close
Sayahna Sayahna
Search

തടാകതീരത്ത്: നാല്


തടാകതീരത്ത്: നാല്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

മൂന്നു ദിവസം നീണ്ടു നിന്ന പനി അയാളെ ക്ഷീണിപ്പിച്ചിരുന്നു. ഈ മൂന്നു ദിവസവും വീട്ടുടമസ്ഥ അയാൾക്ക് ഭക്ഷണം കൊടുത്തു. അയാൾ കഴിച്ചുവെച്ച പാത്രങ്ങൾ എടുത്തുകൊണ്ടുപോയി. അയാൾക്ക് പനിയാണെന്ന കാര്യവും ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നുണ്ടെന്ന കാര്യവും അവർ ആരെയും അറിയിച്ചിട്ടില്ലെന്ന് രമേശനു തോന്നി. ആ മുറിയിലേയ്ക്കു വരുന്നത് ആരും കാണാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷേ മക്കൾ പോലും അറിഞ്ഞിട്ടുണ്ടാവില്ല. രാവിലെ ഒമ്പതു മണിക്ക് മക്കൾ രണ്ടുപേരും കോളേജിൽ പോയ ശേഷമാണ് അവർ തന്റെ അടുത്തു വരുന്നത്. അതുപോലെ രാത്രിക്കുള്ള ഭക്ഷണം അഞ്ചര മണിക്കുള്ളിൽ കൊണ്ടുവന്നുവച്ച് ധൃതിയിൽ പോകയാണ് പതിവ്. അതിനു ശേഷം അവരെ കാണുന്നത് പിറ്റേന്ന് ഒമ്പതു മണിക്കു ശേഷമാണ്.

‘എന്തിനാണ് എനിക്കുവേണ്ടി ഇത്രയധികം ബുദ്ധിമുട്ട് സഹിക്കുന്നത്?’ രമേശൻ ചോദിച്ചു.

‘എന്തു ബുദ്ധിമുട്ട്? നിനക്ക് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ ഈ നിലയിൽ പറ്റുമോ? ഇന്നലെയൊെക്ക ദേഹം പൊള്ളുകയായിരുന്നു.’ അയാളുടെ നെറ്റിമേൽ കൈ വച്ചുകൊണ്ട് അവർ പറഞ്ഞു. ‘ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസംകൂടി വിശ്രമിച്ചിട്ട് പുറത്തിറങ്ങിയാൽ മതി.’

അതേ പറ്റൂ. അത്രയധികം ക്ഷീണമുണ്ട്. അവർ തന്റെ ഒരു സ്വഭാവമായി മാറുകയാണ്. രാവിലെയായാൽ പത്തു മിനുറ്റ് കൂടുമ്പോൾ വാച്ചു നോക്കുന്നു. വിശന്നിട്ടല്ല. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ്, വാതിൽ അല്പം തുറന്നിട്ട വിടവിലൂടെ പുറത്തേയ്ക്കു നോക്കുന്നു. അടുക്കളയിൽ ധൃതിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വീട്ടുടമസ്ഥയെ കാണും. അതിനിടയ്ക്ക് കോണിയിറങ്ങി വരുന്ന പെൺകുട്ടികളിലൊരാൾ അവർക്കു കഴിക്കാനുള്ള ഭക്ഷണവും വാങ്ങി മുകളിലേയ്ക്കുതന്നെ പോകുന്നു. ഭക്ഷണസമയത്തുള്ള ഈ കൂടിക്കാഴ്ചകളല്ലാതെ അമ്മയും മക്കളും തമ്മിൽ സംസാരിക്കുന്നത് അയാൾ ഒരിക്കലും കണ്ടിട്ടില്ല. അര മണിക്കൂറിനകം അവർ കോളേജിലേയ്ക്ക് യാത്രയാകുന്നു. ഇനി ഏതു നിമിഷത്തിലും അവരെ പ്രതീക്ഷിക്കാമെന്ന അറിവിൽ അയാൾ ഉദ്വേഗത്തോടെ കട്ടിലിൽ വന്നു കിടക്കുന്നു. അഞ്ചു മിനുറ്റിനുള്ളിൽ അവർ ഒരു ട്രേയിൽ ഭക്ഷണവും ചായയുമായി എത്തുന്നു. ട്രേ മേശപ്പുറത്തു വച്ച് അവർ കട്ടിലിൽ അയാളുടെ അടുത്ത് വന്നിരുന്ന് നെറ്റിമേലും നെഞ്ചിലും കൈവച്ച് നോക്കുന്നു. ‘ഇല്ല, ഇപ്പോൾ പനിയില്ല. രാത്രി പനിച്ചുവോ?’ ഇല്ലെന്ന് അയാൾ പറയുന്നു. അവരുടെ കൈ പിടിച്ചമർത്താൻ അയാൾ വെമ്പുന്നു. അവരുടെ കണ്ണിലുള്ള എന്തോ ഒന്ന് പക്ഷേ അയാളെ നിരുത്സാഹപ്പെടുത്തുകയാണ്.

