close
Sayahna Sayahna
Search

തടാകതീരത്ത്: പതിനഞ്ച്


തടാകതീരത്ത്: പതിനഞ്ച്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘ഞാന്‍ അവളെ കല്യാണം കഴിച്ചു.’ ഫ്രാങ്ക് പറഞ്ഞു. ‘ശരിക്കു പറഞ്ഞാല്‍ ഞാനവളെ വിലയ്ക്കു വാങ്ങുകയാണുണ്ടായത്. നൂറ് രൂപ കൊടുക്കേണ്ടി വന്നു. മുപ്പതുകളിലാണ്. അന്നെല്ലാം അതൊരു വലിയ സംഖ്യയാണ്. ഒരു ഗവണ്‍മെന്റ് ക്ലര്‍ക്കിന് പത്തുരൂപ ശമ്പളം കിട്ടുന്ന കാലം.’

‘എനിക്കു മനസ്സിലായില്ല.’ രമേശന്‍ ചോദിച്ചു. ‘ആര്‍ക്കാണ് പണം കൊടുത്തത്?’

‘ഓ, അതൊരു വലിയ റാക്കറ്റാണ്. മനസ്സിലാവാന്‍ കുറച്ചു സമയമെടുക്കും. പുറത്തു നിന്നു കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ദല്ലാളന്മാര്‍ വില്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ഒരാള്‍ക്കു വില്ക്കും, പിന്നെ കൈമാറി മാറി നഗരത്തിലെ ഏതെങ്കിലും ദാദയുടെ കയ്യിലെത്തും. ആ ദാദയാണ് പെണ്‍കുട്ടിയുടെ ഉടമസ്ഥന്‍. അയാള്‍ക്കാണ് പണം കൊടുക്കേണ്ടത്. ഈ കുട്ടികളെല്ലാം അവസാനം എത്തുന്നത് സൊനാഗാച്ചിയിലാണ്. അതാണ് ഈ കച്ചവടത്തിന്റെ സിരാകേന്ദ്രം.’

ഫ്രാങ്ക് വെയ്റ്ററെ വിളിച്ചു.

‘അന്നു തുടങ്ങിയതാണ് എന്റെ കഷ്ടകാലം.’ ഫ്രാങ്ക് തുടര്‍ന്നു. ‘എനിക്ക് ഒരു പെണ്‍കുട്ടിയില്‍ അനുകമ്പ തോന്നിയതിന്റെ ഫലം.’

‘എനിക്കു പോണം.’ രമേശന്‍ പറഞ്ഞു. ‘പ്രൊമോഷന്‍ കിട്ടിയ അന്നുതന്നെ ട്രെയ്‌നിങ് മുടക്കുന്നതു ശരിയല്ല.’

‘കുറച്ചു കഴിഞ്ഞിട്ടു പോകാം.’ ഫ്രാങ്ക് പറഞ്ഞു. ‘ഇന്ന് നീ എന്റെ അതിഥിയാണ്.’ അയാള്‍ വിളിച്ചു. ‘വെയ്റ്റര്‍.’

വെയ്റ്റര്‍ ഓടിവന്നു.

‘ഇന്ന് സാബിന് വേഗം പോണം. എന്താണ് സ്‌നാക്‌സ് കൊണ്ടുവരുന്നത്?’

വെയ്റ്റര്‍ അടുത്ത മേശപ്പുറത്തുനിന്ന് ചുവന്ന നിറത്തിലുള്ള മെനു പുസ്തകം എടുത്തു കൊണ്ടുവന്നു.

‘നീ ആ വേദപുസ്തകമൊക്കെ മാറ്റി വയ്ക്ക്. കുറച്ചു മീറ്റ് കബാബ് കൊണ്ടുവാ. വേഫേഴ്‌സും. ക്വിക്.’ അയാള്‍ രമേശിനെ നോക്കി ചോദിച്ചു. ‘എന്തു പറയുന്നു?’

