കുടപറപ്പിക്കും
കാറ്റ്…
ആകാശജാലകം
തുറക്കുന്നു മഴ…
ഉടല്‍ നനയുന്നൂ
നനവുകള്‍ നിന്റെ വിരലാല്‍
തോര്‍ത്തുവാന്‍ കൊതിക്കുന്നു
ഇടിമിന്നല്‍ ചിതറിയും
കണ്ണീര്‍ കഴുകിയും
എന്റെ മുഖം
നെഞ്ചില്‍ ചേര്‍ക്കാന്‍
നിനക്കു പേടിയാ “ണുടല്‍
വലയാണ്.
വിരലുകള്‍ ചത്ത ജലസസ്യങ്ങളും”
നീ പറയുന്നൂ
“ലോകം കഴുകക്കണ്ണുമായ്
പുറത്തിരുപ്പുണ്ട്,
ജനലിനപ്പുറം
കനല്‍ മിന്നുന്നുണ്ട്,
അകലെയെന്‍ പെണ്ണിന്‍
കരളില്‍, ഞാനുണ്ട്...”
ഞാനോ?
ച്യവനനായ് നിന്നെ
ഉടല്‍നദിയില്‍
നിന്നുദയസൂര്യനായ്
ഉണര്‍ത്തുവാന്‍ വെമ്പി…
നിന്നുടലുരുക്കുവാന്‍,
അതിന്റെയൂഷ്മാവിലുയിരിന്‍
സ്വര്‍ണ്ണത്തെപ്പുതുക്കി
നക്ഷത്രത്തിളക്കമാക്കുവാന്‍,
കുടിക്കുവാന്‍ നിന്നെ
മതിവരുവോളം കുടിക്കുവാന്‍
കൊതിച്ച്, ഇടറും വാക്കുമായ്
നിറയും കണ്ണുമായിരിക്കുന്നൂ…
പേടിയാണെനിക്ക്-
നിന്നുടല്‍ കയമെന്നോ”
നിന്റെ മുഖം തിരിയുന്നു?