close
Sayahna Sayahna
Search

Thurump-13


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


അഭയം — കുറിപ്പുകള്‍

അഭയം തന്ന മേല്‍ക്കൂര നോക്കി
കിടന്നു

ഒരു നിമിഷം
ഒരു മോന്തായം നിറയെ
അണ്ണാറക്കണ്ണന്മാര്‍
മറുനിമിഷം
ഒരു മോന്തായം നിറയെ
എലിവാലുകള്‍



എല്ലാം ഭദ്രമാണ്

തട്ടി മറിഞ്ഞു കിടക്കുന്ന
ഒരു കുപ്പി വായുവിലോ!



കണ്ണുകള്‍
വെയിലിലേക്കു മിഴിക്കുന്നു
ആള്‍ത്തിരക്കിലേക്കു മിഴിക്കുന്നു
ഇടവഴികളിലേക്ക് ഇമവെട്ടുന്നു.



ശ്മശാനത്തിലെ മനുഷ്യച്ചൂര്
എങ്ങനെ ഇതിനകത്ത്!

വേവുന്നതിന്റെയല്ല
അഴുകുന്നതുമല്ല.

അന്ത്യപ്രാര്‍ത്ഥനകളോടെ
കൂട്ടംകൂടി നില്ക്കുന്നതിന്റെ.
ശ്മശാനത്തിലെ മനുഷ്യച്ചൂര്
എങ്ങനെയീ മുററത്ത്.

ശവപ്പറമ്പിലെ ചരലില്‍
കുനിഞ്ഞിരുന്ന്
ഒരു പൂച്ചെടി
നട്ടുവളര്‍ത്തുന്നതിന്റെ



ഉള്ളങ്കൈ ചെറിഞ്ഞാല്‍
എന്താ ഫലം?
കോടി കിട്ടും
കണ്ണു ചൊറിഞ്ഞാലോ?
മൂക്കു ചൊറിഞ്ഞാല്‍?

എങ്കിലിപ്പോള്‍
എല്ലാം ഒത്തു.
ഉള്ളങ്കയ്യുകളുടേയും മൂക്കിന്‍തുമ്പുകളുടേയും
കണ്‍കോണുകളുടേയും
വമ്പന്‍ സമാഹാരത്തിലൂടെ
പായുന്ന കൈവേഗമായി
എന്റെ കാലം
പുളഞ്ഞു കളിക്കുകയല്ലേ!

ഉള്ളങ്കൈ ചെറിഞ്ഞാല്‍
കോടി കിട്ടും.
അതു ഞാന്‍ മൂടിപ്പുതയ്ക്കും.



ദൂരെ നിന്നു
ചുരുളഴിഞ്ഞു വരുന്ന
മങ്ങലിന്റെ പരവതാനി
ഇങ്ങ് കാലടിയോളമെത്താന്‍
വഴിചൂണ്ടിനില്ക്കുന്നു
വൈദ്യുതിക്കാലുകള്‍.