close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്




തടാകതീരത്ത്: ഇരുപത്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘ആരാണ് ഈ ദീദി?’ മായ വീണ്ടും ചോദിക്കുകയാണ്. അവളുടെ മുഖത്ത് അമ്പരപ്പുണ്ടായിരുന്നു. രമേശൻ കുറച്ചുനേരം ഒന്നു പതറി. ഒരു നുണ ആലോചിച്ചുണ്ടാക്കാനുള്ള സമയമില്ല. അവൾ ചോദിച്ചുകൊണ്ട് ഇരിക്കയാണ്. അതറിഞ്ഞിട്ടുവേണം മറ്റു കാര്യങ്ങളെന്ന മട്ടിൽ.

‘ഞാൻ മുമ്പ് താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥയാണ്.’ രമേശൻ പറഞ്ഞു. ‘കുറച്ചു വയസ്സായ സ്ത്രീ. ഞങ്ങളെയൊക്കെ നല്ല കാര്യമായിരുന്നു. ഞാൻ അവരെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു.’

മായ ഒന്ന് മയപ്പെട്ടുവെന്നു തോന്നുന്നു. അവൾ പറഞ്ഞു.

‘എന്നെപ്പറ്റി സ്വപ്‌നം കാണായിരുന്നില്ലേ?’

രമേശൻ മായയെ ചേർത്തു പിടിച്ചു. ഇക്കണക്കിനു പോയാൽ വളരെയധികം നുണകൾ പറയേണ്ടി വരുമെന്ന് അയാൾക്കു തോന്നി. ടോളിഗഞ്ചിലെ വീട്ടുടമ വളരെ പാവം സ്ത്രീയാണ്. ആദ്യമെല്ലാം അവിടെ പാട്ടു കേൾക്കാൻ പോയാൽ അവർ തന്നെയാണ് റെക്കോർഡ് പ്ലെയർ കൈകാര്യം ചെയ്യുക. താൻ എടുത്തു കൊടുക്കുന്ന റെക്കോർഡുകൾ അവർ തിരിച്ചും മറിച്ചും നോക്കും. എന്നിട്ട് നല്ല പേരുള്ള പാട്ട് വയ്ക്കും. അതിന്റെ മറു വശത്തായിരിക്കും തനിക്ക് ആവശ്യമുള്ള ഗാനം. അതു കേൾക്കണമെങ്കിൽ ഈ ബോറൻ പാട്ടും കേട്ടിരിക്കേണ്ടി വരും. ലോറൻസ് വെൽക്കിന്റെ ബേബി എലഫന്റ് വാക് കേക്കണമെങ്കിൽ അതിന്റെ മറുവശത്തുള്ള പ്രിറ്റന്റ് എന്ന അറു ബോറൻ ട്യൂൺ ആദ്യം കേൾക്കണം. ചൗദവിൻ കാ ചാന്ദ് കേൾക്കണമെങ്കിൽ മേൻ ലഖ്‌നോ സെ തർജമീർ എന്ന പാട്ടു കേൾക്കണമെന്ന അവസ്ഥയാണ്. ഒരിക്കൽ അവർ വീട്ടിലില്ലാത്ത സമയത്ത് ചെന്നപ്പോൾ രമേശനോടുതന്നെ പാട്ടു വെച്ചുകൊള്ളാൻ വീട്ടുടമസ്ഥൻ പറഞ്ഞു. വീട്ടുടമസ്ഥ പുറത്തു നിന്നു വന്നപ്പോൾ കണ്ടത് താൻ അനായാസേന റെക്കോർഡ് പ്ലെയർ കൈകാര്യം ചെയ്യുന്നതാണ്. അതിനു ശേഷം അവർ ഇടപെടാറില്ല.

‘നീ എന്താണ് ആലോചിക്കുന്നത്?’ മായ ചോദിച്ചു.

