close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിയാറ്


തടാകതീരത്ത്: ഇരുപത്തിയാറ്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

നിരഞ്ജന്‍ ബാബു നേരത്തെ എത്തിയിട്ടുണ്ട്. എന്തോ രമേശന്റെ ഉള്ളില്‍ ഒരു കാളലുണ്ടായി. നിരഞ്ജന്‍ബാബു മുറിയില്‍ വരുമെന്നും സംസാരിക്കുമെന്നും തോന്നി. തോന്നല്‍ അസ്ഥാനത്തായിരുന്നു. എട്ടരമണിയ്ക്ക് കുളികഴിഞ്ഞ് തോര്‍ത്ത് ഉണങ്ങാനിടാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ നിരഞ്ജന്‍ബാബുവിന്റെ ചെരിപ്പ് അപ്രത്യക്ഷമായിരുന്നു. അടുക്കളയില്‍ ആനന്ദമയീദേവി ഉണ്ടായിരുന്നു. അവര്‍ കരിയടുപ്പില്‍ ചപ്പാത്തി ചുട്ടെടുക്കുകയാണ്. അവരുടെ ഇടത്തെ കാല്‍മുട്ടിന്റെ ഒരു ഭാഗം കാണാം. രമേശന്‍ തിരിച്ച് മുറിയിലേയ്ക്കു കടന്നു.

അയാള്‍ കട്ടിലിന്മേല്‍ കിടന്ന് വായിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല. അക്ഷരങ്ങള്‍ക്കു മീതെ വിചാരങ്ങള്‍ വ്യവഹരിക്കുകയാണ്. അവ രൂപങ്ങളായി മാറുന്നു. മോഹിപ്പിക്കുന്ന രൂപങ്ങള്‍. ഉരുണ്ട ഒരു ജോഡി കൈകള്‍, നെഞ്ചിലമരുന്ന ഉറച്ച വലിയ മുലകള്‍, ദേഹത്ത് പിണയുന്ന കാലുകള്‍. അയാള്‍ പുസ്തകം അടച്ചുവച്ച് കണ്ണടച്ചിരുന്നു.

‘നീ ഇന്ന് ഊണു കഴിക്കാന്‍ പോണില്ലേ? ചപ്പാത്തി കൊണ്ടരട്ടെ?’

വാതില്‍ കുറച്ചു തുറന്ന് ആനന്ദമയീദേവി നില്‍ക്കുകയാണ്.

‘വേണ്ട, ഞാന്‍ ഊണു കഴിച്ചു.’

‘എന്നാല്‍ കുറച്ചു പായസം കൊണ്ടുവരാം.’

വേണ്ടെന്നു പറയുമ്പോഴേയ്ക്ക് അവര്‍ വാതില്‍ചാരി പോയിക്കഴിഞ്ഞു. അവരോട് അകത്തുകടന്ന് വാതിലടയ്ക്കാന്‍ പറയാനാണ് തോന്നിയത്. അയാള്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. ആനന്ദമയീദേവി ഒരു പാത്രത്തില്‍ പായസം കൊണ്ടുവന്ന് മേശപ്പുറത്ത് അടച്ചു വച്ചു.

‘നീ വാതിലടയ്ക്കണ്ട, ഞാന്‍ കുറച്ചുകഴിഞ്ഞ് വന്ന് പാത്രം എടുത്തുകൊണ്ടു പോവാം.’

അവരുടെ മുഖത്ത് സാധാരണയുള്ള പ്രസന്നഭാവംതന്നെ. താന്‍ പോകുന്ന കാര്യം അവര്‍ അറിഞ്ഞിട്ടില്ലെന്നു വരുമോ? രമേശന്‍ ആശയക്കുഴപ്പത്തിലായി.

പായസം നല്ല മധുരമുണ്ട്. നിറയെ അണ്ടിപ്പരിപ്പും ബദാം പരിപ്പ് അരിഞ്ഞിട്ടതും. അതു കഴിച്ചപ്പോള്‍ ഉറക്കം വന്നു. അയാള്‍ ആനന്ദമയീദേവി വരുന്നത് കാത്തിരുന്നു. കഴിയുന്നത്ര അടുപ്പം കാട്ടാതിരിക്കണമെന്ന് തീര്‍ച്ചയാക്കി. ഏതായാലും വേര്‍പിരിയാന്‍ തീര്‍ച്ചയാക്കിയ സ്ഥിതിയ്ക്ക് ഇനിയും മമതയുടെ കെട്ട് മുറുക്കണമെന്നില്ല. മുറുകിയിടത്തോളം ബന്ധങ്ങള്‍ അറുത്ത് പോകുകയാണ്. അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. കണ്ണുകള്‍ അടഞ്ഞുപോവുകയാണ്.

