close
Sayahna Sayahna
Search

തടാകതീരത്ത്: ഒമ്പത്


തടാകതീരത്ത്: ഒമ്പത്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

കോളറിഡ്ജിന്റെ പൗരാണിക നാവികനെപ്പോലെ മുമ്പിലിരിക്കുന്ന മനുഷ്യനും തന്നെ ഒരു മായിക വലയത്തിൽ തടഞ്ഞുവച്ചിരിക്കയാണ്. അയാൾ പറയുന്നതാകട്ടെ സ്വന്തം ചോരയാൽ എഴുതപ്പെട്ട കഥകളും. സ്വന്തം ജീവിതകഥ.

വെള്ള വിരിച്ച മേശമേലുള്ള മഗ്ഗിലെ ബിയർ കഴിഞ്ഞിരുന്നു. കിഴവൻ അതു ശ്രദ്ധിച്ചു. അയാൾ വെയ്റ്ററെ വിളിച്ചു.

‘ഒരു ബിയർ കൂടി.’

‘േവണ്ട.’ രേമശൻ പറഞ്ഞു. ‘ഞാൻ കുടിക്കാറില്ല. നിങ്ങൾ നിർബ്ബന്ധിച്ചതുകൊണ്ടാണ് ഒരു ബോട്ടിൽതന്നെ കുടിച്ചത്.’

‘ബിയറല്ലെ, സാരമില്ല. വെയ്റ്റർ ഒരു േബാട്ടിൽ. എനിക്ക് ഒരു ലാർജ് കൂടി. വേഫേഴ്‌സ് തീർന്നു. അതും കൊണ്ടുവാ.’

‘യെസ് മിസ്റ്റർ ഫ്രാങ്ക്.’ അയാൾ പോയി. ആ ഹോട്ടലിലെ എല്ലാ ജോലിക്കാർക്കും ഈ മനുഷ്യൻ സുപരിചിതനാണ്. ബാറിൽ കസ്റ്റമേഴ്‌സിന്റെ ഒപ്പമിരുന്നു കുടിക്കുന്ന കുറിയ വസ്ങ്ങ്രൾ ധരിച്ച പെൺകുട്ടികൾ അയാളെ നോക്കി കൈവീശി.

‘ദേയാർ മൈ ക്ലൈയ്ന്റ്‌സ്.’ അയാൾ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. ‘നിനക്ക് ആരെയെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി. എന്റെ ഫ്രെന്റെന്നു പറഞ്ഞാൽ പണമൊന്നും സ്വീകരിക്കാതെ അവർ നിന്റെ ഒപ്പം ഒരു രാത്രി കഴിച്ചുകൂട്ടും. ഐ മെയ്ക്ക് ഹെലുവ ലോട്ടാ മണി. സീ.’ അയാൾ കീശയിൽ നിന്ന് പഴ്‌സെടുത്തു കാണിച്ചു. അതിൽ നിറയെ നോട്ടുകൾ അട്ടിയായി വച്ചിരിക്കുന്നു.

പിച്ചക്കാരനെപ്പോലെ തോന്നിക്കുന്ന ആ മനുഷ്യൻ എങ്ങിനെ ഇത്രയധികം പണമുണ്ടാക്കുന്നു?

‘പക്ഷേ ഒരു കാലമുണ്ടായിരുന്നു. ഞാൻ ഒരു കഷ്ണം റൊട്ടിയ്ക്കുവേണ്ടി യാചിച്ച സമയം.’ അയാൾ ഓർമ്മകളുടെ അസുഖകരമായ ഇടവഴികളിലേയ്ക്ക് ഒരു നിമിഷം ഊളിയിട്ടു. ‘ദേർ വാസെ ടൈം...’

അതുവരെ അയാൾ രമേശന്റെ വിവരങ്ങൾ ഓരോന്നായി ചോദിച്ചറിയുകയായിരുന്നു. എല്ലാം കേട്ടപ്പോൾ അയാൾ പറഞ്ഞു.

