പുലരി…
വീട്ടുജാലകങ്ങളില്
ഒന്നൊന്നായി വെളിച്ചം തെളിയുന്നു.
തിളയ്ക്കും പാലിന് ചൂടുമാവിയും
ചോപ്പിക്കുന്ന മുഖവുമായ്
വീട്ടമ്മ…
പാതി വിരിഞ്ഞ മിഴിയുമായ് പൂവ്…
മൂത്രംവീണു നനഞ്ഞ കുഞ്ഞിച്ചന്തി
ഇതു പുലരി…
കാലസാഗരം,
അനന്തജന്മങ്ങള്
ഹരിതസ്മൃതികള്‍
കടന്നൊരു
പുതിയ സൂര്യന്
പളുങ്കുകടലായ് പരക്കുന്നു
മുടിയില്‍ മുഖത്ത്
ഇളം ചൂടുമ്മകള്‍ പകരുന്ന
സുഖസ്പര്‍ശം!
നീയരികിലാണെങ്കിലുമകലേ…
സൂര്യമുഖംപോൽ നിന്നോര്‍മ്മയും
തിളങ്ങി ജ്വലിക്കുന്നു.
അലകടലില് മുല്ലപ്പൂപോല്‍ തുഴഞ്ഞും
പ്രണയംപോല്‍ പടര്‍ന്നും
കാമിച്ചിളകിമറിഞ്ഞും
നിലാവ് പെയ്തുപെയ്ത്
പുലര്‍വെയിലായ് നിന്നെയാനന്ദിപ്പിക്കുന്നു…
നിന്റെ മുടി തഴുകി,
മുഖത്തൊഴുകും നിലാവിന്റെ ശീതളസ്പര്‍ശം
ജലത്തില്‍ നിലാവിന്റെ തിളക്കം
മണല്‍വിരിപ്പിലാ രാത്രി നീ
അവളൊത്തുറങ്ങുന്നു…
ശാന്തമായ്…
ഞാനോ?
ഞാനിരുള്ക്കാട്ടില്
നിന്റെ സ്വരവും കാലൊച്ചയും
വിരലിന്നടുപ്പവും
വിയര്പ്പിന് കര്‍പ്പൂരവും
തിരഞ്ഞു തിരഞ്ഞ്
ദമയന്തിയായ് തളരുന്നു…
പുലരിനക്ഷത്രങ്ങള്
മങ്ങിമാഞ്ഞണയുമ്പോള്
ഇരുളില്ത്തന്നെത്തന്നെ
നനച്ചുകെടുത്തുന്നു.