close
Sayahna Sayahna
Search

തടാകതീരത്ത്: പതിനൊന്ന്


തടാകതീരത്ത്: പതിനൊന്ന്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

ആദ്യമായി ഒരനുഭവമുണ്ടാകുകയാണ്. അതും എന്തൊരനുഭവം! രേമശൻ രണ്ടു ദിവസം ഒരു സ്വപ്നാവസ്ഥയിലായിരുന്നു. താൻ ഇങ്ങിനെയൊക്കെത്തന്നെയാണോ പ്രതീക്ഷിച്ചിരുന്നത്? തന്റെ ഏകാന്തതയിലെ മനോരഥങ്ങളിൽ കണ്ടിരുന്ന സ്വപ്നങ്ങൾ ഇത്ര മധുരതരമായിരുന്നോ? ആനന്ദമയീദേവി അവരുടെ സ്പർശം കൊണ്ട് തന്റെ ഉള്ളിലെ ഒരു കൊടുങ്കാറ്റ് അഴിച്ചു വിടുകയാണുണ്ടായത്. അവർ ചേർന്നു കിടന്നപ്പോൾ താൻ ആദ്യമായി ഒരു സ്ത്രീയുടെ ഗന്ധം അനുഭവിച്ചു. വികാരങ്ങൾ ഒരു കാളക്കുട്ടിയെപ്പോലെ കയറു പൊട്ടിയോടി നടന്നു.

അമർ ചാറ്റർജി എന്തോ ചോദിക്കുകയായിരുന്നു. രമേശൻ അയാളുടെ മുമ്പിലിരുന്ന് സ്വപ്നം കാണുകയാണ്. ചാറ്റർജി ചോദ്യം ആവർത്തിച്ചു. രമേശൻ അപ്പോഴും സ്വപ്നാവസ്ഥയിലായിരുന്നു. മൂന്നാമതു ചോദിച്ചപ്പോഴാണ് രമേശനു മനസ്സിലായത്. അയാൾ പറഞ്ഞു. ‘സോറി സർ, വാട്ട് ഡിഡ് യു സേ?’

‘നിന്റെ കണ്ണുകളിൽ രണ്ടു നക്ഷത്രങ്ങളും ചുണ്ടുകളിൽ ഒരു പകുതി വിരിഞ്ഞ പൂവും.’ ചാറ്റർജി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ദാറ്റ് മീൻസ് യുവാർ ഇൻ ലൗവ്.’

രമേശന്റെ മുഖം പാടലമായി. ജീവിതത്തിൽ ആദ്യമായാണ് അയാൾക്ക് ഇങ്ങിനെ ഒരനുഭവമുണ്ടാകുന്നത്. ചാറ്റർജി അങ്ങിനെ പറയുമെന്ന് അയാൾ കരുതിയിരുന്നില്ല. ഒന്നാമത് രണ്ടു പേരുടെയും സ്ഥാനങ്ങൾക്കുള്ള അന്തരം. പിന്നെ വയസ്സിന്റെ വ്യത്യാസം. ചാറ്റർജിയ്ക്ക് നാല്പത്തഞ്ച് വയസ്സാണ്, തനിക്ക് ഇരുപതിനു താഴെ. പോരാത്തതിന് അദ്ദേഹം അവിവാഹിതനുമാണ്. എന്താണ് കല്യാണം കഴിക്കാത്തത് എന്നു ചോദിച്ചില്ല. ചോദിച്ചാൽ മറുപടി കിട്ടുമോ എന്നറിയില്ല. അദ്ദേഹത്തെപ്പറ്റി ഓഫീസിൽ ഓരോ കഥകൾ പ്രചരിക്കുന്നുണ്ട്. അതെല്ലാം കഥകളായിത്തന്നെ വിടുകയായിരിക്കും നല്ലതെന്ന് രമേശന് അറിയാം. ഒരിക്കൽ ചാറ്റർജിയുടെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം വച്ചുനോക്കുമ്പോൾ ഈ കഥകൾ ശരിയാകാനും വഴിയുണ്ട്. എന്തെങ്കിലുമാകട്ടെ.

‘ഏം ഐ കറക്ട്?’ ചാറ്റർജി ചോദിക്കുകയാണ്.

