Difference between revisions of "തടാകതീരത്ത്: മൂന്ന്"
Line 1: | Line 1: | ||
− | + | {{EHK/Thadakatheerath}} | |
{{EHK/ThadakatheerathBox}} | {{EHK/ThadakatheerathBox}} | ||
കല്‍ക്കത്തയിലെ ടാക്‌സിക്കാര്‍ നല്ലവരായിരുന്നു. നിങ്ങളുടെ കഴുത്തറക്കുകയല്ല അവരുടെ ലക്ഷ്യം. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. അങ്ങിനെ അനുവദിക്കുന്നതിനിടയ്ക്ക് കുറച്ചു എക്‌സ്ട്രാ പണം ഉണ്ടാക്കാമെങ്കില്‍ അതിനു ശ്രമിക്കുന്നതില്‍ അപാകതയൊന്നും അവര്‍ കണ്ടില്ല. അതുകൊണ്ട് മീറ്ററില്‍ എട്ടുറുപ്പിക വന്നപ്പോള്‍ സര്‍ദാര്‍ ചോദിച്ചു. | കല്‍ക്കത്തയിലെ ടാക്‌സിക്കാര്‍ നല്ലവരായിരുന്നു. നിങ്ങളുടെ കഴുത്തറക്കുകയല്ല അവരുടെ ലക്ഷ്യം. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. അങ്ങിനെ അനുവദിക്കുന്നതിനിടയ്ക്ക് കുറച്ചു എക്‌സ്ട്രാ പണം ഉണ്ടാക്കാമെങ്കില്‍ അതിനു ശ്രമിക്കുന്നതില്‍ അപാകതയൊന്നും അവര്‍ കണ്ടില്ല. അതുകൊണ്ട് മീറ്ററില്‍ എട്ടുറുപ്പിക വന്നപ്പോള്‍ സര്‍ദാര്‍ ചോദിച്ചു. |
Latest revision as of 06:02, 18 May 2014
തടാകതീരത്ത്: മൂന്ന് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | തടാകതീരത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 87 |
കല്‍ക്കത്തയിലെ ടാക്‌സിക്കാര്‍ നല്ലവരായിരുന്നു. നിങ്ങളുടെ കഴുത്തറക്കുകയല്ല അവരുടെ ലക്ഷ്യം. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. അങ്ങിനെ അനുവദിക്കുന്നതിനിടയ്ക്ക് കുറച്ചു എക്‌സ്ട്രാ പണം ഉണ്ടാക്കാമെങ്കില്‍ അതിനു ശ്രമിക്കുന്നതില്‍ അപാകതയൊന്നും അവര്‍ കണ്ടില്ല. അതുകൊണ്ട് മീറ്ററില്‍ എട്ടുറുപ്പിക വന്നപ്പോള്‍ സര്‍ദാര്‍ ചോദിച്ചു.
‘രണ്ടു രൂപ തിരിച്ചു വേണോ സാബ്, സാമാനങ്ങളൊക്കെ ഉള്ളതല്ലെ?’
രാമകൃഷ്‌ണേട്ടന് എന്തെങ്കിലും പറയാന്‍ അവസരം കിട്ടും മുമ്പ് രമേശന്‍ ശരിയെന്നു പറഞ്ഞു.
മുറി തുറന്നപ്പോള്‍ത്തന്നെ മനസ്സിലായി വൃത്തിയാക്കിയിരിക്കുന്നു എന്ന്. തലേന്ന് പോയപ്പോള്‍ നിലത്തും മേശമേലും പൊടിയുണ്ടായിരുന്നു. വീട്ടുകാരിയുടെ കയ്യില്‍ ഒരു താക്കോല്‍ ഉണ്ടെന്ന് ഉറപ്പായി. അതൊരു വിധത്തില്‍ നന്നായി. എന്നും മുറി വൃത്തിയാക്കിക്കിട്ടിയാല്‍ നന്നായിരുന്നു.
രാമകൃഷ്‌ണേട്ടന്‍ അധികനേരം ഇരുന്നില്ല.
‘ഇവിടെ അടുത്താണ് മേനക തിയേറ്റര്‍. എല്ലാ ഞായറാഴ്ചീം മലയാളം സിനിമ വരും. അടുത്ത ഞായറാഴ്ച താന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എന്നെ വിളിച്ചാ മതി. എന്താ?
