close
Sayahna Sayahna
Search

തടാകതീരത്ത്: പന്ത്രണ്ട്


തടാകതീരത്ത്: പന്ത്രണ്ട്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

തന്റെ മുറി ഇത്ര ശാന്തമാണെന്ന് രമേശന്‍ അന്നാണ് ശ്രദ്ധിച്ചത്. മുമ്പിലുള്ള നിരത്തില്‍ പത്തു മണിയോടെ വാഹനങ്ങളെല്ലാം നിലയ്ക്കുന്നു. താഴെയുള്ള കട എട്ടു മണിയ്ക്കു മുമ്പുതന്നെ അടയ്ക്കും. പത്തു മണി കഴിഞ്ഞാല്‍ പിന്നെ ശബ്ദങ്ങള്‍ക്കു വേണ്ടി കാതു കൂര്‍പ്പിച്ചിരിക്കണം. ഉറക്കം പിടിക്കാത്ത രാത്രികളില്‍ വാതിലിനു പുറത്ത് സംസാരം കേള്‍ക്കാം. നിരഞ്ജന്‍ ബാബുവിന്റേതാണ്. വല്ലപ്പോഴുമേ സംസാരിക്കൂ. അതാകട്ടെ ശകാരിക്കുന്ന പോലെയാണ്. അതെവിെടനിന്നാണ് എന്നറിയാന്‍ രമേശന്‍ ഒരു ദിവസം വാതില്‍ തുറന്നു നോക്കി. ലാന്റിങ്ങില്‍ ആരുമില്ല. അടുക്കളയിലും. കിടപ്പറയില്‍നിന്നു തന്നെയാണ്. പത്തര, പതിനൊന്നു മണിയോടെ അയാള്‍ പോകുമെന്നു തോന്നുന്നു. കാരണം അപ്പോള്‍ താഴെ കോണിച്ചുവട്ടില്‍ വാതില്‍ തുറന്ന് വീണ്ടുമടയ്ക്കുന്ന ശബ്ദം േകള്‍ക്കാം. ഒരിക്കല്‍ വാതില്‍ അല്പം തുറന്നു നോക്കിയപ്പോള്‍ ആനന്ദമയീദേവി കോണി കയറി വരുന്നതു കണ്ടു. താഴത്തെ വാതിലടയ്ക്കാന്‍ പോയതായിരിക്കണം. കോണി കയറിയശേഷം അവര്‍ ലാന്റിങ്ങില്‍ കുറച്ചുനേരം ദിശാബോധമില്ലാത്ത പോലെ നിന്നു. പിന്നെ സാവധാനത്തില്‍ നടന്ന് കിടപ്പുമുറിയില്‍ അപ്രത്യക്ഷയായി.

രമേശന് ഉറക്കം കിട്ടിയില്ല. ബെന്റിങ്ക് സ്റ്റ്രീറ്റിലെ ഗലികളില്‍ ഒഴിഞ്ഞ വയറും ഇരുണ്ട മനസ്സുമായി നടന്ന ഒരു അനാഥനായ പതിനാലു വയസ്സുകാരന്റെ കഥ മുഴുവനുമായിട്ടില്ല. കേട്ടിടത്തോളം തന്നെ അത് ദിവസങ്ങളോളം തന്റെ ഉറക്കം കെടുത്തുമെന്ന് രമേശന് തോന്നി. ഫ്രാങ്ക് അയാളുടെ മരിച്ച ഭാര്യയെപ്പറ്റിയും മകളെപ്പറ്റിയും സൂചിപ്പിച്ചു. മകള്‍ക്ക് എന്താണ് പറ്റിയതെന്ന് പറഞ്ഞില്ല. ഒരു ദുരന്തത്തിന്റെ നാന്ദി കുറിക്കുന്നതായിരുന്നു അയാളുടെ സംസാരം. ഓരോ വാചകവും യാതൊരു വികാരക്ഷോഭവുമില്ലാതെ, ഉദാസീനമായ മുഖഭാവത്തോടെ, മറ്റാരുടേയോ കഥ പറയുന്നപോലെ പറയുകയായിരുന്നു. ആ വൃദ്ധന്റെ ചുറ്റുമാകട്ടെ ഒരു തകര്‍ന്ന കുടുംബത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം. അതില്‍ അയാളുടെ ക്ഷീണശരീരം മാത്രമേ ചലിക്കുന്ന ഒരവശിഷ്ടമായുള്ളൂ. മറ്റെല്ലാം അയാളുടെ മനസ്സില്‍ അവിടവിടെയായി തകര്‍ന്നു കിടക്കുകയാണ്.

