close
Sayahna Sayahna
Search

തടാകതീരത്ത്: പതിനാല്


തടാകതീരത്ത്: പതിനാല്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

രാത്രി കിടക്കുന്ന നേരത്ത് രമേശന്‍ അന്നന്നു നടന്ന കാര്യങ്ങള്‍ അവലോകനം ചെയ്യാറുണ്ട്. ചില ദിവസങ്ങളില്‍ കാര്യമായി ഒന്നുമുണ്ടാവില്ല. ആ ദിവസങ്ങളില്‍ മനസ്സില്‍ ഒരു വലിയ പൂജ്യം വരച്ച് അയാള്‍ ഉറങ്ങാന്‍ പോകും. ഇന്ന് അങ്ങിനെയല്ല. മായയുടെ കഥ കേട്ട ദിവസമാണ്. അവള്‍ കഥ മുഴുവനാക്കിയില്ല. പക്ഷേ തനിക്കതു മുഴുമിക്കാനേ ഉള്ളൂ. ഇനി അതില്‍ത്തന്നെ വേറെ വല്ല പരിണാമഗുപ്തിയുമുണ്ടെങ്കിലോ? മായയെ സംബന്ധിേച്ചടത്തോളം ഒരു സാധാരണ കഥ മാത്രമാണത്. ഫ്രാങ്കിന്റെ കഥയുടെ പത്തിലൊരംശം അതു തന്നെ ബാധിക്കുന്നില്ല. അങ്ങിനെ എത്ര കുട്ടികള്‍ ഈ ലോകത്തുണ്ട് എന്ന തോന്നലാണുണ്ടായിട്ടുള്ളത്. റെസ്റ്റോറണ്ടില്‍ മസാല ദോശയ്ക്കു മുമ്പില്‍ ഇരുന്നപ്പോഴേയ്ക്ക് കുറച്ചു മുമ്പ് സംസാരിച്ചതിനെപ്പറ്റിയെല്ലാം അവള്‍ മറന്നു കഴിഞ്ഞിരുന്നു.

ആനന്ദമയീദേവിയെപ്പറ്റി താന്‍ ഉദ്ദേശിച്ചിരുന്നതെല്ലാം ശരിയാണെന്നു വരുന്നു. മനസ്സിലെവിടെയോ നീറലനുഭവപ്പെട്ടു.

രാവിലെ രാമകൃഷ്‌ണേട്ടനെ കാണാന്‍ പോയത് ഓര്‍മ്മ വന്നു. ഒരു പെണ്‍കുട്ടി എത്തിയതിന്റെ വ്യത്യാസം രാമകൃഷ്‌ണേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ രമേശന് മനസ്സിലായി. ഒരു ലോഡ്ജ് മുറി പോലെയിരുന്ന ആ രണ്ടു മുറി ഫ്‌ളാറ്റ് പാടെ മാറിയിരിക്കുന്നു. ഭംഗിയുള്ള കര്‍ട്ടനുകള്‍, തിളങ്ങുന്ന നിലം, പൗഡറിന്റെയും ഹെയര്‍ ഓയിലിന്റെയും കൂടിയുള്ള വാസന. ഏതു പൂവിന്റെ വാസനയാണതെന്ന് രമേശന്‍ ഓര്‍ത്തു. രമേശന്റെ മുഖത്തുള്ള പകച്ച നോട്ടം കണ്ടപ്പോള്‍ രാമകൃഷ്‌ണേട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

‘എന്താടോ?’.

‘എനിക്ക് വീട് തെറ്റിപ്പോയോന്ന് സംശയം.’ രമേശന്‍ പറഞ്ഞു.

‘എന്തേ?’

‘ഇതെല്ലാം ഒരു ദിവസംകൊണ്ട് സൃഷ്ടിച്ചതാണോ? ഈ അന്തരീക്ഷം?’

‘എടോ രഞ്ജിനീ...’ രാമകൃഷ്‌ണേട്ടന്‍ അടുക്കളയിലേയ്ക്കു നോക്കി വിളിച്ചു. രഞ്ജിനി പുറത്തു വന്നു.