‘ശരി.’
രാമകൃഷ്‌ണേട്ടന്‍ ഒരു പ്രത്യേക മനുഷ്യനായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ അദ്ദേഹം രമേശനെ അന്വേഷിച്ചു വന്നു. ഏപ്രില്‍ അവസാനത്തിലായിരുന്നു. പഠിത്തത്തിന് അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയുണ്ടാകുമെന്ന് അവന്‍ അപ്പോഴും കരുതിയിരുന്നു. സ്വന്തം വിഷമങ്ങള്‍ അച്ഛന്‍ ആരോടും പറഞ്ഞിരുന്നില്ല. ഒരു പൊട്ടിച്ചിരിയില്‍ തന്റെ പ്രാരാബ്ധങ്ങളെല്ലാം മൂടിവയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇപ്പോള്‍ തോന്നുന്നു, അച്ഛന് പ്രശ്‌നങ്ങളെപ്പറ്റി ആദ്യം തൊട്ടേ പറയാമായിരുന്നു. തനിക്കൊരു തയ്യാറെടുപ്പെങ്കിലും ആവാമായിരുന്നു. ഓരോ പ്രാവശ്യം നാട്ടില്‍ വരുമ്പോഴും രാമകൃഷ്‌ണേട്ടന്‍ വീട്ടില്‍ വരും. അക്കുറി പക്ഷേ വന്നത് തന്നെ കാണാനായിരുന്നു.
‘തന്നോട് ഒരു കാര്യം പറയാനുണ്ട്.’ അദ്ദേഹം പറഞ്ഞു. അവര്‍ വളപ്പില്‍ ചുറ്റിനടക്കുകയായിരുന്നു.
‘സ്വകാര്യാണോ?’ രമേശന്‍ കളിയാക്കി.
‘ഏയ് സ്വകാര്യൊന്ന്വല്ല.’ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ‘താന്‍ കല്‍ക്കത്തയ്ക്കു വരു. ഞാനവിടെ ഒരു ജോലി ശരിയാക്കാം.’
രമേശന്‍ അങ്ങിനെയൊരു കാര്യത്തെപ്പറ്റി ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല.
‘എനിക്ക് പഠിക്കണംന്ന്ണ്ട്.’
‘പഠിച്ചിട്ടൊക്കെ എന്താവാനാ. നാലഞ്ചുകൊല്ലം പാഴാക്കിക്കളയാം, അത്ര്യന്നെ. തനിക്ക് കഴിവുണ്ടെങ്കില്‍ അതൊന്നും ഇല്ലാതെത്തന്നെ ഉയരങ്ങളിലെത്താം. തനിക്ക് കഴിവുണ്ടെന്ന് എനിക്കറിയാം. പഠിക്കണംന്ന്‌ണ്ടെങ്കില്‍ത്തന്നെ അവിടെ അതിന്ള്ള സൗകര്യംണ്ട്. ഈവനിങ് ക്ലാസുകളുണ്ട്. ജോലിയെടുത്തോണ്ട് തന്നെ ഡിഗ്രിയെടുക്കാം...’
രാമകൃഷ്‌ണേട്ടന്‍ സംസാരിക്കുകയായിരുന്നു. കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാതെ കല്‍ക്കത്തയിലേയ്ക്കു വണ്ടി കയറിയ ഒരു തലമുറ അവിടെ വലിയ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരായത്, കമ്പനി ഉടമകളായത്. ഒരു കാര്യം രമേശന് മനസ്സിലായി, അച്ഛന്റെ സാമ്പത്തികസ്ഥിതി നോക്കിയാല്‍ തനിക്ക് കോളേജിന്റെ പടി കയറാനുള്ള ഭാഗ്യമുണ്ടാവില്ല. മാത്രമല്ല അച്ഛന്‍ തന്നെയാണ് സ്വപ്നങ്ങള്‍ വില്‍ക്കുന്ന, രാമകൃഷ്ണേട്ടന്‍ എന്ന സെയ്ല്‍സ്മാനെ തന്റെ അടുത്തേയ്ക്ക് അയച്ചത്. അച്ഛന് നേരിട്ടു പറയാന്‍ വിഷമമുണ്ടായിരുന്നു.