ഈ രാത്രി ശബ്ദങ്ങളൊന്നുമില്ലെന്നത് രമേശനെ അലോസരപ്പെടുത്തി. നിരഞ്ജന്‍ ബാബു പോയിട്ടില്ലെന്നു തോന്നുന്നു. അയാള്‍ ഇടയ്ക്ക് അവിടെ തങ്ങുന്നുണ്ടാകും. അതിനെപ്പറ്റി ആേലാചിക്കുമ്പോള്‍ മനസ്സ് കലുഷമാകുന്നു. എന്തിനാണയാള്‍ ദിവസവും രാത്രിയുടെ മറവില്‍ ഒരു കള്ളനെപ്പോലെ വന്നു പോകുന്നത്? നോക്ക് രമേശാ, നീ നിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. നീ ഇവിടുത്തെ ഒരു വാടകക്കാരന്‍ മാത്രമാണ്. രമേശന്‍ സ്വയം പറഞ്ഞുനോക്കി. അനാവശ്യകാര്യങ്ങളെല്ലാം അന്വേഷിച്ച് മനസ്സ് പുണ്ണാക്കണ്ട, നിന്റെ ഭാവി നശിപ്പിക്കണ്ട. നിന്നെയും നോക്കി ഒരു വയസ്സനും നാലു കുട്ടികളും നാട്ടില്‍ കഴിയുന്നുണ്ട്. നിന്റെ മാത്രമല്ല അവരുടെ ഭാവിയും നിന്റെ കയ്യിലാണ്. ആനന്ദമയീദേവിയുമായുള്ള ബന്ധം നിര്‍ത്തുകയാണ് നല്ലത്. അതൊരു നീരാളിപ്പിടുത്തമാണ്.

അയാള്‍ മായയെപ്പറ്റി ആലോചിച്ചു. മായ അടുത്തുള്ളപ്പോള്‍ വികാരങ്ങളുടെ തള്ളിക്കയറ്റം അനുഭവപ്പെടാറില്ല. അവള്‍ ചുംബിച്ചപ്പോള്‍ ആദ്യമൊക്കെ താന്‍ പ്രതികരണത്തിന് മടിച്ചിരുന്നു. പിന്നെ സാവധാനത്തില്‍ തന്റെ കൈകള്‍ ചലനാത്മകങ്ങളാവുകയാണ് ഉണ്ടായത്. പിന്നീടൊരിക്കലും അവള്‍ വരണമെന്നോ വന്നില്ലെങ്കില്‍ നിരാശനാവുമെന്നോ ഒന്നും തോന്നിയിട്ടില്ല. പക്ഷേ ആനന്ദമയീദേവിയുടെ കാര്യം അങ്ങിനെയല്ല. അവര്‍ പോയി എന്നുറപ്പായിട്ടും താന്‍ അവര്‍ക്കു വേണ്ടി നോക്കുകയായിരുന്നു. പുലര്‍െച്ച വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഇപ്പോഴും ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ അലട്ടിക്കൊണ്ടിരിക്കുമ്പോഴും അയാള്‍ അവരുടെ സാമീപ്യത്തിനു വേണ്ടി കാമിക്കുന്നു. ഒരിക്കല്‍ക്കൂടി, ഒരിക്കല്‍ക്കൂടിയെങ്കിലും.

