ഓര്‍മ്മയില്‍ അമ്മ
ഓര്‍മ്മയില്‍ അമ്മ | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഓര്‍മ്മയിലമ്മ
കണ്ണീരില്‍ക്കുതിര്‍ന്നല്ല,
വിയര്‍പ്പില്‍ നനഞ്ഞല്ല.
ചാരവും കരിയും പുരണ്ടു
തളര്‍ന്നല്ല,
കോപിച്ചിരുണ്ടല്ല,
വിശപ്പുമപമാനവും
പേറിക്കുനിഞ്ഞല്ല,
ഞാനോര്‍പ്പൂ-
കണിക്കൊന്ന പൂത്തപോല്‍
കണിവെള്ളരിക്കയും
കണ്ണാടിയും
തേടിയെവിടെനിന്നോ
കണ്ടെടുത്ത കാണിപ്പൊന്നു-
മഷ്ടമംഗല്യവും
കായും പഴങ്ങളും
ധാന്യവും കണ്ണെഴുത്തും
ചാന്തുകുറിയും നിരന്ന
വിഷുക്കണിപോല്‍
തിളങ്ങുന്ന തിരുമുഖം,
ആര്‍ദ്രമിഴികളാലുഴിയുന്ന
സൂര്യമുഖം,
ഓര്‍മ്മയിലമ്മേ
തിരിച്ചുവരുന്നു
വെടിഞ്ഞു ഞാന്‍ പോന്ന
വീടിന്റെ കുളിര്‍മ്മപോല്‍
ചന്ദനം പോലാമടിവയറ്റിന്‍
സ്നിഗ്ദ്ധചുംബനം.
(1990)
|