‘ഞാൻ അവരെപ്പറ്റി ആലോചിക്കുകയായിരുന്നു.’ സ്വയമറിയാതെ ഒരാപത്തിൽ നിന്ന് തന്നെ രക്ഷിച്ച സ്ത്രീയ്ക്ക് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് രമേശൻ പറഞ്ഞു.

‘എന്റെ ഒപ്പമുള്ളപ്പോൾ എന്നെപ്പറ്റി ആലോചിച്ചാൽ മതി.’ അവൾ പറഞ്ഞു.

നീ വല്ലാതെ പൊസ്സെസ്സീവാകുന്നു എന്ന് പറയാൻ നോക്കിയതായിരുന്നു രമേശൻ. പക്ഷേ അപ്പോഴേയ്ക്ക് അയാളുടെ ചുണ്ടുകളിൽ അതിലോലമായ ഒരു ചുണ്ട് സ്ഥാനം പിടിച്ചു. അവൾ അയാളെ കിടയ്ക്കയിലേയ്ക്ക് തള്ളിയിട്ടു.

ഇത്രയധികം വികാരങ്ങൾ ഇവൾ എവിടെയായിരുന്നു ഒളിപ്പിച്ചതെന്ന് അയാൾ അദ്ഭുതപ്പെട്ടു. ജനലിലൂടെ തണുത്ത കാറ്റ് വീശി. കാറ്റിൽ ഏതോ അറിയാത്ത പൂവിന്റെ സുഗന്ധം. വിന്ററിൽ മാത്രം അനുഭവപ്പെടാറുള്ള ഈ വാസന ഇനി അധികദിവസം ഉണ്ടാവില്ല. ശിശിരത്തിൽ വിടരുന്ന ഒരുപാട് പൂക്കൾ ശിശിരത്തോടൊപ്പം അപ്രത്യക്ഷമാകുന്നു. മായയുടെ മാറിൽ നിന്ന് സ്വേതകണങ്ങൾ ഒരരുവിയായി ഒഴുകി. അയാൾ മഴക്കാലം കഴിഞ്ഞ ഉടനെ ഒരിക്കൽ പാലക്കാട് ചുരത്തിലൂടെ കോയമ്പത്തൂരിലേയ്ക്ക് പോയത് ഓർത്തു. രണ്ടു കുന്നുകൾക്കിടയിൽ ധാരയായൊഴുകുന്ന അരുവി. രണ്ടു കുന്നുകളുടെയും പാർശ്വങ്ങളിൽനിന്ന് വളരെ ചെറിയ നീർച്ചാലുകൾ അരുവിയെ ക്രമേണ വലുതാക്കുന്നു. പിന്നെ രണ്ടു പാറകൾക്കിടയിലൂടെ താഴേയ്ക്ക് കുത്തനെ ഇറങ്ങുന്നു.

