close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിമൂന്ന്


തടാകതീരത്ത്: ഇരുപത്തിമൂന്ന്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

രാവിലെ ഓഫീസിലേയ്ക്ക് പോകാനായി ഇറങ്ങുമ്പോള്‍ മായ കോണിക്കു താഴെ നില്‍ക്കുന്നുണ്ടായിരുന്നു.

‘ഇപ്പോള്‍ എത്ര ദിവസമായി കണ്ടിട്ട്? നീ വളരെ തിരക്കിലാണെന്നു തോന്നുന്നു. വരുന്നത് പത്തു മണിയ്ക്ക്. എന്നെ മറന്നുവോ?’ മായയുടെ ശബ്ദം താഴ്ന്നിരുന്നു. ആരും കേള്‍ക്കണ്ട എന്നു വച്ചിട്ടായിരിക്കണം.

‘തിരക്കിലാണ്. ഓഫീസില്‍ കുറേ മാറ്റങ്ങളുണ്ടാകുന്നു.’

‘എന്തൊക്കെ മാറ്റങ്ങള്‍?’

‘അതൊക്കെ പിന്നെ പറയാം. ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ്ങുണ്ട്. അതു കഴിഞ്ഞാല്‍ അറിയാം ഞാന്‍ ഇവിടെത്തന്നെ തുടരുമോ അതോ മദ്രാസിലേയ്ക്ക് പോകുമോ എന്ന്.’

മായയുടെ കണ്ണുകള്‍ തിളങ്ങി.

‘അപ്പോള്‍ ഇവിടെത്തെന്ന തുടരാന്‍ സാധ്യതയുണ്ട് അല്ലേ?’

‘ഒന്നും പറയാറായിട്ടില്ല.’ രമേശന്‍ പറഞ്ഞു. മായയുടെ മുഖം സരളവും സുന്ദരവുമായിരുന്നു. അയാള്‍ക്ക് പെട്ടെന്ന് അവളോട് അനുതാപം തോന്നി. ഇതാണോ സ്‌നേഹമെന്ന വികാരം? രമേശന്‍ അദ്ഭുതപ്പെട്ടു.

‘ഞാന്‍ പ്രാര്‍ത്ഥിക്കാം.’

ഞാന്‍ പ്രാര്‍ത്ഥിക്കാം എന്ന വാക്കുകള്‍ അയാള്‍ക്ക് എവിടെയൊക്കെയോ കൊണ്ടു. തനിക്കുവേണ്ടി ഒരു പെണ്‍കുട്ടി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. തന്നെ ഇവിടെത്തന്നെ നിലനിര്‍ത്തുക എന്ന സ്വാര്‍ത്ഥ താല്പര്യം കൊണ്ടാണെങ്കിലും അവള്‍ പ്രാര്‍ത്ഥിക്കുന്നു. അയാള്‍ അമ്മയെ ഓര്‍ത്തു. തന്റെ പിറന്നാള്‍ ദിവസം അമ്മ നേരത്തെ അമ്പലത്തിലേയ്ക്കു പോകുന്നു. തന്റെ നാളില്‍ ഒരു പുഷ്പാഞ്ജലി കഴിക്കുന്നു. തിരിച്ചു വന്ന് തന്റെ നെറ്റിമേല്‍ ചന്ദനക്കുറി തൊടീക്കുന്നു. അതിനൊക്കെ പകരമായി തനിക്കൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ അമ്പലത്തിലേയ്ക്ക് ഒപ്പം പോകാന്‍ വിളിച്ചപ്പോള്‍ക്കൂടി പോയില്ല. പിന്നെ അമ്മ കിടപ്പിലായപ്പോള്‍ വേദനകൊണ്ട് പുളയുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. ഒരിക്കലും വീടാന്‍ കഴിയാത്ത ഒരുപാട് കടപ്പാടുകള്‍.

ഓഫീസില്‍ നേരത്തെ എത്തിയപ്പോള്‍ സ്വീകരണമുറിയിലിട്ട സ്റ്റേറ്റ്‌സ്മാനും, അമൃതബസാര്‍ പത്രികയും നോക്കി. രണ്ടിലും കമ്പനിയുടെ പരസ്യമുണ്ട്. മദ്രാസ് ഓഫീസിലേയ്ക്ക് ഒരു സേയ്ല്‍സ് എഞ്ചിനീയറെയും സ്റ്റെനോഗ്രാഫറേയും വേണം. വേണ്ട ക്വാളിഫിക്കേഷന്‍, ജോലി പരിചയം എല്ലാം കൊടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷ ലഭിക്കണം. ഇതു പോലെ പരസ്യം മദ്രാസില്‍ ഹിന്ദുവിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലും കൊടുത്തിട്ടുണ്ടാവും.