ഉച്ചയ്ക്ക് അവർ ഉറങ്ങുമെന്ന് തോന്നുന്നു. കിടപ്പറയുടെ വാതിൽ അടച്ചിട്ടുണ്ടാവും. രമേശൻ വാതിലടച്ച് ഉറങ്ങാൻ ശ്രമിക്കുന്നു. പടിഞ്ഞാറ് വെന്റിലേറ്ററിൽക്കൂടി വരുന്ന സൂര്യവെളിച്ചം ചെറിയ ചതുരങ്ങളായി ചുമരിൽ പതിക്കുന്നു. ചുമരിന്റെ താഴെ വിറച്ചുകൊണ്ട് നിൽക്കുന്ന ചതുരങ്ങൾ ക്രമേണ ഉയർന്നു പൊങ്ങുന്നത് ശ്രദ്ധിച്ചുകൊണ്ട് രേമശൻ ഉറങ്ങാൻ കിടക്കും. സാവധാനത്തിൽ ആ രശ്മികൾ ദാലിയുടെ പെർസിസ്റ്റൻസ് ഓഫ് മെമ്മറിയിലേയ്ക്കു കടക്കും. പിന്നെ ഒരാക്രമണമാണ്. ചിത്രത്തിൽ ഒടിഞ്ഞു കിടക്കുന്ന ഘടികാരങ്ങൾ നിവരുകയും അവ ചലനാത്മകമാവുകയും ചെയ്യും. അര മണിക്കൂർ കൊണ്ട് ആക്രമണം പൂർത്തിയാവുന്നു. അവ വീണ്ടും ജീവനില്ലാതെ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നു. നോക്കിക്കൊണ്ടിരിക്കെ രമേശൻ ഉറക്കത്തിലാഴുന്നു.

എഴുന്നേറ്റത് അവർ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ്. വൈകുന്നേരത്തെ ഭക്ഷണം കൊണ്ടുവന്നു മേശപ്പുറത്തു വച്ച് അവർ കട്ടിലിന്റെ അടുത്തു വന്നുനിന്നു. കട്ടിലിൽ ഇരിക്കാൻ അവൻ ആംഗ്യം കാട്ടി.

‘ഇല്ല, ഞാൻ ഇരിക്കുന്നില്ല. പോട്ടെ.’

‘കുറച്ചു നേരം ഇരുന്നു പോകു...’

അവർ ഇരുന്നു. പക്ഷേ അവർക്ക് പോകാൻ ധൃതിയുണ്ടെന്ന് അവനു മനസ്സിലായി.

‘എന്താണ് നിങ്ങളുടെ പേര്?’ അവൻ ചോദിച്ചു. ‘ഞാനിതുവരെ ചോദിച്ചില്ല.’ അവർ ഒന്നും പറയാതെ ചിരിച്ചു. അവൻ ചോദ്യമാവർത്തിച്ചു.

‘എന്തിനാണ് നിനക്ക് എന്റെ പേരറിയണത്?’

‘പിന്നെ പേരറിയണ്ടേ?’

‘നീ ഞാൻ തന്ന രസീത് നോക്കിയോ?’

‘ഇല്ലാ.’

‘അതെടുത്ത് നോക്ക്. പിന്നെ പാത്രം ഞാൻ നാളെ രാവിലെ എടുത്തു കൊണ്ടുപോകാം. നീ കഴുകാനൊന്നും നിൽക്കണ്ട.’