‘ഇത് രമേശന്‍, ഞാന്‍ പറയാറില്ലേ?’

‘എനിക്കറിയാം. ലതികടെ ചേട്ടനല്ലെ.’

‘നിങ്ങള് ക്ലാസ്സ്‌മെയ്റ്റ്‌സാണോ?’ രാമകൃഷ്‌ണേട്ടന്‍ ചോദിച്ചു.

‘അല്ല, ഞാന്‍ ഒരു കൊല്ലം സീനിയറാണ്.’ രഞ്ജിനി പറഞ്ഞു.

‘രമേശന്‍ തനിക്ക് ഒരു കോംപ്ലിമെന്റുമായിട്ടാണ് വന്നിട്ടുള്ളത്. വീട് നന്നാക്കി വച്ചിട്ടുണ്ടെന്ന്.’

രഞ്ജിനി ചിരിച്ചു.

പതിനൊന്ന് മണിയോടെ, ഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതിയെന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെട്ട് വിട പറഞ്ഞ് പോകുമ്പോള്‍ രമേശന്‍ ആലോചിച്ചു. നന്നായി വരട്ടെ. നല്ലൊരു മനുഷ്യന്‍. വീട്ടിനു വേണ്ടി ധാരാളം കഷ്ടപ്പെട്ടു. ധാരാളം നാട്ടുകാരെ കൊണ്ടുവന്ന് കല്‍ക്കത്തയില്‍ ജോലിയാക്കിക്കൊടുത്തു. പലരും തിരിച്ചു കൊത്തുകയുണ്ടായി. അതിനെപ്പറ്റി സംസാരിക്കാന്‍ പോലും അദ്ദേഹം മടി കാണിച്ചു. ‘ഓരോരുത്തര്‍ക്ക് ഓരോ സ്വഭാവല്ലെ രമേശാ. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടാവും. അതൊന്നും സാരല്ല്യന്നേയ്.’ അങ്ങിനത്തെ മനുഷ്യനാണ്. ഇനിയെങ്കിലും നല്ലൊരു ജീവിതമുണ്ടാവട്ടെ. ഒരു വര്‍ക്‌ഷോപ്പില്‍ ട്രെയിനിങ്ങിനു പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘എഞ്ചിനീയറാവാന്‍ പോവ്വാണോ? താനൊരു സ്വപ്നജീവിയാണല്ലോ. ഞാന്‍ വിചാരിച്ചു കവിയാവുംന്ന്. നാട്ടിലിരിക്കുമ്പോള്‍ ധാരാളം വായിച്ചിരുന്നല്ലോ.’

രാമകൃഷ്‌ണേട്ടന്റെ വീട്ടില്‍ നിന്ന് ട്രാമില്‍ മടങ്ങുമ്പോള്‍ രമേശന്‍ ആലോചിച്ചു. ഇതെല്ലാം ശരിയാണോ. ഞാന്‍ ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി എല്ലാം ത്യജിക്കുകയാണ്. അവിടെയെത്തുമെന്ന് എന്താണ് ഉറപ്പ്? ആരാണ് തന്നെ ഒരു എഞ്ചിനീയറായി സ്വീകരിക്കാന്‍ പോകുന്നത്? ഏതാനും വര്‍ഷങ്ങളുടെ തപസ്യയുടെ ഒടുക്കം ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ തനിക്ക് നഷ്ടങ്ങളേ കാണിക്കാനുണ്ടാവൂ. ചാറ്റര്‍ജി ഓരോ ദിവസവും തനിക്ക് മനക്കോട്ട കെട്ടാനുള്ള ഇഷ്ടികകള്‍ സമ്മാനിക്കുന്നു. മദ്രാസില്‍ പുതിയ ബ്രാഞ്ചു തുറക്കാനുദ്ദേശ്യമുണ്ടെന്നും, അങ്ങിനെയായാല്‍ തന്നെ അവിടേയ്ക്ക് ഒരു സെയ്ല്‍സ് എഞ്ചിനീയറായി മാറ്റാമെന്നും പറയുന്നു.