ഒരു കാര്യം തീര്‍ച്ചയായി. താന്‍ മദ്രാസിലേയ്ക്കു പോകുന്നില്ല. ഒന്നുകില്‍ ടെണ്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിയമിക്കുന്ന ആരുടെയെങ്കിലും അസിസ്റ്റന്റായി, അല്ലെങ്കില്‍ ടെണ്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി ഇവിടെത്തന്നെ തുടരും. എന്തായാലും ഇന്ന് അറിയാം.

അമര്‍ ചാറ്റര്‍ജി വന്നപ്പോള്‍ രമേശന്‍ പരസ്യം കാണിച്ചു കൊടുത്തു. അേദ്ദഹത്തിന്റെ മുഖത്ത് അദ്ഭുതമൊന്നും കണ്ടില്ല. ‘ഞാന്‍ പറഞ്ഞില്ലേ?’ എന്നു മാത്രം പറഞ്ഞു.

പതിനൊന്നു മണിക്ക് ഉമേഷ് വന്ന് ജി.എം. വിളിക്കുന്നു എന്നു പറഞ്ഞപ്പോള്‍ കുറച്ച് നെര്‍വസ്സായി. തന്റെ ഭാവി നിര്‍ണ്ണയിക്കുന്ന കൂടിക്കാഴ്ചയാണ്. അമര്‍ ബാബു അവിടെ ഉണ്ടാകുമെന്നതു മാത്രം കുറച്ച് ആശ്വാസമായി.

ജി.എമ്മിന്റെ മുറി എയര്‍ കണ്ടിഷന്‍ ചെയ്തതായിരുന്നു.

മുമ്പിലിരിക്കുന്ന കസേല ചൂണ്ടിക്കാട്ടി റോയ് ചൗധരി പറഞ്ഞു. ‘സിറ്റ് ഡൗണ്‍, ആന്റ് ബീ കംഫര്‍ട്ടബ്ള്‍.’

തന്റെ മനസ്സിലെ ധൈര്യക്കുറവ് അദ്ദേഹം മനസ്സിലാക്കിയെന്നു തോന്നുന്നു. തൊട്ടടുത്ത കസേലയില്‍ അമര്‍ ചാറ്റര്‍ജി ഇരിക്കുന്നുണ്ട്. തടിച്ചു വെളുത്ത് അല്പം കഷണ്ടിയുള്ള മനുഷ്യനാണ് റോയ് ചൗധരി. കടും ബ്രൗണ്‍ നിറത്തിലുള്ള ഒരു സൂട്ടാണ് വേഷം. വെള്ള ഷര്‍ട്ടിന്റെ കോളറില്‍ കെട്ടിയ ടൈയിലുള്ള ചെരിഞ്ഞ വരകളുടെ നിറവും ബ്രൗണായിരുന്നു. റിവോള്‍വിങ് ചെയറില്‍ തിരിഞ്ഞ് പിന്നിലുള്ള മേശമേല്‍ വച്ച കുപ്പിയെടുത്ത് ഒരു കവിള്‍ വെള്ളം കുടിച്ച് അയാള്‍ തിരിഞ്ഞിരുന്നു. കുറച്ചുനേരം രമേശനെ നോക്കി പഠിച്ചശേഷം അയാള്‍ പറഞ്ഞു.

‘കാര്യങ്ങളൊക്കെ അമര്‍ ബാബു പറഞ്ഞിട്ടുണ്ടല്ലോ. എനിക്കറിയേണ്ടത് നിനക്ക് സ്വതന്ത്രമായി ആ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്നാണ്.’

രമേശന്‍ ഒരു നിമിഷം ആലോചിച്ചു. ഇതാണ് നിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം. ഇങ്ങിനെ ഒരവസരം ഇനിയുണ്ടായില്ലെന്നു വരും. അയാള്‍ പറഞ്ഞു.