രമേശൻ ഉണർന്നപ്പോൾ മായ പോയിക്കഴിഞ്ഞിരുന്നു. എഴുന്നേൽക്കാൻ തോന്നിയില്ല. ഒരു രാത്രിയുടെ മധുരിക്കുന്ന ഓർമ്മ അയവിറത്ത് അലസമായി കിടക്കാനാണ് തോന്നുന്നത്. പക്ഷേ ഓഫീസ് ഓർമ്മ വന്നപ്പോൾ അയാൾ ചാടി എഴുന്നേറ്റു. ഡ്യൂ ഡേറ്റ് അടുത്ത മൂന്നു പ്രധാനപ്പെട്ട ടെണ്ടറുകൾ അയക്കാനുണ്ട്. കൂടുതൽ ജോലി ചെയ്യാതെ നിവൃത്തിയില്ല. തനിക്ക് എതിരായി ഒരാൾ കരുക്കൾ നീക്കുന്നതയാൾ മനസ്സിലാക്കിയിരുന്നു. രമേശനു മുമ്പ് ജോലിയിൽ ചേർന്ന വെങ്കടാചലമാണത്. അയാൾ മദ്രാസ് ഓഫീസും കണ്ണുവെച്ച് ഒരുപാടു തന്ത്രങ്ങൾ മെനയുന്നുണ്ട്. താൻ അമർ ചാറ്റർജിയുടെ പെറ്റ് ആയതുകൊണ്ടാണതൊന്നും ഫലിക്കാത്തത്. മദ്രാസിൽ മാനേജരായി പോകുമ്പോൾ തന്റെ കീഴിൽ ആരൊക്കെ വേണമെന്ന് തീർച്ചയാക്കാനുള്ള സ്വാതന്ത്ര്യവും അമർ ബാബുവിനുണ്ട്. മാർവാഡിയ്ക്കും തെന്ന കാര്യമാണ്. ഒരു പാളിച്ചയും ഉണ്ടാക്കാതെ താൻ സൂക്ഷിച്ചിരിക്കണം. വെങ്കടാചലം എഞ്ചിനീയറാണ്. എഞ്ചിനീയറിങ്ങ് കോളേജിന്റെ പടി കണ്ടിട്ടില്ലാത്ത ഒരാൾ തന്നേക്കാൾ മുന്നേറുന്നത് അയാൾക്കു സഹിക്കാൻ വിഷമമാണ്. അയാളുടെ കുടുംബം തൃശ്ശിനാപ്പള്ളിയിലായതുകൊണ്ട് അയാൾക്ക് മദ്രാസിൽ പോകാനും താൽപര്യമുണ്ട്. തന്റെ പശ്ചാത്തലം നോക്കിയാൽ മുകളിലേയ്ക്കുള്ള വഴി വിഷമം പിടിച്ചതു തന്നെ. വളരെ താഴെനിന്നാണ് കയറ്റമെന്നതുകൊണ്ട് കയറാനും ധാരാളം പടവുകളുണ്ട്. വഴുക്കുന്ന പടവുകൾ. ശ്രദ്ധ അല്പം പതറിയാൽ മതി കയറിയേടത്തോളം പടികളിൽനിന്ന് താഴേക്കെത്താൻ. താഴെ നൈരാശ്യത്തിന്റെ ശൈത്യമുറയുന്ന കയങ്ങളാണ്.

രണ്ടാഴ്ച മുമ്പ് പനിച്ചു കിടക്കുമ്പോൾ ഉണ്ടായ ഒരനുഭവം രമേശൻ ഓർത്തു. പനിയായി ലീവിലായിരുന്നു. രണ്ടാം ദിവസമാണ്. തലേന്നു വൈകുന്നേരം തൊട്ട് പനിച്ചിരുന്നില്ല. അതുകൊണ്ട് വൈകുന്നേരമായപ്പോൾ ഒന്ന് പുറത്തിറങ്ങിയാലോ എന്ന് ആലോചിച്ചു. താടി വടിച്ചു, തലമുടി അല്പം വാസ്‌ലൈൻ ഇട്ട് മിനുക്കി പുറത്തിറങ്ങി. ലേയ്ക്കിലെത്തിയപ്പോഴെയ്ക്കും ക്ഷീണിച്ച് ഒരു ഭാഗത്തിരുന്നു. അപ്പൊഴാണ് വെങ്കടാചലം വരുന്നത് കണ്ടത്. അയാൾ അടുത്തു വന്നു ലോഗ്യം ചോദിച്ചു. പനിയായിരുന്നുവെന്ന് പറഞ്ഞപ്പോൾ സഹതപിച്ചു. ഉടനെ സ്ഥലം വിടുകയും ചെയ്തു.

പിറ്റേന്ന് പത്തു മണിയ്ക്ക് ഉമേഷ് വന്നു പറഞ്ഞു അമർ ചാറ്റർജി വിളിക്കുന്നുണ്ടെന്ന്.