രമേശൻ ചിരിക്കുക മാത്രം ചെയ്തു. ശരിയാണ്. താൻ പ്രണയത്തിലായിരിക്കയാണ്. അതിന്റെ എല്ലാ തീവ്രതയോടുംകൂടി. ഉറക്കമില്ലാത്ത ഒരു രാത്രി, അടുത്തു കിടക്കുന്ന സുന്ദരമായ ഒരു സ്ത്രീശരീരം. പുതച്ചിരിക്കുന്ന കമ്പിളിയും ഉടുത്തിരുന്ന വസ്ത്രങ്ങളും നിലത്തു ചിതറിക്കിടന്നു. ജനലിൽക്കൂടി വരുന്ന തെരുവു വിളക്കിന്റെ വെളിച്ചം ആനന്ദമയീദേവിയുടെ വടിവൊത്ത ശരീരത്തിന്റെ ഭംഗി കാണിച്ചു. ചുണ്ടുകൾ ചുണ്ടുകളെ തേടി, സംതൃപ്തിയടയാതെ വീണ്ടും അവരുടെ ദേഹത്തിൽ അലഞ്ഞു.

രാത്രിയുടെ അസ്വസ്ഥമായ യാമങ്ങളിലെപ്പോഴൊ വിട വാങ്ങി പോകുമ്പോൾ അവർ തന്റെ ചെവിയിൽ മന്ത്രിച്ചു.

‘ഇപ്പോൾ മനസ്സിലായില്ലേ, ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്ക്ണ്ണ്ട് എന്ന്?’

പുലർച്ചെ ഉണർന്നപ്പോൾ അയാൾ കണ്ണടച്ചുകൊണ്ടുതന്നെ കിടക്കയിൽ തപ്പിനോക്കി. വെറുതെ, അവർ ഉണ്ടാവില്ലെന്ന അറിവോടെത്തന്നെ.

ചാറ്റർജി രമേശനെ നോക്കി ചിരിക്കുകയാണ്. രമേശൻ ഓർക്കുകയായിരുന്നു. ഒരു ഞായറാഴ്ചയാണ് അയാൾ ചാറ്റർജിയുടെ വീട്ടിൽ പോയത്. അയാളുടെ കയ്യിൽ കുറേ നല്ല ഹിന്ദി റെക്കോർഡുകളുണ്ടെന്നു പറഞ്ഞിരുന്നു. സമ്മതിക്കുകയാണെങ്കിൽ കുറച്ചു പാട്ടു കേൾക്കാം എന്നു കരുതി. ബെല്ലിന്റെ സ്വിച്ചൊന്നും കണ്ടില്ല. അയാൾ വാതിൽക്കൽ മുട്ടി. വാതിൽ തുറന്നത് ചാറ്റർജിയായിരുന്നു. വെറുതെ വന്നതാണെന്നും, അയാളുടെ ഗാനശേഖരം ഒന്ന് കാണണമെന്നും പറഞ്ഞേപ്പാൾ അയാൾ പറഞ്ഞു. ‘വരൂ.’ പക്ഷേ അയാൾ അസ്വസ്ഥനായിരുന്നു.

അതിനിടയ്ക്ക് ബെഡ്‌റൂമിന്റെ തുറന്നിട്ട വാതിലിലൂടെ ഒരു ചെറുപ്പക്കാരൻ നഗ്നനായി ഓടുന്നത് രമേശൻ കണ്ടു. കുളിമുറിയിലേയ്ക്കായിരിക്കും. താൻ ആ കാഴ്ച കണ്ടുവെന്ന് ചാറ്റർജി മനസ്സിലാക്കിയിരുന്നില്ല. എന്തായാലും തല്ക്കാലം ഒരു അധികപ്പറ്റാണെന്നു മനസ്സിലാക്കിയ രമേശൻ പിന്നീട് വരാമെന്നു ഭംഗിവാക്കു പറഞ്ഞ് ഒഴിവായി. ചാറ്റർജി ഉടനെ അതു സമ്മതിക്കുകയും ചെയ്തു.