തിങ്കളാഴ്ച ലതികയുടെ കത്തു കിട്ടി. അവള്‍ ആഴ്ചയില്‍ ഓരോ കത്തു വീതം അയയ്ക്കുന്നു. അതില്‍ അച്ഛന്റെയും മറ്റു മൂന്നു കുട്ടികളുടെയും വിവരങ്ങളുണ്ടാവും. വീട്ടിലെ സാമ്പത്തിക സ്ഥിതിയുടെ ആഴ്ചഫലമുണ്ടാവും. പതിനാറു വയസ്സില്‍ അവള്‍ക്ക് ഒരു വീട്ടമ്മയെക്കാള്‍ കാര്യഗൗരവം വന്നിരിക്കുന്നു. ആനന്ദമയീദേവിയുടെയും മായയുടെയും കാന്തവലയത്തില്‍ പെട്ട് പുറംലോകം മറക്കുമ്പോള്‍ അവളുടെ കത്തുകള്‍ തന്നെ താഴേയ്ക്കു വലിച്ചു കൊണ്ടുവരുന്നു. അവളുടെ കല്യാണം താന്‍തന്നെ നടത്തിക്കൊടുക്കണം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതുണ്ടാവും. പിന്നെ രണ്ടനുജന്മാരുടെയും കൊച്ചനുജത്തിയുടെയും പഠിത്തം. ഉയരാതെ ഒരു നില്‍ക്കക്കള്ളിയുമില്ല. അതുകൊണ്ട് ഉച്ചഭക്ഷണത്തിന് ഉമേഷ് കൊണ്ടുവരുന്ന വടയോ ദോശയോ പത്തു മിനുറ്റുകൊണ്ട് അകത്താക്കി അപ്പുറത്ത് കാരംസോ അമ്പത്താറോ കളിച്ച് ആര്‍ത്തു വിളിക്കുന്ന സഹപ്രവര്‍ത്തകരെ കണ്ടില്ലെന്നും അവരുടെ വിളികള്‍ കേട്ടില്ലെന്നും നടിച്ച് ജോലിയെടുക്കുന്നു.

ഉച്ചയ്ക്കു ശേഷം മാനേജിങ് ഡയറക്ടര്‍ വിളിക്കുന്നുവെന്ന് പ്യൂണ്‍ വന്നു പറഞ്ഞപ്പോള്‍ അദ്ഭുതപ്പെട്ടു. മാര്‍വാഡി ഇതുവരെ തന്നെ വിളിച്ചിട്ടില്ല. കുറച്ചു പരിഭ്രമമുണ്ടായി. ചേമ്പറിനകത്തെ തണുപ്പിലെത്തിയപ്പോഴാണ് മനസ്സിലായത് അമര്‍ ചാറ്റര്‍ജിയുമുണ്ട് അവിടെ. മുമ്പിലുള്ള കസേല ചൂണ്ടിക്കാട്ടി എം.ഡി. പറഞ്ഞു.

രമേശ്, സിറ്റ് ഡൗണ്‍, ബി കംഫര്‍ട്ടബ്ള്‍.’

തന്റെ മുഖത്തെ പരിഭ്രമം അദ്ദേഹം ഗ്രഹിച്ചിരിക്കുന്നു. അര മണിക്കൂര്‍ നേരത്തെ സംസാരം രമേശന് വളരെ ഇഷ്ടപ്പെട്ടു.

‘നീ ആത്മാര്‍ത്ഥതയോടെ ജോലിയെടുക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു.’ എം.ഡി. പറഞ്ഞു. ‘ടെക്‌നിക്കലായി നിനക്ക് ഒരുപാടു കാര്യങ്ങള്‍ അറിയാമെന്ന് അമര്‍ ചാറ്റര്‍ജിയും ഗോസ്വാമിയും പറയുന്നു. നമ്മുടെ യന്ത്രങ്ങളെപ്പറ്റി ഇനിയും പഠിക്കണം. നാളെ മുതല്‍ നീ അമറിന്റെ ഒപ്പം കസ്റ്റമേഴ്‌സിനെ കാണാന്‍ പോവണം. ഒരു മാസംകൊണ്ട് നിനക്ക് അവരെയെല്ലാം ഒറ്റയ്ക്ക് കാണാന്‍ കഴിയണം. ഈ ഒന്നാം തീയ്യതി മുതല്‍ നിനക്ക് പ്രൊമോഷന്‍ തരുന്നു. തല്‍ക്കാലം ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയിട്ട്. അതിന്റെ ശമ്പള സ്‌കെയില്‍ അക്കൗണ്ടന്റ് പറഞ്ഞു തരും. ഒരു ആറു മാസം നോക്കിയിട്ട് നിന്നെ സെയ്ല്‍സ് എഞ്ചിനീയറാക്കാം. എന്തു പറയുന്നു?

