തടാകതീരത്ത്: പതിനെട്ട്
തടാകതീരത്ത്: പതിനെട്ട് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | തടാകതീരത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 87 |
മായയുടെ ചേട്ടന് സ്വയം ജീവനൊടുക്കുകയാണ് ചെയ്തതെന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു. എങ്ങിനെയാണ് ആത്മഹത്യ ചെയ്തതെന്ന് രമേശന് ചോദിച്ചില്ല. അവള് അതിനെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. എങ്ങിനെയായാലെന്ത്? നിസ്സഹായതാ ബോധമായിരിക്കണം അയാളെ അങ്ങിനെ ഒരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. അയാള്‍ ഈ മുറിയില്‍ വച്ചാണോ ആത്മഹത്യ ചെയ്തത്? അതോ പുറത്തെവിടെയെങ്കിലും വച്ചോ? ഒരു സാധുജീവിയുടെ ആത്മാവ് ഈ മുറിയില്‍ കിടന്ന് പിടയ്ക്കുകയാണ്. രമേശന് അനുതാപം തോന്നി.
ദിവസങ്ങള്‍ എത്ര വേഗമാണ് പോകുന്നതെന്ന് രമേശന് അദ്ഭുതപ്പെടാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോഴേയ്ക്കും വൈകുന്നേരമാകും. രാത്രി കിടക്കുമ്പോള്‍ അന്ന് എെന്താക്കെയാണ് സംഭവിച്ചതെന്ന് ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നു ധാരാളം കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ അതെല്ലാം എപ്പോള്‍ ചെയ്തു എന്നു മാത്രം മനസ്സിലാവുന്നില്ല. സമയം തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനിടയ്ക്ക് എന്നും വൈകുന്നേരം വര്‍ക്ഷോപ്പില്‍ പോകാറുണ്ട്, ഇടയ്ക്ക് ഫ്രാങ്കിനെ കാണുമ്പോള്‍ അയാളുടെ ഒപ്പം ബാറില്‍ പോകുന്നു, നിരഞ്ജന് ബാനര്‍ജി ഇല്ലാത്ത ദിവസങ്ങളില്‍ ആനന്ദമയീദേവിയും, ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് മായയും മുറിയില്‍ വരാറുണ്ട്. എല്ലാവരും തന്നോട് ഒരുപാടു കാര്യങ്ങള്‍ സംസാരിക്കുന്നു. വീട്ടില്‍ നിന്ന് അനുജത്തിയുടെ കത്തു കിട്ടുമ്പോഴാണ് നാടിനെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ഓര്‍മ്മ വരുന്നത്.
‘ഏട്ടന് അടുത്ത മാസം ലീവില്‍ വന്നുകൂടെ? ഞങ്ങള്‍ക്കൊക്കെ സ്കൂള്‍ പൂട്ടും. അപ്പോള്‍ രസമായിരിക്കും. കുട്ടികളൊക്കെ ഇപ്പോള്‍ പരീക്ഷയുടെ തിരക്കിലാണ്. എന്റെ പരീക്ഷ പത്താം തിയ്യതി കഴിയും. എസ്. എസ്.എല്‍.സി. കഴിഞ്ഞാല്‍ ഞാനെന്താണ് ചെയ്യേണ്ടത്? ടൈപ്പിങ് പഠിക്കാന്‍ പോട്ടെ? വെറുതെ വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലതല്ലെ. അഥവാ ജോലിയെടുക്കേണ്ടി വന്നെങ്കിലോ. അച്ഛന് ഇന്നാണെങ്കില്‍ ഇന്ന് എന്നെ കല്യാണം കഴിച്ചു പറഞ്ഞയക്കണമെന്ന് ആലോചിച്ചു കൊണ്ടിരിക്ക്യാണ്. എനിക്ക് മനസ്സിലാക്കാന്‍ പറ്റും. അടുത്ത കൊല്ലം തൊട്ട് ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാവുകയല്ലേ. അച്ഛന് പേടിയാണ്. എന്തെങ്കിലുമാവട്ടെ. കല്യാണം കഴിക്കാന്‍ വരുന്ന പയ്യന് ഏട്ടനെേപ്പാലെ കല്‍ക്കത്തയിലോ മദ്രാസിലോ ഒക്കെ ആണെങ്കില്‍ എനിക്കും ജോലിയെടുക്കാമല്ലൊ. ഏട്ടന് വന്നാല്‍ ഇതെല്ലാം നേരിട്ട് സംസാരിച്ച് തീര്ച്ചയാക്കായിരുന്നു...’
