close
Sayahna Sayahna
Search

തടാകതീരത്ത്: അഞ്ച്


തടാകതീരത്ത്: അഞ്ച്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

ഞായറാഴ്ച ഉച്ചയ്ക്ക് രമേശൻ ഉറങ്ങുന്നു. സുഖമായ ഉറക്കം. ഒരാഴ്ചത്തെ ക്ഷീണം മുഴുവൻ തീർന്നു കിട്ടണം. ഈ ആഴ്ച പ്രത്യേകിച്ചും പനി വിട്ട ശേഷമുള്ള ക്ഷീണമാണ്. ഉണർന്നപ്പോൾ അഞ്ചു മണിയായി. ഉറങ്ങാൻ കിടക്കുമ്പോൾ ദാലിയുടെ ചിത്രം സജീവമാക്കിയിരുന്ന സൂര്യൻ ഇപ്പോൾ കെട്ടിടങ്ങളുടെ ആകാശരേഖയിൽ മറഞ്ഞിട്ടുണ്ടാകും. അലസമായി കിടക്കാനാണ് തോന്നുക. പക്ഷേ അയാൾ എഴുന്നേൽക്കും. വസ്ത്രം ധരിച്ച് പുറത്തു പോകും. സതേൺ അവന്യു മുറിച്ചു കടന്ന് തടാകതീരത്ത് എത്തി. അവിടെ തിരക്കു തുടങ്ങിയിരുന്നു. ചുറ്റും നിറയെ ആൾക്കാരുണ്ടെങ്കിലും തനിയെ ആണെന്ന തോന്നലുണ്ടാവുന്നു. തന്നിലേയ്ക്കുതന്നെ ഇറങ്ങിച്ചെല്ലാൻ പറ്റിയ സ്ഥലം. ജലപ്പരപ്പിൽ റോവിങ് ക്ലബ്ബിലെ ബോട്ടുകൾ തുഴഞ്ഞു പോകുമ്പോഴുണ്ടാവുന്ന കൊച്ചുതിരകൾ ശ്രദ്ധിച്ച് തടാകത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നശേഷം അയാൾ പുൽത്തകിടിയിൽ മലർന്നു കിടക്കുന്നു. ചുറ്റും ഇരുട്ടിത്തുടങ്ങി. ആകാശത്ത് നക്ഷത്രങ്ങൾ ഓരോന്നോരോന്നായി പ്രത്യക്ഷപ്പെട്ടു. അവ സാവധാനത്തിൽ ഓരോ രാശികളായി പരിണമിക്കുന്നത് അയാൾ നോക്കിക്കിടക്കും. ഇനി സൂര്യവെളിച്ചം മാഞ്ഞുണ്ടാകുന്ന ശൂന്യതയിൽ നഗരവിളക്കുകളുടെ ശോഭ സ്ഥാനം പിടിക്കും. അതിന്റെ തിളക്കത്തിൽ നക്ഷത്രങ്ങളുടെ പ്രഭ മങ്ങും.

കുടുംബമൊത്ത് കാറ്റുകൊള്ളാൻ വന്നിരുന്നവർ സാവധാനത്തിൽ യാത്ര തിരിക്കും. ക്രമേണ ചുറ്റുമുള്ള പൂമരങ്ങൾക്കു താഴെ ഓരോ ജോടി ചെറുപ്പക്കാർ സ്ഥാനം പിടിക്കും. കുൽഫി എന്ന ഐസ്‌ക്രീം കലത്തിലാക്കി വിൽക്കുന്നവർ ഒരു മരത്തിൽനിന്ന് അടുത്ത മരത്തിലേയ്ക്ക് യാത്രയാകും. ഏഴു മണിയാകുമ്പോഴേയ്ക്ക് നല്ലവണ്ണം ഇരുട്ടിയിട്ടുണ്ടാവും. ദൂരെ സതേൺ അവന്യുവിൽ നിരന്നു കത്തുന്ന ഫ്‌ളൂരസന്റ് വിളക്കുകളുടെ വെളിച്ചത്തിൽ പൂമരങ്ങൾക്കു കീഴിൽ ഇരിക്കുന്ന സ്ത്രീപുരുഷരൂപങ്ങൾ അവ്യക്തമായ നിഴലുകളാകുന്നു. നിഴലുകൾ ചലിക്കുന്നു. എന്താണ് നടക്കുന്നത് എന്നറിയാൻ സൂക്ഷിച്ചു നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നു. അയാൾ പോകാനായി എഴുന്നേൽക്കും.

