close
Sayahna Sayahna
Search

തച്ചന്‍ മകളോട്


തച്ചന്‍ മകളോട്
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മകളേ… ചെത്തം നെഞ്ചിൻ കനലില്‍ കരിയുന്നൂ,
കരയും മിഴിയോടെ, പേടിയാല്‍പ്പിടയുന്ന മൃദുവാം
വിരല്‍തൊട്ട് മൂകമായ് വിടയോതിയവള്‍ പോകവേ
മകളേ… ജീവന്‍ പാതിവിണ്ട വിഗ്രഹംപോലെ.
മണ്ണില്‍ച്ചെവിയോര്‍ക്കുമ്പോളുള്ളില്‍പ്പൊടിക്കും
മുളകള്‍തന്‍ ജീവനസംഗീതത്തിന്നലകള്‍…
അതുപോലെ നേരിന്നു ചെവിയോര്‍ക്കേ
അവനല്ലവളല്ല… പെററ വയറിന്‍ പച്ചത്തത്ത-
ച്ചിറകില്‍ വാല്‍സല്യത്തിന്‍ കുളിർമ്മ കുട്ടിക്കാലം
മരച്ചൂരു നിറയും വിടര്‍നെഞ്ചിലഭയം,
അതുകണ്ടു ചിരിയാല്‍ക്കുതിര്‍ന്നമ്മ നില്ക്കവേ…
“ഇന്ന്, കടഞ്ഞ വെണ്‍ചന്ദനവിഗ്രഹത്തേക്കാളു
മഴകും സുഗന്ധവും നിനക്കേ”യെന്നാനച്ഛന്‍.