രമേശന് ഉടനെ മറുപടി എഴുതി. ഉടനെത്തന്നെ എഴുതിയില്ലെങ്കില്‍ കത്തെഴുതലുണ്ടാവില്ല. നാട്ടില്‍ വരാന്‍ പറ്റില്ലെന്നാണ് എഴുതിയത്. ഒന്നാമതായി ലീവെടുത്തില്ലെങ്കില്‍ അതിനു പകരം ശമ്പളം കിട്ടും. അതും നാട്ടില്‍ വരാനുള്ള ചിലവും ലാഭിക്കാം. നിന്റെ കല്യാണം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള പണം ഉണ്ടാക്കണ്ടെ? ഏതായാലും ടൈപ്ൈററ്റിങ്ങിനു പൊയ്ക്കോളു. ഞാന്‍ ഈ മാസം കുറച്ചു കൂടുതല്‍ പണമയക്കാം. ഒപ്പം ഷോര്ട്ഹാന്റും പഠിക്കണം...
അത് മറ്റൊരു ലോകമാണ്. നഗരത്തിന്റെ തിരക്കും പടയുമൊന്നുമില്ലാത്ത, ഗ്ലാമറില്ലാത്ത ഒരു ലോകം. പക്ഷേ അവിടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാണ്. അവയ്ക്കുള്ള പരിഹാരങ്ങള്‍ സങ്കീര്‍ണ്ണവുമാണ്. തന്റെ അനുമാനം ശരിയാണെങ്കില്‍ അച്ഛന് ഇപ്പോള്‍ത്തന്നെ ലതികയ്ക്കു വേണ്ടി പയ്യനെ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. അവള് കല്യാണം കഴിച്ചുപോയാല്‍ പിന്നെ കുട്ടികളുടെ കാര്യം ആരാണ് നോക്കുക? അച്ഛന്റെ കാര്യവും. അച്ഛന്റെ ആരോഗ്യം മോശമായി വരികയാണെന്ന് ലതിക എഴുതിയിരുന്നു. വിടാതെയുള്ള ചുമയും ഇടയ്ക്കിടയ്ക്ക് പനിയും. താന്‍ ഇവിടെയിരുന്നുകൊണ്ട് എന്തു ചെയ്യാനാണ്. ഒരു ഡോക്ടറെ കാണിക്കാന്‍ എഴുതിയിരുന്നു. കാണിച്ചുവോ എന്നറിയില്ല.
ഒരു സിനിമയ്ക്കു പോകാന്‍ തോന്നുന്നില്ല. ഹാളിലിരിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് വാടിയ നാലു മുഖങ്ങളാണ്. രണ്ടു കൊല്ലം മുമ്പ് എല്ലാവരും തന്നെ ബസ്സു കയറ്റാന്‍ വന്നിരുന്നു. ചിരിച്ചു കളിച്ചുകൊണ്ടിരുന്ന മുഖങ്ങള്‍ ബസ്സു വന്നപ്പോഴേയ്ക്ക് പെട്ടെന്നു വാടി. അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും അയാള്‍ക്ക് ഓര്‍മ്മയുണ്ട്. പഴകി നരച്ച ഉടുപ്പുകള്‍. ചെരിപ്പില്ലാത്ത പൊടി നിറഞ്ഞ കാലുകള്‍. രണ്ടു കൊല്ലം മുമ്പു കണ്ട ആ കാഴ്ച ഓര്‍മ്മ വന്നപ്പോള്‍ നാട്ടില്‍ പോകാന്‍തന്നെ രമേശന് തീരുമാനിച്ചു. നാളെ അതിരാവിലെ എസ്പ്ലനേഡില് പോകണം. റെയില്‍വേ ബുക്കിങ് ഓഫീസ് അവിടെയാണ്. തല്ക്കാലം നാട്ടില്‍ വരുന്ന കാര്യം വീട്ടില്‍ അറിയിക്കണ്ട. അവര്‍ക്കെല്ലാം ഒരദ്ഭുതമാവട്ടെ.