‘ഞാൻ ഊഹിച്ചതും ഏതാണ്ട് ഇങ്ങിനെയൊക്കെയാണ്.’

എങ്ങിനെ ഈ മനുഷ്യന് അതൊക്കെ ഊഹിച്ചെടുക്കാൻ പറ്റുന്നു?

‘മനുഷ്യജീവിതത്തിന് വളരെ കുറച്ച് മോഡലുകളെയുള്ളൂ.’ ഫ്രാങ്ക് പറഞ്ഞു. ‘ഓരോരുത്തർക്കും അത് അല്പസ്വല്പം വ്യത്യാസത്തോടെ കിട്ടുന്നു എന്നു മാത്രം.’

വെയ്റ്റർ വന്ന് കൈയ്യിൽ ഭംഗിയായി തുലനം ചെയ്ത ട്രെയിൽ നിന്ന് കിങ് ഫിഷർ ബോട്ടിലും ഒരു ഗ്ലാസ്സിൽ വിസ്‌കിയും മേശപ്പുറത്തു വച്ച ഒരു പ്ലെയ്റ്റിൽ ഉരുളങ്കിഴങ്ങിന്റെ വേഫേഴ്‌സും. ഗ്ലാസ്സ് ഫ്രാങ്കിന്റെ മുന്നിലേയ്ക്കു വച്ച് അയാൾ ബിയർ ബോട്ടിൽ തുറന്ന് രമേശന്റെ മഗ്ഗെടുത്ത് ചെരിച്ചു പിടിച്ച് ഒട്ടും പത പൊങ്ങാതെ അതിലേയ്ക്ക് പകർന്ന ശേഷം മേശപ്പുറത്തുനിന്ന് ഒഴിഞ്ഞ ഗ്ലാസ്സും പ്ലെയ്റ്റുകളും എടുത്തു കൊണ്ടുപോയി.

ഫ്രാങ്ക്, ഐസ് ഫ്‌ളാസ്‌കിൽ നിന്ന് മൂന്ന് ഐസ് ക്യൂബുകൾ ഗ്ലാസ്സിലേയ്ക്കിട്ടു. വെയ്റ്റർ തുറന്നുവച്ച സോഡയിൽ നിന്ന് മുക്കാൽ ഗ്ലാസ്സോളം ഒഴിച്ചു. ഒരു കവിൾ കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘എനിക്ക് അച്ഛനെ കണ്ട ഓർമ്മയില്ല. തൊള്ളായിരത്തി ഒന്നിലോ രണ്ടിലോ അയാൾ രാജ്യം വിട്ടിരുന്നു. അന്നെനിക്ക് മൂന്നോ നാലോ വയസ്സ്. അച്ഛൻ ഗവർണ്ണറുടെ ഓഫീസിലെ ഗുമസ്തനായിരുന്നു. അതേ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു ഇംഗ്ലീഷുകാരിയെ കല്യാണം കഴിച്ചു തിരിച്ചുപോയി. ഇവിടെ അമ്മ ഒറ്റയ്ക്കായി, ഒപ്പം എട്ടും പൊട്ടും തിരിയാത്ത ഞാനും. ആദ്യമെല്ലാം ഓഫീസിൽനിന്ന് സഹായമുണ്ടായിരുന്നു. പിന്നെ സാവധാനത്തിൽ അതും നിന്നു. അമ്മ ബംഗാളിയായതുകൊണ്ട് ശരിക്കും ഒറ്റപ്പെട്ടു. കാരണം ഒരു ഇംഗ്ലീഷുകാരനെ കല്യാണം കഴിച്ച പെണ്ണിനെ അവർക്കു വേണ്ട. ഈ ബംഗാളികൾ, അവർ വളരെ ഓർത്തഡോക്‌സാണ്. ഒരിക്കൽ മതം മാറിയാൽ കഴിഞ്ഞു.’