* * *

അന്നുണര്‍ന്നതാണുള്ളില്‍ രചിക്കണം അമ്മയെ…
അതേ ചന്ദനസ്പര്‍ശം, ഉമ്മവയ്ക്കാന്‍ കുനിയും മുഖത്ത-
മ്പിളിച്ചിരി, ആര്‍ദ്രത, പാല്‍പ്പുഴ…
അങ്ങനെത്തന്നെ കല്ലില്‍ മരത്തില്‍ അല്ല
കാലത്തിലമ്മയെ വാര്‍ക്കണം.
എന്തുവേദന എന്തുവടംവലി എന്തുഗാഢഗാഢാനന്ദം
കാലത്തില്‍ മങ്ങിമായ്കിലുമമ്മ… എന്‍
പ്രതിഭയിലാ മിഴി മിന്നിടും… ചന്ദ്രസൂര്യന്‍ വസുന്ധര
താരങ്ങളുള്ളകാലമെന്നമ്മയും വാണിടും.
ചൊല്ലിടുമച്ഛന്‍ ചെക്കനു കൈവിരുതെന്നിലും കേമം
ഉള്ളില്‍ കുരുത്തത് കൈവിരലില്‍ വിടര്‍ന്ന് മുളച്ചില
ചില്ല വൃക്ഷമായ് പൂവിട്ടു കായ്ച്ച് എന്തു ജന്മസുകൃതമോ…
കേള്‍ക്കുകില്‍ കൈവണങ്ങുമാ ചിത്തവിശുദ്ധിയെ
പിന്നെ യൗവ്വനമെന്‍ സിരയില്‍ തടംതല്ലിയാര്‍ക്കിലു
മോര്‍മ്മയില്ലൊരുസന്ധ്യയും ശാന്തമായ് എന്‍
പ്രിയതന്‍ മടിയില്‍ക്കിടന്നതായ്…
കാട്ടുപൂവുകളുള്ളില്‍ വിരിയുന്നു, കാട്ടുപക്ഷിക്കലമ്പല്‍
നിറയുന്നു
കാട്ടിലകള്‍ തിരുമ്മി മണക്കുന്നു,
കാട്ടുമൺതരി നാവിലലിയുന്നു…
കാടനാണ് ഞാന്‍… യൗവ്വനസ്വപ്നങ്ങള്‍ കാട്ടിലയിലും
പുല്ലിലും പൂവിലും
കാട്ടുചന്ദന വെണ്‍കുളിര്‍മെയ്യിലും
കാടകത്തുറങ്ങുന്ന നിലാവിലും പാറിവീഴുന്നു
ളള്ളില്‍ ശില്പങ്ങള്‍ മാത്രം… പ്രണയത്തിനെന്തു
വാസന, ​എത്രനിറം, ആണ്ടുമുങ്ങിയാലും മതിവരാ
ശീതളസിന്ധു
എങ്കിലുമോര്‍ത്തതിതുമാത്രം…
എങ്ങനെയിതു കല്ലില്‍, മരത്തിലെന്നിലൂടെ
അനശ്വരമായിടും?
നിലാവിലെന്‍ പ്രണയത്തിനുല്‍സവം.
എങ്കിലുമെന്നിലായിരം ലാസ്യഭാവങ്ങളായ്
പൊന്തിവന്നു ചിരാതിനെപ്പുഞ്ചിരി
കൊണ്ടു മങ്ങിച്ച ശില്പങ്ങള്‍, ഓരോന്നു
മെന്നിലൂറുമലിവില്‍പ്പിറന്നവര്‍,
എന്‍ രതിതന്‍ മൃദുസ്നിഗ്ദ്ധരൂപങ്ങള്‍,
രാവിലുള്ളിന്റെ പച്ചിലക്കുമ്പിളില്‍
ഊറിയൂറി നിറഞ്ഞ നിലാവുകള്‍.
അവളെന്നൊടെന്നും കലമ്പും…
“ഇല്ലെന്നെയിഷ്ടം… ഇതെല്ലാം വെറുതെ…
എന്നെയോര്‍ക്കുമാര്‍?
ആരറിയുമീ ശില്പമായ് വാര്‍ത്തത്
എന്നുടല്‍, പ്രണയം, കെടാച്ചിരി?”
എന്തുരയ്ക്കാന്‍? പകുതിസത്യങ്ങള്‍ക്കെന്തു
ശോഭ ചിലപ്പോള്‍… ചിരിയായിക്കൊഞ്ചലായ്
പിന്നെയെന്‍ മകനേ… വിളിയിതിലെന്തു ജീവന്‍ വിറപ്പൂ?
എന്നെയാരറിയുന്നു? പാതിസത്യത്തിനെന്തു
ശക്തി ചിലപ്പോള്‍!
നീ കൊഞ്ചലും ഇളവിരല്‍ത്തുമ്പിലെന്‍
ജന്മസാഫല്യവും പേറി വന്നവന്‍…
സൗമ്യസൂര്യന്‍, നിറവിളക്കെന്റെ രണ്ടാംപിറവി.
എങ്ങനെ നിന്നെ… ഞാന്‍…
നിന്നമ്മ ചൊല്ലി ഞാന്‍ നിന്നെ ലാളിക്കവേ
“എന്‍ പ്രണയത്തിലൂടെ ഞാനൂററി നിന്റെ
സത്ത… അതാണിവന്‍”
പഠിച്ചു ഞാനന്നു ശില്പകലാപ്പൊരുള്‍ പൂര്‍ണ്ണമായ്…
പിന്നെയെന്നും നിഴലായ് നടക്കുവോനെന്‍
ബഹിശ്ഛരപ്രാണനവന്‍… ഇമ്പമുള്ള ശബ്ദത്തില്‍
തിളങ്ങുന്ന ചന്തമുള്ള മിഴികള്‍ വിടര്‍ത്തിയെന്‍
പിറകേ നിഴലായ് നടന്നവന്‍…
നിന്നിലേക്കു പകര്‍ന്നു ഞാനെന്നുയിര്‍, ഉള്ളം,
ഉള്ളറിവ്, തിരിയില്‍നിന്നു സൂര്യനുയിര്‍ത്തുവോ?
ഇനിയെന്‍ മകളേ…
എന്‍ മകളേ പിറന്ന നേരം എന്തൊരുല്‍സവമായിരുന്നു,
നിന്നമ്മ പീലിമിഴി തുറന്നെന്നെ നോക്കി
‘ഇതാ, മകള്‍… പൂര്‍ണ്ണ സ്വര്‍ണ്ണവിഗ്രഹം’, എന്നു
ചൊല്ലുന്നപോൽ.
ആ പുഞ്ചിരിയും മലര്‍മിഴിവെട്ടവും മങ്ങിമങ്ങി
മരണമായ് മാറവേ
‘നിന്നില്‍ രണ്ടാം പിറവിയായമ്മയ്ക്ക്’ എന്നു
ചൊല്ലി മക്കളെത്തലോടി ഞാന്‍.

