പുഴയില്‍ നീന്തണം,
നിറഞ്ഞു പായുന്ന പുഴയില്‍
ഓടുന്നൊരുഴിക്കിന് കൈകളില്‍
കിടന്നു നീന്തണം
ഒതുങ്ങുകൊട്ടിട,
ചെറുചൂടാര്ന്നോളവിരലാല്
പാദങ്ങള്‍ തഴുകി
നിന് മെയ്യിലെടുത്തുവയ്ക്കുക,
പുടവകളെല്ലാം
കരക്കെറിയുക,
കരിനാഗങ്ങള്പോല് ചിതറും
കാര്‍കൂന്തല്‍ നനഞ്ഞൊലിപ്പിക്ക,
നെറുകയില്‍ ചുഴിയുഴിയുക,
നെറ്റിത്തടത്തിലോളങ്ങള് കലമ്പുക,
ഒട്ടിട പൊറുക്കുക..
കണ്ണടയുന്നു മഴയിഴപോല്
വേര്ത്തോരു വിരലടുക്കവേ
തൂവെള്ളിച്ചിറകുകള്പോലെ
ഉരുമ്മുന്നു ജലം കവിളില്‍…
കോവിലിന് നടയിലെന്നപോല്
കഴുത്തില്‍ മുട്ടുന്നൂ,
കഴുത്തിനുതാഴേ
ജലവേഗം ഭ്രാന്തമിരമ്പുന്നൂ
പുഴ പറയുന്നൂ
നീന്താനിറങ്ങാറായീലേ?
ചുഴികള്‍ പൊന്തുന്നു
ജലനാഗത്തിന്റെ കിരീടരത്നങ്ങള്
ജ്വലിക്കുമാഴത്തിലടിയുന്നു,
അമൃതകുംഭങ്ങള്‍ മറിഞ്ഞുടയുന്നൂ
പുഴയ്ക്കടിയിലെ
പളുങ്കുഗോപുരം തകര്‍ന്നു ചിന്നുന്നൂ
പുഴ, ഒരു പാലാഴിയെ
കടയുംപോലെന്നെക്കടയുന്നൂ.
ഉള്ളു പിടയുന്നു,
ഒടുവില്‍, ശാന്തമായ് പുഴ,
മണല്ത്തിട്ടിന് വിരിപ്പില്‍ ചായുമ്പോള്‍
പറയുന്നൂ
“നീന്തല്‍ പഠിഞ്ഞില്ലേ?
വീണ്ടും ചെറുപ്പമായില്ലേ?
ഞരമ്പയഞ്ഞൊന്നു ചിരിക്കുവാ-
നിന്നു പഠിച്ചില്ലേ?
ജലനാഗങ്ങളെ മെരുക്കുവാന്‍
ഫണരത്നങ്ങളായ്
മിഴിതിളക്കുവാന് പഠിച്ചില്ലേ?
ഉള്ളിലറിയാപ്പേടികള്
കടലായ് ചീറ്റുന്നതറിയുമോ പുഴ?
നനഞ്ഞൊലിച്ചവള് കടിച്ചിറക്കുന്നു,
പ്രണയത്തിന് പാപച്ചിരി വിഷം.