അയാൾ ആലോചിക്കുകയായിരുന്നു. ഓർമ്മയുടെ അകലങ്ങളിലേയ്ക്കു നോക്കി അയാൾ എന്തൊക്കെയോ പരതുന്നുണ്ടായിരുന്നു. ഓർമ്മകൾ ചിതലരിച്ചു ദ്രവിച്ചു തുടങ്ങിയിരുന്നു. ആ മനുഷ്യന്റെ ചുളിവുകൾ വീണ മുഖത്തു നോക്കിയപ്പോൾ രമേശന്റെ മനസ്സ് ആർദ്രമായി. അയാൾക്കറിയാമായിരുന്നു, കാലം ഏല്പിച്ച ക്ഷതങ്ങൾക്കപ്പുറത്ത് ആ മനുഷ്യനിൽ എന്തൊക്കെയോ ഉണ്ട്. ഒരു കുട്ടിക്കാലം. അതെ്രതതന്നെ അനഭികാമ്യമായിരുന്നാലും അതിനെപ്പറ്റി രമേശനോടു പറയാൻ അയാൾക്കു ധൃതിയുണ്ടായിരുന്നു.

‘ആർ യു ഇൻ എ ഹറി?’

‘സാരംല്ല്യ.’

വാച്ചു നോക്കിക്കൊണ്ട് രമേശൻ പറഞ്ഞു. സമയം എട്ടാവുന്നതേയുള്ളു. ഇനി സ്വാമിയുടെ ഹോട്ടലിലെ ഭക്ഷണം കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ബിയറും വേഫറും കൊണ്ടു തന്നെ വയറു നിറഞ്ഞു. വേണമെങ്കിൽ ഇവിടെനിന്നുതന്നെ എന്തെങ്കിലും കഴിക്കാം. എന്തായാലും ഫ്രാങ്ക് തന്നെ സൽക്കരിക്കാനുള്ള പുറപ്പാടിലാണ്. എന്തിനാണതു ചെയ്യുന്നതെന്ന് രമേശന് അജ്ഞാതം. വർക്‌ഷോപ്പിൽനിന്ന് നേരത്തെ ഇറങ്ങിയതായിരുന്നു. സ്വാമിയുടെ ഹോട്ടലിൽ നിന്ന് ഊണു കഴിച്ച് വീട്ടിൽ പോണം. കുളിച്ച് നന്നായി ഉറങ്ങണം എന്നൊക്കെ വിചാരിച്ചാണ് പുറത്തിറങ്ങിയത്. ചില ദിവസങ്ങളുണ്ട്, ആത്മവിശ്വാസം തീരെ നഷ്ടപ്പെടുന്നപോലെ തോന്നുന്ന ദിവസങ്ങൾ. ഒന്നും ശരിയാവുന്നില്ലെന്നും, എവിടെയും എത്തുന്നില്ലെന്നും, എത്താൻ പോകുന്നില്ലെന്നും തോന്നലുണ്ടാവുന്ന ദിവസം. അതു ഭയങ്കരമാണ്. ചെയ്യുന്നതിനൊന്നും അർത്ഥമില്ലെന്നു തോന്നുന്ന ദിവസമായിരുന്നു ഇന്ന്. ബെന്റിങ്ക് സ്റ്റ്രീറ്റിന്റെ മൂലയിൽ കിഴവനെ കണ്ടപ്പോൾ അരിശമാണ് തോന്നിയത്. തടഞ്ഞുനിർത്തിയപ്പോൾ കൈ അല്പം ബലം പ്രയോഗിച്ച് മാറ്റിക്കൊണ്ട് രമേശൻ അലറി. ‘കാന്റ് യു ലീവ് മി അലോൺ?’

വയസ്സൻ ഈ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നില്ല. അയാൾ കൈവിട്ട് നിർത്തിനിർത്തിക്കൊണ്ട് പറഞ്ഞു. ‘ഐ ഏം സോറി.’