‘ഇറ്റ്‌സ് ഓകെ.’

മെനു പുസ്തകവുമായി വെയ്റ്റര്‍ തിരിച്ചു പോയി. ഫ്രാങ്ക് തുടര്‍ന്നു.

‘എന്റെ ബിസിനസ്സിനെ പറ്റി മുഴുവന്‍ മനസ്സിലായപ്പോള്‍ ഭാര്യ വല്ലാതെ ക്ഷോഭിച്ചു. കച്ചവടം ഉടനെ നിര്‍ത്തണമെന്നു പറഞ്ഞു. ഞാന്‍ എങ്ങിനെയാണ് നിര്‍ത്തുക? എനിക്ക് വേറെ തൊഴിലൊന്നും അറിയില്ല. വിദ്യാഭ്യാസവുമില്ല. പിന്നെ നിരന്തരം ബഹളമായിരുന്നു വീട്ടില്‍. എന്റെ മനസ്സമാധാനം മുഴുവന്‍ തകര്‍ന്നു. എല്ലാം കഴിഞ്ഞാലും എനിക്കൊരു മനസ്സാക്ഷിയുണ്ട്. നീ ചിരിക്കുകയാണോ? ശരിക്കും ഉണ്ട്. ഞാന്‍ ഓരോ നിമിഷവും അതുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കയാണ്. ആ യുദ്ധത്തില്‍ എന്റെ ഭാര്യ എനിക്കൊപ്പം നില്‍ക്കുന്നില്ലെന്നത് എന്നെ വേദനിപ്പിച്ചു. ഞാന്‍ നിസ്സഹായനായിരുന്നു.’

വെയ്റ്റര്‍ അതിനിടയ്ക്ക് വന്ന് ഫ്രാങ്കിന് രണ്ടാമതൊരു ഗ്ലാസ് കൊണ്ടുവന്നു കൊടുത്തിരുന്നു. അതെപ്പോഴാണ് ഓര്‍ഡര്‍ ചെയ്തതെന്ന് രമേശനു മനസ്സിലായില്ല. ഒരുപക്ഷേ വെയ്റ്റര്‍ സ്വയം അറിഞ്ഞ് കൊണ്ടുവന്നതായിരിക്കും.

‘ഒരു മനുഷ്യാത്മാവിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണിത്. ഞങ്ങള്‍ക്ക് ഒരു മകളാണുണ്ടായത്. എ ക്യൂട്ട് ലിറ്റ്ല്‍ വണ്‍. അവള്‍ വന്നപ്പോഴെങ്കിലും ഭാര്യയൊന്ന് അടങ്ങുമെന്നു കരുതിയതാണ്. പക്ഷേ ബഹളം അടങ്ങിയില്ല, കൂടുകയാണ് ചെയ്തത്. മകളുടെ ഭാവിയുടെ കാര്യം പറഞ്ഞ് അവള്‍ ബഹളം കൂട്ടി. മകള്‍ വലുതാകുമ്പോള്‍ ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ഓമനപുത്രിയായി വളരുന്നത് അവളുടെ കല്യാണത്തെ ബാധിക്കുമെന്നു പറഞ്ഞ് അവള്‍ കൂടുതല്‍ വഴക്കിട്ടു. അവള്‍ പറയുന്നത് നൂറു ശതമാനവും ശരിയാണ് എന്നത് എന്നെ കൂടുതല്‍ ശുണ്ഠി പിടിപ്പിച്ചു. പക്ഷേ ഞാന്‍ എന്തു ചെയ്യും?’

‘ആയിടയ്ക്കാണ് എനിക്ക് ഒരു സന്ദര്‍ശകനെ കിട്ടിയത്. ഒരു വെള്ളക്കാരന്‍. വളരെ വയസ്സായ ഒരു മനുഷ്യന്‍. ഒരുപക്ഷേ എഴുപത്, എഴുപത്തഞ്ച്. മെലിഞ്ഞ് ശുഷ്‌കിച്ച ദേഹപ്രകൃതി.’

