തടാകതീരത്ത്: രണ്ട്
തടാകതീരത്ത്: രണ്ട് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | തടാകതീരത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 87 |
‘മദ്രാസിയാണോ?’ വളരെ പരുഷമായ ചോദ്യം.
മലയാളികള്‍ക്കും മദ്രാസിയെന്നുതന്നെയാണ് പറയുക. ഒരു ശരാശരി ബംഗാളി വീട്ടുടമസ്ഥന് വാടകക്കാരനായി ഇഷ്ടപ്പെടുന്നത് തെന്നിന്ത്യക്കാരെയാണ്. അതുകൊണ്ട് രമേശന് ധൈര്യമായിത്തന്നെ പറഞ്ഞു.
‘അതെ, മലയാളി.’
‘എണ്പതു രൂപയാണ് ബാട. മൂന്നു മാസത്തെ വാടക ഡെപ്പോസിറ്റ് വേണം. കറന്റ് ചാര്‍ജ്ജ് പത്തു രൂപ. എ്രത പേരുണ്ടാവും?’
‘ഞാന്‍ ഒറ്റയ്ക്കാണ്.’
‘അതു നന്നായി. ഇവിടെ വെള്ളത്തിന് കുറച്ചു ക്ഷാമമുണ്ട്. ഈ പരിസരത്തൊക്കെ അങ്ങിനെയാണ്. പിന്നെ രാത്രി പത്തു മണി കഴിഞ്ഞാല്‍ കോണിയുടെ വാതില്‍ പൂട്ടും. പിന്നെ വന്ന് ബെല്ലടിച്ചു് ബുദ്ധിമുട്ടിക്കരുത്. ലാന്റ്ലേഡി ഒറ്റയ്ക്കാണ് താമസം. രണ്ട് പെണ്മക്കള് മാത്രമേ ഉള്ളൂ. മനസ്സിലായോ?’
‘ശരി.’
‘മുറി കാണണ്ടേ?’
‘വേണം.’
അയാള്‍ അകത്തുപോയി ഒരു താക്കോല്‍ കൊണ്ടുവന്നു പൂട്ടു തുറന്നു. വാതില്‍ മലര്‍ക്കേ തുറന്നിട്ടുകൊണ്ട് പറഞ്ഞു.
‘ദാക്കോ...’
രമേശന് അകത്തു കടന്നു. ചുമരില്‍ സ്വിച്ചിനുവേണ്ടി തപ്പി.
‘ബള്‍ബ് ഇട്ടിട്ടില്ല. നാളെ ഇട്ടുതരാം.’
വരാന്തയില്‍ നിന്നുള്ള വെളിച്ചത്തില്‍ അയാള്‍ മുറി നോക്കിക്കണ്ടു. നല്ല മുറി, ചുവന്ന കാവി തേച്ച നിലം. ചുമരില്‍ ജനല്‍വരെ അരയ്ക്കുയരത്തില്‍ സിമന്റിട്ടിരിക്കുന്നു. കാവിനിറം തന്നെ. ഒരരുകില്‍ കട്ടിലും കിടക്കയും. ജനലിന്നരികെ മേശയും രണ്ടു കസേലകളും. ജനലിന്നരികിലെ വാതില്‍ കുളിമുറിയിലേയ്ക്കുള്ളതായിരിക്കണം. അയാള്‍ തുറന്നുനോക്കി. വൃത്തിയുള്ള കുളിമുറി.
‘എന്നാണ് മാറുന്നത്?’
‘നാളെത്തന്നെ, അല്ലെങ്കില്‍ മറ്റന്നാള്‍ ഞായറാഴ്ച.’
‘ഈ മാസത്തെ ബാടയും ഡെപ്പോസിറ്റും ഇപ്പോള്‍ തരുന്നോ? വാടക തന്നാലെ നിങ്ങള്‍ക്ക് മുറി തന്നൂന്ന് പറയാന്‍ പറ്റൂ. അല്ലെങ്കില്‍ മറ്റാരെങ്കിലും ചോദിച്ചാല്‍ കൊടുക്കും.’