കൂടുതൽ ചിത്ത പറയാൻ, ശാപവചനങ്ങളുതിർക്കാൻ രമേശൻ മുതിർന്നു. അതിനായി കിഴവന്റെ മുഖത്തു നോക്കിയപ്പോഴാണ് കണ്ടത്. അയാളുടെ മുഖം, അതു വളരെ ദയനീയമായിരുന്നു. അയാൾ അച്ഛനെ ഓർത്തു. അമ്മ മരിച്ച ദിവസമായിരുന്നു അത്ര ദയനീയമായ മുഖം രമേശൻ കണ്ടത്. ശവസംസ്‌കാരമെല്ലാം കഴിഞ്ഞ് സന്ധ്യയ്ക്ക് മക്കളുടെ ക്ഷീണിച്ചുറങ്ങുന്ന മുഖവും നോക്കിയിരിക്കുന്ന അച്ഛൻ. അതേ മുഖം മുന്നിൽ കണ്ടപ്പോൾ രമേശൻ വല്ലാതായി. അയാൾ കിഴവന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

‘ഐയാം സോറി, സർ.’

വയസ്സന്റെ കണ്ണിലൂറിനിന്ന രണ്ടു നീർക്കണം കവിളിലൂടെ താഴോട്ടിറങ്ങി.

‘ഇറ്റ്‌സ് ആൾറൈറ്റ് സണ്ണി.’

അയാൾ പോകാനായി തിരിഞ്ഞു. അത് കണ്ണീർ തുടക്കാനുള്ള അവസരത്തിനായിരിക്കണം. കാരണം ഉടനെത്തന്നെ തിരിഞ്ഞു നിന്നുകൊണ്ട് രമേശനോട് ചോദിക്കുകയാണ്.

‘ഇപ്പോൾ ഒരു ബിയർ ആയിക്കൂടെ?’

അങ്ങിനെയാണ് ബാറിൽ എത്തിപ്പെട്ടത്.

‘നഗരത്തിന്റെ ഈ ഭാഗെത്തല്ലാം ജീവിതം തുടങ്ങുന്നേയുള്ളൂ. ഇതൊരു വൈചിത്ര്യമാർന്ന നഗരമാണ്.’ ഫ്രാങ്ക് പറഞ്ഞു. ‘ഒരൊമ്പതു മണിയോടെ മാന്യത ഉറങ്ങാൻ പോകുന്നു. പിന്നെയുള്ളത് ഇരമ്പുന്ന ജീവിതമാണ്. ഈ തെരുവ് രാത്രി ഉറങ്ങുന്നില്ല. പിമ്പ്‌സ്, പ്രോസ്, ഡ്രഗ്ഗ് പെഡ്‌ലേഴ്‌സ്, ഗേയ്.’

അയാൾ നാൻസി സിനാത്രയുടെ ‘ദ സിറ്റി നെവർ സ്ലീപ്‌സ് അറ്റ് നൈറ്റ്’ എന്ന ഗാനം ഓർത്തു. ടോളിഗഞ്ചിൽ വീട്ടുടമസ്ഥന്റെ വീട്ടിൽ ഗറാഡ് റെക്കോർഡ് ചേഞ്ചറുള്ള ഒരു വലിയ റേഡിയോഗ്രാമുണ്ടായിരുന്നു. ഇംഗ്ലീഷു പാട്ടുകളുടെ നല്ല ശേഖരവും. ബാലിഗഞ്ചിലേയ്ക്കു മാറിയപ്പോൾ തനിക്ക് നഷ്ടമായത് ആ പാട്ടുകളാണ്.

‘നിങ്ങൾക്ക് നാൻസി സിനാത്രയെ ഇഷ്ടമാണോ?’ രമേശൻ ചോദിച്ചു.

അയാൾ മുഖം ചുളിച്ചു. ‘ഫ്രാങ്ക് സിനാത്ര, എസ്. ബട്ട് നോട്ട് നാൻസി. ‘സമ്മർ വൈൻ’ അല്ലേ?’ ഫ്രാങ്ക് സിനാത്ര, ഡീൻ മാർട്ടിൻ, ഏന്റ് ടു എ സെർട്ടൻ എക്സ്റ്റന്റ് പോൾ റോബ്‌സൺ. പുതിയൊരു പോപ്പ് ഗ്രൂപ്പ് വന്നിട്ടുണ്ട്, ഒരു ബ്രിട്ടിഷ് ഗ്രൂപ്പാണ്. ബീറ്റിൽസ്. ചെറുപ്പക്കാർക്കു പറ്റുമായിരിക്കും. എ ലോട്ടാഫ് സ്‌ക്രീമിങ്. എനിക്കു വേണ്ട...’