ഇന്നു ശനിയാഴ്ചയാണ്. മുറി പൂട്ടി കോണിയിറങ്ങുമ്പോള്‍ രമേശന്‍ ആലോചിച്ചു. നേരത്തെ വരണം. ഒരുപക്ഷേ മായ ഉച്ചയ്ക്കു വന്നേക്കാം. അമ്മ ഉറങ്ങുന്ന സമയം നോക്കിയാവണം അവള്‍ വരുന്നത്. അവളെ എങ്ങിനെയെങ്കിലും നിരുത്സാഹപ്പെടുത്തണം. തന്റെ ഭാവിയ്ക്കു മുമ്പില്‍ ഒരു വിലങ്ങു തടിയാവുക ആനന്ദമയീദേവിയല്ല മായയായിരിക്കുമെന്ന് രമേശന് അറിയാമായിരുന്നു. കോണിയുടെ താഴെ മായ നില്‍ക്കുന്നുണ്ടായിരുന്നു. പുറത്തുനിന്ന് വരികയാണെന്ന ഭാവത്തില്‍ അവള്‍ രമേശനെ കണ്ടപ്പോള്‍ നിന്നു.

‘ഇന്ന് ഉച്ചയ്ക്ക് വരില്ലേ?’

‘നീ എവിടെ പോയിരുന്നു രാവിലെത്തന്നെ?’

‘ഒരു സ്‌നേഹിതയുടെ വീട്ടില്‍.’

നുണയാണ് എന്നറിഞ്ഞുകൊണ്ടു തന്നെ രമേശന്‍ ആ മറുപടി സ്വീകരിച്ചു.

‘എന്റെ സമയമായി, ഞാന്‍ പോട്ടെ.’

‘നീ ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞില്ല. എനിക്കു ദേഷ്യം വരുന്നുണ്ട്.’ മായ ദേഷ്യം ഭാവിച്ചു.

‘വരാം.’ രമേശന്‍ ചിരിച്ചു.

രമേശന്‍ ശരിക്കും സന്തോഷത്തിലായിരുന്നു. തന്റെ മനസ്സുമായുള്ള തുറന്ന ചര്‍ച്ചകള്‍ നീതിപൂര്‍വ്വമല്ല നടക്കുന്നതെന്ന് അയാള്‍ക്കു മനസ്സിലായി. ഉള്ളിന്റെ ഉള്ളില്‍ എന്താണ് വേണ്ടതെന്ന് പുറം മനസ്സ് പറയുന്നില്ല. അതെന്തൊക്കെയോ ഒളിപ്പിക്കുകയാണ്. മായയെ താഴെ വച്ചു കണ്ടപ്പോള്‍ അയാള്‍ക്ക് വളരെ സന്തോഷം തോന്നിയിരുന്നു. പക്ഷേ മറിച്ചു ഭാവിക്കാനാണ് മനസ്സ് പറയുന്നത്. ഇതെന്തൊരു ബന്ധം?

കാറ്റ് തണുത്ത് വരണ്ടതായിരുന്നു. മുഖത്ത് കോള്‍ഡ്ക്രീം ഇട്ടിട്ടും വരണ്ടപോലെ അനുഭവപ്പെട്ടു. ചുണ്ടുകളില്‍ ഇടയ്ക്കിടയ്ക്ക് ക്രീം പുരട്ടിയില്ലെങ്കില്‍ വിണ്ടുപോകും. ഇന്ന് വൈകുന്നേരം സമയം കിട്ടിയാല്‍ ഒരു സ്വറ്റര്‍ വാങ്ങണം. കയ്യിലുള്ള കട്ടി കുറഞ്ഞ സ്വറ്റര്‍ കൊണ്ട് ഇക്കൊല്ലം കഴിച്ചുകൂട്ടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പോരാത്തതിന് അതു ഡ്രൈ ക്ലീന്‍ ചെയ്യാന്‍ കൊടുക്കണമെങ്കില്‍ പകരമൊന്ന് വേണംതാനും.