രമേശന്‍ മാര്‍വാഡിയ്ക്ക് നന്ദി പറഞ്ഞു.

‘ഇവന് വേണ്ട ട്രെയ്‌നിങ് കൊടുക്കണം.’ അദ്ദേഹം അമര്‍ ചാറ്റര്‍ജിയോടു പറഞ്ഞു.

രമേശന്‍ അയാളെ നന്ദിപൂര്‍വ്വം നോക്കി. ഇതിനു പിന്നില്‍ ചാറ്റര്‍ജിയാണെന്നയാള്‍ക്കറിയാം.

ചേമ്പറില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ അയാളെ വളഞ്ഞു. എപ്പോഴും പ്രസാദാത്മകമായ മുഖഭാവമുള്ള, ആരോടും കലഹത്തിനു പോകാത്ത ആ പയ്യനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

‘പാര്‍ട്ടി വേണം.’ എല്ലാവരും കൂടി പറഞ്ഞു. ശമ്പളം കിട്ടുന്ന ദിവസം ലഞ്ച് ടൈമില്‍ പാര്‍ട്ടിയാവാമെന്ന് തീരുമാനിച്ചു.

രമേശന്‍ സ്തബ്ധനായി എന്നു പറയുന്നതായിരിക്കും ശരി. ഇത്ര പെട്ടെന്ന് ഒരു പ്രൊമോഷന്‍ അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞപ്പോള്‍ അയാള്‍ പുറത്തിറങ്ങി. ജി.പി.ഒ. വില്‍ പോയി രണ്ട് ഇന്‍ലന്റ് വാങ്ങി. അനുജത്തിയ്ക്കുള്ള കത്ത് പോസ്റ്റോഫീസിന്റെ പടവുകളില്‍ ഇരുന്നുകൊണ്ട് എളുപ്പം എഴുതി. മറ്റേ ഇന്‍ലന്റ് എന്തിനാണ് വാങ്ങിയത്? ആര്‍ക്കെഴുതാനാണ്. പരമേശ്വരന്‍ നായര്‍ മാസ്റ്റര്‍ക്കാണോ? വരട്ടെ. കുറച്ചുകൂടി കഴിയട്ടെ. ലതികയ്ക്കുള്ള കത്ത് പോസ്റ്റു ചെയ്ത് തിരിച്ചുപോയി.

‘എനിക്ക് അദ്ഭുതമൊന്നുമില്ലെടോ. തനിക്ക് അതിനപ്പുറം കഴിയുമെന്ന് എനിക്കറിയാം. അതല്ലെ തന്നെ ഞാന്‍ കല്‍ക്കത്തയ്ക്ക് പിടിച്ചുകൊണ്ടു വന്നത്?’ രാമകൃഷ്‌ണേട്ടന്റെ ശബ്ദത്തില്‍ സന്തോഷം. ‘എന്നാണ് ഞങ്ങള്‍ക്ക് പാര്‍ട്ടി തരണത്?’

‘ഈ ഞായറാഴ്ച വരൂ. ഞാന്‍ മേനകേല് മലയാളം സിനിമയ്ക്ക് ബുക്കു ചെയ്യാം. എന്നിട്ട് ഉച്ചയ്ക്ക് സ്വാമീടെ ഹോട്ടലിന്ന് ശാപ്പാട്. ഞായറാഴ്ച അവിടെ സദ്യാണ്.’