വെയ്റ്റര്‍ രണ്ടുപേരുടെ മുമ്പിലും പ്ലെയ്റ്റ് കൊണ്ടുവന്നു വച്ച് പോയി, മീറ്റ് കബാബുമായി തിരിച്ചുവന്നു. കനല്‍ച്ചൂടില്‍ വെന്ത കബാബ് സ്വാദുണ്ടായിരുന്നു. എങ്ങിനെയെങ്കിലും വേഗം അതു കഴിച്ച് വര്‍ക്‌ഷോപ്പിലേയ്ക്കു പോകണമെന്നുണ്ടായിരുന്നു രമേശന്. ബില്ല് കൊടുക്കേണ്ടിവരില്ലെന്നത് വലിയൊരു ആശ്വാസമായി. തനിക്ക് അടുത്ത ഭാവിയിലൊന്നും ആര്‍ക്കും പാര്‍ട്ടി കൊടുക്കാന്‍ പറ്റില്ലെന്ന് രമേശന് അറിയാമായിരുന്നു. ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ക്ക് അധികമൊന്നും പ്രതീക്ഷയുണ്ടാവില്ല. ഓരോ സിങ്കാടയും ഉമേഷ് കൊണ്ടുവരുന്ന അരക്കപ്പ് ചായയും മതിയാകും. ഫ്രാങ്ക് സംസാരിക്കുകയാണ്.

‘ആ മനുഷ്യന്‍, ആ വെള്ളക്കാരന്‍, ഒരു രാവിലെ വന്നു. പരിചയപ്പെടുത്താതെ അകത്തു കയറി. എന്റെ ഭാര്യയും അയാളെ ഒരു ചോദ്യത്തോടെ നോക്കുകയായിരുന്നു. അയാള്‍ അകത്തു വന്ന് എല്ലായിടത്തും പരിശോധിച്ചു. ഷോകേസിനു മീതെ വച്ച ഫോട്ടോകള്‍ എടുത്തു നോക്കി. കണ്ണിന് കാഴ്ച കുറഞ്ഞിരിക്കുന്നുവെന്നു തോന്നുന്നു. മുഖത്തിനോടടുപ്പിച്ചു പിടിച്ചാണ് നോക്കിയിരുന്നത്. അതു കഴിഞ്ഞ് അയാള്‍ എന്റെ അടുത്തു വന്ന് കുറച്ചുനേരം നോക്കിനിന്നു. പിന്നെ ധൈര്യം സംഭരിച്ച് ചോദിച്ചു. യു മസ്റ്റ് ബി ഫ്രാങ്ക്, ഐ മീന്‍ ഫ്രാന്‍സിസ് ടേണര്‍.’

‘നോ, ജസ്റ്റ് ഫ്രാങ്ക്, എ ബാസ്റ്റാര്‍ഡ് ഫ്രം ദ ഗലീസ് ഓഫ് എന്റലി. നൗ ഏന്‍ ഓര്‍ഫന്‍.’

അയാള്‍ പകച്ചു. അയാളുടെ അടി തെറ്റിയിരുന്നു. അയാള്‍ ധൈര്യം സംഭരിച്ച് ഒന്നുകൂടി ചോദിച്ചു.

‘വേറ്‌സ് യുവര്‍ മോം?’

‘ഞാന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ഷോകേസിനു മുമ്പില്‍ പോയി നിന്നു. അയാളുടെ കണ്ണില്‍നിന്ന് കണ്ണീര്‍ കുടുകുടാ ചാടി. എനിക്ക് ഒരു വിഷമവും തോന്നിയില്ല. എന്തു തോന്നാനാണ്? മുപ്പത്തഞ്ചു വര്‍ഷം മുമ്പ് മൂന്നു വയസ്സുള്ള മകനെയും നിരാലംബയായ ഒരു ഇരുപതുകാരിയെയും അവരുടെ വിധിയ്ക്കു വിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ സുഖിക്കാന്‍ പോയ മനുഷ്യനാണ്.’