ഞായറാഴ്ചയായതുകൊണ്ട് നീണ്ട ക്യൂ ഉണ്ടായിരുന്നു. ആള്ക്കാര് തലേന്നു രാത്രി തന്നെ വന്ന് സ്ഥാനം പിടിക്കാറുണ്ട്. ക്യൂവില്‍ത്തന്നെ ഒരു വിരിപ്പും വിരിച്ച് കിടന്നുറങ്ങും. അതിനിടയ്ക്ക് ഏജന്റുമാരുടെ ആള്‍ക്കാരും സ്ഥലം പിടിക്കും. അവര്‍ക്കിടയില്‍ രാത്രി കഴിച്ചുകൂട്ടുക വിഷമമാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ടിക്കറ്റു കിട്ടി, അയാള്‍ പുറത്തു കടന്നു. ടിക്കറ്റ് ഒരിക്കല്‍ക്കൂടി എടുത്തു പരിശോധിച്ചു. അയാളെ ആയിരത്തഞ്ഞൂറ് നാഴിക ദൂരെയുള്ള ഒരു ഗ്രാമത്തിലെത്തിയ്ക്കാന് പോകുന്ന ആ ടിക്കറ്റ് അയാള്‍ സ്നേഹത്തോടെ തലോടി. അവിടെ അയാള്‍ക്ക് വേണ്ടപ്പെട്ടവരെല്ലാമുണ്ട്.
ഫ്രാങ്കിനെ കുറച്ചു ദിവസമായി കണ്ടിട്ട്. കഴിഞ്ഞ ഒരാഴ്ചയായി അയാളെപ്പറ്റി അന്വേഷിക്കാന്‍ സമയം കിട്ടിയിട്ടില്ല. ധാരാളം ഡിഫന്‍സ് ടെണ്ടറുകളുണ്ടായിരുന്നു. അതിനെല്ലാം ക്വൊട്ടേഷന്‍ കൊടുക്കണം. ഓഫീസില്‍ നിന്ന് ഇറങ്ങാന്‍തന്നെ അഞ്ചു മണി കഴിയും. മിക്കവാറും അമര്‍ ചാറ്റര്‍ജി വര്‍ക്ഷോപ്പു വരെ കാറില്‍ കൊണ്ടുവിടും. അയാള്‍ക്ക് കുറച്ചു വളവാണെങ്കിലും സന്തോഷത്തോടെ ചെയ്തു തരുന്നു. വര്‍ക്ഷോപ്പില്‍ നിന്ന് ഇറങ്ങുമ്പോഴേയ്ക്ക് ഫ്രാങ്ക് സ്ഥലം വിട്ടിട്ടുണ്ടാകും. ഏതെങ്കിലും ഹോട്ടലിലോ ബാറിലോ കസ്റ്റമര്‍ക്ക് വേണ്ടുന്ന ‘മാല്’ എത്തിച്ചുകൊടുക്കുകയാവും.
തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തി ആദ്യം ചെയ്ത പണി അടുത്ത തിങ്കളാഴ്ച മുതല്‍ ഒരു മാസത്തെ പ്രിവിലേജ് ലീവിനു അപേക്ഷിക്കലായിരുന്നു. ചിത്രഗുപ്തന്റെ ജോലി ചെയ്തിരുന്ന സുബ്രാതോ ചക്രവര്‍ത്തിയോട് ലീവിന്റെ കണക്ക് അന്വേഷിച്ചു. ഒന്നേകാല്‍ മാസത്തെ ലീവ് കിടക്കുന്നു. അവിടെ ചെന്ന് തരംപോലെ ഒരാഴ്ചയ്ക്കു കൂടി നീട്ടാം. ലീവ് ലെറ്റര്‍ കൊടുത്തപ്പോള്‍ അമര്‍ ചാറ്റര്‍ജിയുടെ മുഖം ചുളിഞ്ഞു.
‘നീ എന്തിനാണ് ഇപ്പോള്‍ ലീവെടുക്കണത്?’
രമേശന് ഒന്നും പറയാതെ ചിരിച്ചു.
‘നീ ഇപ്പോള്‍ ലീവെടുത്താല്‍ ശരിയാവില്ല. ഒന്നാമതായി എം.ഡി. സമ്മതിക്കുമെന്നു തോന്നുന്നില്ല. പൂജാ സമയത്ത് ലീവെടുത്താല്‍ മതി. അപ്പോള്‍ പൂജയുടെ അവധിയും കൂട്ടിയെടുത്തുകൂടെ?’
നവരാത്രിയ്ക്ക് ഇനി മാസങ്ങളെത്ര കിടക്കുന്നൂ?
‘വീട്ടില്‍ അച്ഛന് സുഖമില്ലാതിരിക്ക്യാണ്. പിന്നെ ഞാന്‍ ചെന്നശേഷം ഒന്നുരണ്ട് അത്യാവശ്യകാര്യങ്ങള്‍ ശരിയാക്കാനുണ്ട്...’
‘ഞാന്‍ അപേക്ഷ എം.ഡി.ക്കു അയച്ചുനോക്കാം. അദ്ദേഹം സാങ്ഷന് ചെയ്യുകയാണെങ്കില്‍ ഓകെ.’
അമര്‍ ബാബു ലീവ്ലെറ്റര്‍ അപ്പോള്‍ തന്നെ മാര്‍വാഡിയ്ക്ക് അയച്ചുകൊടുത്തുവെന്നു തോന്നുന്നു. പതിനഞ്ചു മിനുറ്റിനകം രമേശന് അകത്തേയ്ക്ക് വിളിക്കപ്പെട്ടു. അയാള്‍ എന്തുകൊണ്ടോ നെര്‍വസ്സായി.
‘ഇരിക്കു.’ മുമ്പിലുള്ള കസേലകളിലൊന്ന് ചൂണ്ടിക്കാട്ടി എം.ഡി. പറഞ്ഞു.
‘ആരൊക്കെയുണ്ട് വീട്ടില്‍?’ മാര്‍വാഡി ഓരോരോ കാര്യങ്ങളായി ചോദിച്ചു മനസ്സിലാക്കുകയാണ്. പത്തു മിനുറ്റിനുള്ളില്‍ രമേശന്റെ പശ്ചാത്തലം മുഴുവന്‍ അദ്ദേഹം മനസ്സിലാക്കിയെടുത്തു.
‘നീ ഇപ്പോള്‍ ലീവെടുക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. ഡിഫന്‍സിന്റെ വലിയൊരു പ്രൊജക്ടാണ് വരുന്നത്. അതിനുവേണ്ടി നമ്മള് ഒരുപാടു ജോലി എടുത്തിട്ടുള്ളതാണ്. അവസാനം ക്വൊട്ടേഷന്‍ കൊടുക്കേണ്ട സമയത്ത് അലസത കാട്ടിയാല്‍ ശരിയാവില്ല. സെന്റിമെന്റലാവരുത്. കാര്യങ്ങള്‍ നടന്നുകിട്ടുകയാണ് വേണ്ടത്. ലീവെടുത്തില്ലെങ്കില്‍, നിന്റെ ക്രെഡിറ്റില്‍ എത്ര ലീവുണ്ട്?’