ഈ മനുഷ്യൻ ബെന്റിങ്ക് സ്റ്റ്രീറ്റിലെ ഗലികളിൽ അലഞ്ഞു നടക്കുമ്പോഴും സംഗീതത്തിൽ ഏറ്റവും പുതിയ പ്രവണതകൾ മനസ്സിലാക്കിയിരിക്കുന്നു! ബീറ്റിൽസിന്റെ ഒന്നോ രണ്ടോ ഗാനങ്ങൾ രമേശൻ കേട്ടിട്ടുണ്ട്. ‘ലവ് മി ഡൂ’ തരക്കേടില്ല എന്നു തോന്നിയിരുന്നു. ബി.ബി.സി.യുടെ ടോപ് ടെന്നിൽ എപ്പോഴും ഈ പാട്ട് വന്നിരുന്നു. ഇപ്പോൾ തന്റെ പക്കൽ ഒരു റേഡിയോ പോലുമില്ല.

അയാൾ വീണ്ടും നിശ്ശബ്ദനായി, എന്തോ ആലോചിക്കുകയാണ്.

‘അമ്മയെപ്പറ്റിയല്ലേ പറഞ്ഞിരുന്നത്? വളെര നല്ല സ്ത്രീയായിരുന്നു. അതിലുമുപരി നല്ല അമ്മ. എനിക്കു വേണ്ടിയാണവർ പിന്നെ ജീവിച്ചതുതന്നെ. സർക്കാറിന്റെ പണം തീരെ നിന്നപ്പോൾ അവർ വീട്ടുജോലിയ്ക്കു പോയിത്തുടങ്ങി. ആദ്യമെല്ലാം എന്നെയും കൊണ്ടുപോയിരുന്നു. അമ്മ മറ്റുള്ളവരുടെ പാത്രം മോറുകയും, വിഴുപ്പലക്കുകയും, നിലം തുടയ്ക്കുകയും ചെയ്യുമ്പോൾ ഞാൻ അടുക്കളയുടെ ഒരു മൂലയിൽ ഇരിക്കും. അങ്ങിനെയിരുന്ന് ഉറങ്ങിപ്പോവും. ചില വീട്ടമ്മമാർ അവരുടെ മക്കൾക്ക് പ്രാതൽ കൊടുക്കുമ്പോൾ എനിക്കും കൊണ്ടുവന്നു തരും. പലപ്പോഴും തലേന്നു രാത്രിയുണ്ടാക്കിയ ഭക്ഷണത്തിന്റെ ബാക്കിയായിരിക്കും. അതു ഞാൻ സ്വാദോടെ തിന്നും, കാരണം ഇതേ സാധനം തന്നെ വീട്ടിലേയ്ക്കു കൊണ്ടു വരുന്നതാണ് അമ്മ എനിക്കു തന്നിരുന്നത്. അപ്പോഴേയ്ക്കും അത് കേടുവന്നു കഴിഞ്ഞിരിക്കും. അവർക്ക് അതേ തരാൻ പറ്റു. അന്നെല്ലാം വീട്ടു പണികൊണ്ട് രണ്ടുനേരത്തെ ഭക്ഷണം കഷ്ടിച്ചു കഴിക്കാൻ കിട്ടുമെന്നല്ലാതെ മെച്ചമൊന്നുമുണ്ടാവില്ല. എവിടെയോ യുദ്ധമുണ്ടെന്ന് അമ്മയ്ക്കറിയാം. അതുകൊണ്ട് അവശ്യസാധനങ്ങൾക്കെല്ലാം വലിയ വിലയാണെന്നും നമുക്ക് വാങ്ങാൻ പറ്റില്ലെന്നും അവർ എന്നോടു പറഞ്ഞു. എവിടെയാണ് യുദ്ധമെന്നൊന്നും അവർക്കറിയില്ല. ‘ദെയ്‌റീസെ വാർ’ എന്നു മാത്രം പറയും.’