‘ഞാന്‍ ഒരു മാസത്തെ വാടക ഇപ്പോള്‍ തരാം. ഡെപ്പോസിറ്റ് നാളെ കൊണ്ടുവരാം.’
‘മതി.’
രമേശന് കൊടുത്ത പണം എണ്ണിനോക്കി അയാള്‍ ചോദിച്ചു. ‘കീ നാം?’
‘രമേശന്.’
‘റോമേശ്...?’
‘കെ. രമേശന്.’
‘നില്ക്കൂ, രശീതു തരാം.’ അയാള്‍ പോയി. വീണ്ടും കാത്തു നില്‍പ്പ്. മിനുറ്റുകള്‍ നീളുന്ന കാത്തുനില്പ്. കാത്തുനില്പിനെ അയാള്‍ ഭയന്നിരുന്നു. ഭൂതകാലത്തിലെവിടേയോ അന്തമില്ലാത്ത, എന്തിനെന്നറിയാത്ത. ഭയാനകമായ ഒരു കാത്തിരിപ്പുണ്ട്. ആ കാത്തിരിപ്പില്‍ അയാള്‍ക്ക് എല്ലാം നഷ്ടപ്പെടുകയാണ്. ഒരു പത്തു മിനുറ്റ് നിന്നശേഷം രമേശന് പോകാനായി കോണിയിറങ്ങി. ഇരുട്ടിലൂടെ തപ്പിപ്പിടിച്ച് അയാള്‍ കോണിയിറങ്ങി. പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു നിമിഷം, പിന്നില്‍നിന്ന് വന്നേയ്ക്കാവുന്ന വിളിക്കായി ചെവിയോര്‍ത്ത ശേഷം അയാള്‍ നടപ്പാതയിലൂടെ നടന്നു നീങ്ങി.
കല്‍ക്കത്തയില്‍ തണുപ്പുകാലം വരുന്നത് പെട്ടെന്നാണ്. വളരെ ആകസ്മികമായി. രാവിലെ നേരത്തെ ഇറങ്ങുന്നതുകാരണം ട്രാമുകളില്‍ വല്ലാത്ത തിരക്കനുഭവപ്പെടുന്നില്ല. ട്രാമില്‍ കയറി ഒഴിഞ്ഞ ഇരിപ്പിടം തേടി മുമ്പോട്ടു നടക്കുമ്പോഴാണ് ആ കാഴ്ച കാണുക. ഒരു സ്ത്രീ മടിയില്‍ വച്ച സഞ്ചിയില്‍നിന്ന് പല വര്‍ണ്ണങ്ങളുള്ള രോമനൂലുകള്‍ കൊണ്ട് സ്വറ്റര്‍ തുന്നുന്നു. വര്‍ണ്ണനൂലുകള്‍ രണ്ടു നീളന്‍ സൂചികളുടെ അറ്റത്ത് പൂക്കളും, മറ്റു പല രൂപങ്ങളുമായി മാറുന്നത് അയാള്‍ എല്ലാം മറന്ന് നോക്കിനില്ക്കുന്നു. പിന്നെ ട്രാം ഇറങ്ങി നടക്കുമ്പോള്‍ അന്തരീക്ഷത്തില്‍ പൂക്കളുടെ ഗന്ധം, കാറ്റിലെ കുളിര്, ആകാശത്തിന്റെ നിറഭേദം ഇതെല്ലാം അടുഭവപ്പെടുമ്പോള്‍ അയാള്‍ ഓര്‍ക്കുന്നു. ഇതാ തണുപ്പുകാലം. പിന്നെ ശിശിരം നിങ്ങളുടെ സിരകളില്‍ ഒരാവേശത്തോടെ ഒഴുകാന്‍ തുടങ്ങുന്നു. ഇതു കല്‍ക്കത്തയിലെ രണ്ടാമത്തെ വിന്ററാണെന്ന് അയാള്‍ ഓര്‍ത്തു. ഒരു വര്‍ഷം മുമ്പ് അയാള്‍ ജോലി അന്വേഷിച്ച് കല്‍ക്കത്തയിലെത്തിയപ്പോള്‍ ഇതേപോലെ തണുപ്പുകാലം ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അന്ന് ടോളിഗഞ്ചില്‍ താമസിക്കുന്ന സ്നേഹിതന്റെ കൂടെ കൂടി. കല്‍ക്കത്തയിലേയ്ക്കു വരാനുള്ള പ്രേരണ രാമകൃഷ്ണേട്ടനായിരുന്നു. ‘താന്‍ അങ്ങോട്ടു പോരു. ജോലിയെല്ലാം ഞാന്‍ ശരിയാക്കിത്തരാം.’ ട്രാമിന്റെ േണാം ണോം ശബ്ദവും വാഹനങ്ങളുടെ തിരക്കും ബംഗാളികളുടെ ഉറക്കെയുള്ള അതിശയോക്തി കലര്‍ന്ന സംസാരവും പരിചയമായപ്പോള്‍ ഒരു കാര്യം വ്യക്തമായി, ഈ നഗരം തനിക്കഭയം തരികയാണ്. ഒരമ്മയുടെ ശ്രദ്ധയോടെ, വാത്സല്യത്തോടെ, സംസ്കാരസമ്പന്നയായൊരു നഗരം തന്നെ മാറില്‍ അമര്‍ത്തിപ്പിടിക്കുകയാണ്. തന്റെ മുറിവുകളെ തലോടുകയാണ്. മധുരമായ സ്വരത്തില്‍ സാരമില്ല, എല്ലാം ശരിയാവും എന്നു പറയുകയാണ്.
ഹൈസ്കൂളില്‍ റിസള്‍ട്ട് നോക്കാന്‍ പോയ ദിവസം രമേശന് യാതൊരു പരിഭ്രമവും ധൃതിയുമുണ്ടായിരുന്നില്ല. പരീക്ഷയില്‍ തന്റെ പ്രകടനത്തെപ്പറ്റി അയാള്‍ക്കു വിശ്വാസമുണ്ടായിരുന്നു. പക്ഷേ റിസള്‍ട്ട് നോക്കിയിട്ട് എന്തു കാര്യം? ഒന്നാം ക്ലാസ്സാണെങ്കിലും കഷ്ടിച്ചു പാസ്സായിട്ടേ ഉള്ളുവെങ്കിലും ഒരേ ഫലമാണ്. കോേളജില്‍ ചേര്‍ന്ന് പഠിക്കാന്‍ പറ്റില്ലെന്ന് ഒരു മാസം മുമ്പുതന്നെ അയാള്‍ മനസ്സിലാക്കിയിരുന്നു. അച്ഛന്റെ മോശമായ സാമ്പത്തികസ്ഥിതി, തനിക്കു പിന്നാലെ വരുന്ന സഹോദരങ്ങളുടെ ഭാവി എല്ലാം കണക്കിലെടുത്താല്‍ താന്‍ അന്നുതൊട്ട് ജോലിക്കു പോകുന്നതാണ് നല്ലത്. സ്കൂളില്‍ തന്റെ സ്നേഹിതന്മാരെയോ അധ്യാപകരെയോ കാണരുതെന്നയാള്‍ പ്രാര്‍ത്ഥിച്ചു.