അവർ എഴുന്നേൽക്കുന്നു, ധൃതിയിൽ പോകുന്നു. എന്തിനേയോ ഭയപ്പെടുന്നപോലെ. അവർ കുറച്ചുകൂടി നേരം അടുത്ത്, തന്റെ ദേഹത്തിൽ സ്പർശിച്ച് ഇരുന്നെങ്കിലെന്ന് അയാൾ ആശിക്കും. അവരുടെ സാമീപ്യത്തിൽ തനിക്ക് നഷ്ടപ്പെട്ട പലതും തിരിച്ചുകിട്ടുന്നു.

അയാൾ എഴുന്നേറ്റ് ഡയറി തുറന്നു നോക്കി. രശീത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അതിന്റെ പിന്നിൽ ഒരു റബ്ബർ സ്റ്റാമ്പ് അടിച്ചിട്ടുണ്ട്. ‘ആനന്ദമയീദേവിയ്ക്കും മക്കൾ മായാ ബന്ദോപാദ്ധ്യായയ്ക്കും രേണു ബന്ദോപാദ്ധ്യായയ്ക്കും വേണ്ടി പവർ ഓഫ് അറ്റർണി നിരഞ്ജൻ ബന്ദോപാദ്ധ്യായ.’ താഴെ റവന്യു സ്റ്റാമ്പൊട്ടിച്ച് നിരഞ്ജൻ ബാബു ഒപ്പിട്ടിരിക്കുന്നു. അപ്പോൾ അതാണ് അവരുടെ പേര്. ആനന്ദമയീദേവി. നല്ല പേര്.

നാലു ദിവസത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ അയാൾ ആദ്യമായി കാണുന്നപോലെ നഗരത്തെ നോക്കിക്കണ്ടു. ഫയർ ഹൈഡ്രണ്ടുകളിൽ ഹുഗ്ലി നദിയിൽ നിന്ന് പമ്പു ചെയ്യുന്ന വെള്ളം കൊണ്ട് റോഡുകൾ കഴുകപ്പെട്ടിരുന്നു. മാർക്കറ്റിന്നടുത്തെത്തിയപ്പോൾ പുതിയ പച്ചക്കറികളുടെ വാസന അനുഭവപ്പെട്ടു. ഹോട്ടലിൽ കയറി ഇഡ്ഡലിയും വടയും ചട്ടിണി കൂട്ടി കഴിച്ചു. മീതെ കാപ്പിയും. ഭക്ഷണം കഴിച്ചപ്പോൾ ക്ഷീണത്തിന് അല്പം കുറവു തോന്നി. എന്നാലും കാലുകൾക്ക് ഒരു ബലക്ഷയം. അയാൾ ട്രാം സ്റ്റോപ്പിലേയ്ക്കു നടന്നു. സാധാരണ ചെയ്യാറുള്ള പോലെ ഓടുന്ന ട്രാമിൽ പൊത്തിപ്പിടിച്ചു കയറാൻ ധൈര്യം തോന്നുന്നില്ല. കാറ്റിന് തണുപ്പ് കൂടിയിരിക്കുന്നു. ഒരാഴ്ചക്കുള്ളിൽ പെട്ടിയിൽനിന്ന് രോമക്കുപ്പായം പുറത്തെടുക്കേണ്ടി വരും. രണ്ടു സ്വെറ്ററാണുള്ളത്. ഇക്കൊല്ലവും അതുകൊണ്ടു തന്നെ കഴിച്ചുകൂട്ടണം.

ഓഫീസിൽ ജോലി കുന്നുകൂടി കിടക്കയാണ്. ഇരുപത്തഞ്ചു ക്വൊട്ടേഷൻതന്നെ ഉണ്ടാക്കാനുണ്ട്. രണ്ടു ദിവസം എഴുന്നേൽക്കാതെ ടൈപ്‌റൈറ്ററിനു മുമ്പിലിരുന്നാലേ രക്ഷയുള്ളൂ. തനിക്കാണെങ്കിൽ ജോലി ചെയ്യാനുള്ള ശക്തി മുഴുവൻ ചോർന്നുപോയപോലെ. മൂന്നു ദിവസത്തെ പനി ഉള്ളിലെ ജീവരക്തത്തെ മുഴുവൻ ഊറ്റിയെടുത്തിരിക്കുന്നു. എഴുന്നേൽക്കുമ്പോൾ വീഴാൻ പോകുന്ന അവസ്ഥ. എന്നാലും ജോലിയെടുത്തേ തീരൂ.