സുഖകരമായ ഒരാലിംഗനം സ്വപ്നമല്ലെന്നു മനസ്സിലാക്കാന്‍ രമേശന് അധികം സമയം വേണ്ടിവന്നില്ല. മുറി ഇരുട്ടായിരുന്നു. പുതക്കാതെ കിടന്നതുകാരണം ദേഹം തണുത്തിരുന്നു. ആനന്ദമയീദേവിയുടെ ദേഹം ചൂടുണ്ട്. അതിന്റെ സ്പര്‍ശംതന്നെ രമേശനെ ചൂടുപിടിപ്പിച്ചു. അയാള്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ചുണ്ടുകള്‍ അവരുടെ കവിളില്‍ തട്ടിയപ്പോഴാണ് മനസ്സിലായത്. ആനന്ദമയീദേവി കരയുകയായിരുന്നു. അയാള്‍ അവരുടെ മുഖം കൈകൊണ്ട് തപ്പിനോക്കി. അതെ, അവര്‍ കരയുകയാണ്, നിശ്ശബ്ദയായി, തന്നെ അറിയിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട്.

‘ദീദി കരയ്ാണ്.’ അയാള്‍ അവരുടെ ചുണ്ടില്‍ അമര്‍ത്തിച്ചുംബിച്ചുകൊണ്ട് ചോദിച്ചു. ‘എന്തിനാ ദീദി കരേണത്?’

അവരുടെ തേങ്ങല്‍ കൂടി വന്നു. അവരുടെ മാറിടം തേങ്ങല്‍ വന്ന് വിങ്ങുന്നതയാള്‍ അറിഞ്ഞു. അയാള്‍ ഒന്നുകൂടി അമര്‍ത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.

‘ദീദി കരയണ്ട.’

‘ഞാന്‍ കരയില്യ, നീ പോവില്ലാന്ന് പറേ.’

‘ദീദീ, നിരഞ്ജന്‍ ബാബു ചീത്ത പറഞ്ഞതുകൊണ്ടു മാത്രല്ല ഞാന്‍ പോണത്. എനിക്ക് പ്രൊമോഷന്‍ കിട്ടി. ഞാന്‍ കുറച്ചുകൂടി വലിയ ഫ്‌ളാറ്റില്‍ താമസിക്കണംന്നാണവര്‍ പ്രതീക്ഷിക്കണത്. വാടക അവര് തരും. അവര്‍ വന്നു കണ്ടാല്‍ അയ്യേ എന്നു പറയാന്‍ പറ്റാത്ത ഒരു വീട്.’

അവര്‍ കുറച്ചുനേരം ഒന്നും പറയാതെ എന്തോ ആലോചിച്ചുകൊണ്ട് കിടന്നു. അവരുടെ തേങ്ങല്‍ നിന്നിരുന്നു. അവര്‍ എന്തോ കണക്കുകൂട്ടുകയാണെന്നു തോന്നി.

‘ഞാനൊരു കാര്യം പറയട്ടെ?’

‘പറയൂ.’

‘അടുത്ത മുറീല് താമസിക്കണ പ്രൊഫസറില്ലേ, അദ്ദേഹം അടുത്ത മാസം പോവ്വാണ്. മകളും കുടുംബും അമേരിക്കേലായിരുന്നു. അവര് വര്ണ്ണ്ട്. അവര്‍ക്ക് ഗൊറിയാഹട്ടില് വീട്ണ്ട്. പ്രൊഫസറ് അവര്‌ടെ ഒപ്പം താമസിക്കാന്‍ പോവ്വാണ്. അപ്പൊ ആ മുറി ഒഴിവാവും. അതിന്റപ്പറത്ത് ഒരു ചെറിയ മുറിണ്ട്. അത് അടുക്കളയാക്കാം. ഒരു പ്ലാറ്റ്‌ഫോമും സിങ്കും ഉണ്ടാക്കിത്തന്നാല്‍ പോരെ? വേണങ്കില്‍ കോണി കയറണേടത്ത് ഒരു ചൊമര്ണ്ടാക്കിത്തരാം. അപ്പൊ നെനക്ക് ഈ ബാല്‍ക്കണി ഒരു സിറ്റിങ്‌റൂമായി ഉപയോഗിക്കാം. അപ്പൊ ഇതൊരു ഫ്‌ളാറ്റായില്ലേ? നെനക്ക് ഓഫീസില്‍നിന്ന് കിട്ടണ വാടക തന്നാമതി. ഞാന്‍ നിരഞ്ജന്‍ ബാബുവിനോട് പറഞ്ഞ് എല്ലാം ഏര്‍പ്പാടാക്കാം. നല്ല മനുഷ്യനാണ്. ഒരു പരുക്കന്‍ സ്വഭാവാന്നേള്ളു. നീ പറേ ശരീന്ന്.’

