ഏറെത്തിരക്കുള്ളൊരാള്‍
ദൂരെപാതയില്‍
ഒരു നിറമായ് അകലുന്നു…
വാതിലടച്ചു ഞാന്‍
അവന്റെ മണം തിരയുന്നു,
പങ്കച്ചുടുകാറ്റില്‍
ചിരിത്തെളിമയും
അവനിരുന്ന മൂലയില്‍
ഇളംചൂടും
വാതില്‍പ്പടിയില്‍
കയ്യിന്റെ തുടിപ്പും നോക്കുന്നു,
ഏറെത്തിരക്കുള്ളൊരാള്‍
അകലെയെത്തുമ്പോള്‍
പറയുന്നൂ
ഇന്നവന്റെ കാലടി കഴുകിയെന്‍
മുടിയാല്‍ തോര്‍ത്തിക്കും
സുഗന്ധം ചൂടിക്കും.
അവന്നു പാനീയം മിഴിനീര്‍
അവന്നുടുപ്പെന്റെ ഹൃദയം,
അവനു തിന്നുവാന്‍
തകര്‍ന്ന സ്വപ്നങ്ങള്‍,
അവന്നുറങ്ങുവാന്‍ തിളങ്ങുമെന്‍ ദേഹം,
അവന്‍… പക്ഷേ കനല്‍
ജ്വലിപ്പിക്കും കാറ്റ്,
തഴുകിയെന്‍ വീടും
കരിച്ചു പോകുന്നു,
ഉടല്‍ പൊള്ളി
സ്വപ്നപ്പിറവിയിലവന്‍
കടന്നുവന്നോരടിവയര്‍ പൊള്ളി
അവനെത്തേടുന്ന
വിരലുകള്‍ വെന്ത്…
ഒരു ദുസ്വപ്നമായ്
തകര്‍ന്നു തീരുന്നു.
അവന്‍ അകലെ
സ്നേഹത്തിന്‍ മിഴികള്‍ക്കും
വാല്‍സല്യവിരലിനും
വിറയ്ക്കും ചുണ്ടിനും
കണ്ണീര്‍ നനയ്ക്കും
മാറിനുമകലെ
പ്രകാശവര്‍ഷത്തികലെ…
അകലെ…യാവുന്നു.