തടാകതീരത്ത്: ഇരുപത്തിരണ്ട്
തടാകതീരത്ത്: ഇരുപത്തിരണ്ട് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | തടാകതീരത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 87 |
മേശപ്പുറത്ത് ഒരു പ്ലെയ്റ്റില്‍ സാന്റ്വിച്ചുകള്‍ ഉണ്ടാക്കിവച്ചിരിക്കുന്നു. ഒരു ചൈനാ പാത്രത്തില്‍ ചായയും. ചായ കൂട്ടിയിട്ടുണ്ടായിരുന്നില്ല. കറുത്ത ചായ രണ്ടു കപ്പുകളില്‍ പകര്‍ന്നു, പാല് ഒഴിച്ചശേഷം പഞ്ചസാരയിടുമ്പോള്‍ ഫ്രാങ്ക് ചോദിച്ചു. ‘എത്ര പഞ്ചസാര?’
മറുവശത്ത് കസേലയില്‍ ഇരുന്നുകൊണ്ട് രമേശന് പറഞ്ഞു. ‘ഒരു സ്പൂണ്‍ ഫുള്‍.’
രമേശന് വിശക്കുന്നുണ്ടായിരുന്നു. ഒരു സാന്റ്വിച്ചെടുത്ത് കടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
‘മോള് എന്താണ് ചെയ്തത്? ആത്മഹത്യ ചെയ്തുവോ?’
ചോദ്യം വല്ലാതെ ക്രൂരമായെന്ന് രമേശനറിയാമായിരുന്നു. അതയാള്‍ ഉദ്ദേശിച്ചതുമാണ്. ചായക്കപ്പെടുത്ത് ഒരു കവിള് കുടിച്ച ശേഷം ഫ്രാങ്ക് ശാന്തനായി പറഞ്ഞു. ‘ഐ വിഷ് ഷി ഡിഡിറ്റ്!’
അവള് അതു ചെയ്തെങ്കിലെന്ന് ഞാന്‍ ആശിക്കുകയാണ്. ‘ഷി ജസ്റ്റ് ഡിസപ്യേഡ്. അതെ, അവള് പെട്ടെന്ന് അപ്രത്യക്ഷയായി. അതാണുണ്ടായത്.’
ഫ്രാങ്ക് ഒന്നും കഴിക്കാതെ ചായ കുടിക്കുക മാത്രം ചെയ്തു.
‘അവള് പോയ ദിവസം ഞാന്‍ അവളുടെ മുറി മുഴുവന്‍ പരതി. അവളുടെ സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം അവിടെത്തന്നെയുണ്ട്. അപ്പോഴാണ് എനിക്കവളുടെ ഡയറി കിട്ടുന്നത്, ഒരു കത്തും. പപ്പാ ഞാന്‍ എനിക്കിഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ഒപ്പം പോകുന്നു. പപ്പായ്ക്ക് കുറച്ചെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കില്‍ അന്വേഷിക്കാന്‍ മെനക്കെടരുത്. ഞാന്‍ ഈ നരകത്തില്‍നിന്ന് രക്ഷപ്പെടുകയാണ്. അത്രമാത്രം. ശരി എല്ലാം സമ്മതിച്ചു. അവള്‍ക്കിഷ്ടമുള്ള ചെറുപ്പക്കാരന്, നരകത്തില്‍നിന്ന് രക്ഷപ്പെടല്‍. എല്ലാം ഭംഗിയായി അവസാനിക്കുന്ന ഒരു നാടകത്തിന്റെ ഷെനറിയോ ആയേനെ, ആ ചെറുപ്പക്കാരന് ഒരു ക്രിമിനല്‍ അല്ലായിരുന്നുവെങ്കില്‍.’
‘ക്രിമിനല്‍?’ രമേശന് മുഖം ചുളിച്ചു.