‘ഫ്രാങ്കിന് അച്ഛനെ എങ്ങിനെ മനസ്സിലായി?’ രമേശന്‍ ചോദിച്ചു.

‘ഒറ്റ നോട്ടത്തിലറിയാം, അയാളുടെ മുഖത്ത് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ അച്ഛനാവാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നു. അച്ഛന്‍ ഞങ്ങളുടെ ഒപ്പം താമസിക്കാന്‍ തുടങ്ങി. ചുറ്റുവട്ടമുള്ള ആള്‍ക്കാരില്‍നിന്ന് ഞങ്ങളുടെ ചരിത്രം അച്ഛന്‍ മനസ്സിലാക്കി. തങ്കലിപികളില്‍ എഴുതി വിക്ടോറിയ മെമ്മോറിയലില്‍ സൂക്ഷിച്ചു വയ്ക്കാന്‍ മാത്രം യോഗ്യതയില്ല അതിനെന്നും അദ്ദേഹം മനസ്സിലാക്കി. പിന്നെയും ഒരാഴ്ച കഴിഞ്ഞിട്ടേ എന്റെ തൊഴില്‍ എന്താണെന്ന് അച്ഛന്‍ മനസ്സിലാക്കിയുള്ളൂ.

‘അത് മനസ്സിലാക്കിയത് എന്റെ ഭാര്യയില്‍ നിന്നു തന്നെയായിരുന്നു. അതോടെ വീട്ടില്‍ പ്രശ്‌നങ്ങള്‍ കൂടി. ഒരാള്‍ക്കു പകരം എനിക്ക് രണ്ടുപേരോട് യുദ്ധം ചെയ്യണമെന്ന നില വന്നു.

‘നീ ചെയ്യുന്നത് ഇമ്മോറലാണ്. അച്ഛന്‍ പറയും. ഞാന്‍ മറുപടി കൊടുക്കും. മൂന്നു വയസ്സുള്ള മകനെയും അമ്മയെയും പട്ടിണിക്കിട്ട് നാടു വിട്ടതിനേക്കാള്‍ അധാര്‍മ്മികമൊന്നുമല്ല ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതുെകാണ്ട് ഒരുപാടു കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നുണ്ട്. അതു നിര്‍ത്തുന്നതാണ് ഇമ്മോറല്‍. ലോകത്ത് ഏറ്റവും അധാര്‍മ്മികമായിട്ടുള്ളത് പട്ടിണിയാണ്. പോവര്‍ട്ടി ഏന്റ് ഹങ്കര്‍, ഇറ്റ്‌സ് ഇമ്മോറല്‍, ഡര്‍ട്ടി ആന്റ് വള്‍ഗര്‍. അച്ഛന്‍ മിണ്ടാതാകും. പക്ഷേ എന്റെ ഭാര്യ അതേറ്റു പിടിക്കും.

‘വീട്ടില്‍ സമാധാനമില്ലാതായപ്പോള്‍ ഞാന്‍ ഒരു ദിവസം എന്റെ തൊഴില്‍ നിര്‍ത്തി.’

‘നിര്‍ത്തീ?’ രമേശന്‍ ആകാംക്ഷയോടെ ചോദിച്ചു. അതു നിര്‍ത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി രമേശന്‍ ആലോചിക്കുകയായിരുന്നു.