ഓഫീസില്‍ എത്തിയ ഉടന്‍ രാമകൃഷ്‌ണേട്ടന്റെ ഫോണ്‍ വന്നു.

‘രമേശാ, ഞങ്ങള്‍ എത്തി കെട്ടോ.’

‘ങാ, എപ്പോള്‍ വന്നൂ?’

‘രാവിലെ. താന്‍ എപ്പോഴാണ് വരണത്? നാളെ രാവിലെ വരൂ. ഊണ് കഴിച്ചിട്ട് വൈകുന്നേരം പോവാം.’

‘ഞാന്‍ രാവിലെ വരാം. ഊണു കഴിക്കലൊക്കെ പിന്നെ. ആദ്യം നിങ്ങളൊന്ന് സെറ്റ്ല്‍ ചെയ്യൂ. പിന്നെ, ഹണിമൂണിന്റെ സമയത്ത് ഞാനവിടെ ഒരു കട്ടുറുമ്പായി ഇരുന്നാല്‍ ശരിയാവില്ല.’

ശനിയാഴ്ച എന്തിനാണ് ഓഫീസ് തുറക്കുന്നതെന്ന് രമേശന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ജോലി തുടങ്ങി അര മണിക്കൂറിനുള്ളില്‍ ആള്‍ക്കാര്‍ ചായയ്ക്കു പിന്നാലെ ഓടുന്നു. ബീഹാറിയായ പ്യൂണ്‍ ഉമേഷ് ആണ് കെറ്റിലില്‍ ചായ കൊണ്ടുവരിക. അഞ്ചു മിനുറ്റ് താമസിച്ചാല്‍ മതി ആള്‍ക്കാര്‍ ബഹളം വയ്ക്കുന്നു. ‘ഉമേഷ്, ചായ് ലാേവാ...’

അര ഇറക്കു ചായയേ ഉണ്ടാവൂ. അതു കുടിക്കുന്നത് ഒരു ദേശീയോത്സവം പോലെയാണ്. പലരും കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്ന പ്രാതല്‍ കഴിക്കുന്നതും അതോടൊപ്പമാണ്. ചായ കഴിയുമ്പോഴേയ്ക്ക് സമയം പതിനൊന്നായിട്ടുണ്ടാവും. പിന്നെ ഒന്നരവരെ സമയമുണ്ട്. ജോലിയെടുക്കുകയാണെങ്കില്‍ ആ സമയം കൊണ്ട് ഒരുമാതിരി ജോലിയെല്ലാം കഴിയും. പക്ഷേ ബംഗാളികള്‍ സംസാരപ്രിയരാണ്. ഉച്ചയ്ക്ക് വീട്ടില്‍ പോകുന്നതുകൊണ്ട് ലഞ്ച് സമയത്തേയ്ക്ക് കരുതിയ സംസാരം കൂടി നടത്തുന്നത് ആ സമയത്താണ്. അങ്ങിനെ ശനിയാഴ്ച ഓഫീസില്‍ വരുക എന്നത് ഒരു വൃഥാ വ്യായാമമാകുന്നു. ചാറ്റര്‍ജി ടൂറിലാണ്. അങ്ങിനെയുള്ള സമയത്തേ ബാക്കി കിടക്കുന്ന ജോലി ചെയ്തുതീര്‍ക്കാന്‍ പറ്റൂ. രമേശന്‍ ജോലി തുടങ്ങി.