‘താന്‍ തന്നെ അച്ഛനോടു പറയൂ കല്‍ക്കത്തയ്ക്ക് പോവ്വാണ്ന്ന്.,’ രാമകൃഷ്‌ണേട്ടന്‍ പറഞ്ഞു. ‘ഉണ്ണ്യേട്ടന് ഒരു സമാധാനാവും. പാവം ആകെ വിഷമിച്ചിരിക്ക്യാണ്.’
രാമകൃഷ്‌ണേട്ടന്‍ പോയി.
അവന് ചുറ്റുമുള്ള മരങ്ങളോടും ചെടികളോടും സ്‌നേഹം തോന്നി. അവ സംസാരിക്കുന്നില്ല. പക്ഷേ അവയുടേതായ വഴിയില്‍ അവ തനിക്ക് സാന്ത്വനമരുളുന്നു. അവന്‍ പറമ്പില്‍ അലഞ്ഞുനടന്നു. തേവുവെള്ളം ഒഴുകാനായി നിര്‍മ്മിച്ച ചാലുകള്‍ക്കിരുവശവും ആരോഗ്യത്തോടെ വളര്‍ന്നു വരുന്ന പാഴ്‌ചെടികളെ കൗതുകത്തോടെ നോക്കി. ഞങ്ങളും ഇവിടെ ഒരരുകില്‍ കഴിഞ്ഞോട്ടെ എന്ന മട്ടില്‍. രേമശന് സ്വയം ഒരു പാഴ്‌ചെടിയായി തോന്നി. തന്റെ ജീവിതം, അത് അത്രയൊക്കെയല്ലേ ഉള്ളൂ. താന്‍ എന്തിന് ഇത്ര വേവലാതിപ്പെടുന്നു. ഒരു ദിവസം താമി കൈക്കോട്ടുമായി വന്ന് ചാലുകള്‍ നേരെയാക്കുമ്പോള്‍ ഈ കളകള്‍ പിഴുതെറിയപ്പെടുന്നു. അപ്പോഴേയ്ക്കും സ്വന്തം വിത്തുകള്‍ മണ്ണിലാഴ്ത്താന്‍ കഴിഞ്ഞാല്‍ താമസിയാതെ മറ്റൊരു തലമുറ ഉദയം ചെയ്യുന്നു. മറിച്ച് ശൈശവത്തില്‍ത്തന്നെ പിഴുതെറിയപ്പെട്ടാല്‍?
പുതിയ മുറിയില്‍ ഒരു ചിട്ടയൊക്കെ ഉണ്ടാക്കണമെന്ന് രമേശന്‍ ആഗ്രഹിച്ചു. തന്റേതായ, തന്റേതു മാത്രമായ ഒരു ചെറിയ ലോകം. ചുവരിന്റെ ഇടത്തുവശത്ത് ദാലിയുടെ പെര്‍സിസ്റ്റന്‍സ് ഓഫ് മെമ്മറി എന്ന ചിത്രം തൂങ്ങി. മാനേജിങ് ഡയറക്ടറുടെ മുറിയിലെ കലണ്ടറിന്റെ ഒക്ടോബര്‍ മാസം, ഓഫീസിലെ പ്യൂണ്‍ ചീന്തിക്കളഞ്ഞത് എടുത്തുകൊണ്ടുവന്ന് ഫ്രെയിം ചെയ്തതാണ്. വലത്തുവശത്ത് അര്‍ദ്ധനഗ്നയായ ചെറുപ്പക്കാരിയുടെ ചിത്രമുള്ള കലണ്ടറും. ഓഫീസില്‍നിന്നു കിട്ടിയ ആ കലണ്ടര്‍ അയാള്‍ രാമകൃഷ്‌ണേട്ടനെ കാണിക്കാതെ പെട്ടിയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള പൊരുത്തക്കേട് രമേശന്‍ കാര്യമാക്കിയില്ല. ഒരു ഭാഗത്ത് േബാധമണ്ഡലത്തെ തകിടംമറിയ്ക്കുന്ന സര്‍റിയലിസവും മറുഭാഗത്ത് ഇന്ദ്രിയങ്ങളെ ചൂടുപിടിപ്പിക്കുന്ന വിഷയാസക്തിയും. രണ്ടും തനിക്കാവശ്യമാണ്. വിവേകാനന്ദന്റെ ചിത്രംകൂടി ഉണ്ടെങ്കില്‍ ചുമരുകളുടെ സാകല്യം ഉറപ്പാക്കാമായിരുന്നു.