‘ശരിക്കും നിര്‍ത്തി. ഒരു മാസത്തേയ്ക്ക് ഞാന്‍ പുറത്തിറങ്ങിയില്ല. പണം തീര്‍ന്നപ്പോള്‍ ഭാര്യ ചോദിച്ചു തുടങ്ങി. എന്താ വേറെ ഒരു ജോലിക്കും പോണില്ല്യേ? ഞാന്‍ പറഞ്ഞു എനിക്കറിയാവുന്ന ഒരേയൊരു ജോലി ഇതാണ്. അച്ഛന്റെ കയ്യിലും പണമൊന്നുമുണ്ടായിരുന്നില്ല. രണ്ടാം ഭാര്യ മരിച്ചപ്പോള്‍ ആദ്യഭാര്യയുടെയും മകന്റെയും ഒപ്പം ശിഷ്ടജീവിതം കഴിച്ചുകൂട്ടാമെന്നു കരുതി കപ്പല്‍ കയറി വന്നതായിരുന്നു. ആ മനുഷ്യന്‍. ഇനി എത്ര കാലം ഉണ്ടാവും? എന്റെ മകളും വിശന്നു കരയാന്‍ തുടങ്ങി.’

രമേശന്‍ വാച്ചു നോക്കി. സമയം ആറര. താന്‍ ചെയ്യുന്നത് ശരിയല്ലെന്നയാള്‍ക്കു തോന്നി. പ്രൊമോഷന്‍ കിട്ടിയ ദിവസമാണ്. തരുണ്‍ േഗാസ്വാമി അതിനെപ്പറ്റി അറിഞ്ഞിട്ടുണ്ടാവും. മാര്‍വാഡി ഫോണ്‍ ചെയ്തിട്ടുണ്ടാവും, അല്ലെങ്കില്‍ അമര്‍ ചാറ്റര്‍ജി. അയാള്‍ വാച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.

‘ഫ്രാങ്ക്, ഡ്യുട്ടി ബെക്കന്‍സ് മി.’

ഫ്രാങ്കിന് വര്‍ത്തമാന കാലത്തിലേയ്ക്കു തിരിച്ചുവരാന്‍ ഒരു നിമിഷം വേണ്ടിവന്നു. ഒരു കവിള്‍ വിസ്‌കി കൂടി അകത്താക്കിയ ശേഷം അയാള്‍ രണ്ടു കൈകളും ആകാശത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു.

‘ഓകെ ചൈല്‍ഡ്, ഗോ അന്‍ടു ഹിം ഹൂ ബെക്കന്‍സ്.’

രമേശന്‍ എഴുേന്നറ്റപ്പോഴും ഫ്രാങ്ക് ഇരിക്കുകയായിരുന്നു. ആ ഇരുത്തം സന്ധ്യയുടെ തേഞ്ഞ വാതില്‍പ്പടികള്‍ കടന്ന് രാത്രിയുടെ ചിതലരിച്ച ഉള്ളറകളിലേയ്ക്ക് നീണ്ടുപോകുമെന്ന് രമേശന്നറിയാം.

പ്രതീക്ഷിച്ചപോലെ അയാള്‍ രമേശനെക്കൊണ്ട് ബില്‍ കൊടുക്കാന്‍ സമ്മതിച്ചില്ല. ബില്‍ വരുന്നേയുള്ളൂ എന്നാണ് പറഞ്ഞത് മറ്റെന്തോ അര്‍ത്ഥത്തിലാണയാള്‍ അതു പറഞ്ഞത്.

‘കൊണ്‍ഗ്രാജുലേഷന്‍സ് രൊമേശ്.’ തരുണ്‍ ഗോസ്വാമി ബംഗാളി ഉച്ചാരണത്തില്‍ പറഞ്ഞു. പ്രതീക്ഷിച്ചപോലെ അയാള്‍ക്ക് വാര്‍ത്ത കിട്ടിയിരിക്കുന്നു. ‘നടാടെയാണ് എഞ്ചിനീയറല്ലാത്ത ഒരാള്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റായി പ്രൊമോഷന്‍ കിട്ടുന്നത്. എനിക്ക് അദ്ഭുതമാകുന്നു.’