െൈവകുന്നേരം ഫ്രാങ്കിനെ കണ്ടു. കഴിഞ്ഞ നാലഞ്ചു ദിവസമായി അയാൾ എവിടെയായിരുന്നു എന്നാലോചിക്കുകയായിരുന്നു രമേശൻ. സാധാരണ എവിടെയെങ്കിലും ഒരിടത്ത് കാണാറുള്ളതാണ്. അയാൾ ബെന്റിങ്ക് സ്റ്റ്രീറ്റിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ഒരു ഇലക്ട്രിക് പോസ്റ്റു പോലെയോ, ട്രാഫിക് ഐലന്റു പോലെയോ അയാളുടെ അഭാവം ശ്രദ്ധിക്കപ്പെടുന്നു. രമേശനെ കണ്ട ഉടനെ അയാൾ തന്റെ കൗബോയ് തൊപ്പി ഉയർത്തി വീശി, അരയിലെ ബെൽട്ടിൽനിന്ന് അദൃശ്യമായ തോക്കെടുത്ത് ചുഴറ്റി, തിരിച്ചുവച്ചു.

എവിടെയായിരുന്നു ഇത്ര ദിവസം?’

‘ശ്വശുരഗൃഹത്തിൽ.’

രമേശന് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായി. പിന്നെ ഓർമ്മ വന്നു. ബംഗാളികൾ ജയിലിനെ ശ്വശുരഗൃഹമെന്നാണ് പറയുക.

‘എന്തു പറ്റീ?’

‘എന്തു പറ്റാൻ? എന്റെ തൊഴിലിന്റെ മേന്മ വച്ചു നോക്കിയാൽ ഞാൻ ജയിലിൽത്തന്നെ കഴിയേണ്ടവനാണ്. പക്ഷേ അവർക്ക് എന്നെ തീറ്റി പോറ്റാൻ കഴിയില്ല. അതുകൊണ്ട് പുറത്തുവിടുന്നു. ഈ സ്റ്റ്രീറ്റിൽ നടക്കുന്ന കാര്യങ്ങൾ പോലീസിന് അറിയാത്തതാണോ. അവർക്ക് അവരുടെ ഓഹരി കിട്ടുന്നു.

‘ഇപ്പോൾ പിടിച്ചു കൊണ്ടുപോകാനുണ്ടായ പ്രകോപനം?’

‘ആർ യു ഇൻ എ ഹറി?’

‘ഞാൻ വർക്‌ഷോപ്പിൽ പോവ്വാണ്.’

‘അര മണിക്കൂർ ചെലവാക്കാമെങ്കിൽ എന്റെ ഒപ്പം വരൂ.’

എന്റെ സമ്മതമുണ്ടോ എന്നൊന്നും നോക്കാതെ അയാൾ നടന്നു. സാക്വി ബാർ എത്തിയപ്പോൾ അയാൾ നിരത്തു മുറിച്ചു കടക്കുമെന്നു കരുതി. ഇല്ല, അയാൾ നേരെ നടന്നു പോകുകയാണ്. അടുത്ത തിരിവിൽ അയാൾ വലത്തോട്ടു തിരിഞ്ഞു, പിന്നെ ഇടത്തോട്ട് ഒരു വീതി കുറഞ്ഞ ഗലിയിലേയ്ക്ക്. ഒരു പഴയ വീട്ടിനു മുമ്പിൽ അയാൾ നിന്നു. പാന്റ്‌സിന്റെ കീശയിൽ നിന്ന് ഒരു താക്കോലെടുത്ത് ചെമ്പു നിറത്തിലുള്ള പൂട്ടു തുറന്നു. പുരാതനമായ വാതിൽ മലർക്കെ തുറക്കപ്പെട്ടു.

‘ദിസീസ് മൈ ഡെൻ!’

അയാൾ അകത്തു കടന്നു, തിരിഞ്ഞു നോക്കി, മടിച്ചു നിൽക്കുന്ന രമേശനോടു പറഞ്ഞു.

‘കമിൻ.’

രമേശൻ ഉള്ളിൽ കടന്നു. വളരെ പഴയ വീട്. മരത്തിന്റെ തട്ട്. തട്ടിൽനിന്ന് തൂങ്ങിക്കിടക്കുന്ന നീല ഷെയ്ഡുള്ള വിളക്ക്. അടർന്നു തുടങ്ങിയ ചുമരുകൾ. വർഷങ്ങളായി അവഗണനയിൽ പെട്ട ഒരു വീടാണതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. തട്ടുകളും വാതിലുകളും വാർണീഷ് കണ്ട കാലം മറന്നുപോയിരിക്കുന്നു. രമേശന്റെ പകച്ചു നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു, ഫ്രാങ്ക് പറഞ്ഞു.