എല്ലാം ഒതുക്കിയപ്പോഴേയ്ക്ക് ക്ഷീണിച്ചിരുന്നു. രാവിലെ രണ്ടു ദോശയും ചായയും കഴിച്ചതാണ്. രാമകൃഷ്‌ണേട്ടന്‍ കല്യാണം കഴിക്കാന്‍ ഒരുങ്ങി അടുക്കള സാമാനങ്ങളെല്ലാം വാങ്ങി വച്ചിരുന്നതുകൊണ്ട് അവിടെ ഭക്ഷണം പാകം ചെയ്യാന്‍ വിഷമമുണ്ടായിരുന്നില്ല. അതു നന്നായി എന്നു തോന്നി, കാരണം ടോളിഗഞ്ചില്‍, താമസിച്ചിരുന്നിടത്ത് ഒരു മലയാളിയ്ക്ക് പറ്റിയ റസ്റ്റോറണ്ടുകളൊന്നുമില്ല. ഇവിടെ താന്‍ ഒറ്റയ്ക്കാണ്. എല്ലാം ഒതുക്കിയാല്‍ പുറത്തിറങ്ങണം, പറ്റിയ റെസ്റ്റോറണ്ട് കണ്ടുപിടിക്കണം എന്നൊക്കെ കരുതിയതാണ്. അതിനിടയ്ക്ക് കുറച്ചുനേരം വിശ്രമിക്കാമെന്നു കരുതി കിടക്കയില്‍ വീണു.
വാതില്‍ക്കല്‍ ഒരു മുട്ടു കേട്ടാണ് ഉണര്‍ന്നത്. താന്‍ ഉറങ്ങുകയായിരുന്നോ? വാതില്‍ക്കല്‍ ശരിക്കു മുട്ടു കേട്ടതാണോ, അതോ തോന്നലായിരുന്നോ എന്നറിയാല്‍ അയാള്‍ കുറച്ചുനേരം കൂടി കിടന്നു. ഒരു പത്തു മിനുറ്റു കഴിഞ്ഞു കാണും, വാതില്‍ക്കല്‍ ഒരു മുട്ടുകൂടി കേട്ടു. രമേശന്‍ എഴുന്നേറ്റു വാതില്‍ തുറന്നു. ആരുമില്ല. പക്ഷേ നിലത്ത് മൂന്നു പാത്രങ്ങള്‍ വൃത്തിയുള്ള ഒരു ട്രെയില്‍ വച്ചിരിക്കുന്നു. അയാള്‍ നോക്കി. ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ പാത്രങ്ങള്‍ തുറന്നുനോക്കി. ഒരു പാത്രത്തില്‍ നാലഞ്ചു ചപ്പാത്തിയും, മേറ്റതില്‍ ദാളും. പരിപ്പില്‍ ഉള്ളി വഴറ്റിയത് പൊന്തിക്കിടന്നിരുന്നു. ചെറിയ പാത്രത്തില്‍ തൈരാണ്. അയാള്‍ക്ക് പെട്ടെന്ന് വിശപ്പിരട്ടിച്ചു. അയാള്‍ വീണ്ടും ചുറ്റും നോക്കി. താന്‍ അറിയാതെ ആരോ കാരുണ്യമുള്ള കണ്ണുകളോടെ തന്നെ അദൃശ്യയായി നോക്കി നില്‍ക്കുന്നുണ്ടെന്ന് തോന്നി. അയാള്‍ പാത്രമെടുത്ത് വാതിലടച്ചു. സമയം രണ്ടു മണി. നാലു മണിക്കൂര്‍ താന്‍ ഉറങ്ങുകയായിരുന്നോ? നല്ല സ്വാദുള്ള ഭക്ഷണം. അതു വാതില്‍ക്കല്‍ കൊണ്ടുവന്നുവച്ച് അപ്രത്യക്ഷയായ ഒരു സ്ത്രീയെ അയാള്‍ ഓര്‍ത്തു. എേന്ത തന്റെ കണ്ണുകള്‍ ഈറനാവാന്‍?