‘നീ ശരിക്കും പനിയായിട്ടല്ല ലീവെടുത്തതെന്ന് ഒരാൾ എം.ഡി.യോട് ഏഷണി പറഞ്ഞിരിക്കുന്നു. ആരാണെന്നൊന്നും അറിയില്ല. നീ ലേയ്ക്കിൽ കറങ്ങുകയായിരുന്നുവെന്നും.’

‘എനിക്ക് നല്ല പനിയായിരുന്നു. ഇന്നലെ കുറച്ചു ഭേദമായപ്പോൾ വൈകുന്നേരം ലെയ്ക്കിൽ പോയി കുറച്ചു നേരം ഇരുന്നു.’

‘ആരെങ്കിലും നിന്നെ കണ്ടുവോ? ഐ മീൻ നമ്മുടെ ഓഫീസിലെ ആരെങ്കിലും?’

വെങ്കിടാചലം തന്നെ കണ്ടത് രമേശൻ അപ്പോഴാണ് ഓർത്തത്. ഒരു മനുഷ്യനിൽ ഇത്രയധികം വിഷമോ?

‘ശരിയാണ് വെങ്കിടാചലം എന്നെ കണ്ടു.’

‘നിന്നെ കണ്ടാൽ ഇപ്പോഴും ഒരു രോഗിയെപ്പോലെയുണ്ട്. അത്രയ്ക്കു ക്ഷീണിച്ചിരിക്കുന്നു. ഏതായാലും നീ ഒരു കാര്യം ചെയ്യു. എം.ഡി.യെ പോയി കണ്ട് നേരിട്ടു പറയൂ. തീരെ സുഖമുണ്ടായിരുന്നില്ല എന്ന്.’

‘ശരി.’

രമേശൻ നേരെ പോയത് അക്കൗണ്ടന്റിന്റെ മുറിയിലേയ്ക്കായിരുന്നു. അവിടെ ഓഫീസ് ഡ്യൂട്ടിക്കായി പുറത്തു പോകുന്നവർക്കായി ഒരു ലോഗ് ബുക്കുണ്ട്. പുറത്തു പോകുന്ന സമയം, പോകുന്ന സ്ഥലം, തിരിച്ചു വരുന്ന സമയം എല്ലാം രേഖപ്പെടുത്തണം. തലേന്ന് വെങ്കിടാചലം പുറത്തിറങ്ങിയത് മൂന്നു മണി നാല്പത്തഞ്ചു മിനുറ്റിന്നായിരുന്നു. പോയ സ്ഥലം കോൻനഗറിലെ ഒരു ഫാക്ടറിയിൽ. എങ്ങിനെ പോയാലും വെങ്കിടാചലത്തിന് കോൻ നഗറിൽ പോയി ഫാക്ടറിയിൽ കാണേണ്ട ആളെ കണ്ട് സംസാരിച്ച് തിരിച്ച് ബാലിഗഞ്ചിൽ നാലരയ്ക്ക് എത്താൻ കഴിയില്ല. വിഷം വിഷംകൊണ്ട് ഇറക്കുക എന്നോർത്ത് അയാൾ ചിരിച്ചു.

അയാൾ നേെര പോയി മാർവാഡിയെ കണ്ടു അസുഖത്തിന്റെ കാര്യങ്ങൾ വിശദമായി പറഞ്ഞു.

‘എനിക്ക് നിന്റെ ആത്മാർത്ഥതയിൽ വിശ്വാസക്കുറവൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു. ഒരാൾ വന്നു പറഞ്ഞേപ്പാൾ ഞാൻ അമറിനോട് പറഞ്ഞുവെന്നേ ഉള്ളൂ.’

അയാൾ രമേശനെ നോക്കി പഠിക്കുകയായിരുന്നു.

‘ആരാണ് പറഞ്ഞതെന്നൊന്നും നീ അറിയണ്ട. നീ ഇപ്പോൾ ചെയ്യുന്ന മാതിരി ജോലിയെടുത്താൽ മതി.’