മുമ്പിലുള്ള കടലാസുകളിൽ യന്ത്രങ്ങളുടെ സാങ്കേതിക വിവരങ്ങളാണ്. പലതരം യന്ത്രങ്ങൾ. ലെയ്ത്ത്, മില്ലിങ് മെഷിൻ, ഡ്രില്ലിങ് മെഷിൻ, ന്യൂമാറ്റിക് പവർ ഹാമ്മർ, ഡൈ സിങ്കിങ് മെഷിൻ. വർണ്ണശബളമായ കാറ്റലോഗുകളിൽ അവയുടെ ചിത്രങ്ങളും പ്രയോഗങ്ങളും. ഈ സാങ്കേതിക ലോകം രമേശനെ ഭ്രമിപ്പിച്ചു. താൻ ആഗ്രഹിച്ചിരുന്നത് ഇങ്ങിനെ ഒരു ലോകത്തേയ്ക്കു കടക്കാനായിരുന്നു. പക്ഷേ ആ ലോകം തന്നെ തേടി വന്നപ്പോൾ അയാൾ അതിനെ സ്വീകരിക്കാൻ തയ്യാറെടുത്തിരുന്നില്ല. എന്താണ് ഈ യന്ത്രങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നതെന്നറിയാതെ അയാൾ കാറ്റലോഗുകളിൽ കണ്ണുംനട്ട് ഇരിക്കും. ഒപ്പം ഇരിക്കുന്നവരോട് ചോദിച്ചിട്ടു കാര്യമില്ല. അവരെല്ലാം തന്റെ അവസ്ഥയിൽ തന്നെയായിരിക്കും. ചോദിച്ചതു മാത്രം ബാക്കിയാവും. ചോദിക്കേണ്ടത് തന്റെ മേലധികാരിയോടാണ്. എന്താണ് ചോദിക്കേണ്ടത്? തന്നെ എഞ്ചിനീയറിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുതരുമോ എന്നോ?

തന്റെ മുമ്പിൽ ജ്ഞാനാർത്ഥിയായി ഇരിക്കുന്ന പതിനെട്ടോ പത്തൊമ്പതോ വയസ്സു പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനെ അമർ ചാറ്റർജി കുറച്ചു നേരം നോക്കിപ്പഠിച്ചു, മീശയ്ക്ക് കട്ടി വെയ്ക്കുന്നേ ഉള്ളൂ. കഴിഞ്ഞ ആറു മാസമായി തന്റെ കീഴിൽ ജോലിയെടുക്കുന്ന ആ ചെറുപ്പക്കാരനെ അയാൾ ഇഷ്ടപ്പെട്ടിരുന്നു. എന്തു ജോലിയും ഏല്പിക്കാം. ഏല്പിച്ച ജോലി ഭംഗിയായി ആത്മാർത്ഥതയോടെ ചെയ്തു തീർക്കും, അതും വളരെ വേഗത്തിൽ. അമേരിക്കയിൽ യേൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് ഡിഗ്രിയെടുത്ത ആ മനുഷ്യന് പക്ഷേ, ക്വൊട്ടേഷനുകളും സാങ്കേതിക വിവരങ്ങളുൾക്കൊള്ളിച്ചു കൊണ്ടുള്ള കത്തുകളും ഭംഗിയായി ടൈപ്പ് ചെയ്തു കൊണ്ടുവന്നു തന്റെ മുമ്പിൽ വയ്ക്കുന്ന ഈ ചെറുപ്പക്കാരന് അവൻ കൈകാര്യം ചെയ്യുന്ന വിഷയത്തെപ്പറ്റി അറിയില്ലെന്നത് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എനിക്ക് പറഞ്ഞുതരൂ എന്നപേക്ഷിക്കുന്ന ആ കണ്ണുകൾ കണ്ടപ്പോൾ അയാളുടെ ഹൃദയം ആർദ്രമായി.

‘എഞ്ചിനീയറിങ് എന്നു പറഞ്ഞാൽ വെറും സാമാന്യബുദ്ധി മാത്രമാണ് രമേശ്. ജസ്റ്റ് കോമൺസെൻസ്. നാളെ ഞാൻ നിനക്കൊരു പുസ്തകം കൊണ്ടുവന്നുതരാം. അതു വായിക്കാൻ ശ്രമിക്കൂ. സാവധാനത്തിൽ ഞാൻ നിനക്ക് എല്ലാം പഠിപ്പിച്ചുതരാം. ഒരു ദിവസംകൊണ്ടോ ഒരു മാസം കൊണ്ടോ പറ്റിയെന്നു വരില്ല. നോക്കട്ടെ നീ പഠിക്കുന്നതനുസരിച്ച് ഞാൻ കൂടുതൽ കനെപ്പട്ട പുസ്തകങ്ങൾ തരാം. കാറ്റലോഗെടുത്ത് ഓരോ യന്ത്രങ്ങളുടെയും പ്രവർത്തനം പറഞ്ഞുതരാം. നിനക്ക് താല്പര്യമുണ്ടെന്ന് ഞാൻ ഇതിനകം മനസ്സിലാക്കിയിരിക്കുന്നു.’