‘ഇതാണെന്റെ വീട്. ഇവിടെയാണ് ഞാൻ ജനിച്ചത്, എന്റെ അമ്മ മരിച്ചത്, ഞാൻ കല്യാണം കഴിച്ചത്, എന്റെ ഭാര്യ മരിച്ചത്, എന്റെ മകൾ...’ അയാൾക്കു തുടരാനായില്ല. തൊപ്പിയെടുത്ത് ചുമരിലെ ആണിമേൽ തൂക്കിക്കൊണ്ട് അയാൾ പറഞ്ഞു. ‘ഞാനീ ഭൂമിക്ക് ഒരധികപ്പറ്റാണ്. എ മിസ്ഫിറ്റ്.’

സിറ്റിങ് റൂം ഒരുമാതിരി വലുതാണ്. രമേശൻ നടന്നു നോക്കി. ഒരു മേശപ്പുറത്ത് ഗ്രാമഫോൺ, അതിനടുത്ത് അട്ടിയട്ടിയായി റെക്കോർഡുകൾ.

‘നിങ്ങളുടെ അടുത്ത് നല്ലൊരു കലക്ഷനുണ്ടല്ലോ.’ റെക്കോർഡുകൾ എടുത്തുനോക്കിക്കൊണ്ട് രമേശൻ പറഞ്ഞു.

‘ഉണ്ട്, പക്ഷേ ഞാനവയൊന്നും കേൾക്കാറില്ല.’

ഫ്രാങ്ക് എവിടെനിന്നോ രണ്ടു ഗ്ലാസ്സുകൾ എടുത്തുകൊണ്ടുവന്നു. ഫ്രിജ്ജിൽ നിന്ന് ഐസ് ട്രേ പുറത്തെടുത്തു. രമേശൻ പറഞ്ഞു.

‘ഞാൻ കുടിക്കുന്നില്ല. ഞാൻ ഇതുവരെ കുടിച്ചിട്ടില്ല, ഇനി തുടങ്ങണമെന്നുമില്ല.’

അയാൾ ഒരു നിമിഷം കുപ്പിയുടെ അടപ്പും തുറന്നു പിടിച്ച് ആലോചിച്ചു. പിന്നെ തലയാട്ടി.

‘ശരിയാണ്. പക്ഷേ ഞാൻ അല്പം കുടിക്കുന്നതുകൊണ്ട് വിഷമമില്ലല്ലോ?’

‘ഏയ്, കാരി ഓൺ.’ രമേശൻ ഓരോ റെക്കോർഡുകളും എടുത്തു പരിശോധിക്കുകയാണ്. നല്ല കലക്ഷൻ.

‘ഞാൻ ഒന്നോ രണ്ടോ പാട്ടുകൾ വെച്ചോട്ടെ?’ രമേശൻ ചോദിച്ചു.

‘അത് ഏതു പാട്ടാണെന്നതിനെ ആശ്രയിച്ചിരിക്കും.’

‘ദീസ് ബൂട്ട്‌സ് ആർ മെയ്ഡ് ഫോർ വാക്കിൻ...’

‘വാന്റാ ജാക്‌സൻ. ശരി കുഴപ്പമില്ല. എനിക്ക് അടുത്ത കാലത്തായി ചില പാട്ടുകളോട് അലർജ്ജിയാണ്. സിനാത്രയുടെ ഏഞ്ചൽ ഐസ്, ഡീൻ മാർട്ടിന്റെ ബട്ടർകപ്പ്, അങ്ങിനെ ചിലവ.’

വാന്റാ ജാക്‌സൺ പാടാൻ തുടങ്ങി. പെട്ടെന്ന് അയാൾക്ക് പാട്ടു കേൾക്കാനുള്ള താല്പര്യം നശിച്ചു. ഫ്രാങ്ക് തന്നെ വിളിച്ചു കൊണ്ടുവന്നത് പാട്ടുകൾ കേൾപ്പിക്കാനായിരിക്കില്ല. അയാളുടെ കഥ മുഴുമിച്ചില്ലെന്ന് ഓർത്തപ്പോൾ രമേശൻ പറഞ്ഞു.

‘നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലത്തെപ്പറ്റി പറയുകയായിരുന്നു...’

