അറിയാത്തൊരാള്‍ വീടെത്തി-
യടുക്കളവാതില്‍ കടന്ന്
കറിക്കുപ്പുനോക്കുന്നു.
നിറയുന്നൂ മേശയില്‍
രുചികളാവികള് നിറങ്ങള്‍,
കുടുംബശരീരത്തിന്റെ തൂവലുകള്‍…
തിരുവത്താഴം.
അറിയാത്തൊരാള്‍
അരഞ്ഞാണഴിഞ്ഞരികത്തുറങ്ങുന്നു,
അരികില്‍…!
അറിയാത്തൊരാള്‍
തുണിത്തൊട്ടിലില്‍
കുനിഞ്ഞ്
ഉറങ്ങുമൊരുവളെ
വിളിക്കുന്നു…
“പൂവേ, പൊന്നേ,
രാനിലാവേ…”
വിങ്ങിച്ചുരത്തുന്നൂ മുലകള്‍…
അറിയാത്തൊരാള്‍
വാതില്‍ തുറന്നൊരു വീട്ടില്‍
വിരുന്നെത്തുന്നൂ
ആതുരാലയം?
ഭ്രാന്താശുപത്രി?
(താനേയറിയാത്തൊരാള്
അവള്…)
സ്നേഹിക്കാത്തോന്
ചെവിമുറിച്ചുമ്മയോടൊപ്പം നല്കി
അവന്റെ മുഖത്തില്‍
കവിളണച്ച്
വിരല്‍ത്തണുപ്പു നനവു-
മിറ്റിച്ചവനെ നനച്ച്,
മന്ത്രച്ചെപ്പിലടച്ച്…
അറിയാത്തൊരാള്‍
ഇടനാഴികള്‍ കടക്കുന്നൂ,
ഇടവഴികള്‍
വിളക്കുകാലടയാളപ്പെരുവഴികള്,
നിലാവിന്റെ നൂല്പാലം,
മഴയാര്ക്കുന്ന ചളിപ്പാത
നരകത്തിന് ഇരുള്പ്പാടങ്ങള്
ഒടുവില്‍
പച്ചനദിയില്‍ സ്വപ്നത്തിന്
ദാഹച്ചുഴിയില്
മിഴിനീരില്‍
മറഞ്ഞ്
അലിഞ്ഞ്
കാശിക്കുപോയ
മണ്ണാങ്കട്ടപോലെ.