അങ്ങിനെയുള്ള ഒരു ഞായറാഴ്ചയാണ് മായയെ പരിചയപ്പെടുന്നത്. രണ്ടു പെൺകുട്ടികൾ കുറച്ചു നേരമായി തന്നെ നോക്കിക്കൊണ്ട് ദൂരത്തല്ലാതെ ഇരിക്കുന്നത് രമേശൻ ശ്രദ്ധിച്ചിരുന്നു. ഒരു പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. മറ്റേ പെൺകുട്ടിയുടെ മുഖം പരിചയമുള്ളപോലെ. അതെവിടെ വച്ചാണ് കണ്ടതെന്നോർക്കുകയായിരുന്നു രമേശൻ. ട്രാമിലെ നിത്യയാത്രയ്ക്കിടയിലാണോ എസ്പ്ലനേഡിലെ നടത്തത്തിന്നിടയിലാണോ, അല്ലെങ്കിൽ തടാകതീരത്തു തെന്നയാണോ ഓർമ്മ വരുന്നില്ല. പനി വന്ന് കിടപ്പിലായ ആ നാലു ദിവസങ്ങളൊഴിച്ചാൽ മിക്ക ദിവസങ്ങളിലും അയാൾ തടാകത്തിലേയ്ക്ക് നടക്കാൻ വന്നിരുന്നു. ഈ നഗരം വളരെ വലുതാണ്, ഒരിക്കൽ കണ്ട മുഖം പിന്നീടൊരിക്കലും കണ്ടില്ലെന്നു വരും. ആരെങ്കിലുമാകട്ടെ അയാൾ തിരിഞ്ഞു കിടന്നു.

‘ഹല്ലോ...’

രമേശൻ ശരിക്കും ഞെട്ടിപ്പോയി. ആ പെൺകുട്ടി കുനിഞ്ഞു നിന്നുകൊണ്ട് ചോദിക്കുകയാണ്. ‘എന്നെ പരിചയമില്ലേ? ഞാൻ മായ.’ അവൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഒരുപക്ഷേ തനിക്ക് ബംഗാളി അത്യാവശ്യം കൈകാര്യം ചെയ്യാമെന്ന് അവൾക്കറിയുകയുണ്ടാവില്ല.

‘സോറി, ഞാൻ ശ്രദ്ധിച്ചില്ല.’ രമേശൻ പറഞ്ഞു. മുകളിലെ നിലയിൽനിന്ന് ഇടയ്ക്ക് ഇറങ്ങി വന്ന് അമ്മയുടെ കയ്യിൽനിന്ന് പ്രാതലും അത്താഴവും വാങ്ങി അതേപോലെ മുകളിലേയ്ക്കു തിരിച്ചു പോയിരുന്ന െപൺകുട്ടിയെ ഇതുവരെ അടുത്തു കണ്ടിരുന്നില്ല. ഇപ്പോൾ അവൾ തൊട്ടടുത്ത്, അവളുടെ നിശ്വാസം തന്റെ മേൽ തട്ടുമാറ് നിൽക്കുന്നു. അയാൾ എഴുന്നേറ്റിരുന്നു.

‘ശരിക്കു പറഞ്ഞാൽ എനിക്കു മനസ്സിലായില്ല. ഞാൻ നിന്നെ ഇത്ര അടുത്തുനിന്ന് ഇപ്പോഴാണ് കാണുന്നത്.’