അമർ ചാറ്റർജി എന്തോ ആലോചിച്ചുകൊണ്ടിരുന്നു. നാല്പത്തഞ്ചു വയസ്സായ ആ മനുഷ്യൻ ഒരുപക്ഷേ സ്വന്തം ചെറുപ്പകാലം ഓർക്കുകയാവാം. അല്ലെങ്കിൽ അവസരങ്ങൾ എല്ലാവരേയും ഒരേപോലെ തേടിയെത്താത്തതിന്റെ പൊരുൾ അന്വേഷിക്കുകയായിരിക്കും. എന്തുകൊണ്ടോ അദ്ദേഹം വ്യാകുലനായി. എഞ്ചിനീയറിങ്ങിന്റെ അടിസ്ഥാന തത്വങ്ങളെപ്പറ്റി അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

‘നീ കാർപ്പന്റേഴ്‌സ് ജോലി എടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു മരമെടുത്ത് ആദ്യം അളവെടുത്ത് മുറിക്കുന്നു. പിന്നെ അതിന്റെ വീതിയും കനവും നോക്കി മുറിച്ച് ചിപ്പുളിയിട്ട് ഒരു നല്ല കഷ്ണമുണ്ടാക്കുന്നു. അതിൽ പിന്നീട് ഉണ്ടാക്കേണ്ട ദ്വാരങ്ങളും ചതുരങ്ങളും അളവെടുത്ത് ഉളിയോ ഡ്രില്ലോ കൊണ്ട് വീണ്ടും പണിയെടുക്കുന്നു. ഇത് എഞ്ചിനീയറിങ്ങാണ്. അല്ലെങ്കിൽ ഇത്രയേ ഉള്ളൂ എഞ്ചിനീയറിങ്ങ്...’

വീട്ടിലെത്തിയപ്പോൾ പിന്നെ മേൽ കഴുകാനൊന്നും തോന്നിയില്ല. പുറത്ത് കുറേശ്ശെ തണുപ്പുണ്ടായിരുന്നു. ഇനി ദേഹം തണുത്ത് വീണ്ടും പനി വരേണ്ട. റെസ്റ്റോറണ്ടിൽ നിന്ന് ചായ കുടിച്ചാണ് വന്നത്. വീട്ടിലെത്തിയപ്പോൾ മനസ്സിലായി വിഢ്ഢിത്തം പറ്റിയെന്ന്. രാത്രി കഴിക്കാനുള്ളതും എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാമായിരുന്നു. പുറത്തിറങ്ങാൻ തോന്നുന്നില്ല. സാരമില്ല. ഒരു ദിവസം ഒന്നും കഴിക്കാതെ ഇരുന്നുനോക്കട്ടെ. ആനന്ദമയീദേവിയെ ഇന്നു കാണില്ലെന്നറിയാം. കാരണം അഞ്ചുമണി കഴിഞ്ഞാൽ പിന്നെ അവർ തിരിഞ്ഞുനോക്കാറില്ല. മക്കൾ ഉണ്ടാകും. അവർ മുകളിൽ പോയി വാതിലടച്ചാൽ ഏതു നിമിഷവും നിരഞ്ജൻ ബാബുവിന്റെ വരവുണ്ടാവും. അതിനിടയ്ക്ക് തന്നെ വന്ന് കാണാൻ അവർക്ക് ധൈര്യമില്ലെന്ന് രമേശന്നറിയാം. അയാൾ കിടക്കയിൽ കിടന്നുകൊണ്ട് വായിക്കാൻ ശ്രമിച്ചു. ചൗറങ്കിയിലെ അമേരിക്കൻ ലൈബ്രറിയിൽ അംഗമായതുകൊണ്ട് പുസ്തകങ്ങൾക്ക് പഞ്ഞമുണ്ടായിരുന്നില്ല.