പരീക്ഷ കഴിഞ്ഞ് പിരിയുമ്പോള്‍ ഏറ്റവും അടുത്ത സ്നേഹിതന്മാരെല്ലാം ഏതേതു കോേളജിലാണ് ചേരുന്നതെന്ന് അയാളോട് പറഞ്ഞിരുന്നു. താന്‍ തീര്‍ച്ചയാക്കിയിട്ടില്ല എന്നാണ് അന്നു പറഞ്ഞിരുന്നത്. എന്നു വച്ചാല്‍ ധാരാളം കോേളജുകള്‍ തന്റെ മുമ്പില്‍ തുറന്നു കിടക്കുകയാണ്, ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നില്ല എന്ന്. അതില്‍ അസാധാരണമായൊന്നുമില്ല. ഒരു മിടുക്കനായ വിദ്യാര്‍ത്ഥിക്കു മുമ്പില്‍ കോളേജുകള്‍ തുറക്കപ്പെടും. ഇപ്പോള്‍ അവരോട് എന്താണ് പറയുക? അതുകൊണ്ട് അയാള്‍ രാവിലത്തെ തിരക്ക് കഴിഞ്ഞിട്ടേ സ്കൂളില്‍ പോയുള്ളൂ. ഭാഗ്യത്തിന് തന്റെ ഡിവിഷനിലുള്ള ആരുമുണ്ടായിരുന്നില്ല. അയാള്‍ ധൃതിയില്‍ നോട്ടീസ് ബോര്‍ഡു തൂക്കിയിട്ട വരാന്തയിലേയ്ക്കു നടന്നു. തന്റെ നമ്പര്‍ ഫസ്റ്റ് ക്ലാസ്സായി കണ്ടപ്പോള്‍ ഒരു ഉത്സാഹത്തള്ളിച്ചയും തോന്നിയില്ല. എല്ലാം പ്രതീക്ഷിച്ചതല്ലേ എന്ന മട്ടില്‍ അയാള്‍ തിരിഞ്ഞു. ഇനി പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടണം. അപ്പോഴാണ് കെമിസ്റ്റ്രി മാസ്റ്റര്‍ പരമേശ്വരന് നായര്‍ നടന്നു വരുന്നത് കണ്ടത്. എങ്ങിനെ രക്ഷപ്പെടുമെന്ന് ആലോചിക്കുമ്പോള്‍ മാസ്റ്റര്‍ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
‘ഫസ്റ്റ് ക്ലാസ്സല്ലേ?’
‘അതെ സര്.’
മാസ്റ്റര്‍ ചിരിച്ചുുകൊണ്ട് അടുത്തു വന്നു രമേശന്റെ കൈപിടിച്ചു.
‘മിടുക്കന്. ഞാന്‍ സ്റ്റാഫ് റൂമിലുണ്ടായിരുന്നു. താന്‍ വരുന്നതു കണ്ടു.’
മാസ്റ്ററുടെ അരുമശിഷ്യനാണ്. ക്ലാസ്സുകളില്‍ ചോദ്യത്തിന് ഉത്തരം കിട്ടാതെ മാസ്റ്ററുടെ പരതുന്ന കണ്ണുകള്‍ അവസാനം എത്തുന്നത് രമേശനിലായിരിക്കും. മാസ്റ്റര്‍ക്ക് നിരാശപ്പെടേണ്ടി വരാറില്ല.
‘ഇനി എന്താണ് പ്ലാന്‍? പറ്റുമെങ്കില്‍ എഞ്ചിനീയറിങ്ങിന് പോണം. അല്ലെങ്കില്‍ ബി.എസ്സിക്ക്. എന്തായാലും ഇപ്പോള്‍ത്തന്നെ തീര്‍ച്ചയാക്കണം. തനിക്ക് സയന്‍സിലാണ് ആപ്റ്റിറ്റിയൂഡ്. എവിടെയാണ് പ്രീഡിഗ്രിക്ക് ചേരണത്?’
രമേശന് വികാരങ്ങളെ നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്നു. അയാള്‍ ഒന്നും പറയാതെ നില്ക്കുന്നതു കണ്ടപ്പോള്‍ മാസ്റ്റര്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു.
‘എവിടെയാണ് ചേരണത്? എവിട്യായാലും ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കേണ്ടിവരും. അപ്പോ നല്ലത് കോഴിക്കോടാണ്. ക്രിസ്റ്റ്യന്‍ കോളേജുണ്ട്, ദേവഗിരി, ഗുരുവായൂരപ്പന്, ഏതിലെങ്കിലും ചേരാം. ഗുരുവായൂരപ്പന് കോളേജിലാണെങ്കില്‍ ഞാനൊരു കത്തു തരാം...’
‘ഞാന്‍ കോേളജില്‍ ചേര്ണില്ല സര്.’ മാസ്റ്ററെ കൂടുതല്‍ പറയാന്‍ അനുവദിക്കാതെ രമേശന് പറഞ്ഞു.