‘എനിക്കും പെട്ടെന്നു മനസ്സിലായില്ല. ഞാൻ ശ്രദ്ധിച്ചത് നിങ്ങൾക്ക് എന്റെ ജ്യേഷ്ഠന്റെ ഛായയുള്ളതുകൊണ്ടാണ്. നിങ്ങളുടെ മീശയ്ക്ക് കുറച്ചുകൂടി കട്ടിയുണ്ടെങ്കിൽ എന്റെ ജ്യേഷ്ഠൻ തന്നെ. അത്രയധികം ഛായയുണ്ട്.’

‘നിങ്ങളുടെ ജ്യേഷ്ഠൻ എവിടെയാണ്?’

‘അവിടെ.’ മുകളിലേയ്ക്ക് ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു. ‘രണ്ടു കൊല്ലം മുമ്പ് മരിച്ചു. ബൈക്കപകടത്തിൽ.’

അവൾ അയാൾക്കെതിരെ ഇരുന്നു. കുറച്ചു നേരം അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

‘എത്രാം വയസ്സിലാണ് മരിച്ചത്?’

‘ഇരുപത്. ഡിഗ്രിക്കു പഠിക്കുകയായിരുന്നു.’

‘ആനന്ദമയീദേവി ഒന്നും പറഞ്ഞില്ലല്ലോ.’

‘ആര്?’

ആനന്ദമയീദേവി, നിന്റെ അമ്മ.’

‘ഓ, അമ്മ! അമ്മയുടെ ശരിക്കുള്ള പേര് അഭിരാമി എന്നാണ്. മറ്റേ പേര് ഞങ്ങൾക്കു തന്നെ അറിയില്ല.’

രമേശനും ഒന്നും പറയാതെ ഇരുന്നു. പലതിന്റേയും അർത്ഥം ഇപ്പോഴാണ് അയാൾക്കു മനസ്സിലാവുന്നത്. പനികൊണ്ട് എല്ലാം അവ്യക്തമായിരുന്ന ദിനരാത്രങ്ങൾ. ഒരു സാന്ത്വന സ്പർശത്തിന്റെ ഓർമ്മ. അയാൾ ദു:ഖിതനായി.

‘നിങ്ങൾ താമസിക്കുന്ന മുറി ജ്യേഷ്ഠന്റെയായിരുന്നു. ഞങ്ങൾ അതിനു തൊട്ടടുത്ത മുറിയിലും. ജ്യേഷ്ഠന്റെ മരണശേഷം ഞങ്ങൾ മുകളിലെ മുറിയിലേയ്ക്കു മാറിയതാണ്.’

രമേശൻ മായയെ നോക്കി പഠിക്കുകയായിരുന്നു. ഇളം മഞ്ഞ നിറത്തിൽ ചെറിയ ചുവന്ന പൂക്കളുള്ള കോട്ടൺ സാരിയാണ് വേഷം. ഇരു നിറം. അമ്മയുടെ ഭംഗിയുള്ള നിറം അവൾക്കു കിട്ടിയിട്ടില്ല. നേരിയ ചുണ്ടുകൾ, അവ സംസാരിക്കുമ്പോൾ വിറകൊള്ളുന്നപോലെ. വലിയ കണ്ണുകൾ, അവ ചലനാത്മകങ്ങളായിരുന്നു.

‘അത് നിന്റെ അനുജത്തിയല്ലേ?’

‘അതെ, അവൾ നാണം കുണുങ്ങിയാണ്. വളരെ കുറച്ചേ സംസാരിക്കൂ. എന്റെയും കഥ അതുതന്നെ.’

തന്റെയും കഥ അതുതന്നെയാണെന്ന് രമേശൻ ഓർത്തു. ആ വീട്ടിലേയ്ക്ക് പറ്റിയ താമസക്കാരൻ.