‘അതെ, ക്രിമിനല്‍. അവന്റെ പേരില്‍ ധരാളം കേസുകള്‍ ഉണ്ട്. അവന് പരിസരത്തെങ്ങാനുമുണ്ടെങ്കില് പോലീസ് മണത്തു വരും. അത്ര പ്രശ്നക്കാരന്‍. എന്തിനെന്റെ മകള്‍ക്ക് ഇങ്ങിനെയൊരു വിധി കൊടുത്തു? ഞാന്‍ കുറേ അന്വേഷിച്ചു. ദേ ഹാവ് വാനിഷ്ഡ് ഇന്‍ടു തിന് എയര്‍. അതിനുശേഷം അവനെയും ആരും കണ്ടിട്ടില്ല.’
ഇപ്പോള്‍ എന്തായി? രമേശന് ആലോചിച്ചു. ചിലതെല്ലാം നിഗൂഢമായി ഇരിക്കട്ടെ എന്നു പറഞ്ഞപോലെത്തന്നെയായി. അതെല്ലാം നിഗൂഢമായിത്തന്നെ കിടക്കുന്നു. അതിനിടയ്ക്ക് തന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തിയതു വെറുതെയായെന്നു മാത്രം.
സ്വന്തം മുറിയിെല നിശ്ശബ്ദതയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ രമേശന് ആലോചിച്ചു. ക്രിമിനല്‍ എന്നാണ് ഫ്രാങ്ക് പറഞ്ഞത്. അതെന്തുമാകാം. മോഷണം, കവര്‍ച്ച, കൊലപാതകം. അല്ലെങ്കില്‍ ഇപ്പോള്‍ ഫ്രാങ്ക് ചെയ്യുന്നത്. അതും ആ വകുപ്പില്‍ത്തന്നെ പെടുന്നതല്ലെ. െടസ്സിയുടെ ചിത്രം അവളുടെ മുറിയില്‍ വച്ചിരുന്നു. പലയിടത്തും തുരുമ്പു പിടിച്ച് നിറം മങ്ങിയ പ്രേയിമിനുള്ളിലെ ചിത്രം ചെറുജീവികള്‍ കാര്‍ന്നുതിന്നു തുടങ്ങിയിരുന്നു. അവളുടെ ഓമനത്വമുള്ള മുഖം നേരിയ ബ്രൗണ്‍ നിറം പൂണ്ട ഫോട്ടോവില്‍ ഉദിച്ചു കണ്ടു. ആ മുഖം ഫ്രാങ്ക് ഉയര്‍ത്തിപ്പിടിച്ച ഉടുപ്പില്‍ രമേശന് സങ്കല്പിച്ചുനോക്കി. ഒരു കൊച്ചു സുന്ദരി. ഇപ്പോഴവള്‍ക്ക് എത്ര വയസ്സായിട്ടുണ്ടാകും? മുപ്പത്തിനാല് മുപ്പത്തിയഞ്ച്. അവള് ജീവിച്ചിരിപ്പുണ്ടോ? അവള്‍ക്ക് വീടും കുട്ടികളുമായി ഒരു കുടുംബജീവിതം നയിക്കാന്‍ പറ്റിയിട്ടുണ്ടാകുമോ? അതോ കല്‍ക്കത്തയെപ്പോലുള്ള മറ്റേതെങ്കിലും നഗരത്തിലെ ചുവന്ന തെരുവിന്റെ നിര്‍ദ്ദയതയില്‍ ഒടുങ്ങിയിട്ടുണ്ടാകുമോ? മനസ്സില്‍ നേരിയ, കാര്‍ന്നു തിന്നുന്ന വേദന.