വീട്ടിലേയ്ക്കുള്ള കോണി കയറിയപ്പോള്‍ത്തന്നെ മനസ്സിലായി ആനന്ദമയീദേവി ഉറക്കമായെന്ന്. അവരുടെ വാതില്‍ ചാരിയിരുന്നു. രണ്ടാം നിലയിലേയ്ക്കുള്ള വാതിലും അടച്ചിരുന്നു. ഉച്ചയ്ക്ക് ആ വീട് അനാഥമായ പോലെ തോന്നും. അയാള്‍ വാതില്‍ തുറന്ന് അകത്തു കയറി. വാതില്‍ ശബ്ദമില്ലാതെ അടയ്ക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. ആരെയും ഉണര്‍ത്തണ്ട. എന്തുകൊണ്ടോ അയാള്‍ക്ക് ആരെയും കാണണമെന്നുണ്ടായിരുന്നില്ല. മായ വരുമെന്നു പറഞ്ഞിരുന്നു. വരുമായിരിക്കാം. അയാള്‍ക്ക് ഉറപ്പൊന്നുമില്ല. ഉറങ്ങണം. കഴിഞ്ഞ ഒന്നര കൊല്ലമായി ശനിയാഴ്ചത്തെ ഉച്ചയുറക്കം ഒരു ലഹരിയായി ആഘോഷിച്ചിരുന്നതാണ്. അയാള്‍ വസ്ത്രം മാറ്റി കിടക്കയിലേയ്ക്കു വീണു. പ്രതീക്ഷിച്ചതുപോലെ മായ എത്തി. വാതില്‍ക്കല്‍ ഒരു നേരിയ മുട്ടല്‍; കൃത്യം പത്തെണ്ണുന്നതിനുമുമ്പ് രണ്ടാമതൊന്ന്. അയാള്‍ എഴുന്നേറ്റു വാതില്‍ തുറന്നു. അവള്‍ ഭയത്തോടെ അമ്മ കിടക്കുന്ന മുറിയുടെ ഭാഗത്തേയ്ക്കു നോക്കിക്കൊണ്ട് അകത്തു കടന്നു, ഉടനെ വാതിലടച്ച് കുറ്റിയിടുകയും ചെയ്തു.

‘എനിക്കറിയാമായിരുന്നു.’ രമേശന്‍ പറഞ്ഞു.

‘എന്ത്?’ അവളുടെ മുഖത്ത് അദ്ഭുതം. ‘എന്തറിയാമായിരുന്നു.’

‘നീ എന്റെ ഉറക്കം കളയുമെന്ന്.’

‘ഓ, അത്രയല്ലേ ഉള്ളൂ. ഞാന്‍ വിചാരിച്ചു കാര്യമായി എന്തോ പറയുകയാണെന്ന്. നിനക്ക് എന്നെ സ്‌നേഹമില്ലെന്ന് എനിക്ക് നന്നായി അറിയാം. ഞാന്‍ എന്തൊക്കെ വിചാരിക്കുന്നു; കാര്യങ്ങള്‍ ഏതു വഴിക്കു നീങ്ങുന്നു?’

‘ആട്ടെ ആദ്യം നീ എന്തൊക്കെ വിചാരിച്ചു എന്നു പറയൂ, പിന്നെ കാര്യങ്ങള്‍ ഏതു വഴിക്കാണ് നീങ്ങുന്നതെന്നും.’

‘ഞാന്‍ വിചാരിച്ചത് നിന്നെ കണ്ട് ഒരു ഹല്ലോ പറഞ്ഞ് എന്റെ പാട്ടിനു പോകാമെന്നായിരുന്നു.’

‘ശരി, അതു നടന്നു, ഇനി?’ രമേശന്‍ ആകാംക്ഷയോടെ ചോദിച്ചു.

‘ഇവിടെ വന്നപ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് മനസ്സിലായത്?’

‘എന്തേ?’

‘കാരണം ഇതുതന്നെ.’ പറഞ്ഞ ഉടനെ അവള്‍ രമേശന്റെ കഴുത്തിലൂടെ കൈയ്യിട്ട് കെട്ടിപ്പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു. അവള്‍ അവനെ കട്ടിലിന്നടുത്തേയ്ക്ക് ഉന്തിക്കൊണ്ടു പോകയായിരുന്നു. വീഴാതിരിക്കാന്‍ അയാള്‍ കട്ടിലില്‍ ഇരുന്നു. അവളും പിടി വിടാതെ അടുത്തിരുന്നു.