‘ടെണ്ടര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. അതുകൊണ്ട് ആ ഡിപ്പാര്‍ട്‌മെന്റ് സ്വത്രന്തമായി കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം. ഐ ക്യാന്‍ ആള്‍വേയ്‌സ് ഫാള്‍ ബാക് ഓണ്‍ യു. യുവര്‍ സപ്പോര്‍ട്ട് ഈസ് വെരി ഇംപോര്‍ട്ടന്റ് ടു മി.’

ജി.എം. വളരെ സന്തുഷ്ടനായെന്നു തോന്നുന്നു.

‘യു ക്യാന്‍ കൗണ്ട് ഓണ്‍ ദാറ്റ്. നിനക്ക് എന്റെ സപ്പോര്‍ട് എപ്പോഴുമുണ്ടാകും.’ അയാള്‍ അമര്‍ ബാബുവിനെ നോക്കിക്കൊണ്ട് പറഞ്ഞു. ‘ഹി സീംസ് ആള്‍റൈറ്റ് ടു മി...’ അദ്ദേഹം മേശമേല്‍ നിന്ന് ഒരു ഡ്രോയിങ് എടുത്ത് രമേശിന്റെ മുമ്പിലേയ്ക്കിട്ടു. ‘ നൗ... ദിസീസ് മൈ പ്രോബ്ലം. ട്രൈ ടു സോള്‍വിറ്റ്.’

രമേശന്‍ ഡ്രോയിങ് എടുത്തു നോക്കി. ഒരു കോംപൊണന്റില്‍ നാല് ടേണിങ് ഓപറേഷന്‍സ്, ഒരു ഷേംഫറിങ്, ഒരു ഡ്രില്ലിങ്, ടാപ്പിങ്. എല്ലാ മെഷിനിങ് ഓപറേഷനുകളും ചുവപ്പും, നീലയും പച്ചയും നിറത്തില്‍ മാര്‍ക് ചെയ്തിരിക്കുന്നു. രമേശന്‍ ആ ഡ്രോയിങ് വിശദമായി പഠിച്ചു. തീര്‍ച്ചയായും ജി.എം. തന്റെ സാങ്കേതിക നിലവാരം വിലയിരുത്തുകയാണ്. ഒരു പത്തു മിനുറ്റു നേരത്തെ പഠനത്തിനു ശേഷം അയാള്‍ തലയുയര്‍ത്തി.

‘ഇത് നമ്മുടെ ജി.എസ്.എം. 40 ടററ്റ് ലേയ്ത്തില്‍ ചെയ്യാവുന്നതാണ്. കസ്റ്റമര്‍ക്ക് കുറച്ചുകൂടി അഡ്വാന്‍സ്ഡ് മെഷിന്‍ വേണമെങ്കില്‍ ക്യാം ഡ്രിവണ്‍ മെഷിനു പകരം പ്രോഗ്രാം കണ്‍ട്രോള്‍ഡ് മെഷിന്‍ എടുക്കാം. മോഡല്‍ ജി.എസ്.എം. 40—പി. രണ്ടിലും കസ്റ്റമര്‍ ആവശ്യപ്പെട്ടതിലും മെച്ചപ്പെട്ട അക്യുറസി നമുക്ക് കൊടുക്കാം.’

റോയ് ചൗധരി അഭിനന്ദനത്തോടെ രമേശനെ നോക്കി, പിന്നെ അമര്‍ ബാബുവിനെ നോക്കി തലയാട്ടി. ഞാന്‍ പറഞ്ഞില്ലേ എന്ന മട്ടില്‍ അമര്‍ ബാബുവും തലയാട്ടി.

‘നീ അമര്‍ ബാബുവിന്റെ ഒപ്പമിരുന്ന് എല്ലാം ഒന്നുകൂടി തറോ ആയി പഠിയ്ക്ക്. ഒരാഴ്ചക്കുള്ളില്‍ അമര്‍ മദ്രാസിലേയ്ക്ക് പോകും. അപ്പോള്‍ നിനക്ക് ടേയ്ക് ഓവര്‍ ചെേയ്യണ്ടി വരും. ഓകെ?’

‘താങ്ക് യു സര്‍...’