അവര്‍ പ്രതീക്ഷയോടെ രമേശിന്റെ മുഖത്ത് നോക്കുകയാണ്.

‘എനിക്ക് ആലോചിക്കണം ദീദി, ഒരു രണ്ടു ദിവസം തരൂ.’

‘നീ രണ്ടു ദിവസല്ല, നാലു ദിവസം എടുത്തോ, പക്ഷേ എനിക്ക് ങാ, ന്ന്ള്ള ഉത്തരം തരണം.’

രമേശന്‍ ചിരിച്ചു.

‘ഞാനിന്ന് നിന്റെ കൂടെയാണ് ഉറങ്ങുന്നത്.’

അവര്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പ്രതീക്ഷയോടെ മുഖത്തു നോക്കിയപ്പോള്‍ രമേശന് ചിരി വന്നു. അയാള്‍ വാത്സല്യത്തോടെ അവരെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അവര്‍ പറഞ്ഞു.

‘ഞാനെന്റെ സാരി അഴിക്കട്ടെ.’

‘വേണ്ട,’ രമേശന്‍ പറഞ്ഞു. ‘അതു ഞാന്‍ ചെയ്തുകൊള്ളാം.’

പുലര്‍ച്ചയ്ക്കു മുമ്പെപ്പോഴൊ ഉറക്കമില്ലാതിരുന്ന രാത്രിയുടെ മയക്കം പിടിച്ച അന്ത്യത്തില്‍ അവര്‍ എഴുന്നേറ്റു പോകുന്നത് രമേശന്‍ അറിഞ്ഞു. അയാള്‍ക്ക് ഉറക്കം വന്നിരുന്നു. അവര്‍ നിലത്തു മങ്ങിയ വെളിച്ചത്തില്‍ അടിവസ്ത്രങ്ങള്‍ക്കുവേണ്ടി തപ്പുന്നത് അയാള്‍ നോക്കിക്കിടന്നു. ജനലിലൂടെ വരുന്ന തെരുവുവെളിച്ചത്തില്‍ അവരുടെ നഗ്നദേഹം ഒരു രൂപരേഖയായി കാണപ്പെട്ടു. അടിവസ്ത്രങ്ങള്‍ ധരിച്ച് ബ്ലൗസുടുക്കാന്‍ നോക്കുമ്പോഴാണ് രമേശന്‍ കണ്ണു മിഴിച്ചു കിടക്കുന്നതവര്‍ കാണുന്നത്. ബ്ലൗസും പിടിച്ചുകൊണ്ട് അവര്‍ കട്ടിലിന്റെ അടുത്തേയ്ക്ക് വന്നു.

‘നീ ഉറങ്ങുകയാണെന്നാണ് ഞാന്‍ കരുതിയത്.’

അവന്‍ കൈ നീട്ടി. നീട്ടിയ കൈ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

‘ഇനി പിന്നെ, ഇപ്പൊ നീ ഉറങ്ങിക്കോ.’

അവര്‍ പോയിക്കഴിഞ്ഞപ്പോഴുണ്ടായ ശൂന്യതയില്‍ അയാള്‍ കിടന്നു. ചുമരില്‍ ദാലി ഒരു കറുത്ത ചതുരമായി കണ്ടു. ഏതോ ഒരിരുണ്ട ലോകത്തേയ്ക്കുള്ള വാതില്‍പോലെ. നാളെയിലേയ്ക്ക് തുറക്കുന്ന വാതിലാണോ അത്?

എന്താണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ രമേശനു കഴിഞ്ഞില്ല.