‘ആരാണ് പറഞ്ഞതെന്ന് എനിക്കറിയാം സർ. അത് വെങ്കിടാചലമായിരിക്കണം.’ രമേശനു പറയാതിരിക്കാൻ കഴിഞ്ഞില്ല.

മാർവാഡി ഒരു നിമിഷം നിശ്ശബ്ദനായി, പിന്നെ തലയാട്ടി.

‘എനിക്കറിയാത്ത ഒരു കാര്യം നാലര മണിയ്ക്ക് വെങ്കിടാചലം ലേയ്ക്കിൽ എന്തിനാണ് വന്നതെന്നായിരുന്നു സർ. ആ സമയത്ത് അയാൾ കോൻ നഗറിലായിരിക്കണം .’

ശരിക്കും താൻ വെങ്കിടാചലത്തെ കണ്ടത് അഞ്ചു മണിയ്ക്കാണ്. തന്റെ വക അരമണിക്കൂർ നേരത്തെയാക്കി എന്നു മാത്രം. മാർവാഡി കുറച്ചു പതറി.

‘അതു ഞാൻ നോക്കാം, നീ പോയി ജോലിയെടുക്കു. ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല, സമജാ?’

‘ശരി സർ.’

രമേശൻ തന്റെ സീറ്റിൽ പോയിരുന്നു. മാർവാഡിയുടെ ബെൽ ശബ്ദിച്ചു. വാതിലിനു പുറത്തുള്ള സ്റ്റൂളിൽ ഇരിക്കുന്ന പ്യൂൺ ഗോലക് അകത്തു പോയി, ഉടനെ പുറത്തു വന്നു. അയാൾ അക്കൗണ്ടന്റിന്റെ മുറിയിലേയ്ക്കു കടന്ന് നീല ചട്ടയുള്ള പുസ്തകവുമായി പുറത്തുവന്നു. അപ്പോൾ മാർവാഡി ലോഗ് ബുക് ആവശ്യപ്പെട്ടിരിക്കുന്നു! വിഷമിറങ്ങാനായി കുത്തിവച്ച മറുവിഷം പ്രവർത്തനം തുടങ്ങിയിരിക്കുന്നു എന്നർത്ഥം.

വൈകുന്നേരം അമർ ചാറ്റർജിയുമായി സംസാരിക്കുകയായിരുന്നു രമേശൻ.

‘നീ ആളു കൊള്ളാമല്ലൊ.’ ചാറ്റർജി ചിരിച്ചുകൊണ്ട് പറഞ്ഞു.

‘എന്തേ?’

‘ഇന്നു സംഭവിച്ചതു വല്ലതും അറിഞ്ഞുവോ? നീയെന്താണ് എം.ഡി.യോട് പറഞ്ഞത്?’

രാവിലെ മാർവാഡിയുമായുണ്ടായ സംസാരം പറഞ്ഞുകൊടുത്തപ്പോൾ ചാറ്റർജി പറഞ്ഞു.

‘നീ മിടുക്കനാണല്ലോ. എന്താണുണ്ടായതെന്ന് കേൾക്കണോ? എം.ഡി. വെങ്കടാചലത്തെ വിളിച്ച് കോൻനഗറിലെ ഫാക്ടറിയിൽ ആരെയാണ് കണ്ടതെന്ന് ചോദിച്ചു. അയാൾക്ക് നുണ പറയേണ്ടി വന്നു. ശരിക്കു പറഞ്ഞാൽ അയാൾ േഫാണിൽക്കൂടി കാര്യങ്ങൾ നടത്തി വീട്ടിലേയ്ക്കു പോവുകയാണ് ഉണ്ടായത്. കോൻനഗറിലേയ്ക്കു പോയിട്ടേയില്ല. ഇതൊരു സീരിയസ് മാറ്ററാണ്. ഈ ലോഗ് ബുക്കിലെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ടി.എ. ബില്ലുകൾ തയ്യാറാക്കുക. പോകാതെ പോയിയെന്നു പറഞ്ഞ് ടി.എ. വാങ്ങിയാൽ വകുപ്പു മാറി. എം.ഡി. വെങ്കിടാചലത്തിന് വാണിങ് കൊടുത്തിട്ടുണ്ടത്രെ. ഏതായാലും അയാൾ നോട്ടപ്പുള്ളിയായി. അയാൾ വിട്ട ശരം തിരിച്ചു ചെന്ന് അയാളുടെ മേൽ തന്നെ തറച്ചുകയറി എന്നർത്ഥം.’