അയാള്‍ പുറത്തു കടന്നു. അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍. ഉള്ളിലെ സന്തോഷം എങ്ങിനെയാണ് പുറത്തു വിടുക എന്നറിയാതെ അയാള്‍ വിഷമിച്ചു. എസ്പ്ലനേഡ് വരെ ഓടി ഒക്ടര്‍ലോണി മോനുമെന്റിന്റെ മുകളില്‍ കയറി വിളിച്ചു പറയാനാണ് അയാള്‍ക്ക് തോന്നിയത്. അമര്‍ ബാബു ജി.എമ്മിന്റെ ചേമ്പറില്‍നിന്ന് പുറത്തിറങ്ങി സ്വന്തം ചേമ്പറിലേയ്ക്ക് പോകുന്നത് അയാള്‍ കണ്ടു. രമേശന്‍ ഓടിച്ചെന്നു.

‘ഞാന്‍ സാറിനോടാണ് നന്ദി പറയേണ്ടത്. സാറാണെന്റെ ഗുരു.’

‘ടേയ്ക്കിറ്റ് ഈസി രൊമേശ്.’

ഓരോ കാറ്റലോഗും പിടിച്ച് തന്റെ മുമ്പിലെത്തി സംശയങ്ങള്‍ ചോദിച്ചിരുന്ന ആ ചെറുപ്പക്കാരനെ അമര്‍ ചാറ്റര്‍ജി ഓര്‍ത്തിരിക്കണം.

‘നീ വളരെ വേഗം പഠിച്ചു. അതു നന്നായി. അവസരങ്ങള്‍ എപ്പോഴും വന്നെന്നു വരില്ല. അതു വരുമ്പോള്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ പിന്നീട് അങ്ങിനെ ഒന്ന് കിട്ടിയെന്നു വരില്ല. അങ്ങിനെ ഒരവസരം വന്നപ്പോഴേയ്ക്ക് തയ്യാറായി എന്നതാണ് നിന്റെ വിജയരഹസ്യം. ആള്‍ ദ ബെസ്റ്റ്.’

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞപ്പോള്‍ രമേശന്‍ ജനറല്‍ പോസ്റ്റോഫീസില്‍ പോയി ഇന്‍ലന്റ് വാങ്ങി, അവിടെ നിന്നുകൊണ്ടുതന്നെ എഴുതി.

‘പ്രിയപ്പെട്ട ലതികയ്ക്ക്, നമ്മുടെ കഷ്ടകാലം അവസാനിച്ചു തുടങ്ങിയെന്നു തോന്നുന്നു. എനിക്ക് ഒരു വലിയ പ്രൊമോഷന്‍ കിട്ടി. നിന്റെ ഏട്ടന്‍ ഇപ്പോള്‍ ഒരു മാനേജരാണ്. ഒരു ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍...’

ഇനി എന്താണ് എഴുതേണ്ടത്? ധാരാളം പറയാനുണ്ട്. പക്ഷേ അതൊന്നും ഒരു ഇന്‍ലന്റിന്റെ ഒന്നര പേജില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. എഞ്ചിനീയറിങ്ങ് കോളേജിന്റെ പടി കണ്ടിട്ടില്ലാത്ത താന്‍ ഒരു എഞ്ചിനീയറിങ് കമ്പനിയിലെ പ്രധാനപ്പെട്ട വകുപ്പിന്റെ മാനേജരായതിലുള്ള സന്തോഷം, മാത്രമല്ല എത്ര അപൂര്‍വ്വമാണ് അങ്ങിനെ ഒരു സ്ഥാനക്കയറ്റമെന്ന കാര്യം, ഇതൊക്കെ ലതികയെ ഒരു കത്തിലൂടെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പറ്റില്ല. ഏട്ടന് ഒരു പ്രൊമോഷന്‍ കിട്ടിയിട്ടുണ്ടെന്നു മാത്രം അവള്‍ക്കറിയാം. ഒരു ജോലിയില്‍ ഇതൊക്കെ സാധാരണമാണെന്നു മാത്രമേ അവള്‍ മനസ്സിലാക്കൂ. ഒരു ഓഫീസിലുള്ള തൊഴുത്തില്‍ക്കുത്തുകള്‍, കസേലക്കളികള്‍, ഉയരാനുള്ള അദ്ധ്വാനങ്ങള്‍, ഇതൊന്നും ആ പതിനെട്ടു വയസ്സുകാരി നാടന്‍ പെണ്‍കുട്ടിയ്ക്ക് മനസ്സിലാവില്ല. ഒരു പകുതി വശം എഴുതിയപ്പോഴേയ്ക്കും അയാള്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടിരുന്നു.