‘അതെയതെ...’ അയാളും എങ്ങിനെ തുടങ്ങണമെന്നറിയാതെ ഇരിക്കുകയായിരുന്നു. ഗ്ലാസ്സിലെ ദ്രാവകം ഒറ്റയിറക്കിന് അകത്താക്കി അയാൾ വീണ്ടും ഒഴിച്ചു.

‘ഞാൻ എവിടെയാണ് നിർത്തിയത്? യെസ്സെസ് ഐ റിമെമ്പർ... ഞാൻ അമ്മയുടെ മണം ഇഷ്ടപ്പെട്ടില്ല. ശരിയാണ് ഞാനവിടെയാണ് നിർത്തിയത്. നമ്മൾ ബാറിലിരുന്ന് സംസാരിക്കുകയായിരുന്നു. എനിക്ക് മറ്റേതോ മണം അനുഭവപ്പെട്ടു. അത് എന്തൊക്കെയോ സംശയങ്ങൾ എന്നിലുണർത്തി. അപ്പോഴേയ്ക്ക് എനിക്ക് വയസ്സ് എട്ടോ പത്തോ ആയിട്ടുണ്ടാകണം. തെരുവുകളിൽ അമ്മ വരുന്നതും പ്രതീക്ഷിച്ചു നടക്കുമ്പോൾ പല വിചിത്രമായ കാഴ്ചകളും കാണാറുണ്ട്. അർദ്ധനഗ്നകളായ സ്ത്രീകൾ നിഴലിൽ ഒളിച്ചു നിൽക്കുന്നത്. പുരുഷന്മാർ അടുത്തു ചെല്ലുമ്പോൾ അവർ മാറിൽ നിന്ന് ഉള്ള വസ്ത്രങ്ങളും കൂടി മാറ്റിക്കാണിക്കുന്നു. ചിലപ്പോൾ പുരുഷന്മാർ അവരുടെ ഒപ്പം കെട്ടിടത്തിന്റെ മറവിലേയ്ക്കു ഊളിയിടുന്നു. ആദ്യമൊന്നും എനിക്കതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. പിന്നെ സാവധാനത്തിൽ എല്ലാം മനസ്സിലായിത്തുടങ്ങി. വളരെ സങ്കടകരമായ ഒരു കാര്യമാണ് ഞാൻ മുമ്പിൽ കാണുന്നതെന്നു മനസ്സിലായി. പക്ഷേ അപ്പോഴും എന്റെ അമ്മ അങ്ങിനെയൊരു കാര്യമാണ് ചെയ്യുന്നെതന്ന് ഓർത്തിരുന്നില്ല.

‘സിഗററ്റു മണക്കുന്നു എന്നു പറഞ്ഞപ്പോൾ അമ്മ കുറേ നേരം എന്നെ നോക്കിയിരുന്നു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. എനിക്കും കരച്ചിൽ വന്നു. അപ്പോഴും ഒരു വേശ്യയുടെ ജീവിതത്തെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. പിെന്ന ക്രമേണ എല്ലാം സാധാരണ മട്ടായി. അമ്മയുടെ ജോലിയായി ഞാൻ അതിനെ കണക്കാക്കി. എനിക്കാവശ്യമുള്ള കാര്യങ്ങളെല്ലാം നടന്നുകിട്ടി. നല്ല ഭക്ഷണം, നല്ല വസ്ത്രങ്ങൾ, തിളങ്ങുന്ന ഒരു സൈക്കിൾ. ഞാൻ സ്‌കൂളിൽ പോയിത്തുടങ്ങി. ഏകദേശം രണ്ടു കൊല്ലം. ഒരു ദിവസം ഒപ്പം പഠിക്കുന്ന ഒരുത്തൻ എന്റെ അമ്മയെപ്പറ്റി എന്തോ മോശമായി പറഞ്ഞപ്പോൾ ഞാനവന്റെ മുഖത്തിടിച്ച് ഇറങ്ങിപ്പോന്നു. അതോടെ പഠിത്തം മതിയാക്കി. പക്ഷേ ഞാൻ തെരുവിലിറങ്ങിയില്ല. പാരമ്പര്യത്തിന്റെ ഏതോ അംശം എന്നെ അതിൽനിന്നു വിലക്കി. അമ്മ ഒരു ഗ്രാമഫോൺ മേടിച്ചിരുന്നു. ഞാൻ മിക്ക സമയവും പാട്ടു കേട്ടിരുന്നു. അല്ലാത്ത സമയം ഒരു പഴയ ബുക്‌കേസിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ വായിക്കാൻ ശ്രമിച്ചു. ഡിക്കൻസിന്റെ ടെയ്ൽ ഓ്ഫ ടൂ സിറ്റീസ്, ഒലിവർ ട്വിസ്റ്റ്. അങ്ങിനെ അല്പം വായനയും ഉണ്ടായി.