അമർ ചാറ്റർജിയ്ക്ക് വളരെ സന്തോഷമായി. എന്തുകൊണ്ടോ അയാൾക്ക് വെങ്കിടാചലത്തെ ഇഷ്ടമായിരുന്നില്ല. എങ്ങിനെയെങ്കിലും ഒന്ന് ഒതുക്കണമെന്നു കരുതിയിരിക്കയായിരുന്നു.

‘ഇത് നീ ആരോടും പറയേണ്ട. സ്വകാര്യമാണ്.’

ഇന്ന് ആ സംഭവം ഓർമ്മ വന്നപ്പോൾ രമേശൻ ആലോചിച്ചു. അത് തനിക്കും ഒരു മുന്നറിയിപ്പായിരുന്നു. ഒന്ന്, ആരെയും മുഴുവൻ വിശ്വസിക്കരുത്. രണ്ട്, കുറ്റപ്പെടുത്താനുള്ള പഴുതുകൾ ആർക്കും കൊടുക്കരുത്. മൂന്ന്, സത്യം ആരോടും പറയാൻ ധൈര്യമുണ്ടായിരിക്കണം. (അത് അർദ്ധസത്യമാണെങ്കിലും എന്ന് രമേശൻ കൂട്ടിച്ചേർത്തു.)

ഏതായാലും ആ സംഭവത്തിനു ശേഷം മാർവാഡിയോട് നേരിട്ട് എന്തു കാര്യവും പറയാനുള്ള ധൈര്യം രമേശനുണ്ടായി.

വൈകുന്നേരം പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് എവിടെയോ വെടിവെപ്പു നടന്നിരിക്കുന്നു. ഇടതു പക്ഷത്തിന്റെ ഒരു വലിയ പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടർന്നാണ് വെടിെവപ്പു വേണ്ടി വന്നത്. രണ്ടു പേർ മരിച്ചു. ഇനിയും പ്രശ്‌നങ്ങളുണ്ടായേക്കാം. ഇപ്പോൾതൊട്ട് പ്രക്ഷോഭവും വെടിവെപ്പും സാധാരണമായിരിക്കുന്നു. വരാൻ പോകുന്ന തെരഞ്ഞെടുപ്പാണ് ഇടതുപക്ഷ പാർട്ടികളുടെ ലക്ഷ്യം. അതിനുവേണ്ടി വിലപിടിച്ച ജീവനുകൾ കുരുതി കൊടുക്കപ്പെടുന്നു. കുടുംബങ്ങൾ അനാഥമാകുന്നു. ഊടു വഴികളിലൂടെ കണ്ണീർ വാതകത്തിന്റെ നീറ്റവും സഹിച്ച് രമേശൻ നടന്നു. മിക്കവാറും കടകൾ അടച്ചിട്ടിരിക്കയാണ്. ബസ്സുകൾ വിരളമായി, ട്രാമുകളും ഏതു നിമിഷത്തിലും നിന്നേക്കാം. എന്തോ ഫ്രാങ്കിനെ കാണണമെന്ന് തോന്നി. മദ്രാസിലേയ്ക്ക് പ്രതീക്ഷിക്കുന്ന മാറ്റത്തെപ്പറ്റി അയാളോട് ഇതുവരെ പറഞ്ഞിട്ടില്ല.