വൈകുന്നേരം അമ്മ വരുന്നതും കാത്ത് ഞാൻ വാതിൽക്കൽ ഇരിക്കും. നേരം ഇരുട്ടിക്കഴിഞ്ഞിട്ടാവും അവർ വരുന്നത്. വന്ന ഉടനെ ഞാൻ അവരെ കെട്ടിപ്പിടിക്കും. മൂന്നോ നാലോ വീടുകളിൽ വിഴുപ്പലക്കിയതിന്റെയും വിയർപ്പിന്റെയും നാറ്റം ഉണ്ടാവും. പക്ഷേ പകൽ ഞാനനുഭവിക്കുന്ന ഏകാന്തതയും വിശപ്പും നോക്കുമ്പോൾ അതെനിക്ക് ഹൃദ്യമായിരുന്നു. ഭക്ഷണം കഴിക്കാൻ ഒട്ടും ധൃതിയില്ലാതെ ഞാൻ അവരുടെ സമൃദ്ധമായ മാറിടത്തിൽ മുഖമമർത്തും.

അങ്ങിനെയിരിക്കുമ്പോൾ സ്ഥിതികളെല്ലാം മാറിത്തുടങ്ങി. അവർ കുറച്ചുകൂടി നല്ല വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. കെട്ടിപ്പിടിക്കുമ്പോൾ അവരെ ടാൽക്കം പൗഡറിന്റെ വാസനയായിത്തുടങ്ങി. അമ്മ ജോലി ചെയ്തിരുന്ന വീടുകളിലാണ് ഈ വാസന ഉണ്ടാകാറ്. പലപ്പോഴും റസ്റ്റോറണ്ടുകളിലെ ഭക്ഷണമായിരിക്കും അമ്മ കൊണ്ടുവരിക. രാവിലെ സ്വന്തമായി വീട്ടിൽത്തന്നെ പ്രാതൽ ഉണ്ടാക്കാൻ തുടങ്ങി. അവർ എന്നെ കുറച്ചുകൂടി വൃത്തിയായി നടക്കാൻ പഠിപ്പിച്ചു. എനിക്ക് പുതിയ ഉടുപ്പുകൾ തുന്നിച്ചുതന്നു. വിശപ്പ് എന്നത് ഓർമ്മയിൽ മാത്രമായി. പക്ഷേ ഒരു ദിവസം അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അമ്മയുടേതല്ലാത്ത ഒരു മണം കിട്ടി. അതെന്നെ വിഷമിപ്പിച്ചു.’

ഫ്രാങ്ക് കൈയുയർത്തിക്കാട്ടി. വെയ്റ്റർ വന്നു.

‘ഗെറ്റ് മി വൺ മോർ...’ അയാൾ രമേശിന്റെ നേരെ തിരിഞ്ഞു. അയാളുടെ മഗ്ഗിൽ ബിയർ ബാക്കിയുണ്ട്. ‘എന്താണ് ഭക്ഷണം കഴിക്കുന്നത്? ചിക്കൻ ടിക്ക? അല്ലെങ്കിൽ നമുക്ക് അപ്പുറത്ത് റെസ്റ്റോറണ്ടിൽ പോകാം. ബാറിൽ അവർ ഭക്ഷണം വിളമ്പാറില്ല. റെസ്റ്റോറണ്ടിൽ നമുക്ക് വിശദമായിത്തന്നെ ഓർഡർ ചെയ്യാം.’

‘വേണ്ട,’ രമേശൻ പറഞ്ഞു. ‘തൽക്കാലം ടിക്ക കൊണ്ടുവരട്ടെ.’

‘ശരി.’ വെയ്റ്റർ പോയി.

‘അപ്പോൾ ഞാൻ എന്താണ് പറഞ്ഞു കൊണ്ടുവന്നിരുന്നത്?’