ഒരിക്കല്‍ തന്റെ പാറിപ്പറന്ന തലമുടി തലോടിക്കൊണ്ട് അമ്മ പറഞ്ഞിരുന്നു. ‘മോന്‍ വല്ലാതെ ചടച്ചുപോയി. എന്താ നിനക്ക് വെശപ്പൊന്നുംല്ല്യേ?’ അവന്‍ പറമ്പില്‍ പച്ചക്കറി നടാന്‍ കിളക്കുകയായിരുന്നു. രാവിലെ തുടങ്ങിയതാണ.് പന്ത്രണ്ടു മണിവരെ ഒറ്റ നില്‍പ്പില്‍ കിളച്ചു. ‘അല്ല വെശപ്പ്ണ്ടായിട്ട് എന്തു ചെയ്യാനാ അല്ലേ?’ അവന്‍ വിശപ്പിനെപ്പറ്റി ആലോചിക്കാറില്ല. വിശപ്പ് എന്നത് സ്ഥായിയായ ഒരവസ്ഥയായിരുന്നു. വളരെ കുട്ടിക്കാലത്ത് മഴദിവസങ്ങളില്‍ എരിയാന്‍ വൈകിയിരുന്ന അടുപ്പുകള്‍ അവന് ഓര്‍മ്മയുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിയായാലും ഭക്ഷണം പാകം ചെയ്യാനുള്ള ഒരുക്കങ്ങളൊന്നുമുണ്ടാവില്ല. വളരെ മുമ്പാണ്. അന്ന് തറവാട്ടില്‍ ധാരാളം അംഗങ്ങളുണ്ടായിരുന്നു. കൂട്ടുകുടുംബം. പത്തിരുപതു പേര്‍ ആ വീട്ടില്‍ എങ്ങിനെ ജീവിച്ചിരുന്നു എന്നത് ഇന്നും ഒരദ്ഭുതമാണ്. എന്തെങ്കിലും കിട്ടുമോ എന്നു നോക്കാന്‍ അവന്‍ കലവറയില്‍ പരതി നോക്കും. ഒഴിഞ്ഞ ടിന്നുകള്‍. ഈറന്‍ മണക്കുന്ന, ഇരുട്ട് ഒളിച്ചിരിക്കുന്ന മുറികള്‍. കട്ടിലുകളില്‍ വയസ്സായവര്‍ തളര്‍ന്നു കിടക്കുന്നുണ്ടാവും. വര്‍ദ്ധക്യത്തിന്റെ അസുഖകരമായ അന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെട്ട് അവന്‍ പുറത്തിറങ്ങി പറമ്പില്‍ വെറുതെ അലയും. മഴ നിന്നെങ്കിലും ആകാശം മൂടിക്കെട്ടിയിട്ടുണ്ടാകും. മഴയില്‍ കഴുകപ്പെട്ട പച്ചപ്പുല്ല് പശുക്കള്‍ ആര്‍ത്തിയോടെ തിന്നുന്നതു കാണുമ്പോള്‍ കൊതി തോന്നും. പുല്ലിന്റെ ഇളംകൂമ്പ് പറിച്ചെടുത്ത് വായിലിട്ട് ചവച്ച് അവന്‍ നടക്കും.
രമേശന്‍ വര്‍ത്തമാനത്തിലേയ്ക്ക് തിരിച്ചുവന്നു. വീട്ടുടമസ്ഥ നല്ല പാചകക്കാരിയാണ്. വെറും പരിപ്പുകറി കൂടി എന്തു സ്വാദാണ്. ഭക്ഷണം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വീണ്ടും ഉറക്കം വന്നു. പാത്രങ്ങള്‍ പിന്നെ കഴുകി കൊടുക്കാം. അയാള്‍ കട്ടിലില്‍ വന്നു കിടന്നു. മേലാകെ വേദന തുടങ്ങിയിരുന്നു. കണ്ണുകള്‍ക്കു മീതെ കനം.