ഫ്രാങ്കിനെ റോഡരുകില്‍ത്തന്നെ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പെട്ടിപ്പീടികക്കാരനോട് ചോദിച്ചപ്പോള്‍ നേരത്തെ വീട്ടില്‍ പോയി എന്ന ഉത്തരമാണ് ലഭിച്ചത്. ഒരു കൊക്കൊക്കോല കുടിച്ചുകൊണ്ട് അയാള്‍ ആലോചിച്ചു. എന്താണ് വേണ്ടത്. ഫ്രാങ്കിന്റെ വീട്ടില്‍ പോയാല്‍ സംസാരിച്ച് നേരം പോകും. ഇന്ന് വര്‍ക്‌ഷോപ്പില്‍ പോക്കു നടക്കില്ല. ഇന്നത്തെ സന്തോഷവര്‍ത്തമാനം അറിയിക്കാഞ്ഞാല്‍ ശരിയാവില്ലെന്ന നില വന്നപ്പോള്‍ അയാള്‍ ഫ്രാങ്കിന്റെ വീട്ടിലേയ്ക്കു നടന്നു.

‘നിങ്ങളെ ഡ്യൂട്ടിസ്ഥലത്ത് കാണാഞ്ഞതുകൊണ്ടാണ് ഞാന്‍ വീട്ടില്‍ അന്വേഷിച്ചു വന്നത്.’

‘ഞാന്‍ നിന്റെ സ്വഭാവമായി മാറിയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?’ ഫ്രാങ്ക് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഡ്യൂട്ടിസ്ഥലം! ശരിയാണ്. എല്ലാവര്‍ക്കും ഒരു ഡ്യൂട്ടിസ്ഥലമുണ്ട്. ഒന്നുകില്‍ ഓഫീസ്, അല്ലെങ്കില്‍ ഫാക്ടറി, കട, ഹോട്ടല്‍. എന്റെ ഡ്യൂട്ടിസ്ഥലം ഫുട്പാത്തിലാണ്.’

അയാളുടെ ചിരിയില്‍ വേദന കലര്‍ന്നിരുന്നു.

‘ഞാന്‍ തമാശ പറയുകയായിരുന്നു.’

‘അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ. ഞാന്‍ നിന്റെ തമാശ ആസ്വദിക്കുകയാണ്. എന്റെ ജീവിതംതന്നെ ഒരു വലിയ തമാശയാണ്. ഞാന്‍ തന്നെ ആസ്വദിക്കുന്ന തമാശ. നിര്‍ത്തണമെന്ന് ആശിച്ചിട്ടും തുടര്‍ന്നുപോകുന്ന തമാശ. ചിരിച്ചിട്ട് വയ്യാതായി.’

‘ലെറ്റ്‌സ് നോട്ട് ടേണ്‍ ബിറ്റര്‍. എനിക്ക് പ്രൊമോഷന്‍ കിട്ടിയെന്നു പറയാന്‍ വന്നതായിരുന്നു ഞാന്‍.’

‘പക്ഷേ നീ മദ്രാസിലേയ്ക്കു മാറ്റമായി പോകുകയല്ലേ?’

‘ഇല്ല, ഇവിടെത്തന്നെയുണ്ടാകും. ഒരു വലിയ പ്രൊമോഷന്‍, മാനേജരായി. ഞാന്‍ ആദ്യം പ്രതീക്ഷിച്ചത് അമര്‍ ബാബുവിന്റെ അസിസ്റ്റന്റായി പോകുമെന്നല്ലേ? ഇപ്പോള്‍ ഞാന്‍ അമര്‍ ബാബുവിന്റെ സ്ഥാനത്ത് ഇരിക്കാന്‍ പോകുന്നു.’

‘ശരിക്കും?’

‘ശരിക്കും!’

ഫ്രാങ്കിന്റെ മുഖഭാവം പെട്ടെന്നു മാറി. വിഷാദത്തിനു പകരം അവിടെ സന്തോഷത്തിന്റെ പ്രകാശമാണ്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശിക്കാനുണ്ടെന്ന തോന്നല്‍ പെട്ടെന്ന് ഉണ്ടായപോലെ.

‘നമുക്കിത് ആഘോഷിക്കണം.’ ഫ്രാങ്ക് പറഞ്ഞു. ‘നീ പറയൂ, എവിടെ പോണം?’