ഒരു പത്തു മിനുറ്റു കഴിഞ്ഞപ്പോഴാണ് താൻ വായിക്കുകയായിരുന്നില്ല, മറിച്ച് സ്വപ്നം കാണുകയായിരുന്നുവെന്ന് രമേശന് മനസ്സിലായത്. വാതിലിനു പുറത്ത് പരിചയമുള്ള കാലൊച്ച കേൾക്കാൻ അയാൾ കൊതിച്ചു. അവർ മുറിയിൽ വരാൻ, തന്റെ കിടക്കയിൽ ഇരുന്ന് നെറ്റിയിൽ തലോടാൻ അയാൾ ആഗ്രഹിച്ചു. അത് ഒരു ജ്വരംപോലെ അയാളുടെ ഉള്ളിൽ വളർന്നു വരികയാണ്. തനിക്കെന്താണ് പറ്റിയത്?

വാതിൽക്കൽ നേർത്ത ഒരു മുട്ടു കേട്ടുവോ? അയാൾ ചാടി എഴുന്നേറ്റു. വാതിൽ പുറത്തുനിന്ന് ഉന്തിത്തുറന്ന് ആനന്ദമയീദേവി പ്രത്യക്ഷപ്പെട്ടു. അവർ സാരികൊണ്ട് തല മൂടിയിരുന്നു.

‘നീ വല്ലതും കഴിച്ചുവോ? പുറത്തു പോകുന്നതു കണ്ടില്ലാ...’

‘ഇല്ല, പുറത്തു പോവാൻ തോന്നിയില്ല.’ അവർ അകത്തു വരണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അയാൾ പറഞ്ഞു. അവർ അകത്തു വരാതെ വാതിൽക്കൽത്തന്നെ നിൽക്കുകയാണ്.

‘ഞാൻ റൊട്ടി കൊണ്ടുവരാം.’

അവർ വാതിൽ അടയ്ക്കാതെ തിരിച്ചുപോയി. രണ്ടു മിനുറ്റിനകം ട്രേയുമായി വന്നു. ട്രേ തയ്യാറാക്കിവച്ചിട്ടാണ് അവർ അന്വേഷിക്കാൻ വന്നതെന്നു തോന്നുന്നു. ട്രേ മേശപ്പുറത്തു വച്ചശേഷം അവർ പറഞ്ഞു.

‘ഭക്ഷണം കഴിച്ച് പാത്രങ്ങൾ ഇവിടെത്തന്നെ വെച്ചാൽ മതി. ഞാൻ നാളെ വന്ന് കൊണ്ടുപോകാം.’

ഇവിടെ കുറച്ചുനേരം ഇരുന്നിട്ട് പോകൂ എന്ന് പറയാൻ രമേശൻ ഒരുങ്ങിയതാണ്. പെട്ടെന്ന് കോണിയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടപോലെ അവർ തിരിഞ്ഞുനോക്കി, പിന്നെ ഒന്നും പറയാതെ ഓടിപ്പോവുകയും ചെയ്തു. രമേശൻ വാതിൽ ചാരി. ഒരു ചെറിയ വിടവ് ബാക്കിവച്ചതിൽക്കൂടി നോക്കി. ആനന്ദമയീദേവി കിടപ്പറയുടെ വിസ്മൃതിയിൽ ലയിച്ചു കഴിഞ്ഞു. കോണിയുടെ ഇരുട്ടിൽ നിന്ന് നിരഞ്ജൻ ബാനർജിയുടെ അല്പം കഷണ്ടിയുള്ള തല വരാന്തയിലെ മങ്ങിയ വെളിച്ചത്തിലേയ്ക്ക് ഉയർന്നു വരുന്നതയാൾ കണ്ടു.

ചപ്പാത്തിയും ക്വാളിഫ്‌ളവർ കൊണ്ട് കറിയും, തക്കാളിയും സവോളയും വട്ടത്തിൽ നുറുക്കി സാലഡും. അയാൾക്ക് പക്ഷേ വിശപ്പുണ്ടായിരുന്നില്ല. രാത്രി കിടക്കുമ്പോൾ വളകളിടാത്ത ഒരു ജോടി ഉരുണ്ട കൈകൾ അയാൾക്ക് ഓർമ്മ വന്നു. അയാൾ അസംതൃപ്തനായി.