‘മുപ്പത്തെട്ടു ദിവസം, സര്.’
‘നിനക്ക് മുപ്പത്തെട്ടു ദിവസത്തെ ശമ്പളം ഇന്നുതന്നെ വാങ്ങാം. ഞാന്‍ ചീഫ് അക്കൗണ്ടണ്ടിനോടു പറയാം. പോരാത്തതിന് ഒരു മാസത്തെ ശമ്പളം എക്സ് ഗ്രേഷ്യയായും തരാം. അത് പരമരഹസ്യമാണ്. നന്നായി ജോലിയെടുക്കുന്നു എന്ന് എനിക്ക് ബോധ്യമുള്ള ഏതാനും പേര് ക്കേ ഞാനതു കൊടുക്കാറുള്ളൂ. മറ്റുള്ളവര്‍ക്കെല്ലാം സാധാരണ കിട്ടാറുള്ള ബോണസ്സു മാത്രം. അതു നിനക്ക് എന്തായാലും കിട്ടും.’
അദ്ദേഹം മേശയുടെ അടിയിലുള്ള സ്വിച്ച് അമര്‍ത്തി. വാതിലിനു പുറത്ത് ബെല്ലടിച്ചു. ഗോലക് വാതില്‍ തുറന്ന് അകത്തുവന്നു സലാം വച്ചു.
‘ഈ സാബിന്റെ കയ്യില്‍ ഒരു ടിക്കറ്റുണ്ട്. നീ ഇപ്പോള്‍ത്തന്നെ പോയി അതു ക്യാന്‍സല്‍ ചെയ്തു വരണം. മനസ്സിലായോ?’
‘ജീ, സാബ്.’
അവന് ഒരിക്കല്‍ക്കൂടി സലാം വച്ച് പുറത്തു പോയി.
‘നീ സംതൃപ്തനല്ലെ?’ എം.ഡി. ചോദിച്ചു.
‘അതെ, സര്.’ രമേശന് പറഞ്ഞു.
‘അപ്പോള്‍ നന്നായി ജോലിയെടുക്കുക. നിന്റെ കാര്യം ഞാന്‍ നോക്കുന്നുണ്ട്. മനസ്സിലായോ?’ അദ്ദേഹം എഴുന്നേറ്റ് കൈ നീട്ടി. രമേശനും എഴുന്നേറ്റു, കൈനീട്ടി.
‘താങ്ക് യു, സര്.’
അമര്‍ ചാറ്റര്‍ജിയോട് എക്സ് ഗ്രേഷ്യയുടെ കാര്യമൊഴികെ എല്ലാം പറഞ്ഞേപ്പാള്‍ അയാള്‍ ചിരിച്ചു.
‘ഒമി ജാനി... ഞാന്‍ പറഞ്ഞില്ലേ, ലീവിന്റെ കാര്യം സംശയമാണെന്ന്. ഒരുപാടു ജോലിയുണ്ട്. ഇന്ന് ജോലി, നാളെ ഒഴിവ്, എന്താ?’
‘അമര്‍ ബാബു ഒമാര്‍ ഖയ്യാമല്ലെന്നു മനസ്സിലായി.’ രമേശന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘റുബായിയാത്തില് പറഞ്ഞത് നേരെ മറിച്ചാണ്. വേല നാളെ, ഇന്ന് ഉത്സവവേളയെന്നാണ്.’
പതിനൊന്നു മണിയോടെ ചീഫ് അക്കൗണ്ടന്റ് അയാളുടെ ചേമ്പറിലേയ്ക്ക് വിളിപ്പിച്ചു. സാധാരണ ശമ്പളം കൊടുക്കാറ് അസിസ്റ്റന്റ് അക്കൗണ്ടന്റാണ്. എക്സ്ഗ്രേഷ്യ പരമരഹസ്യമായി തരുന്നതായിരിക്കും. ഒരുപക്ഷേ അസിസ്റ്റന്റ് അക്കൗണ്ടന്റുപോലും അറിയുന്നുണ്ടാവില്ല. എന്തായാലും പണം ചെലവാക്കാതെ ബാങ്കിലിടണമെന്നു തീര്‍ച്ചയാക്കി. ലതികയ്ക്ക് വല്ല ആലോചനയും വരികയാണെങ്കില്‍ തനിക്ക് ധൈര്യമായി പറയാമല്ലൊ.