എന്താണ് പറ്റിയത് എന്നയാള്‍ ആലോചിക്കുകയായിരുന്നു. തന്റെ മേല്‍ തഴുകുന്ന കൈകള്‍ ആരുടേതാണ്? അമ്മ മരിച്ചിട്ട് വര്‍ഷങ്ങളായി. പിറുപിറുക്കലുകള്‍. തന്റെ കവിളില്‍ തട്ടുന്നത് ആരുടെ നിശ്വാസമാണ്? കണ്ണു തുറക്കാന്‍ പറ്റുന്നില്ല. ദേഹത്ത് മാര്‍ദ്ദവമുള്ള കൈകള്‍ വേദന തുടച്ചെടുക്കുകയാണ്.
രാവിലെ എഴുന്നേറ്റപ്പോള്‍ പനി വിട്ടിരുന്നു. മേശപ്പുറത്ത് ഒരു കപ്പ് സോസര്‍കൊണ്ട് അടച്ചുവച്ചിരുന്നു. ചായ. ചൂടു വിട്ടുതുടങ്ങുന്നു. അയാള്‍ ആര്‍ത്തിയോടെ അതെടുത്ത് കുടിച്ചു. തൊണ്ട വരണ്ടിരുന്നു. കപ്പും സോസറും അപ്പോള്‍ത്തന്നെ കഴുകി വയ്ക്കാം. ഇന്നലെ ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിന്റെ പാത്രങ്ങള്‍ കുളിമുറിയില്‍ വച്ചതും കഴുകി തിരിച്ചു കൊടുക്കണം. അയാള്‍ കുളിമുറിയിലേയ്ക്ക് കടന്നു. പാത്രങ്ങള്‍ അപ്രത്യക്ഷമായിരുന്നു. മേശപ്പുറത്ത് പാരസെറ്റമോള്‍ ഗുളികയുടെ ഒരു സ്റ്റ്രിപ്പ്. നാലു ഗുളികയില്‍ ഒരെണ്ണം എടുത്തിരിക്കുന്നു. തന്റെ കയ്യില്‍ ഗുളികകളൊന്നുമുണ്ടായിരുന്നില്ല. തലേന്ന് മരുന്ന് കഴിച്ചതൊന്നും ഓര്‍മ്മയില്ല. ആരോ മരുന്ന് കൊണ്ടുവന്ന് തന്റെ വായില്‍ തന്നതായിരിക്കണം.
ഇന്ന് എന്തായാലും ഓഫീസില്‍ പോകാന്‍ പറ്റില്ല. മേല്‍ വേദന മുഴുവന്‍ മാറിയിട്ടില്ല. പനിയുടെ കാര്യവും ഒന്നും തീര്‍ച്ചയില്ല. ഇന്നലെ ഇങ്ങിനെ പനിച്ച സ്ഥിതിയ്ക്ക് ഇന്ന് വീണ്ടും പനിച്ചുകൂടെന്നില്ല. ഈ പനി അയാളുടെ കൂട്ടുകാരനാണ്. മൂന്നു മാസത്തിലൊരിക്കല്‍ അതു വരുന്നു. രണ്ടോ മൂന്നോ ദിവസം കൂടെ താമസിക്കുന്നു. പിന്നെ വീണ്ടും വരാനായി വിടചൊല്ലി പോകുന്നു. കാലാവസ്ഥ മാറുന്ന സമയത്താണ് അതു വരാറ്. അയാള്‍ വീണ്ടും കട്ടിലിന്മേല്‍ കയറി കിടന്നു. വാതിലിനു പുറത്ത് ഒരു കാല്‍പ്പെരുമാറ്റം കേട്ടു, ഒപ്പംതന്നെ ബെല്ലടിക്കുകയും ചെയ്തു. അയാള്‍ എഴുന്നേറ്റ് വാതില്‍ തുറന്നു. ആരുമില്ല. താഴെ നിലത്ത് ഒരു പാത്രം അടച്ചുവച്ചിരിക്കുന്നു. ചുറ്റും ആരുമില്ല. അടുക്കളയിലും. എന്തിനാണ് അവര്‍ ഇങ്ങിനെ ചെയ്യുന്നത്? നന്ദി പറയാനുള്ള ഒരവസരംകൂടി തരാതെ അവര്‍ തന്നെ സഹായിക്കുന്നു. അദൃശ്യമായ സാന്നിദ്ധ്യം. തന്നെ നോക്കുന്ന അദൃശ്യമായ കണ്ണുകള്‍. അയാള്‍ വീണ്ടും അമ്മയെ ഓര്‍ത്തു.