‘രാക്ഷസി.’ രമേശന്‍ പറഞ്ഞു ‘നീയും കാളിയുമായി എന്തെങ്കിലും ബന്ധമുണ്ടോ?’

‘ഏതു കാളി?’

‘കാളിഘട്ടിലെ കാളി മാ.’

‘എന്റെ വകയിലൊരു ചാച്ചിയാണ്.’

‘വകയിലൊന്നുമല്ല, ശരിക്കു തന്നെയാണ്.’ രമേശന്‍ പറഞ്ഞു. അയാളുടെ കൈകള്‍ അവളെ വരിഞ്ഞിരിക്കയാണ്.

‘നീ എന്നെ കളിപ്പിക്ക്യാണ് അല്ലേ? കാണിച്ചു തരാം.’ അവള്‍ കിതയ്ക്കുകയാണ്. ഇത്രയും ആവേശം രമേശന് ആദ്യമായി അനുഭവപ്പെടുകയാണ്. ആനന്ദമയീദേവിയുടെ പ്രേമപ്രകടനങ്ങള്‍ വളരെ ശാന്തമായാണ്. ഇവളാകട്ടെ നേരെ മറിച്ചും. എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു നില്‍ക്കുന്ന രമേശനെ അവള്‍ കിടക്കയിലേയ്ക്ക് ഉന്തിയിട്ടു.

സാധാരണ നിലയില്‍ വളരെ ശാന്തസ്വഭാവിയായിട്ടാണ് അവളെ രമേശന്‍ കണ്ടിട്ടുള്ളത്. ഇന്നെന്താണിങ്ങിനെ? എന്തോ ബാധ ആവേശിച്ചപോലെ. അയാള്‍ക്ക് അവളോടൊപ്പമെത്താന്‍ കഴിയുന്നില്ല.

തളര്‍ന്ന് ഉറങ്ങിക്കിടക്കുന്ന മായയെ നോക്കിയപ്പോള്‍ അയാള്‍ക്ക് അവളോട് വാത്സല്യം തോന്നി. അവളെ ഉണര്‍ത്താതെ രമേശന്‍ എഴുന്നേറ്റു. ഉറങ്ങിക്കിടക്കുന്ന നഗ്നസൗന്ദര്യം നോക്കി നില്‍ക്കുന്നത് തെറ്റാണെന്ന് അയാള്‍ക്കു തോന്നി. ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ച് അയാള്‍ ജനലിനടുത്തേയ്ക്കു നടന്നു. പുറത്ത് വെയിലാണ്. ഇളം ചൂടു മാത്രമുള്ള ആ വെയിലത്ത് തടാകതീരത്ത് നടക്കാന്‍ അയാള്‍ക്കു തോന്നി. ഏകനായി, വെയിലിന്റെ സാന്ത്വനവുമേറ്റ് ഇളം തെന്നല്‍പോലുള്ള ഓര്‍മ്മകളുടെ സ്പര്‍ശവുമേറ്റ് നടക്കാന്‍. ഒരു ഭോഗാലസ്യത്തിന്റെ ലഹരിയില്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ട് ഉറങ്ങുന്ന പെണ്‍കുട്ടിയെ ഓര്‍മ്മ വന്നപ്പോള്‍ അയാള്‍ കരയാന്‍ തുടങ്ങി. എന്തിനാണ് കരയുന്നതെന്ന് അറിയാനാവാത്ത വിധം വൈകാരികമായൊരു അടിയൊഴുക്കില്‍ അയാള്‍ അകപ്പെട്ടിരുന്നു.

‘ഈ കുടുക്കൊന്ന് ഇട്ടു തരൂ.’

രമേശന്‍ തിരിഞ്ഞു നോക്കി. മായ ബ്രേസിയര്‍ ഇട്ട് അയാളെ കാത്തിരിക്കയായിരുന്നു. അയാള്‍ കണ്ണു തുടച്ച് അവളുടെ അടുത്തു ചെന്നു. പിന്നിലിരുന്ന് ഹുക്ക് ഇട്ടു കൊടുക്കുമ്പോള്‍ അവള്‍ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

‘എന്തിനാണ് കരയണത്?’