ഓഫീസില്‍നിന്നു പുറത്തിറങ്ങാന്‍ അഞ്ചര മണിയായി.
‘ഞാന്‍ നിന്നെ വര്‍ക്ഷോപ്പില്‍ ഡ്രോപ്പു ചെയ്യാം.’ അമര്‍ ചാറ്റര്‍ജി പറഞ്ഞു.
ബെന്റിങ്ക് സ്റ്റ്രീറ്റിലെത്തിയപ്പോഴാണ് കണ്ടത്. ്രഫാങ്ക് തന്റെ സ്ഥിരം സ്ഥാനത്ത് നോക്കുകുത്തിപോലെ നില്‍ക്കുകയാണ്. രമേശന് ഒരു തമാശ തോന്നി.
‘ഞാന്‍ നിങ്ങള്‍ക്ക് ഒരാളെ പരിചയപ്പെടുത്താം.’
‘ആരാണത്?’
‘പറയാം. ഒരു ഇന്ററസ്റ്റിങ് ക്യാരക്ടറാണ്.’ രമേശന് കാറില്‍നിന്നിറങ്ങി മറുവശത്തേയ്ക്ക് കൈകാണിച്ച് വിളിച്ചു. ‘ഫ്രാങ്ക്.’
ഫ്രാങ്ക് തലയുയര്‍ത്തി, രമേശനെ കണ്ടപ്പോള്‍ റോഡു മുറിച്ചു കടന്നു. ആ മനുഷ്യന്റെ പ്രായത്തെ ബഹുമാനിച്ചിട്ടാണെന്നു തോന്നുന്നു അമര്‍ ബാബു കാറില്‍ നിന്നിറങ്ങി വന്നു.
‘ഇതാണ് എന്റെ ബോസ്സ്, മിസ്റ്റര്‍ അമര്‍ ചാറ്റര്‍ജി, ഇത് ഫ്രാങ്ക്, എന്റെ സ്നേഹിതനാണ്. മെന്റര്‍ ഓഫ് മൈ സോള്‍.’
താന്‍ ആ വിശേഷണം അര്‍ഹിക്കുന്നു എന്ന മട്ടില്‍ ഫ്രാങ്ക് തലയാട്ടി. അവര്‍ കൈകൊടുത്തു.
‘വരൂ, വി വില്‍ ടാക് ഓവെറ ഡ്രിങ്ക്.’
അമര്‍ ബാബു രമേശനെ നോക്കി. രമേശന് തലയാട്ടി.
‘വരൂ, പോകാം.’ ഫ്രാങ്ക് കാറിന്റെ പിന്നിലെ വാതില്‍ തുറന്ന് അകത്തു കയറുകയാണ്. അമര്‍ ബാബു ഒരു നിമിഷം സംശയിച്ചശേഷം കാറില്‍ കയറി.
‘വീട്ടില്‍ പോകാം.’ ഫ്രാങ്ക് പറഞ്ഞു. ‘ഇന്ന് ബാറുകള്‍ സേയ്ഫ് അല്ല.’
രമേശന് വഴി പറഞ്ഞു കൊടുത്തു. അമര്‍ ബാബുവിന്റെ മുഖത്ത് അദ്ഭുതവും, എന്തൊക്കെയോ മനസ്സിലാവാത്ത ഭാവവുമുണ്ടായിരുന്നു. ഫ്രാങ്കിന്റെ സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ രമേശന് പറഞ്ഞു.
