കലിനിലം
കലിനിലം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
പറയുന്നൂ മാര്‍ക്കണ്ഡേയന്‍
കലിയുഗചരിതങ്ങള്‍…
യുധിഷ്ഠിരനായ് യുഗവൃത്താന്തം
[1]“അകാലവര്‍ഷിയായ്ത്തീരും
ആയിരംക്കണ്ണനാം പ്രഭു
സസ്യങ്ങളും മുളയ്ക്കാതാം
യുഗാന്തം വന്നടുക്കുകില്‍
എപ്പോഴും ക്രൂരവാക്കോതി
രൂക്ഷമാരായ്ക്കരഞ്ഞുമേ
ഭര്‍ത്താക്കന്‍മാര്‍ ചൊല്പടിക്ക്
നില്‍ക്കാതാം പിന്നെ നാരിമാര്‍
ഏഴോയെട്ടോ വയസ്സായാല്‍
ഗര്‍ഭമുണ്ടാക്കുമേ നരര്‍
ഭര്‍ത്താവില്‍ സ്ത്രീയുമേ ഭൂപ
പുരുഷന്‍ നാരിയിങ്കലും
നരവ്യാഘ്ര… യുഗാന്തത്തില്‍
സന്തോഷിക്കാതെയായ്‌വരും
യോനിവില്ക്കും നാരികളു-
മിമ്മട്ടാകും യുഗക്ഷയേ…
ആനന്ദമുല്‍സവവു-
മങ്ങില്ലാതെയായ്ബ്ഭവിച്ചിടും”
അകാലത്തു വര്‍ഷിക്കുന്നതെന്റെ മനസ്സ്
സസ്യങ്ങള്‍ മുളയ്ക്കാ കലിഭൂമിയുമെന്റെ മനസ്സ്,
ക്രൂരവാക്കുകള്‍ വിഷംപുരട്ടുമമ്പായ്
മുനകൂര്‍പ്പിച്ചയക്കുന്നതുമീ ഞാന്‍,
രൂക്ഷമായ്ക്കരഞ്ഞാര്‍ത്ത രാത്രികള്‍
പിന്നിട്ടതും ഞാന്‍…
ആനന്ദമുല്‍സവവും
ഒഴിഞ്ഞ വാഴ്വുമെന്റേത്,
രാവില്‍
അകാലവര്‍ഷം പോലെ
അലിവാല്‍ സ്വയമലിഞ്ഞ്
ഞരമ്പുകള്‍ പയോഷ്ണിയായ് നിറഞ്ഞ്
നിന്‍ വിരലില്‍ സ്നേഹം തിരഞ്ഞ്
തന്നെത്താനേ വില്ക്കുവാന്‍ തുനിഞ്ഞതും ഞാന്‍
നിന്‍ നെഞ്ചില്‍നിന്നടര്‍ന്ന്
ഇരുളില്‍ തണുപ്പില്‍ മഴയില്‍ വീണാ
രാത്രിയപമാനത്തില്‍, പൂവില്‍
പൂ പൊട്ടിമുളയ്ക്കുന്ന സ്വപ്നത്തില്‍
നിന്നെക്കൊതിച്ച് കഴിഞ്ഞതും ഞാന്‍
സ്പര്‍ശപീയൂഷം
കടമ്പായിപ്പൂക്കുന്നതേതോ
സ്മൃതിചിത്രമാണെന്നോ?
കാമമാര്‍ന്നര്‍ജ്ജുനനെ
പിന്തുടര്‍ന്നവള്‍ ഞാനോ?
ഉര്‍വ്വശി? ചിത്ര?
സുദക്ഷിണ?
‘നിരസിക്കല്ലേ കാമാര്‍ത്ത ഞാന്‍…’
യയാതിക്കു സ്വയമേകിയോള്‍ ഞാനോ?
സൂര്യമുഖമാദ്യയാമത്തില്‍
വിരിഞ്ഞ കണ്ണാല്‍ നുകർന്ന കുന്തി?
… … … … …
നീ വെറുത്ത്
അകന്ന്
വീണ്ടുമൊറ്റയ്ക്കാവുമ്പോള്‍
ഒന്നും മുളയ്ക്കാ കലിനിലം ഞാന്‍.
(ദേശാഭിമാനി വാരിക, 1995)
- ↑ മഹാഭാരതം, ആരണ്യപര്‍വ്വം, കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ തര്‍ജ്ജമ.
|