അയാള്‍ക്കതിനു മറുപടിയില്ലായിരുന്നു. അവളുടെ കവിളില്‍ മൃദുവായി ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. ‘ഒന്നുമില്ല.’

‘എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണോ?’

‘അല്ല, ഇഷ്ടമുള്ളതുകൊണ്ട്. നീ തടാകത്തിലേയ്ക്ക് വരുന്നുണ്ടോ?’

‘ങും. നീ എപ്പോഴാണ് പോകണത്?’

‘അഞ്ചു മണിക്ക്?’

‘ഞാന്‍ അവിടെ ഉണ്ടാവും.’ മായ സാവധാനത്തില്‍ ബ്ലൗസിട്ടു, സാരിയുടുത്തു, ഉലഞ്ഞ തലമുടി കെട്ടിവച്ചു. അവള്‍ സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. രമേശന്റെ കഴുത്തിലൂടെ കൈയ്യിട്ട് ചുണ്ടില്‍ ഉമ്മ വച്ചുകൊണ്ട് അവള്‍ പറഞ്ഞു.

‘ലെയ്ക്കില്‍ കാണാം.’

വാതില്‍ കുറച്ചു തുറന്ന് പുറത്തേയ്ക്കു നോക്കി എല്ലാം ഭദ്രമാണെന്നുറപ്പിച്ച ശേഷം അവള്‍ പുറത്തു കടന്നു.

അയാള്‍ ജനലിന്നടുത്തു പോയി പുറത്തേയ്ക്കു നോക്കിനിന്നു. എല്ലാം ശാന്തം. ആള്‍ക്കാരെല്ലാം എവിടെ പോയി? ദൂരെയെവിടെയോ ഒരു ഐസ്‌ക്രീം വില്പനക്കാരന്റെ ശബ്ദം നിലവിളിയായി വന്നു. എനിക്ക് ഉറങ്ങണം. എന്റെ ശനിയുറക്കം എന്തിനാണ് കവര്‍ന്നെടുത്തത്?

തടാകത്തില്‍ ആള്‍ക്കാര്‍ കുറവായിരുന്നു. അഞ്ചു മണിയോടെ ഇരുട്ടിത്തുടങ്ങുന്നു. അതോടെ കുട്ടികളെയും കൂട്ടി നടക്കാനിറങ്ങുന്ന വീട്ടമ്മമാരും നടക്കാനിറങ്ങുന്ന വയസ്സന്മാരും പിന്‍വാങ്ങുന്നു. പിന്നെ അവശേഷിക്കുന്നത് തണുപ്പിനെ വെല്ലുവിളിക്കുന്ന കാമുകീകാമുകന്മാരും അവരുടെ വേലകള്‍ നോക്കി ആസ്വദിക്കുന്ന മറ്റു ചെറുപ്പക്കാരും മാത്രം. അപൂര്‍വ്വമായി ഒന്നോ രണ്ടോ കൂട്ടിക്കൊടുപ്പുകാരും ഉണ്ടാവും.

‘നീ ചുവട്ടില്‍ ഇരിക്കാന്‍ തുടങ്ങിയ ശേഷമാണ് ഈ മരം പുഷ്പിണിയായത്.’ രമേശന്‍ പറഞ്ഞു.

‘അതെന്റെ തെറ്റല്ല.’ മായ പറഞ്ഞു. ‘നമ്മള്‍ ഓരോന്ന് ചെയ്യുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ പറ്റിയൊന്നും ആലോചിക്കില്ല.’

‘അതു പറഞ്ഞപ്പോഴാണ് ഞാനോര്‍ത്തത്.’ രമേശന്‍ പറഞ്ഞു. ‘നീ എന്തിനാണ് എന്നോട് ഇങ്ങിനെ അടുക്കണത്?’