‘നീ ഏതിനാണ് പഠിക്കുന്നത്?’

പ്രീ യൂനിവേഴ്‌സിറ്റി, രണ്ടാം വർഷം. അനുജത്തി ഒന്നാം വർഷമാണ്. ഞങ്ങൾ തമ്മിൽ ഒന്നര വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ.’

അയാൾ തിരിഞ്ഞുനോക്കി. അനുജത്തി ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുകയാണ്. എന്താണവളുടെ പേര്. രസീതിൽ എഴുതിയ പേർ ഓർക്കാൻ അയാൾ ശ്രമിച്ചു. രേണു. അവൾ മായയെക്കാൾ മെലിഞ്ഞിട്ടാണ്. നീളം കൂടുതലുള്ളതുകൊണ്ട് തോന്നുന്നതായിരിക്കാം.

മായ പോയിക്കഴിഞ്ഞശേഷം രമേശൻ ഓർത്തു. എന്തൊക്കെയോ ആകസ്മികതകൾ. അല്ലെങ്കിൽ താൻ അവിടെ വന്നുപെടണോ. അയാൾ അമ്മയെ ഓർത്തു. അസുഖം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അമ്മയെ രക്ഷിക്കാൻ കഴിയുമായിരുന്നോ?

ആരോ വന്ന് തൊട്ടു വിളിച്ചപ്പോൾ രമേശൻ ഉണർന്നു. ഒരു ചെക്കനാണ്. പത്തുപതിനാലു വയസ്സുണ്ടാവും.

‘മൊഷായ്...’

രമേശൻ എഴുന്നേറ്റിരുന്നു.

‘കൊണ്ടുവരട്ടെ?’

എന്തായിരിക്കാം അതെന്ന് രമേശൻ ഊഹിച്ചു. നാടൻ ചാരായമാകാം, അല്ലെങ്കിൽ പെൺകുട്ടികൾ. അതുമല്ലെങ്കിൽ ആൺകുട്ടികൾ. അയാൾ എഴുന്നേറ്റു.

‘ഗുഡ് സ്റ്റഫ് ഭായ്‌സാബ്. ക്ലീൻ, സസ്താ ഹെ.’

രമേശൻ ബംഗാളിയല്ലെന്നു കണ്ട് അയാൾ ഹിന്ദിയിലേയ്ക്കു മാറിയിരുന്നു.

‘നഹി.’

‘നാതൊ അഛാ ലഡ്കാ ഹൈ, ലാവൂം?’

രമേശൻ ഊഹിച്ചു. ഒരുപക്ഷേ അവൻ തന്നെയാവും വില്പനച്ചരക്ക്.

‘വേണ്ട, നന്ദി.’ രമേശൻ നടന്നു. ഒമ്പതു മണിയായിരിക്കുന്നു. പുൽത്തകിടിയുടെ തണുപ്പിൽ കിടന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല. ഇനി പോയാൽ ഹോട്ടലിൽ ഭക്ഷണം കിട്ടുമോ എന്നറിയില്ല. ഹോട്ടലിൽ ആറു മണിക്കുതന്നെ ഊണു തുടങ്ങുന്നു. ഒരു മാതിരി എല്ലാവരും എട്ട് എട്ടരയാവുമ്പോഴേയ്ക്ക് ഭക്ഷണം കഴിച്ചിട്ടുണ്ടാവും. അതിനു ശേഷം കിട്ടുന്നത് നേർപ്പിച്ച സാമ്പാറും എണ്ണത്തിൽ ചുരുങ്ങിയ വിഭവങ്ങളുമായിരിക്കും. അയാൾ ധൃതിയിൽ നടന്നു.