‘ഫ്രാങ്ക്, ഞാന്‍ പോകുന്നു, നിങ്ങള്‍ മദ്യപിക്കൂ.’
‘ഗള്‍പ് ഡൗണ്‍ എ കോക്, ആന്റ് ഗോ.’
രമേശന് ഫ്രിജ്ജ് തുറന്ന് ഒരു കോക്കെടുത്ത് തുറന്നു. ആ വീട്ടില്‍ രമേശനുള്ള സ്വാതന്ത്ര്യവും പരിചയവും കണ്ട് അമര്‍ ബാബു അദ്ഭുതപ്പെട്ട് നോക്കിയിരിക്കയാണ്. ഇങ്ങിനെ ഒരു കഥാപാത്രത്തെപ്പറ്റി രമേശന് ഇതുവരെ പറഞ്ഞിട്ടില്ല. ഫ്രാങ്ക് രണ്ടു ഗ്ലാസ്സുകള്‍ എടുക്കുകയായിരുന്നു. കൊക്കോക്കോല കുടിച്ചശേഷം രമേശന് പോകാനൊരുങ്ങി. അവര്‍ രണ്ടുപേരും സോഫയുടെ ഇരുവശത്തുമായി ഇരുന്ന് കുടിക്കാന്‍ തുടങ്ങിയിരുന്നു. മേശപ്പുറത്തു വച്ച പ്ലെയ്റ്റില്‍നിന്ന് ഒരു പിടി വേഫേഴ്സ് വാരി രമേശന് പുറത്തു കടന്നു.
വര്‍ക്ഷോപ്പില്‍ ഒരു മണിക്കൂറെ ചെലവാക്കാന്‍ പറ്റിയുള്ളൂ. എട്ടേകാലിന് പുറത്തിറങ്ങി ഫ്രാങ്കിന്റെ വീടു വഴി പോകാമെന്നു കരുതി. ഒരു തിരിവു കടന്നപ്പോള്‍ അമര്‍ ബാബുവിന്റെ കാര്‍ കിടക്കുന്നതു കണ്ടു. അദ്ദേഹം ഫ്രാങ്കിന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നു. ഒപ്പം ഒരു ചെറുപ്പക്കാരനുമുണ്ട്. അധികം ഉയരമില്ലാത്ത ഒരാള്‍. പത്തുപതിനെട്ടു വയസ്സു പ്രായമായിട്ടുണ്ടാകും. അമര്‍ ബാബു അയാളുടെ അരക്കെട്ടിലൂടെ പിടിച്ചിരിക്കയാണ്. അവര്‍ കാറില്‍ കയറി, കാര്‍ സ്റ്റാര്‍ട്ടാക്കി. രമേശന് തിരിവില്ത്തന്നെ അനങ്ങാതെ നിന്നു. അമര്‍ ബാബു തന്നെ ഇപ്പോള്‍ കാണേണ്ട. കാര്‍ പോയ ശേഷം അയാള്‍ ഫ്രാങ്കിന്റെ വീട്ടിന്റെ വാതില്ക്കല് ചെന്നു ബെല്ലടിച്ചു.
‘നിന്റെ സ്നേഹിതന് ഇപ്പോള്‍ പോയിട്ടേയുള്ളൂ.’ ഫ്രാങ്ക് പറഞ്ഞു. ‘നല്ല മനുഷ്യന്.’
‘അയാള്‍ നിങ്ങള്‍ക്ക് വിഷമമൊന്നുമുണ്ടാക്കിയിട്ടില്ലല്ലോ.’
രമേശന് ചോദിച്ചു.
‘ഏയ്, നല്ല മനുഷ്യന്. പിന്നെ താങ്ക്സ് ഫോര്‍ ഇെന്റ്രാഡ്യൂസിങ്ങ് എ ന്യൂ കസ്റ്റമര്‍.’ ഫ്രാങ്ക് കണ്ണിറുക്കി കാട്ടി. ‘യു നോ വണ്‍ തിങ്, ഹിയീസെ...’