രമേശന്‍ വസ്ത്രങ്ങള്‍ മാറ്റി ലെയ്ത്തിനു മുമ്പില്‍ പോയി നിന്നു. ചെയ്യേണ്ട ജോലി ഏല്പിച്ചുകൊണ്ട് ഗോസ്വാമി വീണ്ടും പറഞ്ഞു. ‘അയാം റിയലി സര്‍പ്രൈസ്ഡ്...’

അയാള്‍ ഒരു ജോലിക്കാരനെ വിട്ട് സിങ്കാടയും ചായയും ഓര്‍ഡര്‍ ചെയ്തിരുന്നു. ഒന്നാമത്തെ ഷിഫ്റ്റ് വിട്ടതുകൊണ്ട് നാലഞ്ചുപേരെ ആകെ ഉണ്ടായിരുന്നുള്ളു. ബംഗാളികളെ തൃപ്തരാക്കുവാന്‍ എളുപ്പമാണ്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത ഒരു ജനത.

സ്വാമിയുടെ ഹോട്ടലില്‍ നിന്ന് ഊണു കഴിച്ച് വീട്ടിലെത്തിയപ്പോള്‍ സമയം ഒമ്പതു മണിയായി. ലാന്റിങ്ങില്‍ നിരഞ്ജന്‍ ബാനര്‍ജിയുടെ ചെരിപ്പ് കണ്ടില്ല. അയാള്‍ ഇതുവരെ എത്തിയിട്ടില്ലെന്നു തോന്നുന്നു. അയാള്‍ വാതില്‍ കുറ്റിയിട്ട് കുളിക്കാന്‍ പോയി. വൈകുന്നേരങ്ങളില്‍ വര്‍ക്‌ഷോപ്പില്‍ പോകുന്നതുകൊണ്ടു മാത്രമാണ് ഈ തണുപ്പു സഹിച്ചും അയാള്‍ കുളിക്കുന്നത്. ഇനി ഒന്ന് ഒന്നര മാസം ഇതേ തണുപ്പു തന്നെയാണ്. ഫെബ്രുവരി അവസാനത്തോടുകൂടി ശിശിരം വിട പറഞ്ഞു പോകുന്നു. പിന്നെ പെട്ടെന്നാണ് ചൂട് തുടങ്ങുന്നത്.

അയാള്‍ ധൃതിയില്‍ കുളിച്ചു പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്. ആരോ വാതിലിന്റെ പിടി തിരിക്കുന്നു. വാതില്‍ തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ നേരിയ മുട്ടല്‍. ആനന്ദമയീദേവി ആയിരിക്കണം. രമേശന്‍ ലുങ്കിയുടുത്ത് വേഗം ഒരു ഷര്‍ട്ട് വലിച്ചുകയറ്റി വാതില്‍ തുറന്നു.

‘നീ എന്തിനാണ് ഇത്രവേഗം വാതില്‍ കുറ്റിയിട്ടത്?’

ആനന്ദമയീദേവിയുടെ കയ്യില്‍ ഒരു പാത്രം. സാധാരണ പായസം കൊണ്ടുവരാറുള്ള പാത്രമാണ്.

‘ഇതു കഴിച്ച് പാത്രം മേശപ്പുറത്തു വച്ചാല്‍ മതി. ഞാന്‍ കുറച്ചു കഴിഞ്ഞ് വരാം.’