ഓഫീസിൽ ജോലി ഒരു പുതിയ കാഴ്ചപ്പാടിലൂടെ കാണാൻ രമേശനു കഴിഞ്ഞു. കഴിഞ്ഞ ഒരു കൊല്ലമായി താൻ കൈകാര്യം ചെയ്തിരുന്ന യന്ത്രങ്ങൾക്കെല്ലാം പുതിയ അർത്ഥം കൈവന്നിരിക്കുന്നു. സാങ്കേതികലോകത്ത് ധൈര്യപൂർവ്വം നടക്കാൻ തനിക്ക് ഒരു ചെറിയ ഊന്നുവടിയേ വേണ്ടിയിരുന്നുള്ളു. അമർ ചാറ്റർജിയാകട്ടെ ഒരു വലിയ സഹായമായി. വളരെ ക്ഷമയോടെ അേദ്ദഹം ഓരോ യന്ത്രത്തിന്റേയും പ്രവർത്തനങ്ങൾ പറഞ്ഞുതന്നു. ഒരു കസ്റ്റമറുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള യന്ത്രങ്ങൾ തങ്ങളുടെ റേഞ്ചിൽനിന്ന് തിരഞ്ഞെടുക്കുന്നെതങ്ങിനെയെന്ന് അയാൾ പഠിപ്പിച്ചു. ഒരിഞ്ചിന്റെ ആയിരത്തിലൊരംശം അല്ലെങ്കിൽ ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊരംശം എന്ന അളവ് എത്ര സൂക്ഷ്മമാണെന്നും ഈ സൂക്ഷ്മതാപരിമാണം എഞ്ചിനീയറിങ്ങിൽ എത്രത്തോളം ആവശ്യമാണെന്നും അയാൾ കണ്ടു. തങ്ങൾ കൈകാര്യം ചെയ്യുന്ന യൂറോപ്യൻ യന്ത്രങ്ങളുടെ സൂക്ഷ്മത അയാളെ അമ്പരപ്പിച്ചു. കാറ്റലോഗിൽ കൊടുത്തിട്ടുള്ള വിവരണങ്ങൾ അയാൾ ആർത്തിയോടെ വായിച്ചു പഠിച്ചു. ഒരു പുതിയ ലോകം, പുതിയ അറിവ്. അയാൾ അതിൽ ആണ്ടുമുങ്ങി. ഹൊവാർഡ് ഫാസ്റ്റിന്റെ ‘ദ ഗോഡ് ദാറ്റ് ഫേയ്ൽഡ്’, ആർതർ കെസ്റ്റലറുടെ ‘ഡാർക്‌നസ് അറ്റ് നൂൺ’, ജോൺ ഗന്തറുടെ ‘ഡെത്ത് ബി നോട്ട് പ്രൗഡ്’ എന്നീ പുസ്തകങ്ങൾ സ്വിസ്സ് യന്ത്രങ്ങളുടെ വർണ്ണശബളമായ കാറ്റലോഗുകൾക്കു വഴി മാറിക്കൊടുത്തു.

വായന തുടങ്ങിയത് നാട്ടിലെ ലോക്കൽ ലൈബ്രറിയിൽ നിന്നാണ്. ലൈബ്രേറിയൻ മുപ്പതു വയസ്സുള്ള ഒരാളായിരുന്നു. അദ്ദേഹമാണ് വായനയിലൂടെ സത്യം കണ്ടെത്തുക എന്ന കാര്യം പഠിപ്പിച്ചത്. പ്രോപഗാന്റയല്ല സത്യം എന്ന കാര്യം തനിക്ക് ബോദ്ധ്യമായത് ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ ആയിരുന്നു. ലൈബ്രറിയിൽ സൗജന്യമായി റഷ്യൻ പ്രസിദ്ധീകരണങ്ങൾ വന്നിരുന്നു. സോവിയറ്റ് ലാന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ ലൈബ്രേറിയൻ പറയും. സൈബീരിയൻ പൈൻ മരങ്ങൾ വെട്ടി നശിപ്പിച്ചുണ്ടാക്കുന്ന കടലാസ്സിന്റെ പളപളപ്പിൽ അവർ സത്യത്തെ മറയ്ക്കുകയാണ്. പിന്നീടാണ് മനസ്സിലാവുന്നത് സോവിയറ്റ് പ്രസിദ്ധീകരണങ്ങൾ ലോകത്തെ ഒരുമാതിരി എല്ലാ ഭാഷയിലേയ്ക്കും തർജ്ജമ ചെയ്ത് സൗജന്യമായി അയച്ചുകൊടുക്കുന്നുണ്ട്. പുറം ചട്ടയിൽ സ്റ്റാലിന്റേയും ലെനിന്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത ആ പുസ്തകങ്ങൾ സുപരിചിതമായിരുന്നു. ലൈബ്രേറിയനാണ് പറഞ്ഞത്, വെറും പ്രചാരണത്തിനുവേണ്ടി അവർ ചെലവാക്കുന്ന പണം എത്രയായിരിക്കുമെന്ന് ഊഹിച്ചുനോക്കൂ.