രമേശന് ഫ്രാങ്കിനെപ്പറ്റി ഓര്‍ത്തു. വല്ലാത്തൊരു മനുഷ്യന്. ജീവിതത്തില്‍ ഏതൊക്കെ വഴികളില്‍ക്കൂടി സഞ്ചരിക്കേണ്ടി വന്നു. എന്തൊക്കെ സഹിക്കേണ്ടി വന്നു. എന്നിട്ടും ആ മനുഷ്യന് സ്വന്തം ആത്മാവ് കളയാതെ സൂക്ഷിക്കുന്നുണ്ടെന്ന് രമേശനു തോന്നി. അയാള്‍ക്ക് ്രഫാങ്കിനോട് ആദരവു തോന്നി.
പിേറ്റന്ന് ഓഫീസില്‍ പോയപ്പോള്‍ ഒരു വാര്‍ത്ത അയാളെ കാത്തിരിക്കുകയായിരുന്നു. വെങ്കിടാചലത്തിനെ പിരിച്ചുവിട്ടിരിയ്ക്കുന്നു. രമേശന് സാധാരണ മട്ടില്‍ അക്കൗണ്ടന്റിന്റെ മുറിയില്‍ വച്ചിരുന്ന ഹാജര്‍ പട്ടികയില്‍ ഒപ്പിട്ട് പുറത്തിറങ്ങി. ആദ്യം വന്നത് സമരേശ് ഭട്ടചാര്‍ജിയാണ്. അയാള്‍ പറഞ്ഞു. ‘കൊണ്‍ഗ്രാജുലേഷന്‍സ് രൊേമശ്...’ തന്റെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നുവോ എന്ന സംശയത്തില്‍ രമേശന് ചോദിച്ചു.
‘കീശേര്‍?’
‘വെങ്കിട്ചലം ഈസ് സാക്ഡ്.’
രമേശന് പെട്ടെന്ന് ഒരു വല്ലായ്മയനുഭവെപ്പട്ടു. പറഞ്ഞുവരുമ്പോള്‍ വെങ്കിടാചലത്തിന്നെതിരെ അന്വേഷിക്കാന്‍ എം.ഡി.യെ പ്രേരിപ്പിച്ചത് രമേശന്റെ വാക്കുകളായിരുന്നു. അന്വേഷണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. വെങ്കിടാചലം പല ഫാക്ടറികളിലും പോകാതെത്തന്നെ ഫോണില്‍ കാര്യം നിര്‍വ്വഹിച്ച് രജിസ്റ്ററില്‍ ഒപ്പിട്ട് നേരത്തെ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തെ രജിസ്റ്റര്‍ പരിശോധിച്ച് ഓരോ ഫാക്ടറിയിലും അന്വേഷിച്ചപ്പോഴാണ് കാര്യം പുറത്തു വന്നത്. ആ ദിവസങ്ങളിലെയൊക്കെ യാത്രാപ്പടി അയാള്‍ കൈപ്പറ്റിയിട്ടുണ്ട്. ഒരു വലിയ സംഖ്യയാണത്. ആരാണ് ഈ ഫാക്ടറികളിലൊക്കെ പോയി അന്വേഷിച്ചതെന്നറിയില്ല. ഫാക്ടറികളിലൊക്കെ ഉള്ളിലേയ്ക്കു കടക്കാന്‍ സെക്യൂരിറ്റി ഓഫീസിലുള്ള രജിസ്റ്ററില്‍ പേരെഴുതണം. ഏതു കമ്പനിയില്‍ നിന്നാണ് വരുന്നത്, ആരെ കാണാനാണ്, ഉള്ളില്‍ കടക്കുന്ന സമയം, പുറത്തു വരുന്ന സമയം. ഇതെല്ലാം വിശദമായി രേഖപ്പെടുത്തണം. ഏതു വലിയ ഉദ്യോഗസ്ഥനാണെങ്കിലും ഈ വിവരങ്ങള്‍ കൊടുത്തേ പറ്റൂ.