അവര്‍ വാതിലടച്ച് പോയപ്പോള്‍ രമേശന് ആലോചിക്കാന്‍ സമയം കിട്ടി. താന്‍ ചെയ്യുന്നത് ശരിയാണോ? ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ നിമിഷവും അയാളുടെ മനസ്സില്‍ കിടന്നു കളിക്കുന്ന ചോദ്യമായിരുന്നു അത്. ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യം. മായയുമായുള്ള ബന്ധത്തില്‍ അയാള്‍ അപാകതകളൊന്നും കണ്ടില്ല. തനിക്കവളെ വേണമെങ്കില്‍ കല്യാണം കഴിക്കാം. തല്ക്കാലം അവള്‍ക്കും തനിക്കും കല്യാണത്തില്‍ താല്പര്യമില്ലെന്നത് വേറെ കാര്യം. ഒേര വയസ്സാണെങ്കിലും രണ്ടുപേരും അര്‍ഹരാണ്. പക്ഷേ ആനന്ദമയീദേവിയുടെ കാര്യത്തില്‍ അങ്ങിനെ യാതൊരു തരത്തിലുള്ള അര്‍ഹതയും പറയാനാവില്ല. ഈ ബന്ധം എവിടെ ചെന്നെത്തുമെന്ന് പ്രവചിക്കാനാവില്ല. അങ്ങിനെയാണ് കാര്യങ്ങളെന്നിരിക്കെ ഈ ബന്ധം മുളയില്‍ത്തന്നെ നുള്ളിക്കളയുകയല്ലേ നല്ലത്? അങ്ങിനെ ആലോചിക്കുമ്പോഴും വിഷമം. മായയുടെ സാന്നിദ്ധ്യത്തേക്കാള്‍ താന്‍ കാംക്ഷിക്കുന്നത് ആനന്ദമയീദേവിയുടെ മാംസളമായ ശരീരമാണ്. അവര്‍ വന്നാല്‍ കുറച്ചുനേരം സംസാരിക്കണമെന്ന് രമേശന്‍ തീര്‍ച്ചയാക്കി. ഇങ്ങിനെ ഒരു ബന്ധത്തിന്റെ കുഴപ്പത്തെപ്പറ്റി അവരെയും ബോധവതിയാക്കണം. കഴിയുമെങ്കില്‍ അതു നിര്‍ത്തലാക്കണം. സ്ത്രീകളെ ഒഴിവാക്കണമെന്ന ഫ്രാങ്കിന്റെ ഉപദേശവും മനസ്സില്‍ വന്നു. അവര്‍ പുരോഗതിയ്ക്ക് തടസ്സമാണ്. രമേശന് ശരിക്കും ഭയമായി.

പായസം എന്തുകൊണ്ട് ഉണ്ടാക്കിയതാണെന്നു മനസ്സിലായില്ല. സ്വാദുണ്ടായിരുന്നു. ധാരാളം കശുവണ്ടിയും ബദാമും ചേര്‍ത്തിട്ടുണ്ട്.

രമേശന്‍ കട്ടിലിലിരുന്നു പുസ്തകം വായിക്കാന്‍ തുടങ്ങി. സ്റ്റീന്‍ബെക്കിന്റെ ‘ഗ്രെയ്പ്‌സ് ഓഫ് റാത്’. മനസ്സ് പക്ഷേ പുസ്തകത്തില്‍ ഉറച്ചു നില്‍ക്കുന്നില്ല. ആനന്ദമയീദേവിയോട് എന്താണ് സംസാരിക്കേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു. എങ്ങിനെയാണ് തുടങ്ങേണ്ടത്. അയാള്‍ വാക്കുകള്‍ക്കു വേണ്ടി പരതി.

വാതില്‍ തുറന്ന് ആനന്ദമയീദേവി വന്നു. അവര്‍ രമേശനെ നോക്കി ചിരിച്ച്, വാതില്‍ കുറ്റിയിട്ടശേഷം സാവധാനത്തില്‍ നടന്നുവന്നു. വാക്കുകള്‍ ഉപയോഗിക്കുന്നതു പോട്ടെ, എവിടെയാണവ ഇരിക്കുന്നതെന്നുപോലും മറന്ന് രമേശന്‍ എഴുന്നേറ്റ് അവരുടെ നേരെ നടന്നു. അവര്‍ പെട്ടെന്ന് തിരിഞ്ഞ് വിളക്കിന്റെ സ്വിച്ച് ഓഫാക്കി.