നിര്ഭാഗ്യവതി…
കൂനി…
വിഴുപ്പു ചുമക്കുന്നവള്‍
കറുത്ത രത്നമായ്
തിളങ്ങും കണ്ണനെക്കൊതിച്ചവള്
വയസ്സേറെയായവള്…
കറുത്തിരുണ്ടവള്‍…
ഏകാന്തയുടെ തടവുകാരി…
താനേ വെറുക്കുവോള്.
ഹരിതദ്വീപുപോല്
ഹരിയെക്കണ്ടവള്
അവളുടെ ജരാനരയാര്ന്ന ദേഹം,
കുഴഞ്ഞ മാറിടം,
ചുളിഞ്ഞ ചര്‍മ്മം,
നിറയെ സ്നേഹവും
‘നീയെന്‍ ജീവന്’,
എന്ന സമര്‍പ്പണവും
തുടകള്‍ അഗ്നിത്തൂണുകളാക്കിടും
കാമവും
ചേര്‍ന്നവള്‍.
സ്വയം സമര്‍പ്പിക്കെ,
അലിവ്…
അലിവിന്റെ തണല്‍…
വിരലുകള്‍…
നനവൂറും കണ്ണില്‍ പ്രണയം,
ചുണ്ടിലൊരു തീരാദാഹം,
അവളിലേക്കവനിറങ്ങുന്നു.
ലോകം നിറംമാറി,
തരംമാറി,
ചെറുപ്പമായ്
കുളിരായി
ഹരിതമായ്
തിളങ്ങുന്ന മുഖമായ്-
അവളെ മാറ്റുന്നു…
കഥയിങ്ങനെ…
പഴയകഥ…
ഞാന്‍ നോക്കുകുത്തി.