വരള്‍മണ്ണില്‍
മഴത്തണുവിരല്‍പോലെ
എന്നുടലില്‍ നീ നിറയുന്നു…
നിന് വിരല്‍ പച്ചിലയായ്,
തുടുമൊട്ടായ്,
കിളിച്ചിറകായ്,
ഒരുന്മത്തനൃത്തമായ്
എന്നെപ്പൊതിഞ്ഞു.
ഉള്ളില്പ്പിടയുന്നു
കാണാക്കടലുകള്‍,
കടലിന്നുള്ളില്‍,
നീന്തുന്നു സുവര്ണ്ണമത്സ്യങ്ങളായ്
എന്‍ കാമനകള്‍.
പാതി പെണ്ണായി പാതി മീനായും,
മല്‍സ്യകന്യകയായ് ഞാനുയിര്‍ക്കുന്നു,
മെയ്യിലാകെ നിറയുന്നാദിചോദനകള്,
അലിവുകള്‍…
മുലകളില്‍ മുത്തുമണിയായി-
ച്ചമയുന്നു നീര്‍ത്തുള്ളികള്‍…
ഉടല്‍വടിവുകളില്‍,
നഗ്നസ്വര്ണ്ണപ്രഭകളില്
ജലനാഗമായ് നീ
ഇഴഞ്ഞുപോകുന്നു…
പാതി മൃഗമായി പാതി പെണ്ണായും
പാതിയുടലായി പാതിയുള്ളായും
പാതി ശിവനായി
പാതിയുമയായും
പാതിയിരുളായി പാതി വെയിലായും
പാതിയലിവായി പാതി ശിലയായും
ഞാന്‍…
നിലാവുറയുന്ന കാലുകള്‍,
സുഗന്ധനിശ്വാസങ്ങള് തിരയുന്നു നിന്നെ…
ഇല്ല നീ പക്ഷേ…
നിന്മണം നിന്സ്പര്ശം
മിഴിത്തിളക്കം
എല്ലാം മറയുന്നു മായയായി…
നിന്റെ കണ്ണ്
മുനകൂര്ത്തൊരാദിമ ശിലായുധം,
നിന്റെ ചുണ്ടുകള്‍,
വിരല്‍ നിലാത്തുമ്പുകള്,
പാദങ്ങള്‍
എന്നെയൊരഹല്യയായ് മാറ്റി…
എങ്കിലും
പിന്തിരിയുന്നു നീ മായയായി…
പാതി പ്രണയമായ്,
പാതിയുടല്‍ ദാഹമായ്
ഞാന്‍ മാറി നിന്റെ ശാപത്താല്‍…
എന്നുടലാഴത്തില്നിന്നൊരു
പച്ചക്കിളി
പറന്നെത്തിയോ നിന് വിരിനെഞ്ചില്‍,
എങ്കിലും പിന്തിരിയുന്നു നീ
കണ്ണില്ച്ചിറകടിക്കുന്നു ക്രൗര്യങ്ങള്‍,
വന്നതെന്തിനു നീ?
അപരിചിത?
സ്ത്രീയേ നമുക്കിടയിലെന്ത്?
ഉടല്വലയുമായ്
തേവിടിശ്ശിയായ്
തേടുന്നതെന്ത്?
ഞാന്‍ പുരുഷന്
സനാതനന്,
ഓംകാരരൂപന്‍
പ്രണയത്തിനും
ഉടലിനുമതീതന്
നിര്‍മ്മമന്‍…
സ്ത്രീയേ
തിരിച്ചു നടക്കേണ്ട
ഘോഷമായ്
മേളമായ്
മുടി മുണ്ഡനംചെയ്ത്
കഴുതപ്പുറത്ത്
ഉടല് നഗ്നമായ്
നഗരപ്രദക്ഷിണമായ്
നിന്റെ വരഘോഷയാത്ര.