എന്തേ?’ മാസ്റ്ററുടെ ശബ്ദത്തില്‍ കുണ്ഠിതമുണ്ടായിരുന്നു.
‘വീട്ടിലെ സ്ഥിതി മോശാണ് സര്.’
മാസ്റ്റര്‍ നിശ്ശബ്ദനായി. എവിടേയോ ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറി. അതില്‍ ഒറ്റയ്ക്കാവാന്‍ രമേശന് ആഗ്രഹിച്ചു. മാസ്റ്റര്‍ രമേശന്റെ തോളില്‍ കൈവച്ചു. രണ്ടു കൊല്ലത്തെ അടുപ്പം മുഴുവന്‍ ആ സ്പര്‍ശത്തിലുണ്ടായിരുന്നു.
‘എങ്ങിനെയെങ്കിലും ശ്രമിച്ചു േനാക്കു. കോളേജില്‍ ചേരാന്‍ പറ്റീല്ലെങ്കില് പോളിയില്‍ ചേരു. തിരൂരിലുണ്ടല്ലോ...’
നിറഞ്ഞ കണ്ണുകള്‍ മാസ്റ്റര്‍ കാണാതിരിക്കാന്‍ മുഖം തിരിച്ചു പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
‘ശരി സര്, ഞാന്‍ പോട്ടെ.’
‘ആള് ദ ബെസ്റ്റ്...’
അയാള്‍ ഒരൊഴിഞ്ഞ ക്ലാസ്സു മുറിയിലേയ്ക്കാണ് പോയത്. കുറേ നേരം ബെഞ്ചിലിരുന്നു. ജനലിലൂടെ തണുത്ത കാറ്റു വീശി. പുറത്ത് പാമ്പിന് കാവായിരുന്നു. അതിനുള്ളിലെ മരങ്ങളില്‍ കയറി കളിച്ചതിന് എത്രയോ തവണ മാസ്റ്റര്‍മാരുടെ ചീത്ത കേട്ടിട്ടുണ്ട്. ഉയരമുള്ള മരങ്ങളില്‍നിന്ന് തൂങ്ങുന്ന വണ്ണമുള്ള വള്ളികളില്‍ തൂങ്ങിയാടാറുണ്ട്. തന്റെ ജീവിതത്തിന്റെ ഒരു ഘട്ടം കടന്നുപോകയാണ്. വീട്ടില്‍ കഴിവുണ്ടെങ്കില്‍ അതു നീട്ടിക്കിട്ടുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയായിത്തന്നെ നാലഞ്ചു കൊല്ലംകൂടി കഴിയാമായിരുന്നു. നാളെത്തന്നെ ടൈപ്പ്റൈറ്റിങ് ക്ലാസ്സില്‍ ചേരണമെന്ന് അയാള്‍ തീര്‍ച്ചയാക്കി. കരയുകയല്ല വേണ്ടത്, കര്‍മ്മം ചെയ്യുകയാണ്. ഓരോരുത്തരുടെയും തലയില്‍ ഓരോന്ന് എഴുതിവച്ചിട്ടുണ്ട്. അതുപോലെ വരും.
ഇപ്പോള്‍ ഒന്നര കൊല്ലത്തിനു ശേഷം, ആയിരത്തഞ്ഞൂറു മൈല്‍ ദൂരെയിരുന്നുകൊണ്ട് അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ എന്താണ് തോന്നുന്നത്? ഒന്നുമില്ല. ജീവിതത്തെ അതിന്റെ പാട്ടിനു പോകാന്‍ അനുവദിക്കുകയാണ് അയാള്‍. എവിടെയെങ്കിലും എത്താതിരിക്കില്ല. അത് വളരെ ഉയരത്തില്‍ത്തന്നെ വേണമെന്ന യാതൊരു നിര്‍ബ്ബന്ധവും രമേശനില്ല.