പാത്രത്തില്‍ കിച്ചടിയായിരുന്നു. ചെറുപയര്‍ പരിപ്പും അരിയും കൂടി ഉണ്ടാക്കുന്ന, കഞ്ഞിക്ക് സമാനമായ, പക്ഷേ സ്വാദുള്ള ഒരു വിഭവം. വിശപ്പുണ്ടായിരുന്നു. അയാള്‍ ഉടനെ അതു കഴിക്കാന്‍ തുടങ്ങി. പാത്രം കഴുകി മേശപ്പുറത്തു വച്ചു. കുറച്ചു കഴിഞ്ഞ് കൊണ്ടുപോയി കൊടുക്കാം.
‘പനി ഉണ്ടല്ലോ...’ ആരോ വന്ന് നെറ്റിമേല്‍ കൈവയ്ക്കുന്നു. താന്‍ ഉറങ്ങുകയായിരുന്നെന്ന് അപ്പോഴാണ് അറിഞ്ഞത്. അയാള്‍ കണ്ണു തുറന്നു. വീട്ടുടമസ്ഥ കട്ടിലിന്നരികില്‍ നില്‍ക്കുകയാണ്.
‘മരുന്ന് തരട്ടെ?’
‘വേണ്ട.’
അവര്‍ കട്ടിലില്‍ അയാള്‍ക്കരികെ ഇരുന്നു. അവരുടെ ദേഹത്തിന്റെ സമൃദ്ധി അയാള്‍ക്കനുഭവപ്പെട്ടു. ആ സ്പര്‍ശം അയാളില്‍ അസ്വസ്ഥതയുണ്ടാക്കി. അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
‘എഴുന്നേല്‍ക്കണ്ട.’ അയാളെ വിലക്കിക്കൊണ്ട് അവര്‍ പറഞ്ഞു. വിലക്കിയ കൈ അയാളുടെ നെഞ്ചില്‍ മൃദുവായി പതിഞ്ഞു.
‘ഇന്നലെ നല്ല പനിയുണ്ടായിരുന്നു.’
അവര്‍ സാവധാനത്തില്‍ അയാളുടെ നെഞ്ച് തലോടുകയാണ്. വയസ്സ് നാല്‍പ്പതിലേറെ ആയിട്ടുണ്ടെങ്കിലും അവര്‍ ഇപ്പോഴും സുന്ദരിയാണ്. വട്ടമുഖം, നല്ല നിറം, തിളങ്ങുന്ന കണ്ണുകള്‍. ചുവപ്പു രാശിയുള്ള സാമാന്യം തടിച്ച ചുണ്ടുകള്‍. ആ ചുണ്ടുകള്‍ നോക്കിയപ്പോള്‍ അയാള്‍ക്ക് എന്തോ ഭയം തോന്നി.
‘ഇന്ന് പുറത്തിറങ്ങണ്ട. ഭക്ഷണം ഞാന്‍ കൊണ്ടുവന്നു തരാം.’
അവര്‍ പെട്ടെന്ന് എഴുന്നേറ്റ് മേശപ്പുറത്തുനിന്ന് ഒഴിഞ്ഞ പാത്രമെടുത്ത് പുറത്തു കടന്ന് വാതിലടച്ചു. അവരുടെ പിന്‍ഭാഗം അയാളെ വീണ്ടും അസ്വസ്ഥനാക്കി. അയാള്‍ കുറച്ച് അരിശത്തോടെ ചിന്തിച്ചു. എന്തിനാണ് ഈ സ്ത്രീ തന്റെ അടുത്തേയ്ക്ക് വരുന്നത്, സഹായിക്കുന്നത്?
ഏകനായി കഴിയാന്‍ ദയവു ചെയ്ത് എന്നെ അനുവദിക്കു.