‘അതൊന്നും വേണ്ട. ഞങ്ങള് രാവിലെ അവിടെ വരാം. ഓരോ ഐസ് ക്രീം വാങ്ങിത്തന്നാ മതി.’

സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും ചൂട് രമേശന് അനുഭവപ്പെട്ടു.

വൈകുന്നേരം ഫ്രാങ്കിനെയും കാണണമെന്ന് തീര്‍ച്ചയാക്കി. തന്റെ നന്മയില്‍ താല്പര്യമുള്ള ഏതാനും പേരെ രമേശന്‍ കണ്ടുവച്ചിരുന്നു. ഫ്രാങ്കിന് തന്നിലുള്ള താല്പര്യം എന്താണെന്ന് അയാള്‍ക്കു മനസ്സിലായില്ല. അയാളുടെ പരുക്കന്‍ മുഖം ഒരു വേഷം മാത്രമാണെന്നും ഉള്ളില്‍ നന്മയുണ്ടെന്നും രമേശനു തോന്നിയിരുന്നു. അയാള്‍ അനുകരിക്കുന്ന ഹോളിവുഡ് കൗബോയ് നായകന്മാരെ പോലെത്തന്നെ.

ഫ്രാങ്ക് കഴിഞ്ഞ തവണത്തെ മൂഡില്‍നിന്ന് പുറത്തു കടന്നിരുന്നു.

‘ഇന്ന് ഞാന്‍ കൊക്കക്കോല ഓര്‍ഡര്‍ ചെയ്യുന്നു.’ രമേശന്‍ പറഞ്ഞു.

‘എന്താണ് കാര്യം? വാട്ട്‌സ് ദ ബിഗ് ഐഡിയ?’

‘എനിക്ക് പ്രെമോഷന്‍ കിട്ടി.’

‘അതിനു കോക്ക് പോരാ. വരൂ.’ ഫ്രാങ്കിന്റെ ഒപ്പം നടക്കുമ്പോള്‍, അബദ്ധമായോ എന്ന് രമേശന്‍ സംശയിച്ചു. ഒരു കോക്കക്കോല വാങ്ങിക്കൊടുത്ത് ജോലിയിലെ കയറ്റത്തെപ്പറ്റി സംസാരിക്കണമെന്നു കരുതിയതായിരുന്നു. എന്തിനാണ് താന്‍ ഈ മണ്ടത്തരത്തിനു തുനിഞ്ഞത്?

ബാറില്‍ തീരെ തിരക്കില്ല. ഒരു മൂലയിലിട്ട മേശക്കരികെ മുഖത്തോടു മുഖം നോക്കിയിരിക്കെ ഫ്രാങ്ക് പറഞ്ഞു.

‘നൗ, ലെറ്റ്‌സ് ടാക് എബൗട്ട് യുവര്‍ പ്രൊമോഷന്‍.’

വെയ്റ്റര്‍ വന്ന് ഓര്‍ഡറെടുത്തു പോയി. രമേശന്‍ സംസാരിക്കാന്‍ തുടങ്ങി. അയാളുടെ പഠിത്തത്തെപ്പറ്റി. കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ പറ്റാത്തതിലുള്ള ഇഛാഭംഗത്തെപ്പറ്റി, എങ്ങിനെയെങ്കിലും ഉയരണമെന്ന മോഹത്തെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി. ഫ്രാങ്ക് എല്ലാം കേട്ടിരുന്നു. അതിനിടയില്‍ വെയ്റ്റര്‍ രമേശനു വേണ്ടി ബിയറും ഫ്രാങ്കിന്റെ സ്ഥിരം പാനീയമായ വിസ്‌കിയും കൊണ്ടുവന്നു വച്ചു. അയാള്‍ എല്ലാം താല്പര്യത്തോടെ കേട്ടു. കേരളവും അവിടത്തെ ഗ്രാമാന്തരീക്ഷവുമെല്ലാം അയാള്‍ക്ക് പുതുമയായിരുന്നു. ഇടയ്ക്കിടയ്ക്ക് ചോദ്യങ്ങള്‍ തൊടുത്തു വിട്ടുകൊണ്ട് അയാള്‍ ഗ്ലാസ്സു കാലിയാക്കി. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

‘ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? ഡു യു ഹാവ് എനി വുമണ്‍?’