ആ മനുഷ്യൻ സ്വന്തം ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളെപ്പറ്റി പറയുകയായിരുന്നു. മറ്റാരുടെയോ ജീവിതകഥയാണ് പറയുന്നതെന്ന മട്ടിൽ. മറ്റാരുടെയോ അമ്മയെപ്പറ്റിയാണ് പറയുന്നത്. കാലത്തിന്റെ അപാരമായ വിടവ് സൃഷ്ടിച്ച അകലം അയാളെ സ്വന്തം കുട്ടിക്കാലം ഒരന്യതാബോധത്തോടെ വ്യത്യസ്തമായ ഒരനുഭവമായി കാണാൻ പഠിപ്പിച്ചിട്ടുണ്ടാകണം.

‘യെസ്സെസ്, ഞാൻ പറഞ്ഞുകൊണ്ടിരുന്നത് അമ്മയെപ്പറ്റിയായിരുന്നു. ആ മണം, അത് എനിക്കു പരിചയമുള്ള മണമായിരുന്നു. പകൽ ഞാൻ ചുറ്റുവട്ടത്തുള്ള വീടുകളിൽ അലഞ്ഞുതിരിയും. ഒരിക്കൽ ഒരാൾ എന്നെ ഐസ്‌ക്രീം തരാമെന്നു പറഞ്ഞ് അയാളുടെ വീട്ടിലേയ്ക്കു വിളിച്ചു. വീട്ടിലെത്തിയ ഉടനെ എന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും തുടങ്ങി. സാധാരണ ആളുകൾ െചയ്യാറുള്ളതാണത്, കാരണം ഞാൻ ചെറുപ്പത്തിൽ തടിച്ചു വെളുത്ത് സുന്ദരനായിരുന്നു. ഓമനിക്കാൻ തോന്നുന്ന പ്രകൃതം. പക്ഷേ ഈ മനുഷ്യന്റേത് വെറും ഓമനിക്കലായിരുന്നില്ല. അയാളുടെ വിരലുകൾ എന്റെ ട്രൗസറിന്റെ കുടുക്കുകൾ വിടുവിക്കുകയാണ്. മറ്റെ കൈകൊണ്ട് അയാൾ സ്വന്തം പാന്റ്‌സും അഴിക്കുന്നു. എനിക്കു പേടിയായി. ഞാൻ കുതറി ഓടി.

ആ മനുഷ്യന് ഈ മണമായിരുന്നു. വിയർപ്പിന്റെയും സിഗരറ്റിന്റെയും കൂടിയുള്ള മണം. ഞാൻ അമ്മയോട് ചോദിച്ചു.

‘അമ്മ സിഗരറ്റ് വലിച്ചുവോ?’

‘ഇല്ല, എന്തേ?’

‘അമ്മയെ സിഗരറ്റ് മണക്കുന്നു.’

അമ്മ കുറച്ചുനേരം എന്നെ നോക്കി നിന്നു.’

വെയ്റ്റർ ഒരു താലവുമായി വന്നു. അതിൽ കുറെയധികം വിഭവങ്ങളുണ്ടായിരുന്നു. അയാൾ ഓരോന്നോരോന്നായി മേശമേൽ നിരത്തുകയാണ്. രമേശൻ ഒരു ചോദ്യത്തോടെ ഫ്രാങ്കിനെ നോക്കി. അയാൾ അതീവ സന്തുഷ്ടനായി വിഭവങ്ങൾ നോക്കി പഠിക്കുകയാണ്.

‘ഇതാണ് ഇവരുടെ പ്രശ്‌നം. ഞാൻ ചിക്കൻ ടിക്ക മാത്രം ഓർഡർ ചെയ്തു. ഇവർ കൊണ്ടുവന്നിരിക്കുന്നതെന്തൊക്കെയാണ്!’

വെയ്റ്റർ ഒരു ചിരിയോടെ ഓരോന്നിന്റെയും പേരു പറഞ്ഞുകൊണ്ടാണ് മേശമേൽ വയ്ക്കുന്നത്. ‘ചിക്കൻ മൊഗ്‌ളായ്, ചിക്കൻ ടിക്ക, മട്ടൻ ഫ്രൈ, ബട്ടർ നാൺ, െറയ്ത്ത,... വിളമ്പട്ടെ സർ?’