ആരാണ് ഈ കാര്യം പുറത്തു പറഞ്ഞതെന്ന് രമേശനു മനസ്സിലായില്ല. കൂടുതല്‍ കൂടുതല്‍ ആള്ക്കാര് അയാളെ പൊതിഞ്ഞു. ശരിക്കും എന്താണുണ്ടായതെന്ന് അവര്‍ക്കറിയണം. ഒരു കാര്യം വ്യക്തമായി. ആര്‍ക്കും വെങ്കിടാചലത്തിനെ ഇഷ്ടമായിരുന്നില്ല. അയാളുടെ ഗര്‍വ്വും നിങ്ങളൊക്കെ പുഴുക്കള്‍ എന്ന പെരുമാറ്റവും ഇഷ്ടപ്പെടാന്‍ വിഷമമാണ്. കൂട്ടുകാരുടെ തിരക്ക് ഒഴിഞ്ഞപ്പോള്‍ അയാള്‍ സ്വന്തം സ്ഥാനത്ത് പോയി ഇരുന്നു. സാവധാനത്തില്‍ മനസ്സില്‍ ഒരു വേദന വളര്‍ന്നു വന്നു. എന്തൊക്കെയായാലും താന്‍ കാരണം ഒരാളുടെ ജോലി പോയല്ലോ. വെങ്കിടാചലം ശ്രമിച്ചത് തന്റെ ജോലി തെറിപ്പിക്കാനാണ് അല്ലെങ്കില്‍ തന്റെ കയറ്റത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനാണ് എന്നൊന്നും അയാള്‍ അപ്പോള്‍ ആലോചിച്ചില്ല.
വൈകുന്നേരം കാറില്‍ കയറി രമേശനു കയറാനായി മുമ്പിലെ വാതില്‍ തുറന്നുകൊണ്ട് അമര്‍ ബാബു പറഞ്ഞു. ‘ഇന്ന് നിന്റെ ദിവസമാണ്, നിന്റെ വക എനിക്ക് ട്രീറ്റ് വേണം.’
‘പോകാം.’ രമേശന് പറഞ്ഞു. പെട്ടെന്ന് പണമുണ്ടോ എന്നു നോക്കാനായി അയാള്‍ കീശയില്‍ കയ്യിട്ടു. പത്തു പതിനഞ്ചു രൂപയുണ്ട്. വെറുമൊരു മദ്രാസി റെസ്റ്റോറണ്ടില്‍ പോയി മസാല ദോശയും ചായയും കുടിക്കുകയാണെങ്കില്‍ ഈ തുക മതിയാവും. മറിച്ച് ചിങ്വാ പോലുള്ള ചൈനീസ് റെസ്റ്റോറണ്ടിലോ അതുപോലുള്ള ഗ്രേഡ് വണ്‍ റെസ്റ്റോറണ്ടിലോ പോകുകയാണെങ്കില്‍ ഇതൊന്നും മതിയാവില്ല.
രമേശന്റെ പരിഭ്രമം ചാറ്റര്‍ജിയ്ക്കു മനസ്സിലായി. അയാള്‍ പറഞ്ഞു. ‘ഞാന്‍ നിന്നെ നല്ലൊരു റെസ്റ്റോറണ്ടില്‍ കൊണ്ടു പോകാം.’
‘ഏതാണത്?’
‘നൈസാം. നല്ല ബീഫ് ഫ്രൈയും പൊറാട്ടയും കിട്ടും. വളരെ കുറച്ച് ചാര്‍ജ്ജേ വരൂ. എന്താ നിനക്കു പേടിയായോ?’
നല്ല റെസ്റ്റോറണ്ടായിരുന്നു നൈസാം. ഓരോ പ്ലെയ്റ്റ് ബീഫ് ്രൈഫയും ഈരണ്ടു പൊറാട്ടയും, ചായയും. നല്ല സ്വാദുണ്ടായിരുന്നു. ഏറ്റവും ആകര്‍ഷകമായ ഭാഗം ബില്ലായിരുന്നു. നാലു രൂപ പതിനഞ്ചു പൈസ മാത്രം. ടിപ്പിന്റെ പരിപാടിയൊന്നുമില്ല. വെയ്റ്റര്‍ കൊണ്ടുവന്നു വയ്ക്കുന്ന ബില്‍ വാങ്ങി കൗണ്ടറില്‍ പണം കൊടുത്താല്‍ മതി.