വർക്‌ഷോപ്പിൽ നിന്ന് നേരത്തെ ഇറങ്ങി. നടന്നെത്തിയത് ഫ്രാങ്കിന്റെ വീടിന്റെ മുമ്പിലാണ്. അകത്ത് വെളിച്ചമുണ്ട്. രമേശൻ വാതിൽക്കൽ മുട്ടി. പ്രതീക്ഷിച്ച ശബ്ദം കേൾക്കുകയും ചെയ്തു. ‘കമിൻ’.

പെട്ടെന്ന് രമേശനു തോന്നി താൻ നിൽക്കുന്നത് ഒരു പ്രേതകഥയുടെ നടുവിലാണെന്ന്. ഫ്രാങ്ക് എന്നൊരു കഥാപാത്രം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും, ഇതെല്ലാം തന്റെ തോന്നലുകളാണെന്നും. വെളിച്ചം കുറഞ്ഞ തെരുവിലേയ്ക്ക് തുറക്കുന്ന വാതിലിന്റെ പ്രാചീനത്വവും, അകത്തു ചെന്നാൽ കാണാൻ പോകുന്ന ദൃശ്യങ്ങളും ഇന്നത്തെ അവസ്ഥയ്ക്കു യോജിക്കുന്നില്ലെന്നും താൻ നിൽക്കുന്നത് ഏതോ പ്രേതകഥയുടെ അദ്ധ്യായങ്ങൾക്കിടയിലാണെന്നും. അകത്തുനിന്ന് അക്ഷമമായ ശബ്ദം. ‘ഐ സെഡ് കമിൻ.’

രമേശൻ വാതിൽ തുറന്ന് അകത്തു കടന്നു. ഫ്രാങ്ക് അയാളുടെ ദിവാനിൽ കൈയ്യിലൊരു ഗ്ലാസും പിടിച്ച് ചാരിക്കിടക്കുകയാണ്.

‘ഇന്നു പുറത്തു പോയില്ലേ?’

‘ഇല്ല.’

ഒരുപക്ഷേ രാവിലെ തൊട്ടുള്ള കിടത്തമായിരിക്കും. ഇതേ പോസിൽ, കയ്യിലൊരു ഗ്ലാസ്സുമായി, കാലുകൾ വശത്തുള്ള സ്റ്റൂളിൽ കയറ്റിവച്ച്.

‘പുറത്ത് വിപ്ലവം നടന്നുകൊണ്ടിരിക്കുന്നു.’ രമേശൻ പറഞ്ഞു. ‘അതിന്റെ അലകളൊന്നും ഇവിടെ എത്തിയില്ലേ?’

‘എത്രെണ്ണം ചത്തു?’

‘രണ്ടുപേർ.’

‘ഗുഡ് റിഡൻസ്.’

അയാൾ ഒരു കവിൾ വിസ്‌കി കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തു വച്ച് കൈ തലയ്ക്കു മുകളിൽ വച്ച് ഇരിപ്പായി. രണ്ടു കുടുംബങ്ങൾ അനാഥമായ ഒരു കാര്യം ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത ഒരു മനുഷ്യനെ രമേശൻ അദ്ഭുതത്തോടെ നോക്കി. പക്ഷേ അതിന്റെ ഗുണഭോക്താക്കൾ ഒരു പറ്റം രാഷ്ട്രീയക്കാരാണെന്ന് ഓർത്തപ്പോൾ രമേശന് അമർഷം തോന്നി.

‘റെയ്ഡ് ദ ഫ്രിജ്ജ്, ദേറീസ് സംതിങ് ഫോർ യു ഇൻ ദ ഫ്രീസർ.’

രമേശൻ ഫ്രിജ്ജ് തുറന്നു. ഫ്രീസറിൽ ക്വാളിറ്റി ഐസ്‌ക്രീമിന്റെ ഒരു വലിയ കപ്പ്. അതെടുത്തുകൊണ്ട് രമേശൻ പറഞ്ഞു.

‘ഓകെ, റവലൂഷൻ ക്യാൻ വെയ്റ്റ്.’