‘പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. അമ്മയ്ക്ക് അസുഖമായി. എന്താണ് അസുഖമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കടുത്ത നെഞ്ചുവേദനയായിരുന്നു. അമ്മ വേദനകൊണ്ട് പുളഞ്ഞിരുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോടം അത് കാൻസറാവാനാണ് സാധ്യത. അമ്മ വീട്ടിലിരുപ്പായി. ചില ദിവസങ്ങളിൽ പുറത്തിറങ്ങും, അന്ന് ക്ഷീണിച്ച് അവശയായി തിരിച്ചുവരും. പിന്നെപ്പിന്നെ വേദന സഹിക്കവയ്യാതായി. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാതായി. ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങളൊന്നും ഇല്ല. വാങ്ങാൻ പണമില്ല. വിശപ്പ്, അതികഠിനമായ വിശപ്പ്. അമ്മയ്ക്ക് ഒരിക്കലും വിശപ്പ് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നോട് എവിടെനിന്നെങ്കിലും ഭക്ഷണം കൊണ്ടുവരാൻ പറയും. എനിക്ക് എവിടെനിന്ന് കിട്ടാനാണ്. ബേക്കറികളുടെ മുമ്പിൽ ചെന്ന് ഞാൻ ഇരക്കും. അവർ എന്നെ ആട്ടിയോടിക്കും. ഹോട്ടലുകാരും എന്നെ ആട്ടിയോടിച്ചു. കക്കാനുള്ള ഒന്നു രണ്ടു ശ്രമങ്ങൾ പാളിപ്പോയി. ഒരിക്കൽ ബേക്കറിയിൽ നിന്ന് ബൺ കട്ടതിന് എനിക്ക് വല്ലാതെ മർദ്ദനമേറ്റു. ഞാനൊരു പതിനാലു വയസ്സുകാരനാണ്. തെരുവിൽ വളരാത്തതിന് ഞാൻ എന്നെത്തന്നെ ശപിച്ചു. ഇപ്പോൾ അമ്മയുടെ വേദനയും വിശപ്പും കണ്ട്, ഒന്നും ചെയ്യാനാവാതെ കരയാൻ മാത്രം കഴിയുന്നു.

‘അമ്മയ്ക്ക് അസുഖം വല്ലാതെ കൂടി. വിശപ്പുകൊണ്ട് അമ്മ നിലവിളിച്ചു. പുറത്തുപോയി ആരെയെങ്കിലും കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ പതിനാലു വയസ്സുള്ള കൂട്ടിക്കൊടുപ്പുകാരൻ ജനിച്ചു. സന്ധ്യയുടെ നിഴലിൽ ഞാൻ പരുങ്ങിനിന്ന് ആൾക്കാരെ തോണ്ടിവിളിച്ചു. ഞാൻ ആരെയെങ്കിലും കൂട്ടി വരുമ്പോഴേയ്ക്കും അമ്മ എഴുന്നേറ്റ് ക്രീമും പൗഡറുമിട്ട് മുഖത്തിന്റെ കരുവാളിപ്പു മറച്ചു വയ്ക്കും. പലരും അമ്മയെ കണ്ട ഉടനെ സ്ഥലം വിടും. സുഖമില്ലാതെ, പ്രേതം പോലെ തോന്നിക്കുന്ന അമ്മയെ ആർക്കാണ് വേണ്ടത്? അവസാനം ഒരു കിഴവനെ കിട്ടി. അയാൾ വന്ന് അമ്മയെ വല്ലാതെ ഉപദ്രവിച്ചു എന്നു തോന്നുന്നു. അമ്മയുടെ വേദനകൊണ്ടുള്ള വാവിട്ടുകരച്ചിൽ ഞാൻ കേട്ടു. അയാൾ ഒന്നും കൊടുക്കാതെ ഓടിപ്പോയി.