ചിത്തരഞ്ചന്‍ അവന്യുവിലൂടെ കാറോടിക്കുമ്പോഴാണ് അമര്‍ ബാബു പറഞ്ഞത്.
‘വെങ്കിടാചലത്തിനെ സാക് ചെയ്തതുകൊണ്ട് ഇവിടുത്തെ പ്ലാനില്‍ ചില മാറ്റങ്ങളൊക്കെയുണ്ടാകുമെന്ന് തോന്നുന്നു.’
‘എന്തു മാറ്റം?’
‘മദ്രാസിലേയ്ക്ക് നീ പ്രതീക്ഷിച്ച മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. മാര്‍വാഡിയുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് അറിയാമോ? നമ്മളെ രണ്ടുപേരെയും മദ്രാസിലേയ്ക്ക് മാറ്റിയാല്‍ വെങ്കിടാചലത്തെ ടെണ്ടര്‍ ഡിപാര്‍ട്ട്മെന്റ് ഏല്പിക്കുക. അതിനി നടക്കില്ല.’
പാവം വെങ്കിടാചലം! രമേശന് ഒരു സിഗരറ്റിന്റെ പരസ്യമാണ് ഓര്‍ത്തത്. നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല. വെങ്കിടാചലത്തെ കാത്തിരുന്ന സ്ഥാനക്കയറ്റത്തെപ്പറ്റി അയാള്‍ അറിഞ്ഞിരിക്കയില്ല. ഇനി അതറിഞ്ഞ് അതുറപ്പിക്കാനായിരുന്നോ അയാള്‍ തന്റെ മേല്‍ ചെളി വാരിത്തേയ്ക്കാന്‍ ശ്രമിച്ചത്? താന്‍ ഏതെങ്കിലും വിധത്തില്‍ മത്സരത്തിനുണ്ടാകുമെന്ന് അയാള്‍ കരുതിയിട്ടുണ്ടാകുമോ? ഒരു ഡിപ്പാര്‍ട്മെന്റ് ഹെഡ്ഡായിട്ടോ? അങ്ങിനെയുള്ള പ്രതീക്ഷകളൊന്നും രമേശനുണ്ടായിരുന്നില്ല.
‘അപ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണ്ടിവരും. അമര്‍ ബാബു തുടര്‍ന്നു. ‘കാരണം ടെണ്ടര്‍ ഡിപാര്‍ട്മെന്റ് അത്ര ഇംപോര്‍ട്ടന്റ് ഡിപാര്‍ട്മെന്റാണ്. കഴിഞ്ഞ കൊല്ലം കമ്പനിയുടെ ആകെ ടേണോവറില്‍ 60 ശതമാനം ഗവണ്മെന്റ് ടെണ്ടറില്‍നിന്നായിരുന്നു. അങ്ങിനെയുള്ള ഒരു ഡിപാര്‍ട്മെന്റ് പുതിയ ആള്‍ക്കാരെ ഏല്പിച്ചാല് ശരിയാവില്ല.’
‘വേറെ ആരാണുള്ളത്?’
‘ആരുമില്ല എന്നതാണ് പരമാര്‍ത്ഥം. ദാസിന് ഇപ്പോള്‍ത്തന്നെ ജോലി കൂടുതലാണ്. പിന്നെ ആരാണുള്ളത്? ഇപ്പോള്‍ ഉണ്ടാവാന്‍ പോകുന്നത് എന്താണെന്നറിയാമോ?’
‘ഊം??’
‘എനിക്ക് മദ്രാസിലേയ്ക്ക് നിന്നെ കിട്ടില്ല. അവിടെ പുതിയ ആളെ എടുക്കാന്‍ പറയും. ഇനി ഒരാളെ ട്രെയിന്‍ ചെയ്തു കൊണ്ടു വരിക. എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ.’