‘യെസ്സെസ്...’ ഫ്രാങ്ക് അയാളെ പ്രോത്സാഹിപ്പിച്ചു. പിന്നെ തിരിഞ്ഞ് രമേശനോടു പറഞ്ഞു. ‘ഞാൻ പറഞ്ഞില്ലെ, ഇവിടെ അവർ ഡിന്നർ സേർവ് ചെയ്യില്ലെന്ന്. ഇത് എനിക്കു മാത്രമുള്ള ആനുകൂല്യമാണ്.’

രമേശൻ ചിരിച്ചു. അതിൽ കിഴവനെ സമ്മതിച്ചിരിക്കുന്നു എന്ന ഭാവമുണ്ടായിരുന്നു. അയാൾ ചോദിച്ചു. ‘എവിടെയാണ് ടോയ്‌ലറ്റ്?’

‘റെസ്റ്റോറണ്ടിൽ കയറിയ ഉടനെ വലതു ഭാഗത്താണ് സർ.’ ബാറിനും റെസ്റ്റോറണ്ടിനും ഇടയിലുള്ള ചില്ലു ചുമരിലെ വാതിൽ ചൂണ്ടിക്കാട്ടി വെയ്റ്റർ പറഞ്ഞു.

ബിയറിനുള്ള പ്രശ്‌നമതാണ്. ടോയ്‌ലറ്റ് അന്വേഷിക്കേണ്ടി വരും. രമേശന് നല്ലവണ്ണം വിശക്കുന്നുണ്ടായിരുന്നു. ഇന്ന് ഓർക്കാപ്പുറത്ത് നല്ല ഭക്ഷണം കിട്ടുന്നു.

‘ഫ്രാങ്ക് അയാൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.’

‘നമുക്ക് തുടങ്ങാം?’

വെയ്റ്റർ വിഭവങ്ങൾ പ്ലെയ്റ്റുകളിൽ വിളമ്പാൻ തുടങ്ങി.

വെയ്റ്റർ പോയിക്കഴിഞ്ഞപ്പോൾ ഫ്രാങ്ക് പറഞ്ഞു.

‘എന്റെ ഓർമ്മക്കുറിപ്പുകൾ പിന്നീടാവാം. നിന്റെ ഡിന്നർ നശിപ്പിക്കണ്ട.’

തിരിച്ചു വീട്ടിലെത്തിയപ്പോൾ പത്തു മണി കഴിഞ്ഞു. കോണിയിൽ തപ്പിപ്പിടിച്ച് മുകളിലെത്തി. ആനന്ദമയീദേവിയുടെ മുറിയുടെ വാതിലടച്ചിരുന്നു. ലാന്റിങ്ങിൽ നിരഞ്ജൻ ബാബുവിന്റെ ചെരിപ്പു കിടന്നിരുന്നു. എന്തോ ആ കാഴ്ച രമേശന് ഇഷ്ടപ്പെട്ടില്ല. ഈ മനുഷ്യൻ രാത്രി തിരിച്ചു പോകാറില്ലെ? എന്താണ് ആനന്ദമയീദേവിയും അയാളുമായി ബന്ധം?

വാതിലടച്ച് ഷർട്ടും പാന്റ്‌സും ഊരിക്കളഞ്ഞ് അയാൾ കിടക്കയിൽ വീണു. മനസ്സിൽ നിറയെ ഒരു കുട്ടിക്കാലമായിരുന്നു. മറ്റൊരാളുടെ, മറ്റൊരു കാലത്തെ കുട്ടിക്കാലം. വൈകി വരുന്ന അമ്മയെ കാത്ത് വാതിൽപ്പടിമേൽ ഇരിക്കുന്ന എട്ടു വയസ്സുകാരന്റെ മിഴിവുള്ള ചിത്രം രാത്രിയുടെ വളർച്ചയിൽ നിറം മങ്ങി ഇല്ലാതായി.