‘ആഘോഷം നമുക്ക് മറ്റൊരു ദിവസമാകാം. ഇന്നെനിക്ക് വര്‍ക്‌ഷോപ്പില്‍ പോണം. അത് മുടക്കാന്‍ പറ്റില്ല. ഞാന്‍ ഈ ഞായറാഴ്ച വരാം. അപ്പോള്‍ നമുക്ക് ചിങ്‌വായില്‍ പോകാം.’

‘നിന്റെ പ്രിഫറന്‍സ് ചൈനീസാണല്ലെ. ആയിക്കോട്ടെ.’

തരുണ്‍ ഗോസ്വാമി കാത്തിരിക്കയായിരുന്നു. ഹെഡ്ഡാഫീസിലെ വര്‍ത്തമാനങ്ങള്‍ ചൂടോടെ കിട്ടാന്‍ ഗോസ്വാമി കുറച്ചുകാലമായി രമേശനെയായിരുന്നു ആശ്രയിച്ചിരുന്നത്. ശരിക്കു പറഞ്ഞാല്‍ ഫോണിലൂടെ അയാള്‍ക്ക് എല്ലാ വിവരങ്ങളും ലഭിച്ചിരുന്നു. അവയുടെ ആധികാരികത ഒത്തുനോക്കാനാണ് അയാള്‍ രമേശനെ ആശ്രയിച്ചിരുന്നത്. മില്ലിങ് മെഷിനില്‍ ഒരു വര്‍ക്പീസും കയറ്റി ജോലി ചെയ്തുകൊണ്ടിരിക്കെ രമേശന്‍ ഗോസ്വാമിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടിരിക്കും.

‘നീ ഒരു ജാക്‌പോട്ട് അടിച്ചെന്നു കേട്ടല്ലോ.’ ഗോസ്വാമി പറഞ്ഞു. ഗോസ്വാമി ഒരു കുതിരക്കമ്പക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഗോസ്വാമിയെ കാണുക റേയ്‌സ് കോഴ്‌സിലായിരിക്കും.

‘ഒന്നും അവസാന തീരുമാനമായിട്ടില്ല.’ രമേശന്‍ പറഞ്ഞു.

‘ശരിയാണ്.’ ഗോസ്വാമി താക്കീതു കൊടുത്തു. ‘മാര്‍വാഡിയുടെ കാര്യമാണ്, കയ്യില്‍ കിട്ടുന്നതുവരെ ഒന്നും ഉറപ്പിക്കാന്‍ പറ്റില്ല. പോരാത്തതിന് ദേറാര്‍ വീല്‍സ് വിഥിന്‍ വീല്‍സ്.’

രമേശന്‍ ഗോസ്വാമിയെ ചോദ്യത്തോടെ നോക്കി. ‘എന്താണ് ഉദ്ദേശിക്കുന്നത്?’

‘ഐ മീന്‍. ഇതൊരു നല്ല പോസ്റ്റാണ്. ഫോര്‍ ഫിഗര്‍ സാലറി, ഹൗസ് റെന്റ് അലവന്‍സ്, കാര്‍ അലവന്‍സ്... അതും നോട്ടംവച്ചു നടക്കുന്ന ആള്‍ക്കാരുണ്ടാകും. ഞാന്‍ നിന്നെ ഒന്ന് താക്കീതു ചെയ്‌തെന്നേയുള്ളൂ. ചായക്കപ്പിനും ചുണ്ടുകള്‍ക്കുമിടയില്‍ ദൂരം കുറേയുണ്ട്.’

ചക്രങ്ങള്‍ക്കുള്ളില്‍ ചക്രങ്ങള്‍. നല്ലൊരു പ്രയോഗം. മായയോട് ഇതിനെപ്പറ്റി പറയണം. ഉറങ്ങാന്‍ കിടന്നപ്പോള്‍ രമേശന്‍ ആലോചിച്ചു. ആരെപ്പറ്റിയായിരിക്കും ഗോസ്വാമി പറഞ്ഞിട്ടുണ്ടാകുക. ആരെങ്കിലും ഒരാള്‍ മനസ്സിലില്ലാതെ അദ്ദേഹം അതു പറയില്ല. ആരായിരിക്കണം അത്? സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്‍ ഓരോന്നോരോന്നായി ഓര്‍ത്തു. അവസാനം മയക്കത്തിന്റെ വക്കിലെത്തിയപ്പോഴാണ് ആ പേര്‍ തെളിഞ്ഞു വന്നത്. രമേശന്‍ ഞെട്ടി ഉണര്‍ന്നു.

നിഖില്‍ ദാസ്!