ഉല്‍ക്കണ്ഠ അവരില്‍ വര്‍ദ്ധിച്ചുവന്നതേയുള്ള. നടക്കുംതോറും തലേദിവസം കണ്ടിരുന്ന സ്ഥലം അവരില്‍നിന്നകന്നുപോകുന്നതുപോലെ തോന്നി. ഇടയ്ക്കിടെ പ്രകാശം തെളിഞ്ഞുതുടങ്ങിയപ്പോള്‍ അനേകം കുന്നുകളും താഴ്വരകളും താണ്ടി നടന്നാലേ ആ സ്ഥലത്തെത്തുവാന്‍ കഴിയൂ എന്നവര്‍ക്കു മനസ്സിലായി. അതേസമയം സ്ഥലം വ്യക്തമായി കാണാനും കഴിഞ്ഞു.

തെളിഞ്ഞ മൊട്ടക്കുന്നില്‍ വളര്‍ന്നുയര്‍ന്ന ഒരു ആനപ്പാറ. ചുവട്ടിലായി സാമാന്യം വലിപ്പമുള്ള പാറക്കൂട്ടങ്ങള്‍. പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ ഒരു ചെറിയ വഴിയും ഒരു ഗുഹയ്ക്കുള്ളിലേക്കുള്ള പ്രവേശനദ്വാരവും അവര്‍ കണ്ടു. അതായിരിക്കാം ഭൂതത്തിന്റെ വാസസ്ഥലം. വിശ്രമമില്ലാതെ നടന്നാല്‍ ഉച്ചതിരിയുമ്പോള്‍ അവിടെ എത്താന്‍ കഴിഞ്ഞേക്കും. രാജനെ സംരക്ഷിക്കുന്ന ഭൂതം തങ്ങളെ ഉപദ്രവിക്കയില്ലെന്നവര്‍ ഉറച്ചു. അവര്‍ യാത്രാവേഗം കൂട്ടി. കുട്ടപ്പന്‍ മുന്‍പേയും നാണിക്കുട്ടി പുറകേയുമായി വേഗത്തില്‍ നടന്നു.