* * *

ദൂരയാത്രകള്‍, ശില്പഗൃഹങ്ങളില്‍ രാപ്പകലും
മുടങ്ങാത്തപസ്സുകള്‍, കൂട്ടിനോ? ഉളിമാത്രം
കഴിഞ്ഞുപോയ് നൂറുനൂറു ജന്മങ്ങളെന്നാകിലും
ആരവം ഉള്ളില്‍ “നേടിയില്ലാ മഹത്തമം” എന്നു താന്‍.
അമ്മയില്ലാക്കുരുന്നുകള്‍, നിങ്ങളുമെന്നോടൊപ്പം നടന്നൂ…
ചെറുമകള്‍ എങ്കിലും നീയൊരമ്മയായ്
ചോറൂട്ടി എണ്ണപൊത്തി നിറുക തണുപ്പിച്ചു.
“രാത്രിയേറെയായ് അച്ഛനുറങ്ങുകെ”ന്നാര്‍ദ്രമായോതി
രാവില്‍ ഞാനിടയ്ക്കൊന്നുണര്‍ന്നേല്ക്കവേ…
നീയുണര്‍ന്നിരിപ്പാണ്
ഗ്രന്ഥങ്ങള്‍തന്‍ തോഴിയായ്, അതല്ലെങ്കില്‍
ഉളിക്കോലുമായ് സര്‍ഗ്ഗതീവ്രതപ്പസ്സിലും.
എങ്കിലും കണ്ടറിഞ്ഞില്ല നിന്‍വിരലിന്‍ വിരുതുകള്‍,
ഉള്‍ക്കടലിലുറങ്ങുന്ന ലക്ഷ്മീവിഗ്രഹങ്ങള്‍.
ഏതാണിനുമങ്ങനെ… വീട് ലോകമാവട്ടെ
മകള്‍ക്കെന്ന് ഞാനുമന്നു കരുതിയതില്ലയോ?
എങ്കിലും സാഭിമാന ചൊടിച്ചീല, നീ നിഷാദ
കുമാരിയായീ, ഏകലവ്യനെപ്പോലെ മെനഞ്ഞുയിര്‍-
വയ്പിച്ചു നിന്‍ മനസ്സില്‍ നൂറായിരം വിഗ്രഹം
പിന്നെ ദാരുക്കളില്‍ എന്തുചന്തം, മയം,നിന്‍ വിരലുകള്‍…
‘അച്ഛനെപ്പോലെ മക്കള്‍’ എന്നാര്‍ ചിലര്‍…
നിങ്ങളാളുന്ന പന്തങ്ങളായ് തിരിയെന്‍
വെളിച്ചം മറച്ചുവോ? ഉള്ളിലൂറിയോ
കയ്പുമസൂയയും? ഇല്ല… ഇല്ല… മകളേ ഇതേ ഋതം.

* * *

നീയുമേട്ടനും… പൂര്‍വ്വജന്മത്തില്‍ നിന്നീ
യടുപ്പും തുടങ്ങിയോ? അമ്മയില്ലാത്ത കുഞ്ഞുങ്ങള്‍
നിങ്ങളമ്മയായീ പരസ്പരം ‘ഏട്ടന്‍’
എന്ന ശബ്ദമോ സ്വര്‍ണ്ണമായ് സ്നേഹമായ്.
എന്നുമന്തിയില്‍ ഞാന്‍ മറന്നാലും എന്‍ മകന്‍
മറക്കില്ല വാങ്ങാന്‍ ‘അവള്‍ക്കെന്തു കമ്പം,
വളകളണിയുവാന്‍, എന്തു പൂതി പൂചൂടുവാന്‍
എന്നല്ല… എന്തു മോഹം മരത്തില്‍പ്പണിയുവാന്‍’
എന്നുതാനേ മൊഴിഞ്ഞ് കൈസഞ്ചിയില്‍
ദാരുഖണ്ഡങ്ങള്‍… ശില്പരൂപങ്ങള്‍…
രൂപരേഖകള്‍… അങ്ങനെ… അങ്ങനെ…

* * *

അവളെ പഠിപ്പിക്കുകെന്നിലും കേമി എന്നഭി-
നന്ദിച്ചു ചൊല്ലിടും മകന്‍,
നീയറിവിന്റെ സൂര്യതേജസ്സിനാല്‍
പൂര്‍വ്വജന്മത്തില്‍നിന്നേ നിറഞ്ഞവള്‍.
നീ തൊടുന്ന മരങ്ങള്‍ സൗവര്‍ണ്ണമായ്
നീ മെനഞ്ഞ ശില്പങ്ങളുയിരാര്‍ന്നു.
ഞാനുമാശിച്ചിരുചിറകാര്‍ന്നിനി
ഭാവനാസ്വര്‍ഗ്ഗമൊപ്പമണഞ്ഞിടാം