ഇനി ഉണ്ടാവാന്‍ പോകുന്നത് ഇവിടെ ഏതെങ്കിലും ഒരു കോമാളിയെ എടുക്കും. രമേശന് ആലോചിച്ചു. താന്‍ അയാളുടെ കീഴില്‍ ജോലി എടുക്കേണ്ടി വരും. അമര്‍ ബാബുവിനു കീഴില്‍ ജോലിയെടുക്കുക സുഖമായിരുന്നു. ഒരിക്കലും ഒരു മേധാവിത്വം കാണിച്ചിട്ടില്ല. ഒരു സ്നേഹിതനെപ്പോലെയായിരുന്നു അയാള്‍.
‘ഇതിന്റെയെല്ലാം ഗുണഭോക്താവ് ആരാണെന്നറിയാമോ?’ അമര്‍ ബാബു ചോദിച്ചു.
‘ആരാണ്?’
‘നീ തന്നെ. കാരണം നിനക്കാണ് ടെണ്ടര്‍ ഡിപാര്‍ട്ട്മെന്റ് കിട്ടാന്‍ പോകുന്നത്.’
‘തമാശ പറയല്ലേ സര്. യുവാര്‍ കിഡ്ഡിങ്.’
‘ശരിക്കും. ഇന്നത്തെ ട്രീറ്റ് എന്തിന്റെ പേരിലാണ് ആവശ്യപ്പെട്ടത് എന്നാണ് നീ വിചാരിച്ചത്? വെങ്കിടാചലത്തെ സാക് ചെയ്തതു കൊണ്ടോ? അല്ല, നിന്റെ വലിയ പ്രൊമോഷന്റെ അക്കൗണ്ടിലാണത്. നീ വിശ്വസിക്കില്ല. ഇന്ന് എം.ഡി. എന്നോട് ഡിസ്ക്കസ് ചെയ്തു. ടെണ്ടര്‍ ഡിപാര്‍ട്മെന്റ് ഒറ്റയ്ക്ക് ൈകകാര്യംചെയ്യാന്‍ നിനക്ക് പറ്റുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 90 ശതമാനവും ഉറപ്പാണ്. ബാക്കി 10 ശതമാനം ജി.എമ്മിന്റെ കയ്യിലാണ്. നാളെ റോയ് ചൗധരിയുമായി മീറ്റിങ്ങുണ്ട്. അതില്‍ തീര്‍ച്ചയാവും. ഒരുപക്ഷേ നിന്നെയും മീറ്റിങ്ങിനു വിളിക്കും. ഉഷാറായി ഇരുന്നോളു.’
രമേശന് സന്തോഷം കൊണ്ട് ആകെ തളര്‍ന്നുപോയി. ഇങ്ങിനെയൊരു പ്രൊമോഷന് അയാള്‍ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സേയ്ല്സ് എഞ്ചിനീയറായി കയറ്റം കിട്ടുകയാണെങ്കില്‍ത്തന്നെ തന്റെ ഭാഗ്യമാണെന്നു കരുതിയിരുന്നതാണ്. ഇപ്പോഴിതാ ഒരു ഡിപാര്‍ട്മെന്റിന്റെ മുഴുവന്‍ തലവനായി...
‘ഞാനിന്ന് ഫ്രാങ്കിനെ കാണാന്‍ പോവുകയാണ്. നീ വര്‍ക്ഷോപ്പില്‍ പൊയ്ക്കോളു. ഓഫീസിലെ കാര്യം ഗോസ്വാമിയോട് ഇപ്പോള്‍ പറയേണ്ട. ഓഫീസിലും ആരോടും പറയേണ്ട. എല്ലാം തീര്‍ച്ചയായതിനു ശേഷം പറഞ്ഞാല്‍ മതി. ആരാണ് ശത്രുക്കള്‍ ആരാണ് മിത്രങ്ങള്‍ എന്നൊന്നും നമുക്കറിയില്ല. എടങ്കോലിടാന്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടമാണ്. നിന്റെ നല്ലൊരു ചാന്‍സ് ഏതെങ്കിലും കോമാളി കാരണം ഇല്ലാതാവണ്ട.’
