അലിവിന്നമ്പാലേ ഞാന്‍
നിന്നുള്ളു പിളര്‍ന്നുവോ?
പടരും ചിറകിനെ
പ്രാണനാല്‍ ബന്ധിച്ചുവോ?
ഓളമായ് തിരകളായ്
ഉന്മത്ത സമുദ്രമായ്
മാറുന്നു നിന് സ്പര്ശത്തിന്
ചാന്ദ്രരശ്മികളേല്ക്കേ…
പ്രണയം വജ്റത്തെപ്പോല്
നെഞ്ചു കീറുമ്പോള-
ലിഞ്ഞുരുകും ചുണ്ടിന്നു നിന്
ചുംബനം വിഷപാത്രം
അമൃതം കൊതിച്ചാത്മ-
സിന്ധു ഞാന്‍ കടയുമ്പോള്‍
അവതാരങ്ങള്‍… കുളമ്പടിയും
ചിറകുമായ് കുതിര,
മദകാമാലസ വാരുണി,
നെറ്റിക്കണ്ണിന് കനലു
തണുപ്പിക്കുമമ്പിളി,
സ്വര്ഗ്ഗത്തിലെപ്പാരിജാതങ്ങള്,
സുഖകാമധേനുക്കള്,
പുരുഷോത്തമരതി തേടും രമ,
ഇല്ല പീയുഷം മാത്രം.
ചന്ദനമുഖമുള്ള
സൂര്യനെക്കൊതിപ്പൂ ഞാന്‍’
ഉള്ളലിഞ്ഞൂറും പ്രേമസുധ
നല്‍കുവാനെന്റെ
നെഞ്ഞു വിങ്ങുന്നൂ.
പക്ഷേ, കടയെക്കടയെയെന്
സിരയില്‍ വിഷോദ്ഭവം..
നുകരെ നുകരെ നീ മൃതിയാല്‍-
ത്തണുക്കുന്നൂ
അലിവ് വജ്റംപോലെ
അമൃതമഥനത്തില്‍ ഗരളം.
ആലിംഗനം ബന്ധനം.
പ്രണയാകാശം കിളിക്കൂട്
ഞാന്‍ തൊടുമ്പോള്‍ നിന് പ്രണയം
നിറം മാറി വെറുപ്പായ്
നരയ്ക്കുമോ?