‘ഞാൻ ഒരു പെൺകുട്ടിയായിരുന്നെങ്കിൽ എങ്ങിനെയെങ്കിലും അമ്മയ്ക്ക് ഭക്ഷണം കൊടുത്തേെന എന്ന് അമ്മ പറഞ്ഞു. അമ്മ എന്നെ ശപിക്കുകയാണ്. ഞാൻ പുറത്തിറങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരാൾ ഐസ്‌ക്രീം തരാമെന്നു പ്രലോഭിപ്പിച്ച് എന്നെ കൊണ്ടുപോയ കാര്യം പറഞ്ഞില്ലെ? അയാൾ പിന്നീടും തരം കിട്ടുമ്പോൾ എന്നെ പിടിച്ചുവച്ച് ഉമ്മ വയ്ക്കാറുണ്ട്. ഓരോ പ്രാവശ്യവും ഞാൻ കുതറി രക്ഷപ്പെടുകയാണ് പതിവ്. ഞാൻ അയാളുടെ വീട്ടിൽ ചെന്നു. അയാൾക്ക് വളരെ സന്തോഷമായി. ക്ഷമയില്ലാതെ അയാൾ എന്നെ കരവലയത്തിലാക്കി. ഞാൻ കുതറി ഓടുന്നില്ലെന്നത് അയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. അയാൾ എന്നെ നഗ്നനാക്കി.

‘വേദന, അസഹനീയമായ വേദന. അതും സഹിച്ച് ഞാൻ അനങ്ങാതെ നിന്നു. അന്ന് ആ തെരുവിൽ ഒരു പുരുഷവേശ്യയുടെ താരോദയമായിരുന്നു. അന്നു ഞാൻ അമ്മയ്ക്ക് റെസ്റ്റോറണ്ടിൽ നിന്ന് നല്ല ഭക്ഷണം വാങ്ങിക്കൊടുത്തു. അത് ആർത്തിപിടിച്ച് കഴിക്കുമ്പോഴാണ് അമ്മ കണ്ടത്, എന്റെ ട്രൗസറിന്റെ പിന്നിൽ ചോര. അമ്മ കരയാൻ തുടങ്ങി. അമ്മയുടെ കണ്ണിൽനിന്ന് ഉതിർന്നു വീണ ആ ജലം, ഞാനത് ഒരിക്കലും മറക്കില്ല. അമ്മ പിന്നെ അധികകാലം ഇരുന്നില്ല.

ഫ്രാങ്ക് നിർത്തി. അയാൾ ഒറ്റ ശ്വാസത്തിൽ സംസാരിക്കുകയായിരുന്നു. രമേശനാകട്ടെ ഇടപെടാൻ മടിയായി ഇരിക്കുകയാണ്. അയാൾക്ക് പോകേണ്ട സമയമായി. ഇന്ന് വർക്‌ഷോപ്പിൽ പോകാൻ പറ്റിയില്ല. വീട്ടിലെത്താനെങ്കിലും വൈകരുതെന്നുണ്ട്. അയാൾ എഴുന്നേറ്റു.

‘നിനക്ക് ഒരു ദിവസത്തേയ്ക്കുള്ളതായില്ലേ?’ ഫ്രാങ്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

ഒരു ദിവസത്തേയ്‌ക്കോ? ജീവിതകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കും ഈ കഥ. എന്തു കഥ!

തുറന്നു വച്ച റെക്കോഡ് പ്ലെയർ അടച്ചുവച്ച് രമേശൻ പുറത്തു കടന്നു. സമയം എട്ടരയായിരിക്കുന്നു. വേഗം പോയാൽ സ്വാമിയുടെ ഊണു കഴിക്കാം. ഇല്ലെങ്കിൽ പട്ടിണി തന്നെ. മാസാവസാനമായിരിക്കുന്നു. ശമ്പളം കിട്ടാൻ ഇനിയും അഞ്ചു ദിവസമുണ്ട്. ഉള്ള പണംകൊണ്ട് എങ്ങിനെയെങ്കിലും ഉന്തിനീക്കണം. അയാൾ ഓടിെക്കാണ്ടിരിക്കുന്ന ഒരു ട്രാമിൽ പൊത്തിപ്പിടിച്ചു കയറി.