പിറ്റേന്നു വൈകുന്നേരം മൂന്നു മാസത്തെ ഡെപ്പോസിറ്റും കൊണ്ട് ചെന്നപ്പോള്‍ നിരഞ്ജന് ബാബു ഉണ്ടായിരുന്നില്ല. താഴെനിന്ന് ബെല്ലടിച്ചുകൊണ്ടാണ് അയാള്‍ കയറിയത്. മുകളിലെത്തിയപ്പോള്‍ ചുവന്ന ബോര്‍ഡറുള്ള വെള്ള സാരി ഉടുത്ത ഒരു സ്ത്രീ തൊട്ടു മുമ്പില്‍ നില്ക്കുന്നു. കോണിപ്പടികള്‍ നോക്കി നടന്നിരുന്നതു കാരണം രമേശന് ലാന്റിങ്ങിലെത്തിയപ്പോഴെ അവെര കാണാന്‍ പറ്റിയുള്ളൂ. സാരിയുടെ അറ്റം തലയില്‍ക്കൂടിയിട്ട് അവര്‍ അയാളെ നോക്കി പഠിക്കുകയായിരുന്നു.
‘കാകെ ചായ്?’
‘നിരഞ്ജന് ബാബു ഇല്ലേ?’
‘ഇല്ല വന്നിട്ടില്ല. ഇന്നലെ പുതുതായി വന്ന ആളാണോ?’
‘അതെ.’
‘താക്...’
അവര്‍, കിഴിഞ്ഞു തുടങ്ങിയ സാരിത്തുമ്പ് തലയിലേയ്ക്കുതന്നെ കയറ്റിയിട്ടുകൊണ്ട് അകത്തേയ്ക്കു പോയി. ഒരു നിമിഷത്തിനുള്ളില്‍ തിരിച്ചെത്തിയ അവരുടെ കയ്യില്‍ രണ്ടു താക്കോലുകളുണ്ടായിരുന്നു.
‘കുടിക്കാനുള്ള വെള്ളം താഴെനിന്ന് എടുക്കണം.’ ബാല്‍ക്കണിയിലൂടെ അവരുടെ വീട്ടുമുറ്റത്തേയ്ക്കു ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ‘താഴെ കോണിച്ചുവട്ടിലൂടെയാണ് വഴി. ആ വാതിലിന്റെ താക്കോലാണ് രണ്ടാമത്തേത്. പുറത്തു കടന്നാല്‍ വാതില്‍ പൂട്ടണം.’
അയാള്‍ താക്കോലുകള്‍ വാങ്ങി, നന്ദി പറഞ്ഞു. പെട്ടെന്നാണ് അഡ്വാന്‍സ് കൊടുത്തിട്ടിെല്ലന്ന് ഓര്‍ത്തത്. കീശയില്‍നിന്ന് ഇരുന്നൂറ്റിനാല്പതു രൂപയെടുത്ത് അവരുടെ കയ്യില്‍ കൊടുത്തു.
‘രശീത് നിരൊഞ്ജന്‍ ബാബു വന്നാല്‍ തരും.’ കൊടുത്ത പണം എണ്ണിനോക്കുകകൂടി ചെയ്യാതെ കയ്യില്‍ ചുരുട്ടിവച്ചുകൊണ്ട് അവര്‍ പറഞ്ഞു.
‘ശരി.’ അയാള്‍ വാതില്‍ തുറന്ന് അകത്തേയ്ക്കു പോയി. പൂട്ട് മേശപ്പുറത്തു വയ്ക്കുമ്പോഴാണ് ഒരു കടലാസ് കഷ്ണം കണ്ടത്. രശീതാണ്. എണ്പതു രൂപയ്ക്കുള്ള രശീത്. അയാള്‍ തുറന്നിട്ട വാതിലിലൂടെ പുറത്തേയ്ക്കു നോക്കി. വീട്ടുടമസ്ഥ അയാളെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അയാള്‍ നോക്കുന്നതു കണ്ടപ്പോള്‍ അവര്‍ പെട്ടെന്ന് സാരി തലയിലൂടെ വലിച്ചിട്ട് നടന്നുപോയി. അവരുടെ സ്ഥൂലമായ പിന്‍ഭാഗം കുലുങ്ങിക്കൊണ്ട് അകലുന്നത് രമേശന് നോക്കിനിന്നു. എന്തുകൊണ്ടോ അയാള്‍ അസ്്വസ്ഥനായി.