* * *

ദുര്‍നിമിത്തങ്ങള്‍ വന്നു തടുക്കുന്നു,
ഉള്ളറയിലെ പൂര്‍വ്വപിതാമഹര്‍
ഇന്നു പോകേണ്ട അശുഭം… എന്ന്
പിന്‍വിളിയാര്‍ക്കുന്നു.
നിറകണ്ണുമായ് നീ
വാതില്‍ക്കലെത്തുന്നു.
എന്നുമില്ലാത്തപോലെ ഏട്ടന്‍
തിരിച്ചൊന്നുവന്നു ചുരുള്‍മൂടി മാടുന്നു,
നിന്‍ നെറുകയിലുമ്മവയ്ക്കുന്നു.
എന്‍ കരളിലെ ചന്ദനവിഗ്രഹം
ഇന്നു വേണ്ടെന്നു കെ‍ഞ്ചിപ്പറയുന്നു.
എങ്കിലും പണി പാതിയായ്
നിര്‍ത്തുവതെങ്ങനെ?
‘സൂര്യതേജസ്വിയാം മകനില്ലയോ?’
എന്നൊരാള്‍ മറുമൊഴിയാവുന്നു.
ചങ്കുറപ്പില്ല പിന്തിരിയാന്‍
ഇരുള്‍ക്കൊമ്പുമായിയൊരാല്‍മരം
ആയിരം ചോന്ന കണ്ണുമായ് തെച്ചികള്‍,
പൂര്‍വ്വജന്മപിപാസകളെങ്കിലും
നീ പുറപ്പെടുകെന്നു കല്പിക്കുന്നു.
എന്തുദാഹം… ഞരമ്പിലും ചുണ്ടിലും
എന്നുയിരിലും തീയു പടരുന്നു.
പിന്നെ…
ഓര്‍മ്മയിലായിരം സൂര്യമണ്ഡലങ്ങ-
ളടര്‍ന്നപോല്‍ പുഞ്ചിരിക്കൊണ്ടു
മിന്നുന്ന ചോരയിററും മുഖം.
എന്‍ വിരലുകള്‍ കര്‍മ്മപാസങ്ങളോ?
എന്‍ മിഴികള്‍ നരകദീപങ്ങളോ?
ഏതുദിക്കിലും ഏതുമൊഴിയിലും
പുത്രഘാതകനാണെന്ന
നിശ്ശബ്ദ ഗര്‍ജ്ജനം…
എന്‍ മകളേ… നിന്റെ ചുണ്ടില്‍
വേവുന്ന ശാപങ്ങള്‍,
നിന്‍കണ്ണിലഗ്നിഗോളങ്ങള്‍,
നിന്നുടല്‍ കത്തിയാളുന്ന കോപം,
എന്നുയിരിന്‍ വിളി കേള്‍ക്കാതെ കേള്‍ക്കാതെ
നിന്ദയാല്‍ മെഴുകിട്ട നിന്‍ കാതുകള്‍…
ഇങ്ങു കേള്‍ക്കാം, അടഞ്ഞ നിന്‍വാതിലിന്‍
പിന്‍പില്‍‌… നീ വീണുരുണ്ടു കരയുന്നു.
എങ്കിലും മുടി മാടിയൊതുക്കി-
യന്നവന്‍ ചെയ്തപോലെ-
യാനെററിയില്‍ ചുണ്ടുരുമ്മി
ലാളിക്കുവാന്‍…
എന്‍ മകളേ ഇതുവിധി-
എന്റെ ജീവനിരിപ്പതു
എന്‍ മകളേ നിനക്കായ് മാത്രം
എന്നെ നമ്പുക…
ഞാന്‍ കുററവാളിയല്ലെ-
ന്നനേകം പറയാന്‍
ഇല്ല…
തീയെരിയുന്നു മിഴികളില്‍
കണ്ണുനീര്‍ വററിയുള്ളില്‍-
ക്കടലായിയെങ്കിലും…
പാതിനേരുകള്‍ക്കെന്തു
ചാരുതയെന്നോ?
നിനക്കേട്ടനെന്നുമച്ഛനാണെന്നോ?
വിടചൊല്ലലും ശാപമെന്നോ?

(ദേശാഭിമാനി വാരിക, 1993)

[വിജയലക്ഷ്മിയുടെ തച്ചന്റെ മകള്‍ എന്ന കവിതയോട് ചേര്‍ത്തു വായിക്കുക. കലാകാരന്റെ മനസ്സ്, അച്ഛന്റെ മനസ്സ്, പുരുഷന്റെ മനസ്സ്, പശ്ചാത്തപിക്കുന്നവന്റെ മനസ്സ് ഇവ എല്ലാം ഉരുകിച്ചേരുന്നു]