രമേശന്‍ ഒന്നും പറഞ്ഞില്ല.

‘സണ്ണി, ഞാനൊരു കാര്യം പറയാം. ഇനി നീ ചെയ്യേണ്ടത് സ്ത്രീകളെ ഒഴിവാക്കുകയാണ്. ആരുമായും വല്ലാതെ അടുക്കരുത്. നീ ഇതുവരെ നേടിയതെല്ലാം അവര്‍ നശിപ്പിക്കും. എനിക്കു പറ്റിയത് അതാണ്. ഒരു പെണ്‍കുട്ടിയുടെ നേരെ അനുകമ്പ തോന്നി. അതെന്റെ ജീവിതം നശിപ്പിക്കുകയും ചെയ്തു.’

‘എന്റെ ബിസിനസ്സില്‍ പെണ്‍കുട്ടികളാണ് ചരക്കുകള്‍. ഞാന്‍ അവെര ഒരു പലചരക്കുകാരന്‍ അരിയെപ്പറ്റിയോ, തുണിവ്യാപാരി സാരിയെപ്പറ്റിയോ കരുതുന്നപോലെ കരുതണം. എന്നാല്‍ ഒരിക്കല്‍ എന്റെ മനസ്സ് പാളിപ്പോയി. നിനക്കറിയാമോ ഇവിടെ ചുവന്ന തെരുവുകളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഭൂരിഭാഗവും വരുന്നത് നേപ്പാളില്‍ നിന്നാണ്. വളരെ കഷ്ടമാണവരുടെ കാര്യം. എന്തെങ്കിലും ജോലി കൊടുക്കാമെന്നു പറഞ്ഞിട്ടാണ് കൊണ്ടുവരുന്നത്. പാവം കുട്ടികള്‍. ദേയാര്‍ ബീയിങ് ട്രിക്ട് ഇന്‍ടു ദിസ് ട്രെയ്ഡ്. ഞാനും അതിന്റെ ഭാഗമായി എന്നത് എന്റെ ദുേര്യാഗം മാത്രം. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടിയില്‍ എനിക്ക് അനുകമ്പ തോന്നുന്നത്. അവള്‍ വളരെ മോശം നിലയിലായിരുന്നു. അവശയായ നിലയില്‍. കുട്ടികളെ കൊണ്ടുവന്നാല്‍ അവരുടെ ആത്മവീര്യം തകര്‍ക്കാന്‍ ദല്ലാളന്മാര്‍ എന്തൊക്കെയാണ് ചെയ്യുകയെന്ന് നിനക്ക് ഊഹിക്കാവുന്നതേയുള്ള. ഇറ്റ്‌സ് എ ഡെര്‍ട്ടി ഡെര്‍ട്ടി വേള്‍ഡ്. ഈ പെണ്‍കുട്ടി, ഇരുപതു വയസ്സു പ്രായം, അവളുടെ കണ്ണുകള്‍ എന്നെ നോക്കി കെഞ്ചി. ‘എന്നെ ഒന്ന് വിട്ടയയ്ക്കൂ.’ ഞങ്ങള്‍ക്ക് ആ ഭാഷ മനസ്സിലാവില്ല. ഞങ്ങള്‍ അന്ധരും ബധിരരുമാണ്. ഞാന്‍ അവളുമായി ഒരു കുതിരവണ്ടിയില്‍ പോയി. ഒരു ഹോട്ടലില്‍ കസ്റ്റമര്‍ക്കു കാഴ്ച വെയ്ക്കാനായിരുന്നു. വഴിയ്ക്കു വച്ചാണതുണ്ടായത്. അവള്‍ പെട്ടെന്ന് വണ്ടിയില്‍ നിന്ന് പുറത്തേയ്ക്കു ചാടി.

ഫ്രാങ്ക് കുറച്ചു നേരം നിശ്ശബ്ദനായി. ആ രംഗം ഒരിക്കല്‍ക്കൂടി കാണുന്ന പോലെ.