‘എേന്ത?’

‘ഞാന്‍ കുറച്ചു കാലത്തേയ്‌ക്കേ ഇവിടെ ഉണ്ടാവൂ. അതു കഴിഞ്ഞാല്‍...’

‘അതു കഴിഞ്ഞാല്‍?’

എന്താണ് പറയേണ്ടത്? അതു കഴിഞ്ഞാല്‍ താന്‍ പോകുമെന്നും അവള്‍ക്ക് വിഷമമാവുമെന്നും ആേണാ? അവളെ കല്യാണം കഴിക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ല എന്നോ? അയാള്‍ ഒന്നും പറഞ്ഞില്ല. വാക്കുകള്‍ തൊടുത്തുവിട്ട ബാണം പോലെയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ജീബ്രാനാണോ? അതു തിരിച്ചെടുക്കാന്‍ പറ്റില്ല. ചില വാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നവയാണ്. പക്ഷേ പറയാതിരുന്നാല്‍ പിന്നീടത് ഒരു വന്‍ ദുരന്തത്തിലാണ് എത്തുന്നതെങ്കില്‍ ഇപ്പോള്‍ തന്നെ പറയുകയല്ലേ നല്ലത്?

‘രൊമേശ്ദാ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. ഞാന്‍ ഒന്നും കണ്ടിട്ടല്ല നീയുമായി അടുക്കണത്. നിന്റെ സ്‌നേഹം, അതു കിട്ടാവുന്നത്ര ദിവസങ്ങള്‍ എനിക്ക് സ്വീകരിച്ചുകൂടെ. നോക്കു, ഞാന്‍ ദിവസങ്ങള്‍ എന്നാണ് പറഞ്ഞത്, ആഴ്ചകള്‍ എന്നുകൂടിയല്ല. അത്രയ്ക്കുപോലും ശുഭാപ്തിവിശ്വാസമില്ല എനിക്ക്.’

നേരിയ തണുത്ത കാറ്റ് സ്വറ്ററിന്നുള്ളിലേയ്ക്കു തുളച്ചു കയറുന്നു. രമേശന് സ്വയം ചെറുതായി തോന്നി.

‘വിധി എന്നോട് അത്ര മാന്യമായിട്ടൊന്നുമല്ല പെരുമാറുന്നത്. എനിക്കു പക്ഷെ പരാതിയില്ല.’

ചുറ്റും കൂടുതല്‍ ഇരുട്ടായി. വിന്ററില്‍ നേരത്തെ സൂര്യനസ്തമിക്കുന്നു. പെട്ടെന്ന് ഇരുട്ടുന്നു. നോക്കിക്കൊണ്ടിരിക്കെ മുമ്പിലുള്ള മുഖം മങ്ങിവരുന്നു. എന്താണ് പറയേണ്ടത്? തനിക്ക് അവളെപ്പറ്റി ഒന്നും അറിയില്ലെന്ന കാര്യം ഓര്‍ത്തപ്പോള്‍ അയാള്‍ ചോദിച്ചു.

‘എന്താണ് അങ്ങിനെ പറയുന്നത്?’

സാന്ത്വനിപ്പിക്കലായിരുന്നു അയാളുടെ ഉദ്ദേശ്യം.

ഒരു കുല്‍ഫിക്കാരന്‍ തലയില്‍ കുടവുമായി വന്നു.

‘കുല്‍ഫി മലായ്, ബാബു കുല്‍ഫി...’

‘വേണ്ട.’

‘എനിക്കു കുറേ പറയാനുണ്ട്.’ മായ പറഞ്ഞു. ‘ഒരു തുടക്കത്തിനുകൂടി ഇന്നു സമയമുണ്ടാവില്ല. നാളെ നിനക്ക് നേരത്തെ വരാമോ?’

‘എത്ര മണിയ്ക്ക്?’

മൂന്നു മണിയ്ക്ക്?’

‘വരാം.’

രമേശന്‍ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.