‘നിന്റെ താല്പര്യം എന്നെ ശരിക്കും അമ്പരപ്പിക്കുന്നു.’ അമർ ചാറ്റർജി പറഞ്ഞു. ‘നീ വളരെ എളുപ്പം പഠിക്കുന്നുണ്ട്. ഇങ്ങിനെ പോയാൽ നീ ശരിക്കും ഒരു എഞ്ചിനീയരാകും. നമുക്ക് ഒരു കാര്യം ചെയ്യാം. ഞാൻ കസ്റ്റമറെ കാണാൻ പോകുമ്പോൾ വല്ലപ്പോഴും നിന്നെ ഒപ്പം കൊണ്ടുപോകാം. ഞാൻ അവരെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്ന് നിനക്ക് മനസ്സിലാക്കാം. മാത്രമല്ല, ഒരു മാസംകൊണ്ട് നീ വായിച്ചു പഠിക്കുന്നത് ഒരു മണിക്കൂർ ഡിസ്‌കഷൻ ശരിക്കും ശ്രദ്ധിച്ചാൽ പഠിക്കാൻ പറ്റും...’

അമേരിക്കൻ വിദ്യാഭ്യാസമായിരിക്കണം ചാറ്റർജിയെ ഇതിനു പ്രേരിപ്പിച്ചത്. ഡിഗ്രിയില്ലാത്തവരെ പുഴുക്കളെപ്പോലെ കണക്കാക്കാൻ പഠിപ്പിക്കുന്ന ഇന്ത്യൻ ഡിഗ്രിവാലകൾ ഒരിക്കലും ഇങ്ങിനെ പെരുമാറില്ല. ചാറ്റർജി പറഞ്ഞത് ശരിയാണെന്ന് ഒന്നുരണ്ടു പ്രാവശ്യം അദ്ദേഹത്തോടൊപ്പം ഫാക്ടറികളിൽ പോയപ്പോൾ മനസ്സിലാവുകയും ചെയ്തു. തങ്ങൾ കൈകാര്യം ചെയ്യുന്ന യന്ത്രങ്ങൾ അവരുടെ ഫാക്ടറികളിൽ, ടൂൾറൂമുകളിൽ പ്രവർത്തിക്കുന്നതുകൂടി കണ്ടപ്പോൾ അയാൾ സ്വയം പറഞ്ഞു. ഇതാണ് എന്റെ ലോകം. ഞാൻ എത്തേണ്ടത് ഇവിടെയാണ്. ഒരു ദിവസം ഞാൻ ഇവിടെ എത്താതിരിക്കില്ല. ഉയരത്തിലെത്താനുള്ള ആഗ്രഹമല്ല അതിനു പിന്നിൽ. തനിക്കിഷ്ടപ്പെട്ട ഒരു ലോകത്തിൽ വ്യാപരിക്കാൻ, തന്റെ പഴകിയ മുറിവുകൾ ഉണക്കാൻ.