രമേശന് ഇറങ്ങാനായി അമര്‍ ചാറ്റര്‍ജി കാര്‍ നിര്‍ത്തി.
‘സാറിന് എങ്ങിനെ നന്ദി പറയേണ്ടു എന്നറിയില്ല.’ രമേശന് പറഞ്ഞു. ‘എനിക്കു വേണ്ടി മറ്റൊരാളും ഇങ്ങിനെയൊന്നും ചെയ്തിട്ടില്ല.’
അമര്‍ ബാബു രമേശന്റെ കൈ പിടിച്ചു.
‘എനിക്കു നിന്നെ ഇഷ്ടമാണ്. ചില വികാരങ്ങള്‍ നമ്മള് പുറത്തു കാണിക്കാറില്ല. മാന്യതയുടെ പേരില്‍, അല്ലെങ്കില്‍ പരിതസ്ഥിതികളുടെ സമ്മര്‍ദ്ദം കാരണം. എനിക്ക് നിന്നോടുള്ള സ്നേഹവും അങ്ങിനെയാണ്. നിനക്കു വേണ്ടി എനിക്കു ഇത്രയും ചെയ്യാന്‍ കഴിഞ്ഞത് എനിക്ക് നിന്നോടുള്ള സ്നേഹംകൊണ്ടു മാത്രമല്ല, നിന്റെ കഴിവുകൊണ്ടു കൂടിയാണ്.’
അയാള്‍ രമേശന്റെ കൈ രണ്ടു കൈകൊണ്ടും പിടിച്ചമര്‍ത്തി വിട്ടശേഷം കാര്‍ സ്റ്റാര്‍ട്ടാക്കി. രമേശന് പുറത്തിറങ്ങി നടന്നു. ഗോസ്വാമി രമേശനെ കാത്തിട്ടെന്ന പോലെ ഇരിക്കുകയായിരുന്നു. ഒരു വലിയ ചിരിയോടെ അയാള്‍ ചോദിച്ചു.
‘വെങ്കിടാചലത്തെ സാക് ചെയ്തുവെന്ന് കേട്ടല്ലോ. എന്താണുണ്ടായത് പറയ്.’
രമേശന് എല്ലാം വിവരിക്കേണ്ടി വന്നു.
‘അയാള്‍ ഒരു ദിവസം ഇവിടെ വന്നിരുന്നു. ഞാന്‍ നിന്നോട് പറയാന്‍ വിട്ടു പോയതാണ്. നിന്നെക്കുറിച്ച് അന്വേഷിക്കാന്‍. ഞാന്‍ പറഞ്ഞു. തന്നെക്കാള്‍ മിടുക്കനായ എഞ്ചിനീയറാണ് രമേശനെന്ന്. ഞാന്‍ സത്യമാണ് പറഞ്ഞത്. എന്നെ നിനക്കെതിരായി തിരിക്കാനായി വന്നതായിരുന്നു. ആ കാര്യം പറഞ്ഞ് ഇവിടെ വരേണ്ടെന്ന് പറഞ്ഞൂ ഞാന്‍. ഹീയീസെ ഡര്‍ട്ടി ഫെല്ലോ.’
രാത്രി കിടക്കുമ്പോള്‍ രമേശന് എന്നത്തെയുംപോലെ ആലോചിച്ചു. ഒരു ദിവസംകൂടി കടന്നു പോയി. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. നല്ലതു മാത്രം സംഭവിക്കെട്ട, എനിക്കു മാത്രമല്ല എല്ലാവര്ക്കും.